എപ്പോഴും വളച്ചൊടിക്കാവുന്ന വിശ്വാസത്തിന്‍റെ യാത്രയില്‍, വഞ്ചനയുടെ നിഴലുകളില്‍ നിന്നും സത്യത്തിന്‍റെ വെളിച്ചം വിവേചിച്ചറിയുന്നത് സുപ്രധാനമാണ്. ദൈവത്തിന്‍റെ മക്കളെ വഴിതെറ്റിക്കുവാന്‍ വേണ്ടി ഭോഷ്ക്കുകള്‍ നെയ്തെടുക്കുന്ന, വെളിച്ച ദൂതന്‍റെ വേഷമിട്ട മഹാ വഞ്ചകനായ സാത്താനെക്കുറിച്ചു, നിത്യമായ ദൈവവചനമാകുന്ന വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു (2 കൊരിന്ത്യര്‍ 11:14).
സാത്താന്‍ മ്ലേച്ഛമായ രൂപങ്ങളിലല്ല ഒരിക്കലും നമുക്ക് പ്രത്യക്ഷപ്പെടുന്നത് മറിച്ച് ദശലക്ഷക്കണക്കിനു ആളുകളെ നീതിയുടെ പാതയില്‍ നിന്നും വഴിതെറ്റിക്കേണ്ടതിനു, ദൈവീകതയെന്നു തോന്നിക്കുന്ന വേഷം ധരിച്ചുകൊണ്ട് വരുന്നു. ആകയാല്‍, വഞ്ചനയില്‍ നിന്നും സത്യത്തെ തിരിച്ചറിയേണ്ടതിനും, അവന്‍റെ ശാശ്വത സത്യത്തിന്‍റെ വെളിച്ചത്തില്‍ നടക്കേണ്ടതിനും ഓരോ വിശ്വാസിയും ദൈവത്തിന്‍റെ വചനത്തില്‍ ഉറയ്ക്കേണ്ടത് അത്യന്തം അനിവാര്യമായ കാര്യമാകുന്നു.
"അത് ആശ്ചര്യവുമല്ല; സാത്താൻതാനും വെളിച്ചദൂതന്‍റെ വേഷം ധരിക്കുന്നുവല്ലോ". (2 കൊരിന്ത്യര്‍ 11:14). സാത്താന്‍റെ ഏറ്റവും വലിയ വഞ്ചന എന്നത്, തന്നെത്തന്നെ ഭോഷ്കിന്‍റെ അപ്പനായിട്ടല്ല മറിച്ച് ദൈവീകമായ വെളിപ്പാടിന്‍റെ ഒരു ഉറവിടമായിട്ടു അവതരിപ്പിക്കുവാനുള്ള അവന്‍റെ കഴിവാണ്. ദൈവത്തിന്‍റെ വചനത്തില്‍ അടിയുറച്ചിരിക്കുന്നവരെ കുടുക്കില്‍ അകപ്പെടുത്താം എന്ന പ്രതീക്ഷയില്‍, വെളിച്ചമാകുന്ന വേഷത്തിന്‍റെ മറവില്‍ അവന്‍ തന്‍റെ വഞ്ചനാപരമായ ഉദ്ദേശ്യം മറയ്ക്കുന്നു. ദശലക്ഷക്കണക്കിനു ക്രിസ്ത്യാനികളെ യഥാര്‍ത്ഥ വിശ്വാസത്തില്‍ നിന്നും അകറ്റിക്കൊണ്ട് കഴിഞ്ഞകാല ചരിത്രത്തില്‍ അവന്‍ അനേക പ്രാവശ്യം ഇത് ചെയ്തിട്ടുണ്ട്.
ഉല്പത്തി 27ല്‍, യാക്കോബ്, തന്‍റെ സഹോദരനായ ഏശാവിന്‍റെ വസ്ത്രം ധരിച്ചുകൊണ്ട്, തന്‍റെ പിതാവായ യിസഹാക്കിനെ കബളിപ്പിച്ചു. ഏശാവായിട്ടുള്ള യാക്കോബിന്‍റെ അനുകരണം, ധാരണയ്ക്കും യാഥാര്‍ഥ്യത്തിനും ഇടയില്‍ വിള്ളല്‍ ഉണ്ടാക്കിക്കൊണ്ട് ഒരു ശരിയായ ദാനം അഥവാ വ്യക്തിത്വം തെറ്റായി അനുകരിക്കാം എന്നതിനെയാണ് സൂചിപ്പിക്കുന്നത്. യാക്കോബിന്‍റെ വഞ്ചനാപരമായ പ്രവൃത്തി, വിവേചനത്തിന്‍റെ ആവശ്യകതയെ ശക്തിപ്പെടുത്തുന്നു, കാരണം പുറമേയുള്ള കാഴ്ചകള്‍ക്ക് അപ്പുറമായി കാണേണ്ടതും അന്തര്‍ലീനമായിരിക്കുന്ന സത്യങ്ങളെ ഗ്രഹിക്കേണ്ടതും അത്യാവശ്യമായ കാര്യങ്ങളാണ്.
"ഉപദേശത്തിനും സാക്ഷ്യത്തിനും വരുവിൻ! അവർ ഈ വാക്കുപോലെ പറയുന്നില്ലെയെങ്കിൽ- അവർക്ക് അരുണോദയം ഉണ്ടാകയില്ല". (യെശയ്യാവ് 8:20). ദൈവവചനത്തിലെ സത്യത്തില്‍ നിന്നും വേര്‍പ്പെട്ടു പോയവര്‍ ശത്രുവിന്‍റെ കള്ളകഥകളുടെ കെണിയില്‍ അകപ്പെട്ട്, എന്നെന്നേക്കുമായ അന്ധകാരത്തില്‍ അലഞ്ഞുതിരിയുന്നു. നിഴലുകളില്‍ നഷ്ടപ്പെട്ട ആത്മാക്കളുടെയും, ദൈവത്തില്‍ നിന്നു അകന്നവരുടെയും, ആത്മീക ശൂന്യതയുടെ വിശപ്പുമായി മല്ലിടുന്നവരുടെയും ഒരു സങ്കടകരമായ ചിത്രമാണ് യെശയ്യാവ് വരച്ചുകാട്ടുന്നത്. അവര്‍ ദൈവത്തെ ശപിക്കുകയും അവന്‍റെ ദിവ്യ സാന്നിധ്യത്തിനു പുറത്ത് ആശ്വാസം തേടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ വചനം നിരസിച്ചതിന്‍റെ പരിണിതഫലമായ, ആത്മീക അന്ധത പലപ്പോഴും ദൈവത്തിനെതിരായ കോപത്തിലേക്കും നീരസത്തിലേക്കും നയിക്കുകയും വ്യക്തികളെ ദൈവത്തില്‍ നിന്നും കൂടുതല്‍ അകറ്റുകയും ചെയ്യുന്നു.
"ഇതു കേൾക്കയും കാണുകയും ചെയ്തതു യോഹന്നാൻ എന്ന ഞാൻ തന്നെ. കേൾക്കയും കാണുകയും ചെയ്തശേഷം അത് എനിക്കു കാണിച്ചുതന്ന ദൂതന്‍റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു. എന്നാൽ അവൻ എന്നോട്: അതരുത്; ഞാൻ നിന്‍റെയും നിന്‍റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ;
ദൈവത്തെ നമസ്കരിക്ക എന്നു പറഞ്ഞു" (വെളിപ്പാട് 22:8-9).
മനുഷ്യന്‍റെ ദുര്‍ബലതയെ ചിത്രീകരിച്ചുകൊണ്ട്, അപ്പോസ്തലനായ യോഹന്നാന്‍ പോലും, ദൂതന്‍റെ സ്വര്‍ഗ്ഗീയ തേജസ്സിനാല്‍ ക്ഷണനേരംകൊണ്ട് ആടിയുലയുവാന്‍ ഇടയായി. നമ്മുടെ ഭക്തിയും ആരാധനയും നമ്മുടെ സൃഷ്ടാവായ ദൈവത്തിങ്കലേക്ക് മാത്രമായി നയിച്ചുകൊണ്ട്, ദൈവത്തെ മാത്രം ആരാധിക്കേണ്ടതിന്‍റെ നമ്മുടെ ഉദ്ദേശത്തെ ഊന്നിപ്പറയുന്നതാണ് ദൂതന്‍റെ പ്രബോധനം.
നമുക്ക് വഞ്ചനയെ അതിജീവിക്കുവാന്‍ കഴിയുന്നത് എങ്ങനെ? "നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു". (സങ്കീര്‍ത്തനം 119:105). ദൈവവചനത്തിന്‍റെ ദൈവീകമായ വെളിപ്പാടില്‍ നാം നമ്മെത്തന്നെ നിമഞ്ജനം ചെയ്യുന്നതിലൂടെ, സത്യത്തിന്‍റെ പ്രകാശത്താല്‍ നാം ശോഭിക്കുന്നു, മാത്രമല്ല നീതിയുടെ പാതകളില്‍ നമ്മുടെ ചുവടുകളെ നയിക്കുകയും വഞ്ചനയുടെ കെണികളില്‍ നിന്നും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രാര്‍ത്ഥന
നിത്യനായ പിതാവേ, വഞ്ചനയെ തിരിച്ചറിയുവാനും അങ്ങയുടെ നിത്യമായ സത്യത്തെ മുറുകെപ്പിടിക്കുവാനും ഞങ്ങള്‍ക്ക് വിവേചനം നല്‍കേണമേ. അങ്ങയുടെ വചനം ഞങ്ങളുടെ പാതകളെ നയിക്കുന്ന ദീപവും, നിഴലുകളെ അകറ്റുന്ന പ്രകാശവും ആയിരിക്കട്ടെ, അത് ഞങ്ങളെ നീതിയിലും ജ്ഞാനത്തിലും നടക്കുവാനായി നയിക്കുമാറാകട്ടെ. യേശുവിന്‍റെ നാമത്തില്‍, ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം● അധര്‍മ്മത്തിനുള്ള പൂര്‍ണ്ണമായ പരിഹാരം
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #1
● പരിശുദ്ധാത്മാവിന്റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന്‍ കഴിയുമോ?
● നമുക്ക് കര്‍ത്താവിങ്കലേക്ക് തിരിയാം
● ദൈവം നിങ്ങളുടെ ശരീരത്തെ കുറിച്ച് കരുതുന്നുണ്ടോ
അഭിപ്രായങ്ങള്‍