അനുദിന മന്ന
ആത്മീയ വാതിലുകള്‍ അടയ്ക്കുന്നു
Monday, 21st of October 2024
0
0
102
Categories :
മാനസികാരോഗ്യം (Mental Health)
''പിശാചിന് ഇടം കൊടുക്കരുത്". (എഫെസ്യർ 4:27).
നമ്മുടെ മനസ്സിലും വികാരങ്ങളിലും നാം അഭിമുഖീകരിക്കുന്നതായ പല പോരാട്ടങ്ങളും - അത് വിഷാദമോ, ഉത്കണ്ഠയോ, അല്ലെങ്കില്‍ കോപമോ ആകട്ടെ - അത് കേവലം മാനസീകവും ശാരീരികവും ആയത് മാത്രമല്ല.പലപ്പോഴും, നാം അറിയാതെ തുറന്നിട്ടിരിക്കുന്ന ആത്മീക വാതിലുകളില്‍ നിന്നാണ് അവ ഉടലെടുക്കുന്നത്. ഭയത്തിന്‍റെയും, സംശയത്തിന്‍റെയും, ആശയക്കുഴപ്പത്തിന്‍റെയും വിത്തുകള്‍ ശത്രു നമ്മുടെ ജീവിതത്തിന്‍റെ വിവിധ മേഖലകളില്‍ പാകുന്നതിനു ഈ വാതിലുകള്‍ അവനു പ്രവേശനം നല്‍കുന്നു. എന്നാല്‍ മാനസാന്തരത്തിന്‍റെയും ദൈവകൃപയുടെയും ശക്തിയാല്‍ ഈ വാതിലുകള്‍ അടയ്ക്കുവാന്‍ കഴിയുകയും, സമാധാനം പുനഃസ്ഥാപിക്കാന്‍ സാധിക്കയും ചെയ്യുമെന്നതാണ് സദ്വര്‍ത്തമാനം.
ചില സന്ദര്‍ഭങ്ങളില്‍, നാം അവഗണിക്കയോ ചെറുതായി കാണുകയോ ചെയ്യുന്നതായ പാപങ്ങളാണ് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. ദോഷകരമായ ബന്ധങ്ങളില്‍ ഏര്‍പ്പെടുക, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കഷമിക്കാന്‍ കഴിയാതെയിരിക്കുക, അല്ലെങ്കില്‍ കോപവും കയ്പ്പും വെച്ചുകൊണ്ടിരിക്കുക ഇവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഈ കാര്യങ്ങളെല്ലാം ആദ്യമേ നിസ്സാരമെന്ന് തോന്നുമെങ്കിലും, കാലക്രമേണ, വിഷാദം, ഉത്കണ്ഠ, പ്രത്യാശയില്ലയെന്ന തോന്നല്‍ എന്നിങ്ങനെയുള്ള വലിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന വലിയ പ്രശ്നങ്ങളായി അവ മാറുന്നു.
എഫെസ്യര്‍ 4:27ല്‍, പൌലോസ് നമുക്ക് ഇപ്രകാരം മുന്നറിയിപ്പ് നല്‍കുന്നു, "പിശാചിന് ഇടം കൊടുക്കരുത്". പാപം നമ്മുടെ ജീവിതത്തില്‍ പിടിമുറുക്കുന്നതിനു നാം അനുവദിക്കുന്നതില്‍ നിന്നും നാം നമ്മെത്തന്നെ സൂക്ഷിക്കണമെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് - അത് എത്ര ചെറുതെന്ന് തോന്നിയാലും. പാപം വാതിലിലെ ഒരു വിള്ളല്‍ പോലെയാണ്; അത് തുറന്ന് കഴിഞ്ഞാല്‍, ശത്രുവിനു അകത്തു കടക്കാനും നാശം വിതയ്ക്കാനും ഒരു ചെറിയ ദ്വാരം മാത്രമേ ആവശ്യമുള്ളു. വളരെ ചെറുതായി ആരംഭിക്കുന്ന ഒരു വിഷയം, പരിഹരിക്കപ്പെടാതെ വിട്ടാല്‍ വലിയ പ്രയസങ്ങളിലേക്ക് പെട്ടെന്ന് മാറുവാന്‍ ഇടയാകും.
പരിഹരിക്കപ്പെടാതെ വിട്ടിരിക്കുന്ന കോപം കയ്പ്പായി മാറുവാന്‍ ഇടയായിത്തീരും. ക്ഷമിക്കാന്‍ കഴിയാത്ത അവസ്ഥ നമ്മുടെ ഹൃദയങ്ങളെ കഠിനമാക്കുകയും നമ്മുടെ സമാധാനത്തെ അപഹരിക്കയും ചെയ്യും. നമ്മുടെ ജീവിതത്തില്‍ ചെറിയ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത്, അതായത് ദൈവീകമല്ലാത്ത പെരുമാറ്റങ്ങളില്‍ ഏര്‍പ്പെടുകയോ അഥവാ നിഷേധാത്മക ചിന്തകള്‍ വേരൂന്നുവാന്‍ അനുവദിക്കയോ ചെയ്യുന്നത്, നമ്മുടെ മാനസീകവും വൈകാരീകവുമായ സ്വസ്ഥതയെ ആക്രമിക്കുവാന്‍ വേണ്ടി ശത്രുവിനു തുറന്നുകൊടുക്കുന്ന ഒരു വാതിലായി മാറിയേക്കാം.
വേദപുസ്തകം വ്യക്തമാണ്: പാപം നമ്മെ ദൈവത്തിങ്കല്‍ നിന്നും അകറ്റുന്നു, ആ അകല്‍ച്ചയില്‍, നമുക്ക് അസ്വസ്ഥതയും, ആശയക്കുഴപ്പങ്ങളും, വേദനയും ഉണ്ടാകുന്നു. എന്നിരുന്നാലും നാം പ്രത്യാശയില്ലാത്തവരായി മാറുന്നില്ല. 1 യോഹന്നാന്‍ 1:9 ഇങ്ങനെ വാഗ്ദത്തം ചെയ്യുന്നു, "നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു". ഈ ആത്മീക പോരാട്ടത്തിന്‍റെ വാതിലുകളെ അടയ്ക്കുന്നതിനുള്ള പ്രധാന കാരണം മാനസാന്തരം എന്നതാണ്. മാനസാന്തരം എന്നാല്‍ ദൈവമുമ്പാകെ നമ്മുടെ തെറ്റുകളെ നാം അംഗീകരിക്കയും, ദൈവത്തോട് ക്ഷമ ചോദിക്കയും, ദൈവത്തിന്‍റെ ഹിതവുമായി യോജിക്കാത്ത എന്തില്‍ നിന്നും പിന്തിരിയുകയും ചെയ്യുന്നതായ താഴ്മയുടെ ഒരു പ്രവൃത്തിയാകുന്നിത്.
എന്നാല്‍ "എന്നോട് ക്ഷമിക്കണം" എന്ന് പറയുന്നതിലും അപ്പുറമാണ് മാനസാന്തരം എന്നത്; അത് പാപത്തില്‍ നിന്നും യഥാര്‍ത്ഥമായി പിന്തിരിയുകയും ദൈവത്തിന്‍റെ സത്യത്തിന്‍റെ വെളിച്ചത്തില്‍ നടക്കുവാന്‍ തീരുമാനിക്കയും ചെയ്യുന്നതാണ്. നാം അനുതപിക്കുമ്പോള്‍, നാം ശത്രുവിനു തുറന്നുകൊടുത്തതായ വാതിലുകള്‍ അടയ്ക്കുക മാത്രമല്ല, മറിച്ച് നാം ദൈവസാന്നിധ്യത്തേയും, ദൈവീക സമാധാനത്തേയും, ദൈവത്തിന്‍റെ സൌഖ്യത്തേയും നമ്മുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയുമാണ് ചെയ്യുന്നത്.
പരിശുദ്ധാത്മാവ് നമുക്ക് കുറ്റബോധം വരുത്തുമ്പോള്‍, അത് പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ്, ശിക്ഷയ്ക്കു വേണ്ടിയല്ല. നാം ഒരുപാട് അകന്നുപോയി എന്ന് പറഞ്ഞുകൊണ്ട്, നാം യോഗ്യരാണെന്ന് നമ്മെ തോന്നിപ്പിക്കാന്‍ ശത്രു ശ്രമിച്ചേക്കാം, എന്നാല്‍ നമ്മെ ശുദ്ധീകരിക്കാനും നമ്മുടെ മനസ്സിനെ പുതുക്കാനും ദൈവത്തിന്‍റെ കൃപ മതിയായതാകുന്നു. മാനസാന്തരത്തിന്‍റെ ശക്തിയിലൂടെ, ശത്രുവിന്‍റെ കോട്ടകള്‍ തകര്‍ക്കപ്പെടുന്നു, മാത്രമല്ല ദൈവവുമായുള്ള സമാധാനത്തിന്‍റെയും അടുപ്പത്തിന്‍റെയും ഒരു സ്ഥലത്തേക്ക് നാം പുനഃസ്ഥാപിക്കപ്പെടുന്നു.
നിങ്ങളുടെ ജീവിതത്തെക്കുറിച്ച് വിചിന്തനം ചെയ്യുവാന്‍ ഇന്ന് ഒരു നിമിഷമെടുക്കുക. ഇതുപോലെയുള്ള ആത്മീക വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഏതെങ്കിലും മേഖലകള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടോ? അത് ഒരുപക്ഷേ ക്ഷമിക്കാന്‍ കഴിയാതിരിക്കയോ, കയ്പ്പിനെ വളരുവാന്‍ അനുവദിക്കുന്നതോ, അല്ലെങ്കില്‍ ദൈവത്തിന്‍റെ ഹിതവുമായി യോജിക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതോ ആകാം. അടയ്ക്കേണ്ടതായ ഏതെങ്കിലും വാതിലുകള്‍ ഉണ്ടെങ്കില്‍ അതിനെ വെളിപ്പെടുത്താന്‍ പരിശുദ്ധാത്മാവിനോടു അപേക്ഷിക്കുക.
പാപം ചെയ്തതില്‍ കൂടി നിങ്ങള്‍ ഇങ്ങനെയുള്ള പോരാട്ട വാതിലുകള്‍ തുറന്നതായി തിരിച്ചറിയുന്നു എങ്കില്‍, അനുതാപത്തിന്‍റെ ഹൃദയവുമായി ദൈവത്തിന്‍റെ മുമ്പാകെ വരുവാന്‍ ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ പാപങ്ങളെ ഏറ്റുപറയുക,ദൈവത്തിന്‍റെ ക്ഷമയെ അന്വേഷിക്കുക, ആ വാതിലുകള്‍ അടയ്ക്കുവാനും നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സമാധാനത്തെ പുനഃസ്ഥാപിക്കാനും ദൈവത്തോട് അപേക്ഷിക്കയും ചെയ്യുക. തുറന്ന കൈകളോടെ നമ്മെ വീണ്ടും കൈക്കൊള്ളുവാനും നമ്മുടെ ആത്മാക്കളെ പുതുക്കാനും ദൈവം എല്ലായിപ്പോഴും തയ്യാറാണ്.
അടുത്ത ആഴ്ചയില്‍, വ്യക്തിപരമായ വിചിന്തനത്തിനും പ്രാര്‍ത്ഥനയ്ക്കുമായി സമയങ്ങള്‍ ഒരുക്കുക. നിങ്ങളുടെ ജീവിതത്തില്‍ ശത്രുവിനു കാലുറപ്പിക്കാന്‍ നിങ്ങള്‍ അനുവദിച്ചതായ മേഖലയെ വെളിപ്പെടുത്താന്‍ ദൈവത്തോടു അപേക്ഷിക്കുക. അവയെ എഴുതുകയും, ആ കാര്യങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കയും, ദൈവത്തിന്‍റെ വഴികളില്‍ നടക്കുവാന്‍ വേണ്ടി ദൈവത്തിന്‍റെ ക്ഷമയ്ക്കായും ബലത്തിനായും അപേക്ഷിക്കയും ചെയ്യുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം ആ ആത്മീക പോരാട്ടത്തിന്‍റെ വാതിലുകളെ അടയ്ക്കുകയും ദൈവത്തിന്‍റെ സമാധാനത്താല്‍ നിങ്ങളെ നിറയ്ക്കുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കുക.
പ്രാര്‍ത്ഥന
പിതാവേ, ഒരു അനുതാപത്തിന്‍റെ ഹൃദയവുമായി ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. എന്‍റെ പ്രവൃത്തിയിലൂടെയും മനോഭാവത്തിലൂടേയും ഞാന്‍ തുറന്നതായ വാതിലുകള്‍, ശത്രുവിനു എന്‍റെ ജീവിതത്തിലേക്ക് പ്രവേശിക്കുവാന്‍ അനുവാദം നല്‍കിയെന്നു ഞാന്‍ തിരിച്ചറിയുന്നു. കര്‍ത്താവേ, ഞാന്‍ അങ്ങയുടെ ക്ഷമയ്ക്കായി അപേക്ഷിക്കുന്നു. ഞാന്‍ തുറന്നതായ സകല വാതിലുകളും അടയ്ക്കേണമേ, അങ്ങയുടെ ഹിതവുമായി യോജിക്കാത്ത സകല കാര്യങ്ങളില്‍ നിന്നും എന്നെ ശുദ്ധീകരിക്കേണമേ. അങ്ങയുടെ സമാധാനത്താല്‍ എന്നെ നിറയ്ക്കണമേ, മാത്രമല്ല അങ്ങയുടെ പാതയില്‍ നടക്കുവാന്‍ എന്നെ സഹായിക്കണം. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ജീവിത ചട്ടം● ദിവസം 15:21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● മറ്റുള്ളവരിലേക്ക് പകരുന്നത് നിര്ത്തരുത്
● ദിവസം 36: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● കൃപയില് വളരുക
● ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്
● അന്യഭാഷയില് സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
അഭിപ്രായങ്ങള്‍