അനുദിന മന്ന
എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക
Friday, 5th of July 2024
1
1
348
Categories :
ഉപദ്രവം (Persecution)
യെരൂശലേമിൻ്റെ മതിലുകൾ പുനർനിർമ്മിക്കുക എന്ന മഹത്തായ ദൗത്യം ഏറ്റെടുത്ത ശ്രദ്ധേയനായ ഒരു നേതാവായി നെഹമ്യാവ് വേദപുസ്തകത്തിൽ വേറിട്ടു നിൽക്കുന്നു. അർത്ഥഹ്ശഷ്ടാ രാജാവിൽ നിന്നും അനുവാദം ലഭിച്ച നെഹമ്യാവ് ദൈവീകമായ ഉദ്ദേശ്യത്തോടും ദൃഢനിശ്ചയത്തോടും ഈ ദൗത്യത്തിനു ആരംഭം കുറിച്ചു. എന്നാൽ തകർന്ന മതിലുകൾ പുനഃസ്ഥാപിക്കുവാൻ അദ്ദേഹം കഠിനാധ്വാനം ചെയ്തപ്പോൾ, തനിക്ക് വലിയ എതിർപ്പുകൾ നേരിടേണ്ടി വന്നു. ഈ എതിർപ്പുകളുടെ നടുവിലും, നെഹമ്യാവിൻ്റെ അചഞ്ചലമായ വിശ്വാസവും ദൈവത്തോടുള്ള പ്രതിബദ്ധതയും നിമിത്തം, വിസ്മയകരമായ 52 ദിവസങ്ങൾക്കുള്ളിൽ ആ ദൗത്യം പൂർത്തിയാക്കാൻ അവനെ പ്രാപ്തനാക്കി. (നെഹമ്യാവ് 4 നോക്കുക).
ദൈവം നമ്മെ വിളിച്ചിരിക്കുന്ന കാര്യം ചെയ്യാൻ നാം വിശ്വസ്തതയോടെ മുന്നേറുമ്പോൾ, എതിർപ്പുകളും നാം പ്രതീക്ഷിക്കണം. ഈ ചെറുത്തു നിൽപ്പ് നാം ദൈവത്തിന്‍റെ ഹിതത്തിനു വെളിയിലാകുന്നു എന്നല്ല സൂചിപ്പിക്കുന്നത്മ; മറിച്ച്, ഇത് പലപ്പോഴും നാം എവിടെ ആയിരിക്കണമോ അവിടെ തന്നെ കൃത്യമായി ആയിരിക്കുന്നു എന്നതിന്‍റെ സ്ഥിരീകരണം ആകുന്നു. എതിർപ്പുകൾ വിവിധ കോണുകളിൽ നിന്നും വരാം, എന്നാൽ നമ്മുടെ ദൈവം ഏതൊരു എതിരാളികളേക്കാൾ വലിയവനാകുന്നു എന്ന യാഥാർത്ഥ്യത്തിൽ നാം ആശ്വാസം കണ്ടെത്തണം. സങ്കീർത്തനം 147:5 ഇപ്രകാരം നമ്മോടു പറയുന്നു, "നമ്മുടെ കർത്താവ് വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്‍റെ വിവേകത്തിന് അന്തമില്ല".
അപ്പോസ്തലനായ പൗലോസും തൻ്റെ ശുശ്രൂഷയിൽ ഇത് നേരിട്ട് അനുഭവിച്ചറിയുവാൻ ഇടയായിട്ടുണ്ട്. എഫസോസിലെ തൻ്റെ പ്രവർത്തനങ്ങളെ അനുസ്മരിച്ചു കൊണ്ട് പൗലോസ് ഇങ്ങനെ എഴുതുന്നു, "എനിക്കു വലിയതും സഫലവുമായോരു വാതിൽ തുറന്നിരിക്കുന്നു; എതിരാളികളും പലർ ഉണ്ട്" (1 കൊരിന്ത്യർ 16:9). അവസരങ്ങളും എതിർപ്പുകളും പലപ്പോഴും ഒരുമിച്ച് പോകുന്നതാണെന്ന് പൗലോസ് മനസ്സിലാക്കി. നാം ഒരു മുന്നേറ്റത്തിൻ്റെ വക്കിൽ ആയിരിക്കുമ്പോൾ ഒക്കെയും, നമുക്ക് എതിർപ്പ് പ്രതീക്ഷിക്കാം.
അസാധാരണമായ വെല്ലുവിളികൾ പൗലോസിന്‍റെ ശുശ്രൂഷയെ അടയാളപ്പെടുത്തി. അതികഠിനമായ പീഡനങ്ങള്‍ അവന്‍ സഹിച്ചു, കോലിനാൽ അടികൊണ്ടു, കാലുകളില്‍ ചമ്മട്ടികൊണ്ട് അടിയ്ക്കുകയും അവനെ തലകീഴായി തൂക്കുകയും ചെയ്തു, പലപ്രാവശ്യം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, വന്യമൃഗങ്ങളാല്‍ ആക്രമിക്കപ്പെട്ടു, കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു, കല്ലേറ് കൊള്ളുകയും മരണത്തിനായി ഉപേക്ഷിക്കപ്പെടുകയും ചെയ്തു (2 കൊരിന്ത്യര്‍ 11:23-27). ഈ അതിശക്തമായ പ്രതിസന്ധികള്‍ക്കിടയിലും, പൌലോസിന്‍റെ ഉറച്ച മനസ്സും അചഞ്ചലമായ വിശ്വാസവും അവനെ മുമ്പോട്ടു നയിക്കുകയുണ്ടായി. പ്രതികൂലമായ സാഹചര്യങ്ങളാല്‍ പിന്തിരുയുവാന്‍ അവന്‍ സമ്മതിച്ചില്ല, നാം എപ്പോഴും അനുകരിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു പ്രതിരോധാത്മക മനോഭാവം ഇതില്‍ ഉള്‍ക്കൊള്ളുന്നു.
നാം എതിര്‍പ്പുകള്‍ നേരിടുമ്പോള്‍ ഒക്കെയും, നിര്‍ണ്ണായകമായ ഒരു തീരുമാനത്തെ നാം അഭിമുഖീകരിക്കുന്നു: നാം പിന്തിരിഞ്ഞു കീഴടങ്ങുമോ, അതോ പൌലോസിനെപ്പോലെയുള്ള ഒരു മനോഭാവം സ്വീകരിച്ചുകൊണ്ട് വെല്ലുവിളികളുടെ നടുവിലൂടെ മുന്നേറുമോ? ജയിക്കുന്നവര്‍ക്കുള്ള പ്രതിഫലത്തെ കുറിച്ച് വേദപുസ്തകം പറയുന്നുണ്ട്. വെളിപ്പാട് 3:21 ഇപ്രകാരം വാഗ്ദത്തം ചെയ്യുന്നു, "ജയിക്കുന്നവനു ഞാൻ എന്നോടുകൂടെ എന്‍റെ സിംഹാസനത്തിൽ ഇരിപ്പാൻ വരം നല്കും; ഞാനും ജയിച്ച് എന്‍റെ പിതാവിനോടുകൂടെ അവന്‍റെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ". ദൈവത്തിന്‍റെ ദൃഷ്ടിയില്‍, വിജയത്തെ അളക്കുന്നത് എതിര്‍പ്പുകളുടെ അസാന്നിധ്യം നോക്കിയല്ല, മറിച്ച് അതിനെ തരണം ചെയ്യുന്നതില്‍ നാം പ്രകടിപ്പിക്കുന്ന സ്ഥിരോത്സാഹവും വിശ്വാസവും നോക്കിയാണ്.
എതിര്‍പ്പുകളെ കൈകാര്യം ചെയ്യുന്നതില്‍ വിലയേറിയ പാഠങ്ങള്‍ നെഹമ്യാവിന്‍റെ ചരിത്രം പ്രദാനം ചെയ്യുന്നുണ്ട്. യെരുശലേമിന്‍റെ മതിലുകളുടെ ദുരവസ്ഥയെക്കുറിച്ച് കേട്ടപ്പോള്‍, നെഹമ്യാവിന്‍റെ ആദ്യത്തെ പ്രതികരണം, ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശവും പ്രീതിയും ലഭിക്കേണ്ടതിനു ഉപവസിക്കയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതായിരുന്നു (നെഹമ്യാവ് 1:4-11). പുനര്‍നിര്‍മ്മാണത്തില്‍ ഉടനീളം ദൈവത്തിലുള്ള അവന്‍റെ ആശ്രയം പ്രകടമായിരുന്നു. തന്‍റെ ശത്രുക്കളില്‍ നിന്നും പരിഹാസവും ഭീഷണിയും അഭിമുഖീകരിക്കേണ്ടി വന്നപ്പോള്‍, നെഹമ്യാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, "'ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിക്കേണമേ" (നെഹെമ്യാവ് 4:4). "നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധം ചെയ്യും" (നേഹമ്യാവ് 4:20) എന്ന ഉറപ്പില്‍ അവന്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്തി അവരെ പ്രോത്സാഹിപ്പിക്കുകയും പണിക്കാരെ ഉറപ്പിക്കുകയും ചെയ്തു.
നെഹമ്യാവിന്‍റെ തന്ത്രപരവും പ്രാര്‍ത്ഥനാപൂര്‍വ്വവുമായ സമീപനം പ്രവര്‍ത്തിയുമായി വിശ്വാസത്തെ സംയോജിപ്പിക്കേണ്ടതിന്‍റെ പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നു. പ്രവര്‍ത്തികളെ നിര്‍ത്തിവെപ്പിക്കുവാന്‍ അവന്‍ എതിരാളികളെ അനുവദിച്ചില്ല പകരം ദൌത്യം തുടരുന്നു എന്ന് ഉറപ്പാക്കുവാന്‍ വേണ്ടി തന്‍റെ പദ്ധതികളെ അവന്‍ ആവിഷ്കരിച്ചു. അതുപോലെതന്നെ, തടസ്സങ്ങള്‍ നേരിടുവാന്‍ ആവശ്യമായ ശക്തിയും ജ്ഞാനവും ദൈവം നല്കിത്തരുമെന്ന് വിശ്വസിച്ചുകൊണ്ട്, നാം നമ്മുടെ വിളിയില്‍ സ്ഥിരതയോടെ ഉറച്ചുനില്‍ക്കണം.
നമ്മുടേതായ ജീവിതത്തിലും, ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ വേണ്ടി നാം പരിശ്രമിക്കുമ്പോള്‍ നാമും സംശയലേശമെന്യേ എതിര്‍പ്പുകള്‍ അഭിമുഖീകരിക്കേണ്ടി വരും. അത് വിമര്‍ശനത്തിന്‍റെയോ, പ്രസന്ധികളുടെയോ, അഥവാ വ്യക്തിപരമായ പരീക്ഷണങ്ങളുടെയോ രൂപത്തിലായിരിക്കാം, അപ്പോള്‍ നമുക്കും നെഹമ്യാവിന്‍റെയും പൌലോസിന്‍റെയും ജീവിത പാഠങ്ങളില്‍ നിന്നും ബലം നേടുവാന്‍ സാധിക്കും. അചഞ്ചലമായ വിശ്വാസം നിലനിര്‍ത്തുന്നതിലൂടെയും, ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുന്നതിലൂടെയും, ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതിലൂടെയും നമുക്ക് ഏതൊരു പ്രതികൂല സാഹചര്യങ്ങളേയും തരണം ചെയ്യുവാന്‍ സാധിക്കും.
വിശ്വാസ ജീവിതയാത്ര എപ്പോഴും സുഗമമായിരിക്കില്ല, എന്നാല്‍ എതിര്‍പ്പുകളുടെ നടുവിലാണ് നമ്മുടെ യഥാര്‍ത്ഥമായ സ്വഭാവം വെളിപ്പെടുന്നത്. ഒരുവന്‍ ഒരിക്കല്‍ പറഞ്ഞതുപോലെ, 'വിജയത്തെ അളക്കുന്നത് നിങ്ങള്‍ നേടിയ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, പ്രത്യുത നിങ്ങള്‍ അതിജീവിച്ച എതിര്‍പ്പുകളുടെ അടിസ്ഥാനത്തിലാണ്'. ആകയാല്‍, നമ്മുടെ പക്ഷത്തു ദൈവമുണ്ടെങ്കില്‍, നമുക്ക് വിജയികളായി ഉയര്‍ന്നുവരുവാന്‍ കഴിയുമെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് വെല്ലുവിളികളെ ആശ്ലേഷിക്കാം.
പ്രാര്‍ത്ഥന
പിതാവേ, എന്നെ എതിര്‍ക്കുന്ന ഓരോ പര്‍വതങ്ങളെയും, ഭീമമായ കാര്യങ്ങളേയും അതിജീവിക്കുവാന്‍ വേണ്ടി അങ്ങയുടെ ശക്തി എനിക്ക് തരേണമേ. അധികാരത്തിന്‍റെ ഉയര്‍ന്ന ഒരു തലത്തിലേക്ക് അങ്ങ് എന്നെ കൊണ്ടുപോകുന്നതിനാല്‍ ഞാന്‍ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയുടെ വചനത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ എന്നെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● അനുദിനവും യേശു കണ്ടുമുട്ടിയിരുന്ന അഞ്ചു തരത്തിലുള്ള ആളുകള് #2● യേശുവിന്‍റെ നാമം
● നിങ്ങളെ തടയുന്ന വിശ്വാസങ്ങളെ പരിമിതപ്പെടുത്തുക
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള്‍ - 1
● ആ കാര്യങ്ങള് സജീവമാക്കുക
● ദിവസം 10 : 40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍