അനുദിന മന്ന
ദിവസം 28: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Thursday, 19th of December 2024
1
0
74
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ഞാന്‍ കൃപയെ ആസ്വദിക്കും
"വചനം ജഡമായിത്തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്‍റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്‍റെ തേജസ്സായി കണ്ടു". (യോഹന്നാന്‍ 1:14).
യേശുവില്‍ കൃപയും സത്യവും നിറഞ്ഞിരിക്കുന്നു. യോഹന്നാന്‍ 1:16-ാം വാക്യത്തില്‍ ഇങ്ങനെ പറയുന്നു, "അവന്‍റെ നിറവിൽനിന്നു നമുക്ക് എല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു". ദൈവം ന്യായപ്രമാണം നല്‍കിയത് മോശെ മുഖാന്തിരം ആയിരുന്നു, എന്നാല്‍ കൃപയും സത്യവും യേശുക്രിസ്തു മിഖാന്തിരമാണ് വന്നത്.
യേശുക്രിസ്തു നമുക്ക് കൃപ നല്കിതന്നു. യേശു വരുന്നതിനു മുമ്പ് മനുഷ്യര്‍ക്ക് ഉണ്ടായിരുന്നത് ന്യായപ്രമാണം ആയിരുന്നു. കൃപ, വിശ്വാസം, സത്യം - ഇവയെല്ലാം യേശുക്രിസ്തുവില്‍ കൂടിയാണ് വന്നത്.
എന്താണ് കൃപ?
1. അര്‍ഹതയില്ലാത്ത ദൈവത്തിന്‍റെ ദാനമാണ് കൃപ - നിങ്ങള്‍ക്ക് അര്‍ഹതയില്ലാത്ത ഒരു കാര്യം.
2. നിങ്ങള്‍ക്ക് അര്‍ഹതയില്ലാത്തതോ അഥവാ നിങ്ങള്‍ യോഗ്യരല്ലാത്തതോ ആയ അനുഗ്രഹങ്ങളെ നിങ്ങള്‍ ആസ്വദിക്കുന്നതാണ്.
3. ഇത് നിങ്ങളുടെ മാനുഷീക ശക്തിയ്ക്ക് അപ്പുറമായി ദൈവത്തിന്‍റെ ആത്മാവ് പ്രവര്‍ത്തിക്കുന്നതാണ്. അസാദ്ധ്യമായ കാര്യങ്ങളെ ചെയ്യുവാന്‍ ദൈവത്തിന്‍റെ കൃപ നമ്മെ സഹായിക്കുന്നു. പരിമിതികളേയും വെല്ലുവിളികളേയും അതിജീവിക്കുവാന്‍ ഇത് നമ്മെ സഹായിക്കുന്നു. പോരാട്ടത്തിന്‍റെയും കഷ്ടപ്പാടുകളുടെയും ജീവിതത്തോടുള്ള മനുഷ്യരാശിക്കുള്ള ഉത്തരമാണ് ദൈവത്തിന്‍റെ കൃപ.
കൃപയുടെ ഫലങ്ങള്‍ എന്തൊക്കെയാണ്?
1. കൃപ പെരുമാറ്റചട്ടങ്ങളെ ലംഘിക്കുന്നു.
തിരുവചനത്തില്‍, കൃപയുടെ പ്രവര്‍ത്തിയെ എസ്ഥേര്‍, യോസേഫ്, ദാവീദ്, പൌലോസ് എന്നിവരുടെ ജീവിതത്തില്‍ നമുക്ക് കാണുവാന്‍ സാധിക്കും. മറ്റു അനവധി വേദപുസ്തക കഥാപാത്രങ്ങളിലും കൃപയുടെ പ്രവര്‍ത്തി പ്രകടമാകുന്നുണ്ട്.
എസ്ഥേര്‍ അപരിചിതമായ ഒരു രാജ്യത്ത്, ഒരു അടിമ പെണ്‍കുട്ടിയായിരുന്നു, എന്നാല്‍ കൃപയാല്‍, രാജാവിന്‍റെയും മനുഷ്യരുടേയും കണ്ണിന്മുന്‍പാകെ അവള്‍ക്കു പ്രീതി ലഭിച്ചു. അപരിചിതമായ ദേശത്തും നിങ്ങള്‍ യോഗ്യരല്ലാത്ത സ്ഥാനങ്ങളിലും ദൈവപ്രീതി അനുഭവിക്കുവാന്‍ കൃപ നിങ്ങളെ ഇടയാക്കും. (എസ്ഥേര്‍ 2:17).
മറ്റൊരു നല്ല ഉദാഹരണമാണ് യോസേഫ്; അവനും അപരിചിതമായ ഒരു ദേശത്ത് അടിമയായി പോകേണ്ടതായി വന്നു, അടിമയായി അനേകം വര്‍ഷങ്ങള്‍ ജീവിച്ചതിനു ശേഷം, ഒറ്റരാത്രികൊണ്ട്, ദൈവം അവന്‍റെ ചരിത്രത്തെ മാറ്റിമറിച്ചു. (ഉല്പത്തി 41:37-44).
അവന്‍ കാരാഗൃഹത്തില്‍ നിന്നും കേവലം പുറത്തുവരിക മാത്രമല്ല ചെയ്തത്; അവന്‍ ദേശത്തിന്മേല്‍ രണ്ടാമനായി വാഴുകയും ചെയ്തു. ഇത് കൃപയുടെ ഒരു ഉത്പന്നമാണ്. അത് നിങ്ങളെ മുന്‍പിലാക്കുന്നു, നിങ്ങളെ ഉയര്‍ത്തുന്നു, നിങ്ങള്‍ക്കുവേണ്ടി ചില ചട്ടങ്ങളെ തിരുത്തുന്നു. ഇങ്ങനെയുള്ള ഉന്നതമായ സ്ഥാനം നേടുവാന്‍ മിസ്രയിമില്‍ തീര്‍ച്ചയായും ചട്ടങ്ങള്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നാല്‍ കൃപ പ്രവര്‍ത്തിച്ചതു നിമിത്തം, അങ്ങനെയുള്ള ചട്ടങ്ങള്‍ എല്ലാംതന്നെ പുറന്തള്ളപ്പെട്ടു, അങ്ങനെ കൃപ യോസേഫിനെ ഉയര്‍ത്തി.
ദാവീദും കൃപയും ദൈവപ്രീതിയും ആസ്വദിച്ച ഒരു വ്യക്തിയായിരുന്നു. ജീവിതത്തിന്‍റെ പിന്‍ നിരയില്‍ നിന്നും, അവന്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്ന സ്ഥലത്തുനിന്നും, കൃപ അവനെ മുമ്പോട്ടു കൊണ്ടുവന്നു, അവിടെ അവന്‍ രാജാവായിത്തീര്‍ന്നു. (2 ശമുവേല്‍ 5:3-4). ഈ ആളുകളുടെ ജീവിതത്തില്‍ അപ്രകാരം ചെയ്ത അതേ ദൈവം തന്നെ യേശുവിന്‍റെ നാമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയും അത് ചെയ്യും.
ഒരുനാള്‍ ഉപദ്രവകാരിയായിരുന്ന പൌലോസ്, സുവിശേഷത്തിന്‍റെ ശക്തനായ ഒരു ശുശ്രൂഷകനായി മാറി. മറ്റുള്ള അപ്പോസ്തലന്മാരെക്കാള്‍ കൂടുതലായി അപ്പോസ്തലനായ പൌലോസ് കൃപയെക്കുറിച്ച് സംസാരിച്ചു കാരണം അവന്‍ കൃപയുടെ ഒരു ഉത്പന്നമായിരുന്നു. (1 കൊരിന്ത്യര്‍ 15:10).
ഈ വര്‍ഷത്തില്‍, നിങ്ങള്‍ കൃപയുടെ പ്രവൃത്തിയ്ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു കാരണം അത് യാഥാര്‍ഥ്യമാകുന്നു. അതില്‍ വിശ്വസിക്കുന്ന ആളുകളുടെ ജീവിതത്തില്‍ അത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
2. കൃപ നിങ്ങള്‍ക്കുവേണ്ടി അസാധാരണമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു.
പത്രോസ് രാത്രി മുഴുവനും അദ്ധ്വാനിച്ചു എന്നാല്‍ ഒന്നും കിട്ടിയില്ല. എന്നാല്‍ കര്‍ത്താവായ യേശു കടന്നുവന്നപ്പോള്‍ (യേശു കൃപയും സത്യവും നിറഞ്ഞവനായിരുന്നു എന്നും, കൃപ അവന്‍ മുഖാന്തിരം വന്നുവെന്നും ഓര്‍ക്കുക), വല കീറത്തക്കവിധം മീന്‍ പിടിക്കുവാന്‍ പത്രോസിനു കഴിഞ്ഞു (ലൂക്കോസ് 5:1-9). നിങ്ങളുടെ ബിസിനസ്സില്‍ എത്രകാലമായി നിങ്ങള്‍ പ്രയാസപ്പെടുന്നു എന്നത് പ്രശ്നമല്ല, ദൈവത്തിന്‍റെ കൃപ നിങ്ങളുടെ കഥയെ മാറ്റിമറിയ്ക്കുമെന്ന് നിങ്ങളുടെ ജീവിതത്തോടു ദൈവത്തിന്‍റെ അധികാരത്താല്‍ ഞാന്‍ പ്രഖ്യാപിക്കുന്നു.
നിങ്ങളുടെ ജീവിതത്തിലോ, ദാമ്പത്യത്തിലോ നിങ്ങള്‍ അനുഭവിക്കുന്ന കൊടുങ്കാറ്റുകള്‍ ഏതുമാകട്ടെ, ദൈവത്തിന്‍റെ കൃപ അതിനെയെല്ലാം യേശുവിന്‍റെ നാമത്തില്‍ നല്ലതിനായി തിരിക്കുവാന്‍ ഇടയാകും.
3. നിങ്ങള്‍ക്ക് സ്വയമായി ചെയ്യുവാന്‍ കഴിയാത്തത് ചെയ്യുവാന്‍ കൃപ നിങ്ങളെ ശക്തീകരിക്കുന്നു.
പൌലോസ് പറയുന്നു, "എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിനും മതിയാകുന്നു". (ഫിലിപ്പിയര്‍ 4:13).
ദാവീദ് ഗോല്യാത്തിനെ അഭിമുഖീകരിച്ചപ്പോള്‍, അവന്‍ ആ ദൌത്യം ഏറ്റെടുക്കുവാന്‍ തയ്യാറായതിന്‍റെ കാരണം അവനോടുകൂടെ ദൈവത്തിന്‍റെ കൃപ ഉണ്ടായിരുന്നു എന്നതാണ്. ദൈവത്തിന്‍റെ ആത്മാവ് കൃപയുടെ ആത്മാവാകുന്നു, അത് അസാദ്ധ്യങ്ങളെ ചെയ്യുവാന്‍ ആളുകളെ ശക്തരാക്കുന്നു. യിസ്രായേലിന്‍റെ മുഴു സൈന്യത്തിനും ഗോല്യാത്തിനോട് എതിര്‍ക്കുവാന്‍ സാധിച്ചില്ല കാരണം അവരോടുകൂടെ കൃപ ഉണ്ടായിരുന്നില്ല (1 ശമുവേല്‍ 17). നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയാത്തതായ ചില കാര്യങ്ങളുണ്ട്, എന്നാല്‍ അങ്ങനെയുള്ള സാഹചര്യങ്ങളുടെ നടുവില്‍ നിങ്ങളുടെ ജീവിതത്തിലേക്ക് ദൈവത്തിന്‍റെ കൃപ പകരപ്പെടുമ്പോള്‍, അനേക വര്‍ഷങ്ങളായി അത് ചെയ്യുന്ന ആളുകളേക്കാള്‍ മികച്ച നിലയില്‍ അത് ചെയ്യുവാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങള്‍ക്ക് ദൈവത്തിന്‍റെ കൃപ ആവശ്യമാണ്.
4. നിങ്ങള്‍ രക്ഷിക്കപ്പെട്ടത് പ്രവര്‍ത്തിയാലല്ല മറിച്ച് കൃപയാലാണ് (എഫെസ്യര്‍ 2:8-9).
രക്ഷയും കൃപയുടെ ഫലമാണ്. നാം നമ്മെത്തന്നെ രക്ഷിച്ചതല്ല, നമുക്ക് നമ്മെ രക്ഷിക്കുവാന്‍ കഴിയുകയുമില്ല. അത് കൃപയാല്‍ നാം ദൈവത്തിങ്കല്‍ നിന്നും പ്രാപിക്കുന്നതായ ദാനമാകുന്നു.
കൃപ ആസ്വദിക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് ചെയ്യുവാന്‍ കഴിയുന്നതായ ചില കാര്യങ്ങള്‍ എന്താണ്?
1. ദൈവത്തിന്‍റെ കൃപയ്ക്ക് എന്ത് ചെയ്യുവാന്‍ കഴിയും എന്നതിനെക്കുറിച്ച് ബോധവാന്മാരായിരിക്കുക.
ദൈവകൃപയ്ക്ക് ചെയ്യുവാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഞാന്‍ നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്, അങ്ങനെ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് ബോധവാന്മാരാകുവാന്‍ സാധിക്കും. നിങ്ങളുടെ സ്വന്ത ജീവിതത്തില്‍ അതിനെ ആഗ്രഹിക്കുക അപ്പോള്‍ അത് നിങ്ങള്‍ക്ക് ആസ്വദിക്കുവാന്‍ സാധിക്കും.
2. മറ്റുള്ളവരോടു കൃപ കാണിക്കുക.
ദൈവം നിങ്ങള്‍ക്കുവേണ്ടി ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടി ചെയ്യുക. കൃപയുള്ളവരായിരിക്കുക, മറ്റുള്ളവരെ സ്നേഹിക്കുക, കരുണ കാണിക്കുക, ദയ കാണിക്കുക. അവര്‍ തെറ്റ് ചെയ്യുകയും ന്യായവിധിക്കും ശിക്ഷയ്ക്കും അര്‍ഹരാകുകയും ചെയ്യുമ്പോള്‍, ദൈവസ്നേഹം അവരോടു കാണിക്കുക അങ്ങനെ നിങ്ങളിലൂടെ അവര്‍ക്ക് ദൈവത്തിന്‍റെ സ്നേഹം ആസ്വദിക്കുവാന്‍ സാധിക്കും. ശരിയായ കാര്യങ്ങള്‍ ശരിയായ സമയത്ത് ചെയ്യുവാന്‍ ദൈവത്തിന്‍റെ ആത്മാവ് നിങ്ങളെ നയിക്കട്ടെ.
3. ദൈവത്തിന്‍റെ കൃപ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുക.
നിങ്ങളുടെ പ്രത്യാശയ്ക്ക് ഭംഗം വരികയില്ല എന്ന് പറയുന്ന ഒരു ആത്മീക തത്വം ദൈവത്തിന്‍റെ വചനത്തിലുണ്ട്. (സദൃശ്യവാക്യങ്ങള്‍ 23:18). നിങ്ങള്‍ പ്രതീക്ഷിക്കുന്നതാണ് നിങ്ങള്‍ കാണുന്നതും അനുഭവിക്കുന്നതും. ദൈവത്തിന്‍റെ കൃപ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും എന്ന് നിങ്ങള്‍ പ്രതീക്ഷിക്കുന്നില്ല എങ്കില്‍, അത് പ്രവര്‍ത്തിക്കുകയില്ല.
4. കൃപ പരിജ്ഞാനത്തില്‍ കൂടി ഒഴുകുന്നു (2 പത്രോസ് 1:2).
ദൈവത്തിന്‍റെ പരിജ്ഞാനത്തില്‍ വളരുക, അപ്പോള്‍ നിങ്ങള്‍ കൃപയിലും വളരും. കൃപ പരിജ്ഞാനത്തില്‍ കൂടി ഒഴുകുന്നു, അതുപോലെ പരിജ്ഞാനം കൂടാതെ, കൃപയുടെ ഒഴുക്ക് അതില്‍തന്നെ പരിമിതപ്പെടുന്നു.
5. മാനുഷീക പാത്രങ്ങളിലൂടെ കൃപ പകരപ്പെടുന്നു.
ചില ആളുകള്‍ക്ക് ദൈവത്തിന്‍റെ കൃപയുടെ സമ്പത്തിന്‍റെ ആഴമുണ്ട്, മാത്രമല്ല അവര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ വലിയ അളവില്‍ കൃപയുടെ ആത്മാവുണ്ട്. എല്ലാവര്‍ക്കും ഒന്നല്ലെങ്കില്‍ മറ്റൊരു മേഖലയില്‍ കൃപയുണ്ട്, എന്നാല്‍ നമുക്ക് കൃപയുടെ അപര്യാപ്തത ഉള്ളതായ മറ്റു പല മേഖലകളുണ്ട്. മാനുഷീക പാത്രങ്ങളില്‍ കൂടിയുള്ള പകര്‍ച്ചയുടെ രണ്ടു ഉദാഹരണങ്ങള്‍ ഇതാണ്: എലിയാവില്‍ നിന്നും ആത്മാവിന്‍റെ ഇരട്ടി ശക്തി ഏലിശയ്ക്ക് ലഭിച്ചു (2 രാജാക്കന്മാര്‍ 2:4-18), അതുപോലെ മോശെ ജ്ഞാനത്തിന്‍റെ ആത്മാവിനെ യോശുവയുടെ ജീവിതത്തിലേക്ക് പകരുവാന്‍ ഇടയായി (ആവര്‍ത്തനപുസ്തകം 34:9).
കൃപയുള്ള ഒരു വ്യക്തിയുമായി നിങ്ങള്‍ സഹവര്‍ത്തിക്കുകയാണെങ്കില്‍, അവരുടെ കൃപ നിങ്ങളിലേക്കും വരുവാന്‍ കാരണമാകും. അതൊരു ശുശ്രൂഷയാണെങ്കില്‍, ഒരു പ്രത്യേക മേഖലയില്‍ കൃപയുള്ളതായ ഒരു ശുശ്രൂഷയില്‍ വിശ്വസ്തതയോടെ ആയിരിക്കുന്നത് നിങ്ങളുടെ സ്വന്തം ജീവിതത്തിലേക്കും ആ കൃപ ഒഴുകുവാന്‍ കാരണമാകും.
6. നിങ്ങളെത്തന്നെ താഴ്ത്തുക
യാക്കോബ് 4:6 പറയുന്നു, താഴ്മയുള്ളവര്‍ക്ക് ദൈവം കൃപ നല്‍കുന്നു, ആകയാല്‍ നിങ്ങള്‍ താഴ്മയുള്ളവര്‍ ആയിരിക്കുമ്പോള്‍, നിങ്ങള്‍ക്ക് അധികം കൃപ അനുഭവിക്കുവാന്‍ സാധിക്കും.
ഈ പുതുവര്‍ഷത്തില്‍ ദൈവത്തിന്‍റെ കൃപ നിങ്ങള്‍ക്ക് മതിയായതാണ്. ദൈവത്തിന്‍റെ കൃപ നിങ്ങളെ സഹായിക്കും, ശക്തീകരിക്കും, മാത്രമല്ല നിങ്ങളുടെ ബലംകൊണ്ട് നിങ്ങള്‍ക്ക് നേടുവാന്‍ കഴിയാത്തതെല്ലാം അത് നിങ്ങള്‍ക്ക് നല്കിത്തരും. നിങ്ങളുടെ ശബ്ദമുയര്‍ത്തി പറയുക, "ഈ വര്‍ഷത്തില്‍ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ കൃപ അനുഭവിക്കും".
Bible Reading Plan : 1 Corinthians 16-2 Corinthians 9
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. പിതാവേ, എന്‍റെ സാമ്പത്തീകത്തിലും കുടുംബത്തിലും അങ്ങയുടെ കൃപ ആസ്വദിക്കുവാന്‍ എന്നെ ഇടയാക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (ഫിലിപ്പിയര്‍ 4:19).
2. എന്‍റെ ജീവിതത്തിലേയും സാമ്പത്തീകത്തിലേയും എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളെയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ നശിപ്പിക്കുന്നു. (സങ്കീര്‍ത്തനം 34:19).
3. അതേ കര്‍ത്താവേ, അസാദ്ധ്യമായ കാര്യങ്ങളെ ചെയ്യുവാനുള്ള കൃപ എനിക്ക് തരേണമേ, യേശുവിന്‍റെ നാമത്തില്‍. (ലൂക്കോസ് 1:37).
4. പിതാവേ, യേശുവിന്‍റെ നാമത്തില്‍ ഉന്നതികളിലേക്ക് എത്തുവാനുള്ള കൃപ എനിക്ക് തരേണമേ. (ആവര്‍ത്തനപുസ്തകം 28:13).
5. ദൈവത്തിന്‍റെ കൃപയെ, യേശുവിന്‍റെ നാമത്തില്‍ എനിക്ക് സഹായം അയയ്ക്കേണമേ. (എബ്രായര്‍ 4:16).
6. ദൈവത്തിന്‍റെ കൃപയെ, ഈ വര്‍ഷത്തില്‍ എനിക്കുവേണ്ടി പുതിയ വാതിലുകളെ തുറക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (വെളിപ്പാട് 3:8).
7. പിതാവേ, എന്‍റെ സ്ഥാനക്കയറ്റത്തെയും അനുഗ്രഹങ്ങളെയും വെല്ലുവിളിക്കുകയും തടയുകയും ചെയ്യുന്ന സകല ശക്തികളേയും അങ്ങയുടെ കൃപയാല്‍ ഞാന്‍ അതിജീവിക്കും, യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 8:37).
8. പിതാവേ, അങ്ങയുടെ കൃപയെക്കുറിച്ചുള്ള ആഴമായ ഒരു വെളിപ്പാട് എനിക്ക് തരേണമേ യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 1:17).
9. അപര്യാപ്തതയുടേയും ദാരിദ്ര്യത്തിന്‍റെയും ആവര്‍ത്തനങ്ങളെ ഞാന്‍ യേശുവിന്‍റെ നാമത്തില്‍ തകര്‍ക്കുന്നു. (2 കൊരിന്ത്യര്‍ 9:8).
10. പിതാവേ, ഈ വര്‍ഷത്തില്‍, അങ്ങയുടെ കൃപയാലും പ്രീതിയാലും എന്നെ സംതൃപ്തിപ്പെടുത്തേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 90:17).
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #21● കര്ത്താവിനെ അന്വേഷിക്കുക
● ഇന്ന് ശുദ്ധീകരണം നാളെ അത്ഭുതങ്ങള്
● ഒരു പോരാട്ടം കാഴ്ചവെയ്ക്കുക
● എത്ര ഉച്ചത്തില് നിങ്ങള്‍ക്ക് സംസാരിക്കാന് കഴിയും?
● അനുഗ്രഹിക്കപ്പെട്ട വ്യക്തി
● ക്രിസ്തുവിലൂടെ ജയം നേടുക
അഭിപ്രായങ്ങള്‍