അനുദിന മന്ന
ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 2
Tuesday, 3rd of September 2024
1
0
144
Categories :
സ്വഭാവം (Character)
ഒഴിവുകഴിവുകള്‍ ഒരു പ്രശ്നത്തെ മറികടക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രമല്ല - അത് നമ്മുടെ അടിസ്ഥാന മനോഭാവങ്ങളും മുന്‍ഗണനകളും വെളിപ്പെടുത്തുന്നു. പ്രശ്നങ്ങളില്‍ നിന്നും കരകയറുന്നതിനോ അല്ലെങ്കില്‍ വ്യക്തിപരമായ ഒരു പ്രശ്നം നിരസിക്കുന്നതിനോ ആളുകള്‍ എപ്രകാരം ഒഴിവുകഴിവുകള്‍ പറയുന്നു എന്ന് ഒന്നാം ഭാഗത്തില്‍ നാം പര്യവേക്ഷണം ചെയ്യുകയുണ്ടായി.
അതിന്‍റെ തുടര്‍ച്ചയെന്നവണ്ണം, നാം ഒഴിവുകഴിവുകള്‍ പറയുന്നതിന്‍റെ രണ്ടു കാരണങ്ങള്‍ കൂടി ഇവിടെ നാം നോക്കുവാന്‍ ആഗ്രഹിക്കുന്നു:
1. ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുന്നതിനും
2. നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അകന്നുനില്‍ക്കുന്നതിനും.
ഈ പ്രവണതകള്‍ മനുഷ്യരുടെ സ്വഭാവത്തില്‍ ആഴത്തില്‍ വേരൂന്നിയതാണ്, എന്നാല്‍ അതിനെ അതിജീവിക്കുന്നതിനു ശക്തമായ പാഠങ്ങള്‍ വേദപുസ്തകം നമുക്ക് നല്‍കുന്നുണ്ട്.
സി) ഉത്തരവാദിത്വത്തില്‍ നിന്നും പുറത്തുകടക്കാന്‍ (ഒഴിവാക്കല്‍).
ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുന്നതിന്‍റെ പൊതുവായ കാരണങ്ങളിലൊന്ന് ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുവാന്‍ വേണ്ടിയാണ്. ഉത്തരവാദിത്വങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന തോന്നല്‍ നമുക്കെല്ലാവര്‍ക്കും അറിയാം, പരാജയത്തെക്കുറിച്ചുള്ള ഭയം അല്ലെങ്കില്‍ അപര്യാപ്തത പലപ്പോഴും അതിനെ പൂര്‍ണ്ണമായി ഒഴിവാക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇങ്ങനെയുള്ള ഒഴിവാക്കലിനുള്ള ശക്തമായ ഉദാഹരണം നല്‍കുന്നതാണ് മോശെയുടെ ജീവിതം.
മോശെ: വിമുഖനായ നേതാവ്
മോശെയുടെ വളര്‍ച്ച ശ്രദ്ധേയമായതാണ്. കുഞ്ഞായിരിക്കുമ്പോള്‍ അവന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ടു, ഫറവോന്‍റെ കൊട്ടാരത്തില്‍ വളര്‍ന്നു, മിസ്രയിമിനു നല്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല വിദ്യാഭ്യാസത്താല്‍ അനുഗ്രഹിക്കപ്പെട്ടു. എന്നിട്ടും, യിസ്രായേല്‍ ജനത്തെ മിസ്രയിമില്‍ നിന്നും പുറപ്പെടുവിക്കേണ്ടതിനു ദൈവം മോശെയെ വിളിച്ചപ്പോള്‍, ഒഴിവുകഴിവുകള്‍ പറയുന്നതിനു അവന്‍ തിടുക്കം കാണിച്ചു.
പുറപ്പാട് 3:10ല്‍, ദൈവം മോശെയോടു പറഞ്ഞു, "ആകയാൽ വരിക; നീ എന്‍റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിനു ഞാൻ നിന്നെ ഫറവോന്‍റെ അടുക്കൽ അയയ്ക്കും". ഇത് മോശെയുടെ ഭാവിയുടെ നിമിഷമായിരുന്നു, ദൈവം അവനെ ഒരുക്കിയതിന്‍റെ ഉദ്ദേശ്യം പൂര്‍ത്തിയാക്കുന്നതിനുള്ള ഒരു സമയം. എന്നാല്‍ മുമ്പോട്ടു വരുന്നതിനു പകരം, ഗൌരവതരമായ ഒഴിവുകഴിവുകളാല്‍ ഉത്തരവാദിത്വം ഒഴിവാക്കുവാന്‍ മോശെ ശ്രമിച്ചു:
- "എനിക്ക് കഴിവില്ല, താലന്തുകളില്ല" - "ഫറവോന്‍റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളൂ എന്നു പറഞ്ഞു. (പുറപ്പാട് 3:11).
- "അവര്‍ എന്നെ വിശ്വസിക്കില്ല" - "അവർ എന്നെ വിശ്വസിക്കാതെയും എന്‍റെ വാക്ക് കേൾക്കാതെയും, യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല എന്നു പറയും എന്നുത്തരം പറഞ്ഞു". (പുറപ്പാട് 4:1).
- "ഞാന്‍ നല്ലൊരു പ്രഭാഷകനല്ല" - "കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു എന്നു പറഞ്ഞു. (പുറപ്പാട് 4:10).
- "മറ്റാര്‍ക്കെങ്കിലും അത് ചെയ്യുവാന്‍ കഴിയും" - "എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയയ്ക്കേണമേ എന്നു പറഞ്ഞു". (പുറപ്പാട് 4:13).
തന്‍റെ മുമ്പിലുള്ള ദൌത്യത്തിന്‍റെ തീവ്രതയില്‍ മോശെ സംഭ്രമിക്കപ്പെടുകയുണ്ടായി. അവന്‍റെ ഒഴിവുകഴിവുകള്‍ സ്വയ സംശയത്തിലും പരാജയ ഭീതിയിലും വേരൂന്നിയതായിരുന്നു. എന്നിരുന്നാലും, ഈ ഒഴിവുകഴിവുകള്‍ ദൈവവുമായി ചേര്‍ന്നുപോകുന്നതായിരുന്നില്ല. പുറപ്പാട് 4:14ല്‍ നാം വായിക്കുന്നു, "അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരേ ജ്വലിച്ചു. . . . ". മോശെയ്ക്ക് ആവശ്യമായിരുന്നതെല്ലാം കൊണ്ട് ദൈവം അവനെ സജ്ജമാക്കി, എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനുള്ള മോശെയുടെ വിമുഖത ദൈവത്തെ കോപിപ്പിക്കുകയുണ്ടായി.
മോശെ തുടര്‍മാനമായി ഒഴിവുകഴിവുകള്‍ പറഞ്ഞിരുന്നുവെങ്കില്‍, അവന്‍റെ നല്ലഭാവി അവനു നഷ്ടമാകുമായിരുന്നു. പകരം, ഒടുവില്‍ അവന്‍ ഉത്തരവാദിത്വം സ്വീകരിക്കയും യിസ്രായേല്‍ ജനത്തെ മിസ്രയിമില്‍ നിന്നും പുറത്തുകൊണ്ടുവന്നു സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്തു.
ഡി) നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അകറ്റിനിര്‍ത്തുവാന്‍.
ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുന്നതിനുള്ള മറ്റൊരു കാരണം കേവലം തങ്ങള്‍ക്കു ചെയ്യുവാന്‍ താല്പര്യമില്ലാത്ത കാര്യങ്ങളെ ചെയ്യാതെ ഒഴിവാക്കുവാന്‍ വേണ്ടിയാണ്. ഈ ഒഴിവാക്കലുകള്‍ പലപ്പോഴും തെറ്റായ മുന്‍ഗണനകളുടേയും അല്ലെങ്കില്‍ പ്രതിബദ്ധതയുടെ അഭാവത്തിന്‍റെയും ഒരു അടയാളമാകുന്നു. ഒഴിവുകഴിവുകളെ കുറിച്ചുള്ള ശക്തമായ ഒരു ഉപമയില്‍ കര്‍ത്താവായ യേശു ഈ വിഷയത്തെ അഭിസംബോധന ചെയ്യുകയുണ്ടായി.
വലിയ വിരുന്നിന്‍റെ ഉപമ
ലൂക്കോസ് 14:16-20 വരെയുള്ള ഭാഗത്ത്, ഒരു മനുഷ്യന്‍ വലിയൊരു വിരുന്ന് ഒരുക്കുകയും അനേകം അതിഥികളെ ക്ഷണിക്കയും ചെയ്യുന്നതിന്‍റെ കഥ യേശു പറയുന്നുണ്ട്. എന്നാല്‍, വിരുന്നിനുള്ള സമയമായപ്പോള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ ഒഴിവുകഴിവുകള്‍ പറയുവാനായി തുടങ്ങി:
- "ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്" - എല്ലാവരും ഒരുപോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോട്: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ട്; എന്നോടു ക്ഷമിച്ചുകൊള്ളേണം. (ലൂക്കൊസ് 14:18).
- "ഞാൻ അഞ്ചേർ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാൻ പോകുന്നു" - മറ്റൊരുത്തൻ: ഞാൻ അഞ്ചേർ കാളയെ കൊണ്ടിട്ടുണ്ട്; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം. (ലൂക്കൊസ് 14:19).
- ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല - വേറൊരുത്തൻ: ഞാൻ ഇപ്പോൾ വിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു. (ലൂക്കൊസ് 14:20).
ഈ വ്യക്തികള്‍ക്ക് ഒരു വലിയ വിരുന്നിനുള്ള വ്യക്തിപരമായ ക്ഷണനം ലഭിച്ചതാണ്, എന്നിട്ടും ആ ക്ഷണനത്തെക്കാള്‍ സ്വന്തം താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് അവര്‍ തിരഞ്ഞെടുത്തു. അവരുടെ ഒഴിവുകഴിവുകള്‍, ആഴത്തില്‍ വെളിപ്പെടുത്തുന്നത്, തങ്ങള്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. നിലവും, കാളയും, വിവാഹം പോലും. ക്ഷണം സ്വീകരിക്കുന്നതിനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനുള്ള സൌകര്യപ്രദമായ കാരണങ്ങളായിരുന്നു.
ഈ ഉപമ ശക്തമായ ഒരു സത്യത്തെ വിശദീകരിക്കുന്നു: എന്തെങ്കിലും ചെയ്യുന്നത് ഒഴിവാക്കുവാന്‍ വേണ്ടി നാം ഒഴിവുകഴിവുകള്‍ പറയുമ്പോള്‍, അത് പലപ്പോഴും നമ്മുടെ ഇഷ്ടം ദൈവഹിതവുമായി യോജിപ്പിക്കുന്നതില്‍ നിന്നുമുള്ള ആഴത്തിലുള്ള വിമുഖതയെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ആ വിരുന്നില്‍ പങ്കെടുക്കാനുള്ള എല്ലാ അവസരങ്ങളും ഉണ്ടായിരുന്നു, എന്നാല്‍ പങ്കെടുക്കുന്നില്ല എന്ന് അവര്‍ തീരുമാനിച്ചു, അത് അവരുടെ പ്രതിബദ്ധയുടേയും ആഗ്രഹത്തിന്‍റെയും അഭാവത്തെ തുറന്നുക്കാട്ടുന്നു.
അതുകൊണ്ട്, എന്താണ് പരിഹാരം? അത് സ്വയ വിചിന്തനത്തിലൂടെ ആരംഭിക്കുന്നു. ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുന്നതിനോ അല്ലെങ്കില്‍ നമുക്ക് താല്പര്യമില്ലാത്ത കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനോ നാം ഒഴിവുകഴിവുകള്‍ പറയുന്നവരാണോ? അങ്ങനെയാണെങ്കില്‍, അത് നിര്‍ത്തുവാനും നമ്മുടെ പ്രവൃത്തികളെ പുനര്‍വിചിന്തനം ചെയ്യുവാനുമുള്ള സമയമാകുന്നിത്. ഒഴിവുകഴിവുകള്‍ പറയുന്നതിനു പകരം, നമ്മുടെ ഉത്തരവാദിത്വങ്ങളെ നാം സ്വീകരിക്കയും ദൈവത്തിന്‍റെ ഹിതവുമായി നമ്മുടെ ആഗ്രഹത്തെ യോജിപ്പിക്കയും വേണം.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഒഴിവുകഴിവുകള്‍ മാറ്റിവെക്കുവാനും അങ്ങ് ഞങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങള്‍ സ്വീകരിക്കുന്നതിനും ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ അങ്ങയുടെ ഹിതവുമായി യോജിപ്പിക്കേണമേ, അങ്ങയുടെ ബലത്തില്‍ ആശ്രയിച്ചുകൊണ്ട്, അങ്ങ് നയിക്കുന്നിടത്ത് പോകുവാനുള്ള ധൈര്യം ഞങ്ങള്‍ക്ക് നല്‍കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● കേവലം പ്രകടനമല്ല, ആഴമേറിയത് അന്വേഷിക്കുക● യാഗപീഠവും പൂമുഖവും
● മാനുഷീക ഹൃദയം
● കോപത്തെ മനസ്സിലാക്കുക
● കാലത്തിന്റെ ലക്ഷണങ്ങളെ വിവേചിച്ചറിയുക
● കാവല്ക്കാരന്
● ക്രിസ്തുവിനോടുകൂടെ ഇരുത്തപ്പെട്ടിരിക്കുന്നു
അഭിപ്രായങ്ങള്‍