അനുദിന മന്ന
1
0
116
നിങ്ങളുടെ നിത്യത നിര്‍ണ്ണയിക്കുന്ന ആത്മീയ ഭക്ഷണക്രമം
Saturday, 9th of August 2025
Categories :
അച്ചടക്കം (Discipline)
ഭക്ഷണ ശീലങ്ങള്‍, ഇടവിട്ടുള്ള ഉപവാസം, ശുദ്ധമായ ആഹാരരീതി എന്നിവയാല്‍ ഭ്രമിച്ചുപോയ ഒരു ലോകത്ത്, പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആഴത്തിലുള്ള ഒരു വിശപ്പുണ്ട് - അത് ആത്മാവിന്‍റെ വിശപ്പാണ്. ക്രിസ്ത്യാനികളെന്ന നിലയില്‍, നമ്മുടെ പാത്രത്തിലുള്ളത് മാത്രമല്ല, നമ്മുടെ ആത്മാവിനെ പോഷിപ്പിക്കുന്നത് എന്താണ് എന്നതും പ്രാധാന്യമുള്ളതാണ്. നാം അത് തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും, നാം എപ്പോഴും ഒരു ഭക്ഷണക്രമത്തിലാണ്. ചോദ്യം ഇതാണ്: നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെയാണോ അതോ ജഡത്തെയാണോ പോഷിപ്പിക്കുന്നത്?
1 പത്രോസ് 1:14 പറയുന്നു,
"പണ്ടു നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ
നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും
വിശുദ്ധരാകുവിൻ".
നമ്മുടെ ആഗ്രഹങ്ങള്‍ നിഷ്പക്ഷമല്ലെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു - അവ ഒന്നുകില്‍ ജഡത്തെ തൃപ്തിപ്പെടുത്തുന്നു അല്ലെങ്കില്‍ ആത്മാവിനെ പരിപോഷിപ്പിക്കുന്നു.
1. ജഡത്തിന്‍റെ ജീവനാശകമായ ഭക്ഷണക്രമം.
നിങ്ങള്‍ ജഡത്തെ പോഷിപ്പിക്കുമ്പോള്‍, നിങ്ങള്‍ നിങ്ങളുടെ ആത്മാവിനെ പട്ടിണിയിലാക്കുന്നു. അത് വെറും കാവ്യാത്മകമായ ഭാഷയല്ല - അത് നിത്യമായ പരിണിതഫലങ്ങളുള്ള ഒരു ആത്മീയ യാഥാര്‍ഥ്യമാകുന്നു. ജഡം എപ്പോഴും ആശ്വാസം, സന്തോഷം, ശ്രദ്ധ, താല്‍ക്കാലിക ഉന്നതികള്‍ എന്നിവയ്ക്കായി കൊതിയ്ക്കുന്നു. അത് പോഷിപ്പിക്കപ്പെടുന്നത്:
- അഹങ്കാരം: "ഏറ്റവും നല്ലത് എന്തെന്ന് എനിക്കറിയാം"
- മോഹം: "എനിക്ക് അത് ഇപ്പോള്‍ വേണം".
- കോപവും കയ്പ്പും: "അവര്‍ ഇത് അര്‍ഹിക്കുന്നു".
- ഭോഷ്ക്: "ഞാന്‍ സത്യത്തെ വളച്ചൊടിയ്ക്കും".
- പരദൂഷണം: "ഞാന്‍ കേട്ടത് എന്താണെന്ന് ഞാന്‍ നിന്നോട് പറയാം . . . ".
ഈ ആഗ്രഹങ്ങള്‍ക്ക് നിങ്ങള്‍ വഴങ്ങുമ്പോഴെല്ലാം, നിങ്ങളെ ദൈവത്തില്‍ നിന്നും അകറ്റാന്‍ രൂപകല്‍പ്പന ചെയ്ത ഒരു വ്യവസ്ഥിതിയെ ഇന്ധനമാക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. റോമര്‍ 8:13 ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു,
"നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം. . ."
ശക്തമായ വാക്കുകള്‍. എന്നാല്‍ എന്തുകൊണ്ട്? കാരണം ജഡം നിയന്ത്രണത്തെ ആഗ്രഹിക്കുന്നു, അത് എല്ലായിപ്പോഴും ആത്മാവിനെ എതിര്‍ക്കും (ഗലാത്യര്‍ 5:17).
2. നിങ്ങള്‍ ദൈവത്തില്‍ നിന്നും ഓടിപ്പോകുമ്പോള്‍, സാത്താന്‍ ഒരു വാഹനം അയയ്ക്കുന്നു.
ഗൌരവമേറിയ ഒരു സത്യമുണ്ട്: ദൈവത്തിങ്കല്‍ നിന്നും നിങ്ങള്‍ ഓടിപോകുവാന്‍ തീരുമാനിക്കുമ്പോഴെല്ലാം, ശത്രു അതിനുള്ള ഗതാഗതസൗകര്യം പോലും നല്കിതരാന്‍ തയ്യാറാണ്.
എതിര്‍ദിശയിലേക്ക് പോകുന്നതായ ഒരു കപ്പല്‍ യോന കണ്ടതുപോലെ (യോന 1:3), പാപം ചെയ്യാനുള്ള അവസരങ്ങള്‍, നിരുപദ്രവകരമെന്ന് തോന്നുന്ന വ്യതിചലനങ്ങള്‍, കലഹിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന ആളുകള്‍ എന്നിവയെ നിങ്ങളും കണ്ടെത്തും. എന്നാല്‍ വഞ്ചന ഇതാണ് - കലഹിക്കാന്‍ സാത്താന്‍ നിങ്ങള്‍ക്ക് സഹായധനം നല്‍കുന്നു. നിങ്ങള്‍ സ്വയമായി നിര്‍മ്മിക്കുന്ന ഒരു കൊടുങ്കാറ്റില്‍ കുടുങ്ങിപ്പോകുന്നതുവരെ അവന്‍ അത് എളുപ്പവും, രസകരവും, ന്യായീകരിക്കാവുന്നതുമാക്കുന്നു.
ഓര്‍ക്കുക: സൗകര്യം എന്നത് സ്ഥിരീകരണമല്ല. ഒരു വാതില്‍ തുറക്കപ്പെട്ടതുകൊണ്ട് ദൈവമാണ് അത് തുറന്നത് എന്ന് അര്‍ത്ഥമില്ല.
3. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക.
ചികിത്സ ലളിതമാണ് എന്നാല്‍ ശക്തവുമാണ്:
അനുദിനവും ദൈവവചനം ഭക്ഷിക്കുക. നിങ്ങളുടെ ശരീരത്തിനു പോഷണം ആവശ്യമുള്ളതുപോലെ, നിങ്ങളുടെ ആത്മാവ് തിരുവചനത്തിനായി കൊതിക്കുന്നു. കര്‍ത്താവായ യേശു പറഞ്ഞു,
"അതിന് അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്‍റെ വായിൽകൂടി വരുന്ന സകല വചനംകൊണ്ടും ജീവിക്കുന്നു”
എന്ന് എഴുതിയിരിക്കുന്നു എന്ന് ഉത്തരം പറഞ്ഞു". (മത്തായി 4:4).
പിശാചിനെ അകറ്റിനിര്‍ത്താന്‍ ഓരോ ദിവസവും കേവലം ഒരു വാക്യം മാത്രം വായിക്കുക എന്നല്ല ഇത് അര്‍ത്ഥമാക്കുന്നത്. സത്യത്തെ അയവിറക്കുക, ജ്ഞാനത്തെ ഉള്ളിലാക്കുക, ദൈവീകമായ വെളിപ്പാടിനാല്‍ രൂപാന്തരപ്പെടുക എന്താണ് ഇതിന്‍റെ ഉദ്ദേശ്യം.
ഇതോടുകൂടെ ആരംഭിക്കുക:
- സങ്കീര്‍ത്തനം 1: യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിക്കാന്‍ പഠിക്കുക.
- സദൃശ്യവാക്യങ്ങള്‍: അനുദിനവും തീരുമാനം എടുക്കുന്നതിനുള്ള പ്രായോഗീകമായ ജ്ഞാനം നേടുക
- സുവിശേഷങ്ങള്‍ : യേശുവിന്‍റെ ഹൃദയം മനസ്സിലാക്കുക
- റോമര്‍: ക്രിസ്തുവിലുള്ള നിങ്ങളുടെ വ്യക്തിത്വത്തെ മനസ്സിലാക്കുക.
നിങ്ങളുടെ ആത്മീകമായ വിശപ്പ് വര്‍ദ്ധിക്കുമ്പോള്‍, ജഡീകമായ കൃത്രിമ ഭക്ഷണത്തോടുള്ള നിങ്ങളുടെ ആസക്തി കുറയുവാന്‍ ഇടയാകും.
4. നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളുടെ ലക്ഷ്യസ്ഥാനത്തെ നിര്‍ണ്ണയിക്കുന്നു.
എല്ലാ ദിവസവും, നിങ്ങള്‍ക്ക് ഒരു തിരഞ്ഞെടുപ്പുണ്ട്:
ജഡത്തെ പരിപോഷിപ്പിച്ച് നിങ്ങളുടെ ആത്മാവിനെ പട്ടിണിയിലാക്കുക, അല്ലെങ്കില്‍ നിങ്ങളുടെ ആത്മാവിനെ പരിപോഷിപ്പിച്ചുകൊണ്ട് ജഡത്തെ ക്രൂശിക്കുക. അതിന്‍റെ ഫലം കേവലം ആത്മീയത മാത്രമല്ല - അത് നിങ്ങളുടെ ബന്ധങ്ങളെയും, വികാരങ്ങളേയും, തീരുമാനങ്ങളേയും, പൈതൃകത്തേയും ബാധിക്കുന്നു.
ഇന്ന് ഒരു പരിശോധന നടത്താന്‍ തയ്യാറാകുക:
- എന്താണ് നിങ്ങള്‍ കാണുന്നത്?
- എന്താണ് നിങ്ങള്‍ കേള്‍ക്കുന്നത്?
- എന്തിനെക്കുറിച്ചാണ് നിങ്ങള്‍ ധ്യാനിക്കുന്നത്?
- എന്താണ് നിങ്ങള്‍ സംസാരിക്കുന്നത്?
കര്‍ത്താവായ യേശു പറഞ്ഞതുപോലെ,
"നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും". (മത്തായി 5:6).
അതുകൊണ്ട്, എന്തിനുവേണ്ടിയാണ് നിങ്ങള്‍ക്ക് വിശക്കുന്നത്?
Bible Reading: Isaiah 61-64
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ വചനത്തിനായുള്ള ഒരു ആഴമേറിയ വിശപ്പ് എന്നില്‍ ഉളവാക്കേണമേ. ജഡത്തിന്‍റെ അഭിനിവേശത്തെ നിരസിക്കുവാന്‍ എന്നെ സഹായിക്കുകയും അങ്ങയുടെ സത്യത്തില്‍ ആനന്ദിക്കാന്‍ എന്നെ ഇടയാക്കുകയും ചെയ്യേണമേ. അങ്ങയുടെ ആത്മാവിനാലും, ജ്ഞാനത്താലും, വിവേകത്താലും എന്നെ അനുദിനവും നിറയ്ക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● ആരാധനയ്ക്കുള്ള ഇന്ധനം● മറക്കുന്നതിലെ അപകടങ്ങള്
● ശരിയായ ആളുകളുമായി സഹവര്ത്തിക്കുക
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
● കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം
● ദൈവീകമായ ക്രമം - 2
● ഒരു മണിയും ഒരു മാതളപ്പഴവും
അഭിപ്രായങ്ങള്‍