അപ്പോള്‍, യഥാര്‍ത്ഥത്തില്‍ കോപം എന്നാല്‍ എന്താണ്? കോപത്തെയും അതിന്‍റെ സംവിധാനങ്ങളേയും മനസ്സിലാക്കുന്നത് അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണ്ണായകമാകുന്നു.
കോപത്തെ സംബന്ധിച്ച് ആദ്യമായി മനസ്സിലാക്കേണ്ടത് അത് ശരിക്കും ഒരു ശാരീരികമായ പ്രതികരണമാകുന്നു എന്നതാണ്. സദൃശ്യവാക്യങ്ങള്‍ 29:22 പറയുന്നു: "കോപമുള്ളവൻ വഴക്കുണ്ടാക്കുന്നു; ക്രോധമുള്ളവൻ അതിക്രമം വർധിപ്പിക്കുന്നു". "ക്രോധമുള്ളവൻ" എന്ന പ്രയോഗം എബ്രായ ഭാഷാ പ്രയോഗത്തിലേക്ക് പരിഭാഷ ചെയ്തിരിക്കുന്നത് "ക്രോധത്തിന്‍ ഉടമസ്ഥന്‍" എന്നാണ്. നിങ്ങള്‍ കോപിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിലൂടെ പലപ്പോഴും കടന്നുപോകുന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ചൂടേറിയ ഒഴുക്കിനെയാണ് ഇത് സൂചിപ്പിക്കുന്നത്.
കോപം ശരിയായ ഒരു പ്രശ്നമല്ല, മറിച്ച് അതൊരു ലക്ഷണമാണ്. അത് എന്തോ കുഴപ്പമുണ്ടെന്ന് നിങ്ങള്‍ക്ക് സൂചന നല്‍കുന്ന നിങ്ങളുടെ കാറിലെ ചുവന്ന മുന്നറിയിപ്പ് വെളിച്ചം പോലെയാണ്.
ആകയാല്‍, നമ്മുടെ കോപത്തെ ഉണര്‍ത്തുന്നത് എന്താണ്?
സാധാരണയായി, അത് ഈ പറഞ്ഞിരിക്കുന്ന മൂന്നു പ്രധാനപ്പെട്ട കാരണങ്ങളിലേക്ക് വരുന്നു:
- മനോവേദന
- നിരാശ, കൂടാതെ
- ഭയം
1. മനോവേദന
ഒന്നാമതായി, മനോവേദനയ്ക്ക് കോപത്തെ ഉണര്‍ത്തുവാന്‍ സാധിക്കും. ഇത് ശാരീരികമായ വേദനയാകാം, എന്നാല്‍ കൂടുതല്‍ സാഹചര്യങ്ങളിലും ഇത് വൈകാരീകമായ മുറിവോ അല്ലെങ്കില്‍ വേദനയോ ആയിരിക്കാം. തിരസ്കരണം, വിശ്വാസവഞ്ചന, അംഗീകരിക്കപ്പെടാത്തത്, സ്നേഹം ലഭിക്കാത്തത്, അഥവാ അന്യായമായ പെരുമാറ്റം അനുഭവിക്കുക എന്നിദ്യാതിയായ വികാരങ്ങള്‍ പലപ്പോഴും കോപാകുലമായ പ്രതികരണത്തിനു കാരണമാകുന്നു.
വേദപുസ്തകപരമായ ഒരു ഉദാഹരണം കയീന്‍ ആകുന്നു. ഉല്പത്തി 4 ല്‍, നാം വായിക്കുന്നു: "യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി". (ഉല്പത്തി 4:4-5). കയീന്‍റെ കോപവും അതേത്തുടര്‍ന്ന് തന്‍റെ സഹോദരനെ അവന്‍ വകവരുത്തിയതും തിരസ്കരണത്തിന്‍റെ വൈകാരീകമായ വേദനയില്‍ നിന്നും ഉടലെടുത്തതാണ്.
2. നിരാശ
ഉദാഹരണം: നയമാന്‍ (2 രാജാക്കന്മാര്‍ 5:11-12).
കോപത്തിന്‍റെ മറ്റൊരു പ്രേരകശക്തി നിരാശയാകുന്നു. ഇത് പലപ്പോഴും നിറവേറാത്ത പ്രതീക്ഷകളില്‍ നിന്നോ അഥവാ നിയന്ത്രണം നഷ്ടപ്പെടുന്നതില്‍ നിന്നോ ആണ് ഉണ്ടാകുന്നത്. നമ്മുടെ ജീവിതത്തില്‍ നിരവധിയായ നിറവേറാത്ത പ്രതീക്ഷകള്‍ നാം അഭിമുഖീകരിക്കുന്നവര്‍ ആകുന്നു - വിവാഹം, കുഞ്ഞുങ്ങള്‍, ജോലി ആദിയായവയെ സംബന്ധിച്ചുള്ള വിഷയങ്ങള്‍. കൂടാതെ നിയന്ത്രണം നഷ്ടപ്പെടുക? ഗതാഗതസ്തംഭനത്തില്‍ ഉണ്ടാകുന്ന കോപമാണ് സാധാരണമായ ഒരു ഉദാഹരണം, അവിടെ നിങ്ങള്‍ നിസ്സാഹയമായി വൈകുകയും അതിനെ സംബന്ധിച്ച് ഒന്നുംതന്നെ ചെയ്യുവാന്‍ കഴിയാതിരിക്കയും ചെയ്യുന്നു.
കോപത്തിലേക്ക് നയിച്ച നിരാശയെക്കുറിച്ച് പറയുന്ന ഒരു വേദപുസ്തക ഉദാഹരണം നയമാനാകുന്നു. 2 രാജാക്കന്മാര്‍ 5 ല്‍, അരാമിലെ ഒരു സേനാപതി ആയിരുന്ന നയമാന്‍, പ്രവാചകനായ എലിശായില്‍ നിന്നും സൌഖ്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. യോര്‍ദ്ദാന്‍ നദിയില്‍ പോയി മുങ്ങുവാന്‍ എലിശാ അവനു നിര്‍ദ്ദേശം നല്‍കി. എന്നാല്‍ നയമാന്‍ കോപത്തോടെ പ്രതികരിച്ചു: "അപ്പോൾ നയമാൻ ഏറ്റവും ക്രുദ്ധിച്ചു പുറപ്പെട്ടു: അവൻതന്നെ പുറത്തുവന്ന് അടുത്തുനിന്ന് തന്‍റെ ദൈവമായ യഹോവയുടെ നാമത്തെ വിളിച്ചു പ്രാർഥിച്ച് തന്‍റെ കൈ ആ സ്ഥലത്തിന്മീതെ ആട്ടി ഇങ്ങനെ കുഷ്ഠരോഗിയെ സൗഖ്യമാക്കും എന്നു ഞാൻ വിചാരിച്ചു. ദമ്മേശെക്കിലെ നദികളായ അബാനയും പർപ്പരും യിസ്രായേൽദേശത്തിലെ എല്ലാ വെള്ളങ്ങളെക്കാളും നല്ലതല്ലയോ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനാകരുതോ എന്നു പറഞ്ഞ് അവൻ ക്രോധത്തോടെ പോയി". (2 രാജാക്കന്മാര്‍ 5:11-12). നിറവേറപ്പെടാത്ത പ്രതീക്ഷകളാണ് നയമാന്‍റെ കോപത്തെ ജ്വലിപ്പിച്ചത്; വ്യത്യസ്തമായ ഒരു സമീപനമായിരുന്നു അവന്‍ പ്രവാചകനായ എലിശായില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്.
3) ഭയം
"കൂടാതെ മൂന്നാമത്തെ പ്രേരകശക്തി ഭയമാകുന്നു. നിങ്ങള്‍ ഞെട്ടുകയോ അല്ലെങ്കില്‍ ഭീഷണി അനുഭവിക്കയോ ചെയ്യുന്ന ഏതു സമയത്തും, നിങ്ങള്‍ പലപ്പോഴും കോപത്തിലാണ് പ്രതികരിക്കുന്നത്. ഓര്‍ക്കുക, കോപത്തോടുള്ള ശാരീരികമായ പ്രതികരണം ഭയത്തോടുള്ള ശാരീരിക പ്രതികരണത്തിനു സമാനമാണെന്ന് നാം നേരത്തെ കാണുവാന്‍ ഇടയായി. ആ കാരണത്താലാണ് ആരെങ്കിലും നിങ്ങളെ ഞെട്ടിപ്പിക്കുകയോ അഥവാ 'ഭൂ' എന്ന് പെട്ടെന്ന് ശബ്ദമുണ്ടാക്കുകയോ ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക് പലപ്പോഴും കോപമുണ്ടാകുന്നത്. അതേപോലെയുള്ള പ്രതികരണമാകുന്നിത്.
കോപത്തിലേക്ക് നയിച്ച ഭയത്തിനുള്ള ഏറ്റവും നല്ലൊരു ഉദാഹരണം പഴയനിയമത്തിലെ ശൌല്‍ രാജാവാകുന്നു. ദാവീദ് ഗോല്യാത്തിനെ കൊന്നപ്പോള്‍, സ്ത്രീകള്‍ വന്നു തെരുവീഥികളില്‍ നൃത്തം ചെയ്തു. 1 ശമുവേല്‍ 18 ല്‍, നാം ഇപ്രകാരം വായിക്കുന്നു, "സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: ശൗൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി. അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്ക് അവന് അനിഷ്ടമായി:. . . . . . യഹോവ ദാവീദിനോടുകൂടെ ഇരിക്കയും ശൗലിനെ വിട്ടുമാറുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഭയപ്പെട്ടു" (1 ശമുവേല്‍ 18:7-12). ശൌലിനു ദാവീദില്‍ നിന്നും ഭീഷണി അനുഭവപ്പെടുകയും അങ്ങനെ കോപത്തോടെ പ്രതികരിക്കുകയും ചെയ്തു.
കോപം ഒരു ദ്വിതീയ തലത്തിലുള്ള വികാരമാകുന്നു. അതുകൊണ്ട് നിങ്ങള്‍ കോപിക്കുമ്പോള്‍, ഒരുനിമിഷം നിന്ന് നിങ്ങള്‍ നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കേണ്ടത് ആവശ്യമാകുന്നു, 'എന്തുകൊണ്ടാണ് ഞാന്‍ കോപിക്കുന്നത്?'. ചുവന്ന മുന്നറിയിപ്പ് ലൈറ്റ് എനിക്ക് മുന്നറിയിപ്പ് നല്‍കുവാന്‍ ശ്രമിക്കുന്നത് എന്തിനെക്കുറിച്ചാണ്? ഞാന്‍ വേദനിക്കുന്നവനോ, നിരാശിതനോ, അഥവാ ഭയമുള്ളവനോ ആകുന്നുവോ? കോപം ഒരു രണ്ടാം തരത്തില്‍പ്പെട്ട വികാരമാണെന്ന് നിങ്ങള്‍ ഒരിക്കല്‍ മനസ്സിലാക്കി കഴിഞ്ഞാല്‍, പ്രാഥമീക വികാരത്തില്‍ നിന്നും നിങ്ങളെ വേര്‍തിരിക്കുകയെന്ന, യഥാര്‍ത്ഥമായ പ്രശ്നത്തെ കൈകാര്യം ചെയ്യുന്നത് നിങ്ങള്‍ക്ക് ആരംഭിക്കുവാന്‍ സാധിക്കും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, എന്‍റെ കോപത്തിന്‍റെ യാഥാര്‍ത്ഥ കാരണത്തെ - മനോവേദന, നിരാശ, അഥവാ ഭയം - വിവേചിച്ചറിയുവാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ സ്നേഹത്തോടും വിവേകത്തോടും കൂടി ഈ ആഴമായ വികാരങ്ങളെ അഭിസംബോധന ചെയ്യുവാനും, സമാധാനത്തിലേക്കും അനുരഞ്ജനത്തിലേക്കും എന്നെ നയിക്കുവാനും എനിക്ക് ജ്ഞാനവും ക്ഷമയും നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും● ഉത്കണ്ഠയെ അതിജീവിക്കുവാന്‍, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
● കാരാഗൃഹത്തിലെ സ്തുതി
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● പഴയ പാതകളെ ചോദിക്കുക
● ദിവസം 18:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● മാറ്റത്തിനുള്ള തടസ്സങ്ങള്‍
അഭിപ്രായങ്ങള്‍