നമ്മുടെ സാങ്കേതികവിദ്യാധിഷ്ഠിത ലോകത്ത്, നമ്മുടെ ഫോണുകളിലെ കുറഞ്ഞ ബാറ്ററി മുന്നറിയിപ്പ് പലപ്പോഴും പെട്ടെന്നുള്ള പ്രവര്‍ത്തിക്ക് പ്രേരകമാകുന്നു. എന്നാല്‍ നമ്മുടെ വഴികളില്‍ വരുന്നതായ ആഴമേറിയതും ആത്മീകവുമായ മുന്നറിയിപ്പുകളോടു നാം പ്രതികരിക്കുന്നവരാണോ?
സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം നമ്മുടെ പെരുമാറ്റങ്ങളെയും പ്രതികരണങ്ങളെയും എപ്രകാരം പുനര്‍നിര്‍മ്മിച്ചു എന്നത് കൌതുകകരമായ കാര്യമാകുന്നു. ഇതില്‍, ഏറ്റവും സാര്‍വത്രികമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് നമ്മുടെ ഫോണുകളില്‍ "ബാറ്ററി തീരുന്നു" എന്ന മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ ഒരു ചാര്‍ജര്‍ കണ്ടെത്തുവാനുള്ള നെട്ടോട്ടമാണ്. നമ്മുടെ ദൈനംദിന ജീവിതത്തില്‍ സാങ്കേതികവിദ്യ എത്രമാത്രം വേരൂന്നിയിരിക്കുന്നു എന്ന് നമ്മില്‍ പലരേയും ഓര്‍മ്മിപ്പിച്ചുകൊണ്ട് ഇത് നിലനില്‍ക്കുന്നു. ഈ പെട്ടെന്നുള്ള പ്രതികരണം ഒരു സങ്കീര്‍ണ്ണമായ പ്രതിഫലനത്തിനായി പ്രേരിപ്പിക്കുന്നു: നമ്മുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ആത്മീകവും ധാര്‍മ്മീകവുമായ മുന്നറിയിപ്പുകളോടു നാം തുല്യ പ്രാധാന്യത്തോടെയാണോ പ്രതികരിക്കുന്നത്?
ദൈവവചനത്തിന്‍റെ മുന്നറിയിപ്പുകള്‍: ആത്മാവിന്‍റെ ആപത്സൂചന.
ദൈവവചനത്തിലുടനീളം, നിരവധി മുന്നറിയിപ്പുകളും ജാഗ്രതാനിര്‍ദ്ദേശങ്ങളുമുണ്ട്. പ്രത്യേകിച്ച്, സദൃശ്യവാക്യങ്ങള്‍ അവകൊണ്ട് നിറഞ്ഞിരിക്കുകയാണ്: "വിവേകമുള്ളവൻ അനർഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു". (സദൃശ്യവാക്യങ്ങള്‍ 22:3). ഫോണിലെ ബാറ്ററി തീരുവാന്‍ പോകുന്നു എന്നറിയിക്കുന്ന അടയാളം അത് ഓഫ് ആകുന്നതിന്‍റെ മുന്നോടിയായിരിക്കുന്നതുപോലെ, ആത്മീകവും ധാര്‍മ്മീകവുമായ അപചയങ്ങളെ തടയുന്നതിനാണ് ഈ ദൈവവചനപരമായ മുന്നറിയിപ്പുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
പുതിയ നിയമത്തില്‍, അപ്പോസ്തലനായ പൌലോസ് നിരവധിയായ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്, അതിലൊന്ന് കൊലൊസ്സ്യര്‍ 2:8ല്‍ കാണാം: "തത്ത്വജ്ഞാനവും വെറും വഞ്ചനയുംകൊണ്ട് ആരും നിങ്ങളെ കവർന്നുകളയാതിരിപ്പാൻ സൂക്ഷിപ്പിൻ; അതു മനുഷ്യരുടെ സമ്പ്രദായത്തിന് ഒത്തവണ്ണം, ലോകത്തിന്‍റെ ആദ്യപാഠങ്ങൾക്ക് ഒത്തവണ്ണം അല്ലാതെ ക്രിസ്തുവിന് ഒത്തവണ്ണമുള്ളതല്ല".
ഫോണിലെ കുറഞ്ഞ ബാറ്ററി നിരക്ക് അവഗണിക്കുന്നത് കോളുകള്‍ നഷ്ടമാകുന്നതിലേക്കും, ദിശകളുടെ നഷ്ടങ്ങളിലേക്കും, അഥവാ ആശയവിനിമയം നടത്തുവാന്‍ കഴിയാത്തതിലേക്കും നയിക്കുമെന്ന് നിഷേധിക്കുവാന്‍ സാധിക്കാത്ത കാര്യമാകുന്നു. അതുപോലെ, ആത്മീകമായ മുന്നറിയിപ്പുകള്‍ അവഗണിക്കുന്നത്, നമ്മുടെ ധാര്‍മ്മീക പാതകളില്‍ നിന്നും വ്യതിചലിക്കുക, ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ ദുര്‍ബലപ്പെടുത്തുക, അല്ലെങ്കില്‍ സേവിക്കുവാനും വളരുവാനുമുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തുക തുടങ്ങിയ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാം.
യോനയുടെ ചരിത്രം ഇതിനുള്ള വ്യക്തമായ ഉദാഹരണമാണ്. ദൈവത്തിന്‍റെ മുന്നറിയിപ്പ് അവനു ലഭിച്ചു, എന്നാല്‍ ദൈവീകമായ നിര്‍ദ്ദേശങ്ങളെ അവഗണിക്കുവാന്‍ അവന്‍ തീരുമാനിച്ചു, അത് അവന്‍റെ ജീവിതം മാത്രമല്ല മറിച്ച് തനിക്കു ചുറ്റുമുള്ള ആളുകളേയും ബാധിക്കുന്ന നിലയില്‍ കുഴപ്പത്തിലാക്കി.
ചാര്‍ജ്ജുള്ളവരായി നില്‍ക്കുക: ആത്മീക ജാഗ്രത.
പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍, പവര്‍ ബാങ്കുകള്‍, അതുപോലെ നമ്മുടെ ഫോണില്‍ ചാര്‍ജ്ജ് ഉണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ പലതരത്തിലുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉള്ളതുപോലെ, നമ്മുടെ ആത്മീക ജീവിതത്തില്‍ കരുതലുള്ളവര്‍ ആയിരിക്കുവാനുള്ള വിഭവങ്ങളുണ്ട്. അനുദിന പ്രാര്‍ത്ഥന, തുടര്‍മാനമായ ദൈവവചന പഠനം, വിശ്വാസികളുമായുള്ള കൂട്ടായ്മ, മുടങ്ങാതെ സഭയില്‍ പങ്കെടുക്കുക തുടങ്ങിയവ നമ്മുടെ ആത്മീക ജീവിതത്തിനു ചാര്‍ജ്ജ് നല്‍കുന്നതാണ്. സങ്കീര്‍ത്തനം 119:105 ല്‍ മനോഹരമായി വിശദീകരിക്കുന്നു, "നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു".
അതുകൂടാതെ, എബ്രായര്‍ 3:13 പ്രബോധിപ്പിക്കുന്നു, "നിങ്ങൾ ആരും പാപത്തിന്‍റെ ചതിയാൽ കഠിനപ്പെടാതിരിക്കേണ്ടതിന് “ഇന്ന്” എന്നു പറയുന്നേടത്തോളം നാൾതോറും അന്യോന്യം പ്രബോധിപ്പിച്ചുകൊൾവിൻ". നമ്മുടെ ഒരു സുഹൃത്തിനോട് ഒരു ചാര്‍ജര്‍ നാം ചോദിക്കുന്നതുപോലെ, നമ്മുടെ വിശ്വാസത്തെ ചാര്‍ജുള്ളതും ഊര്‍ജ്ജസ്വലവുമായി നിലനിര്‍ത്തുവാന്‍ നാം നമ്മുടെ ആത്മീക കൂടിവരവുകളെ ആശ്രയിക്കണം.
നാമായിരിക്കുന്ന സാങ്കേതീക വിദ്യയുടെ ഈ യുഗത്തില്‍, സജീവത പ്രധാനപ്പെട്ട ഒന്നാണ്. ബാറ്ററി പൂര്‍ണ്ണമായി തീരുന്നതുവരെ നാം കാത്തിരിക്കാറില്ല, നാം മുന്‍കൂട്ടി ചാര്‍ജ് ചെയ്യും, നാം പവര്‍ ബാങ്ക് കരുതിവെക്കും, വളരെ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ ഫോണുകള്‍ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നാം ഉറപ്പുവരുത്തും. അതുപോലെ, നമ്മുടെ വിശ്വാസ ജീവിത യാത്രയ്ക്കും സജീവത ആവശ്യമാകുന്നു. ദൈവത്തെ അന്വേഷിക്കുവാന്‍ ഒരു ആത്മീക പ്രതിസന്ധിക്കായി കാത്തിരിക്കാന്‍ നില്‍ക്കരുത്. അനുദിനവും ദൈവത്തെ പിന്തുടരുക. ഉത്തരവാദിത്വം ഉണ്ടാകുവാന്‍ ഒരു ധാര്‍മ്മീക പരാജയത്തിനായി കാത്തിരിക്കരുത്; സഹ വിശ്വാസികളുമായി ശക്തവും സുതാര്യവുമായ ഒരു ബന്ധം പണിതെടുക്കുക.
1 പത്രോസ് 5:8 ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു, "നിർമദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടൂ എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു". ആത്മീകമായ ജാഗ്രത കേവലം പ്രയോജനകരം മാത്രമല്ല മറിച്ച് അത് അത്യന്താപേക്ഷിതമാണ് എന്നതിന്‍റെ ഓര്‍മ്മപ്പെടുത്തലാണിത്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളുടെ ജീവിതത്തിനുള്ള അങ്ങയുടെ മുന്നറിയിപ്പുകളെ തിരിച്ചറിയുവാനും അവയെ ഗൌനിക്കുവാനുമുള്ള വിവേചനവരം ഞങ്ങള്‍ക്ക് തരേണമേ. ഞങ്ങള്‍ ഞങ്ങളുടെ സാങ്കേതീക ഉപകരണങ്ങള്‍ക്ക് മുനഗണന നല്‍കുന്നതുപോലെ, സകലത്തിലും ഉപരിയായി അങ്ങുമായുള്ള ഞങ്ങളുടെ ബന്ധത്തിന് മുന്‍ഗണന നല്‍കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ ആത്മീക ജാഗ്രതയെ ബലപ്പെടുത്തെണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● അന്ത്യകാല മര്മ്മങ്ങളെ പ്രവചനപരമായി വ്യാഖ്യാനിക്കുക
● ദൈവം നല്‍കുവാന്‍ തക്കവണ്ണം സ്നേഹിച്ചു
● ജീവിതത്തില്‍ മാറ്റം വരുത്തുന്ന ഉപവാസത്തിന്റെ നേട്ടങ്ങള്
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 2
● ചില നേതാക്കള് വീണതുകൊണ്ട് നാം എല്ലാം അവസാനിപ്പിക്കണമോ?
● ഇപ്പോള് യേശു സ്വര്ഗ്ഗത്തില് എന്താണ് ചെയ്യുന്നത്?
അഭിപ്രായങ്ങള്‍