ദൈവവചന വായനാഭാഗം:
യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു;
യഹോവ പട്ടണം കാക്കാതിരുന്നാൽ കാവല്ക്കാരൻ വൃഥാ ജാഗരിക്കുന്നു. (സങ്കീര്‍ത്തനം 127:1).
നിങ്ങൾ വീടുകളെ പണിതു പാർപ്പിൻ; തോട്ടങ്ങളെ ഉണ്ടാക്കി ഫലം അനുഭവിപ്പിൻ. (യിരെമ്യാവ് 29:5).
കുറിപ്പുകള്‍:
1. ഈ പ്രാര്‍ത്ഥന എല്ലാ ഭവനപ്രതിഷ്ഠാ സമയങ്ങളിലും പറയാവുന്നതാണ്.
2. ഈ പ്രാര്‍ത്ഥന പറഞ്ഞുക്കഴിഞ്ഞതിനു ശേഷം വീടിനെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുക.
കര്‍ത്താവായ യേശുവേ ഈ ഭവനത്തെ ഞാന്‍ അങ്ങേയ്ക്കായി വേര്‍തിരിക്കയും സമര്‍പ്പിക്കയും ചെയ്യുന്നു. സാത്താന് ഇതിന്‍റെമേല്‍ യാതൊരു അവകാശവുമില്ലായെന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു. കര്‍ത്താവായ യേശുവേ ഈ വീട്ടിലുള്ള സകലത്തേയും ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുകയും, ഇതിലുള്ള സകലത്തിനും അങ്ങയുടെ സംരക്ഷണം ഞാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ രക്തത്താലും അവന്‍റെ നാമത്താലും, ഈ മുറിയിലുള്ള എല്ലാ ദുഷ്ടശക്തികളെയും ഞാന്‍ ബന്ധിക്കയും ഇപ്പോള്‍ത്തന്നെ യേശുവിന്‍റെ കാല്‍ക്കീഴിലോട്ടു പോകുവാന്‍ ഞാന്‍ കല്‍പ്പിക്കയും ചെയ്യുന്നു. (ഇത് എത്രപ്രാവശ്യം പറയുവാന്‍ നിങ്ങള്‍ക്ക് നിയോഗം ലഭിക്കുന്നുവോ അത്രയും തവണ അത് ആവര്‍ത്തിക്കുക).
"സകലവും യേശുവിന്‍റെ കാല്‍ക്കീഴായിരിക്കുന്നു", ഈ മുറിയും അതുപോലെ ഈ വീട്ടിലെ ഓരോ ഭാഗവും യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ മറയ്ക്കപ്പെടണമെന്നും, ഒരു ദോഷവും ഇവിടേയ്ക്ക് പ്രവേശിക്കരുതെന്നും ഞാന്‍ വിശ്വാസത്തോടെ പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഈ ഭവനം ഒരു അഗ്നി മതിലിനാല്‍ ചുറ്റപ്പെട്ടിരിക്കയും, യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ മറയ്ക്കപ്പെടുകയും ചെയ്യണമെന്ന് ഞാന്‍ വിശ്വാസത്തോടെ ആവശ്യപ്പെടുന്നു.
ഞാന്‍ എന്‍റെ സങ്കേതമാകുന്ന യഹോവയെ; അത്യുന്നതനെ എന്‍റെ വാസസ്ഥലമാക്കിയിരിക്കുന്നതുകൊണ്ട് ഒരു അനർഥവും ഈ വീടിനു ഭവിക്കയില്ല; ഒരു ബാധയും ഈ കൂടാരത്തിന് അടുക്കയില്ല. ഈ വീടിനേയും, എന്നെയും എന്‍റെ കുടുംബാംഗങ്ങളെയും ഞങ്ങളുടെ എല്ലാ വഴികളിലും കാക്കേണ്ടതിന് കര്‍ത്താവുതന്നെ തന്‍റെ ദൂതന്മാരോടു കല്പിക്കും; നിന്‍റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന് അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും. (സങ്കീര്‍ത്തനം 91:9-12).
പിതാവേ, ഈ ഭവനത്തില്‍ കഴിക്കുന്ന പ്രാര്‍ത്ഥനയ്ക്ക് അങ്ങയുടെ കണ്ണുകള്‍ തുറന്നിരിക്കയും അവിടുത്തെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യേണമേ. അങ്ങാണ് ഈ ഭവനത്തെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നത്. അങ്ങയുടെ നാമം ഇവിടെ എന്നേക്കും ഇരിക്കേണമേ. എല്ലാ കാലങ്ങളിലും അങ്ങയുടെ കണ്ണുകളും മനസ്സും ഇവിടെ ഉണ്ടായിരിക്കുന്നതിനാലും ഞങ്ങള്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. (2 ദിനവൃത്താന്തം 7:15-16).
ഈ വീട് ദൈവത്തിന്‍റെ ജ്ഞാനത്തിലും, അവന്‍റെ വിവേകത്താലും പണിയപ്പെടണമെന്നും, സ്ഥിരമാക്കപ്പെടണമെന്നും, ഓരോ മുറികളിലും ജ്ഞാനവും വിലയേറിയതും ഹൃദ്യമായതുമായ അനുഗ്രഹത്താല്‍ നിറയപ്പെടണമെന്നും ഞാന്‍ ഏറ്റുപ്പറയുന്നു, യേശുവിന്‍റെ നാമത്തില്‍. ആമേന്‍. (സദൃശ്യവാക്യങ്ങള്‍ 23:3-4).
"ആകയാൽ യഹോവേ, നീ തന്നെ ദൈവം; അടിയനു (പേരുകള്‍ പറയുക) ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു. അതുകൊണ്ട് അടിയന്‍റെ (പേരുകള്‍ പറയുക) ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന് അതിനെ ദയവായി അനുഗ്രഹിക്കേണമേ; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ". (1 ദിനവൃത്താന്തം 26-27).
Join our WhatsApp Channel