ക്രിസ്തീയ ജീവിതത്തില്‍, ശരിയായ വിശ്വാസവും ധിക്കാരപരമായ ഭോഷത്വവും തമ്മില്‍ വിവേചിച്ചറിയുന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. സംഖ്യാപുസ്തകം 14:44-45 വരെയുള്ള ഭാഗത്ത് രേഖപ്പെടുത്തിയിരിക്കുന്ന വാഗ്ദത്ത ദേശത്ത് പ്രവേശിക്കുവാനുള്ള യിസ്രായേല്‍ മക്കളുടെ ദുരഹങ്കാരത്തോടെയുള്ള ശ്രമത്തിന്‍റെ ചരിത്രം, ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ ആശ്രയിക്കുന്നതിനു പകരം നമ്മുടെ സ്വന്തം ആഗ്രഹങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നതിനു എതിരായുള്ള ശക്തമായ ഒരു മുന്നറിയിപ്പായി വര്‍ത്തിക്കുന്നു. വിശ്വാസവും ധാര്‍ഷ്ട്യവും തമ്മിലുള്ള വ്യത്യാസങ്ങള്‍ പര്യവേക്ഷണം ചെയ്യുകയും യിസ്രായേല്യരുടെ തെറ്റില്‍ നിന്നും നമുക്ക് പാഠങ്ങള്‍ പഠിക്കുകയും ചെയ്യാം.
വിശ്വാസത്തിന്‍റെ സ്വഭാവം
ദൈവത്തിങ്കല്‍ നിന്നുള്ള ഒരു വാഗ്ദത്തത്തോടു കൂടെയാണ് വിശ്വാസം ആരംഭിക്കുന്നത്. എബ്രായര്‍ 11:1 പറയുന്നു, "വിശ്വാസം എന്നതോ, ആശിക്കുന്നതിന്‍റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു". സാഹചര്യങ്ങള്‍ അസാദ്ധ്യമെന്നു തോന്നുമ്പോഴും ദൈവം തന്‍റെ വാക്ക് നിറവേറ്റും എന്ന ഉറപ്പിലാണ് വിശ്വാസം വേരൂന്നിയിരിക്കുന്നത്. തന്‍റെ വാര്‍ദ്ധക്യത്തിന്‍റെ നടുവിലും ഒരു മകന്‍ ഉണ്ടാകുമെന്ന ദൈവത്തിന്‍റെ വാഗ്ദത്തത്തില്‍ വിശ്വസിച്ചുകൊണ്ട് അബ്രഹാം ഈ വിശ്വാസത്തെ പ്രകടമാക്കി. (റോമര്‍ 4:18-21).
അതിലുപരിയായി, വിശ്വാസം ദൈവത്തില്‍ കേന്ദ്രീകൃതമാകുന്നു, ദൈവത്തിനു മഹത്വം കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു. യോഹന്നാന്‍ 11:40ല്‍ യേശു മാര്‍ത്തയോടു പറഞ്ഞു, "വിശ്വസിച്ചാൽ നീ ദൈവത്തിന്‍റെ മഹത്ത്വം കാണും എന്ന് ഞാൻ നിന്നോട് പറഞ്ഞില്ലയോ എന്നു പറഞ്ഞു?" ദൈവത്തിന്‍റെ പദ്ധതികളും ഉദ്ദേശങ്ങളും നമ്മുടേതില്‍ നിന്നും ഉയര്‍ന്നതാകുന്നു എന്ന് യഥാര്‍ത്ഥ വിശ്വാസം അംഗീകരിക്കുന്നു. (യെശയ്യാവ് 55:8-9).
വിശ്വാസം താഴ്മയാലും സവിശേഷതയുള്ളതാകുന്നു. മത്തായി 8:8ല്‍ പറയുന്ന ശതാധിപന്‍ യേശുവിനോട് ഇങ്ങനെ പറയുന്നതിലൂടെ ഈ എളിയ വിശ്വാസത്തെ പ്രകടമാക്കി, "കർത്താവേ, നീ എന്‍റെ പുരയ്ക്കകത്തു വരുവാൻ ഞാൻ യോഗ്യനല്ല; ഒരു വാക്കു മാത്രം കല്പിച്ചാൽ എന്‍റെ ബാല്യക്കാരനു സൗഖ്യം വരും". ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തേയും അവന്‍റെ അധികാരത്തോടുള്ള നമ്മുടെ സമര്‍പ്പണത്തേയും വിശ്വാസം തിരിച്ചറിയുന്നു.
അവസാനമായി, വിശ്വാസം ദൈവത്തിനായി കാത്തിരിക്കുകയും, ദൈവത്തിന്‍റെ സമയത്തിനു കീഴ്പ്പെടുകയും ചെയ്യുന്നു. ദാവീദ്, ശൌലിനെ കൊല്ലുവാനുള്ള അവസരം തനിക്കു ലഭിച്ചപ്പോള്‍, ദൈവത്തിന്‍റെ സമയത്തിനായി കാത്തിരിക്കുവാനും ദൈവത്തിന്‍റെ വിടുതലില്‍ ആശ്രയിക്കുവാനും തീരുമാനിച്ചു (1 ശമുവേല്‍ 26:10-11). നമ്മുടെ പ്രതീക്ഷകളില്‍ നിന്നും വ്യത്യസ്തമായിരിക്കുമ്പോള്‍ പോലും, ദൈവത്തിന്‍റെ വഴികള്‍ തികവുള്ളതാണെന്ന് വിശ്വാസം പ്രതീക്ഷിക്കുന്നു.
അനുമാനത്തിന്‍റെ അപകടം
വിശ്വാസത്തിനു വിപരീതമായി, അനുമാനം ആരംഭിക്കുന്നത് വ്യക്തിപരമായ ഒരു ആഗ്രഹത്തോടെയാണ്. തങ്ങളുടെ അവിശ്വാസം നിമിത്തം അവര്‍ വാഗ്ദത്ത ദേശത്ത് പ്രവേശിക്കുകയില്ല എന്ന് യിസ്രായേല്‍ മക്കളോടു പറഞ്ഞപ്പോള്‍, പെട്ടെന്ന് അവര്‍ പോയി യുദ്ധം ചെയ്യുവാന്‍ തീരുമാനിച്ചു (സംഖ്യാപുസ്തകം 14:40).അവരുടെ പ്രവര്‍ത്തി ദൈവത്തിന്‍റെ കല്പനപ്രകാരമല്ല, മറിച്ച് അവരുടെ സ്വന്തം ആഗ്രഹത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു.
അനുമാനം മനുഷ്യ കേന്ദ്രീകൃതമാണ്,ദൈവത്തിന്‍റെ മഹത്വത്തെക്കാള്‍ ദൈവം നമുക്കുവേണ്ടി എന്ത് ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നു എന്നതിനു ശ്രദ്ധ കൊടുക്കുന്നു. അപ്പൊ.പ്രവൃ 8:18-23 വരെയുള്ള ഭാഗത്ത്, ആഭിചാരകനായ ശിമോന്‍, ദൈവത്തിന്‍റെ ദാനങ്ങള്‍ സ്വാര്‍ത്ഥപരമായ ഉദ്ദേശത്തിനായി നേടുവാന്‍ കഴിയുമെന്ന് അനുമാനിച്ചുകൊണ്ട്, തന്‍റെ സ്വന്ത നേട്ടത്തിനായി പരിശുദ്ധാത്മാവിന്‍റെ ശക്തിയെ വാങ്ങുവാന്‍ ശ്രമിച്ചു.
അനുമാനം നിഗളവും ദൈവം എന്താണ് ചെയ്യേണ്ടത് എന്ന് ആവശ്യപ്പെടുന്നതും, നിര്‍ദ്ദേശിക്കുന്നതുമാകുന്നു. പരീശന്മാര്‍ താഴ്മയോടെ യേശുവിനെ അന്വേഷിക്കുന്നതിനു പകരം, ദുരാഹങ്കാരത്തോടെ യേശുവില്‍ നിന്നും ഒരു അടയാളം ആവശ്യപ്പെട്ടു (മത്തായി 12:38-39). നമ്മുടെ അനുസരണത്തിനു അര്‍ഹനായ പരമാധികാരിയായ കര്‍ത്താവിനെക്കാള്‍ നമ്മുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനുള്ള ഒരു പ്രതിഭയായി ധാര്‍ഷ്ട്യം ദൈവത്തെ കാണുന്നു.
അനുമാനത്തിന്‍റെ അനന്തരഫലങ്ങള്‍
നമ്മുടേതായ ആഗ്രഹങ്ങള്‍ക്കുമേല്‍ നാം പ്രവര്‍ത്തിക്കുമ്പോള്‍ കര്‍ത്താവ് നമ്മോടു കൂടെയിരിക്കും എന്ന് അനുമാനിക്കുന്നത് നാശത്തിലേക്ക് നയിക്കും. അമാലേക്കിനോടും കനാന്യരോടും പരാജയപ്പെട്ടപ്പോള്‍ യിസ്രായേല്യര്‍ ഈ വേദനാജനകമായ പാഠം പഠിച്ചു (സംഖ്യാപുസ്തകം 14:45). അവരുടെ അനുമാനം അപമാനകരമായ തോല്‍വിയിലേക്കും ജീവന്‍ നഷ്ടപ്പെടുന്നതിലേക്കും നയിക്കുകയുണ്ടായി.
അതുപോലെ, നാം ദൈവത്തിന്‍റെ കൃപയില്‍ അനുമാനിക്കയും അനുസരണക്കേടില്‍ ജീവിക്കയും ചെയ്യുമ്പോള്‍, നാം ശിക്ഷണവും, പ്രയാസങ്ങളും ക്ഷണിച്ചുവരുത്തുന്നു. സദൃശ്യവാക്യങ്ങള്‍ 13:13 ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു, "വചനത്തെ നിന്ദിക്കുന്നവൻ അതിന് ഉത്തരവാദി. കല്പനയെ ഭയപ്പെടുന്നവനോ പ്രതിഫലം പ്രാപിക്കുന്നു". അനുമാനം ആത്മീക പരാജയത്തിലേക്ക് നയിക്കുകയും ദൈവം നമുക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങളെ നമ്മില്‍ നിന്നും അപഹരിക്കുകയും ചെയ്യുന്നു.
ശരിയായ വിശ്വാസം വളര്‍ത്തുക
അനുമാനത്തിന്‍റെ കെണി ഒഴിവാക്കുവാന്‍ നാം ശരിയായ വിശ്വാസത്തെ വളര്‍ത്തിയെടുക്കണം. നമ്മെത്തന്നെ ദൈവവചനത്തില്‍ നിമഗ്നമാക്കികൊണ്ടാണ് ഇത് ആരംഭിക്കേണ്ടത്, വചനം പറയുന്നു, "ദൈവത്തിലും അവന്‍റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു" (അപ്പൊ.പ്രവൃ 20:32). നാം ദൈവവചനത്താല്‍ നമ്മുടെ മനസിനെ നിറയ്ക്കുമ്പോള്‍, നാം ദൈവത്തിന്‍റെ ഹിതത്തെ വിവേചിക്കുവാനും നമ്മുടെ ആഗ്രഹങ്ങളെ ദൈവത്തിന്‍റെ ആഗ്രഹവുമായി യോജിപ്പിക്കാനും പഠിക്കും.
യാക്കോബ് 1:5 നിര്‍ദ്ദേശിക്കുന്നതുപോലെ നാം ജ്ഞാനത്തിനും മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണം, "നിങ്ങളിൽ ഒരുത്തനു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവനു ലഭിക്കും". പ്രാര്‍ത്ഥനയിലൂടെ, നാം നമ്മെത്തന്നെ ദൈവമുമ്പാകെ താഴ്ത്തുകയും, നമ്മുടെ സ്വന്ത വിവേകത്തില്‍ ഊന്നുന്നതിനു പകരം ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദേശം തേടുകയും ചെയ്യുന്നു. (സദൃശ്യവാക്യങ്ങള്‍ 3:5-6).
ഒടുവിലായി, ദൈവത്തിന്‍റെ കല്‍പ്പനകള്‍ നമ്മുടെ സ്വന്തം ആഗ്രഹങ്ങളെ വെല്ലുവിളിക്കുമ്പോഴും, നാം അതിനെ അനുസരിച്ചുകൊണ്ട് നടക്കണം. ലൂക്കോസ് 6:46 ല്‍ യേശു ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു, "നിങ്ങൾ എന്നെ കർത്താവേ, കർത്താവേ എന്നു വിളിക്കയും ഞാൻ പറയുന്നത് ചെയ്യാതിരിക്കയും ചെയ്യുന്നത് എന്ത്". യഥാര്‍ത്ഥ വിശ്വാസം കേവലം അധരത്തിലൂടെയല്ല മറിച്ച് അനുസരണത്തിലൂടെയാണ് പ്രകടമാക്കുന്നത്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, വിശ്വാസവും അനുമാനവും തമ്മില്‍ വിവേചിച്ചറിയുവാനുള്ള ജ്ഞാനം എനിക്ക് തരേണമേ. അങ്ങയുടെ വാഗ്ദത്തില്‍ ആശ്രയിക്കുവാനും, അങ്ങയുടെ മഹത്വം അന്വേഷിക്കുവാനും, അങ്ങയുടെ ഹിതത്തിനായി താഴ്മയോടെ സമര്‍പ്പിക്കുവാനും എന്നെ സഹായിക്കേണമേ. എന്‍റെ ജീവിതം അങ്ങയുടെ കൃപയുടേയും നന്മയുടേയും ഒരു സാക്ഷ്യമായിരിക്കട്ടെ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● തടസ്സങ്ങളാകുന്ന മതില്● ആത്മീക അഹങ്കാരം മറികടക്കുവാനുള്ള 4 മാര്ഗ്ഗങ്ങള്
● പരിശുദ്ധാത്മാവിന്‍റെ എല്ലാ വരങ്ങളും എനിക്ക് വാഞ്ചിക്കുവാന് കഴിയുമോ?
● തലകെട്ട്: നിങ്ങളുടെ പ്രാര്ത്ഥനാ ജീവിതം അഭിവൃദ്ധിപ്പെടുത്തുവാനുള്ള പ്രായോഗീക നിര്ദ്ദേശങ്ങള്
● നിര്മ്മലീകരിക്കുന്ന തൈലം
● മഹനീയമായ പ്രവൃത്തികള്‍
● നിങ്ങളുടെ ആത്മീക ശക്തിയെ പുതുക്കുന്നത് എങ്ങനെ - 3
അഭിപ്രായങ്ങള്‍