അനുദിന മന്ന
കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?
Sunday, 5th of January 2025
1
0
45
പലപ്പോഴും, നമ്മുടെ പ്രാര്‍ത്ഥനകള്‍ ആവശ്യങ്ങളുടെ ഒരു പട്ടിക പോലെയാണ്. "കര്‍ത്താവേ ഇത് പരിഹരിക്കേണമേ", "കര്‍ത്താവേ, എന്നെ അനുഗ്രഹിക്കേണമേ", "കര്‍ത്താവേ, ആ പ്രശ്നത്തെ എടുത്തു മാറ്റേണമേ". നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തിങ്കലേക്ക് നാം കൊണ്ടുവരണമെന്ന് ദൈവം തീര്‍ച്ചയായും ആഗ്രഹിക്കുമ്പോള്‍ തന്നെ (ഫിലിപ്പിയര്‍ 4:6), പ്രാര്‍ത്ഥനയില്‍ ആഴമേറിയതും, കൂടുതല്‍ പക്വതയുള്ളതുമായ ഒരു സമീപനം അനിവാര്യമാകുന്നു: അതിപ്രകാരമായിരിക്കണം, "കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?" എന്ന് ചോദിക്കണം. ഈ ചോദ്യം നമ്മില്‍ നിന്നും അവനിലേക്ക് ശ്രദ്ധയെ മാറ്റുന്നു. നമ്മുടെ പ്രാര്‍ത്ഥനയുടെ കേന്ദ്രത്തില്‍ നിന്നും ദൈവത്തിന്‍റെ ഹിതത്തില്‍ കേന്ദ്രീകരിക്കുന്നതിലേക്കു ഇത് നമ്മെ കൊണ്ടുപോകുന്നു.
ഇത് ചിന്തിക്കുക: ശൌല്‍ ദമസ്കൊസിനുള്ള വഴിമദ്ധ്യേ വെച്ച് യേശുവിനെ കണ്ടുമുട്ടിയപ്പോള്‍, അവന്‍റെ ആദ്യത്തെ പ്രതികരണം ഇങ്ങനെയല്ലായിരുന്നു, "കര്‍ത്താവേ, എന്നെ ഈ അന്ധതയില്‍ നിന്നും വിടുവിക്കേണമേ" അല്ലെങ്കില്‍ "കര്‍ത്താവേ, അങ്ങയെത്തന്നെ വിശദീകരിക്കേണമേ". മറിച്ച്, പിന്നീട് അപ്പോസ്തലനായ പൌലോസ് ആയി മാറിയ ശൌല്‍, ചോദിച്ചു, "കര്‍ത്താവേ ഞാന്‍ എന്ത് ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്?" (അപ്പൊ.പ്രവൃ 9:6). ആ ചോദ്യം അവന്‍റെ ജീവിതത്തിലെ സമൂലമായ ഒരു പരിവര്‍ത്തനത്തിന്‍റെ തുടക്കമായി അടയാളപ്പെടുത്തി.
ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുക.
നാം എന്ത് ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത് എന്ന് ദൈവത്തോട് ചോദിക്കുന്നതിനു കേള്‍വി വളരെയധികം ആവശ്യമാണ്, എന്നാല്‍ വ്യതിചലനങ്ങളുടെ ഒരു ലോകത്തില്‍ നമ്മില്‍ പലരും പ്രയാസപ്പെടുന്ന ഒരു കാര്യവും ഇതുതന്നെയാണ്. യെശയ്യാവ് 30:21ല്‍, ദൈവം വാഗ്ദത്തം ചെയ്യുന്നത്, "നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ: വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ എന്നൊരു വാക്ക് പിറകിൽനിന്നു കേൾക്കും". എന്നാല്‍ ആ ശബ്ദം കേള്‍ക്കുന്നതിനു നാം നമ്മുടെ ഹൃദയത്തെ ശാന്തമാക്കുകയും ദൈവത്തിനു സംസാരിക്കാന്‍ ഇടം നല്‍കുകയും വേണം.
ശുശ്രൂഷാപരമായ ഉത്തരവാദിത്വങ്ങളും വ്യക്തിപരമായ വെല്ലുവിളികളും കൈകാര്യം ചെയ്യുന്നതില്‍ ഒരിക്കല്‍ ഞാന്‍ അമിതഭാരം അനുഭവിക്കുകയുണ്ടായി. എന്‍റെ പ്രാര്‍ത്ഥനകള്‍ ദൈവത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ നിറഞ്ഞതായിരുന്നു: "കര്‍ത്താവേ, അങ്ങനെ സംഭവിക്കട്ടെ! കര്‍ത്താവേ, ഈ സാഹചര്യത്തെ മാറ്റേണമേ". ഒരു ദിവസം അതെല്ലാം നിര്‍ത്തിയിട്ട് ഇങ്ങനെ ചോദിക്കാനുള്ള ഒരു മൃദുവായ തലോടല്‍ ഞാന്‍ എന്‍റെ ആത്മാവില്‍ അനുഭവിച്ചു, "കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" മറുപടി ശാന്തമായും എന്നാല്‍ ശക്തമായും വരികയുണ്ടായി: "ഇത് എനിക്ക് സമര്‍പ്പിക്കൂ. എന്‍റെ സമയത്തെ വിശ്വസിക്കൂ". അനുസരണത്തിന്‍റെ ആ നിമിഷം, ഞാന്‍ ആഴ്ചകളായി അനുഭവിച്ചിട്ടില്ലാത്ത വ്യക്തതയും സമാധാനവും കൊണ്ടുവന്നു.
അനുസരണത്തിനുള്ള വേദപുസ്തകത്തിലെ ഉദാഹരണങ്ങള
തങ്ങളുടെ പദ്ധതികളെ ദൈവത്തോട് പറയുന്നതിനു പകരം ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചോദിക്കയും അനുഗമിക്കയും ചെയ്‌തതായ ആളുകളുടെ ഉദാഹരണങ്ങള്‍ വേദപുസ്തകത്തില്‍ ഉടനീളം കാണുവാന്‍ സാധിക്കുന്നു. യേശുവിന്‍റെ മാതാവായിരുന്ന മറിയയെ നോക്കുക. താന്‍ ദൈവപുത്രനു ജന്മം നല്‍കുമെന്ന് ദൂതന്‍ അവളോട് പറഞ്ഞപ്പോള്‍, "അപ്പോള്‍ എന്‍റെ പദ്ധതികളുടെ കാര്യം എന്താകും?" എന്നല്ല അവള്‍ പ്രതികരിച്ചത്. പകരം, അവള്‍ താഴ്മയോടെ പറഞ്ഞു, "ഞാൻ കർത്താവിന്‍റെ ദാസി; നിന്‍റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ". (ലൂക്കൊസ് 1:38). ദൈവത്തിന്‍റെ ഹിതവുമായി അവളുടെ ജീവിതത്തെ യോജിപ്പിക്കാനുള്ള തന്‍റെ സന്നദ്ധത ചരിത്രത്തിന്‍റെ ഗതിയെ മാറ്റുവാന്‍ ഇടയായി.
മറുഭാഗത്ത്, യോന ദൈവത്തിന്‍റെ നിര്‍ദ്ദേശത്തോടു മറുതലിക്കയും, ദൈവത്തിന്‍റെ വിളിക്ക് എതിരായ ദിശയിലേക്ക് ഓടിപോകുകയും ചെയ്തു. യോന തന്നെത്തന്നെ സമര്‍പ്പിക്കയും അനുസരിക്കയും ചെയ്തതിനു ശേഷം മാത്രമാണ് അവന്‍റെ ജീവിതത്തിലും, നിനവേക്കാരുടെ ജീവിതത്തിലും ദൈവത്തിന്‍റെ പദ്ധതി വെളിപ്പെട്ടത് (യോന 3:1-3).
സമര്‍പ്പണത്തിന്‍റെ ഹൃദയം
"കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" എന്ന് ചോദിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും പ്രയാസം തോന്നുന്നത്. അതിന്‍റെ അന്തര്‍ഭാഗത്ത്, ഈ ചോദ്യത്തിനു താഴ്മയും സമര്‍പ്പണവും ആവശ്യമാകുന്നു. ദൈവത്തിന്‍റെ വഴികള്‍ നമ്മുടെ വഴികളെക്കാള്‍ ഉന്നതമാണെന്ന് ഇത് അംഗീകരിക്കുന്നു. (യെശയ്യാവ് 55:8-9). ഇത് വിശ്വാസത്തിന്‍റെ ഒരു പ്രവൃത്തിയാണ്, ദൈവത്തിന്‍റെ പദ്ധതികള്‍ നല്ലത് മാത്രമല്ല മറിച്ച് നമ്മുടെ ആത്യന്തീകമായ നന്മയ്ക്കും വേണ്ടിയാകുന്നു എന്ന് വിശ്വസിക്കുന്നതാണ്. (റോമര്‍ 8:28).
മഹാനായ ഒരു മനുഷ്യന്‍ ഒരിക്കല്‍ ഇങ്ങനെ എഴുതി, "ദൈവത്തെ സംബന്ധിച്ചുള്ള ശ്രദ്ധേയമായ ഒരു കാര്യം, നിങ്ങള്‍ ദൈവത്തെ ഭയപ്പെടുമ്പോള്‍, നിങ്ങള്‍ മറ്റൊന്നിനേയും ഭയപ്പെടുന്നില്ല, എന്നാല്‍ നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നില്ല എങ്കില്‍, നിങ്ങള്‍ മറ്റെല്ലാറ്റിനേയും ഭയപ്പെടുന്നു എന്നതാണ്". നാം ദൈവത്തിന്‍റെ ഹിതത്തിനായി സമര്‍പ്പിക്കുമ്പോള്‍, നമുക്ക് മനസ്സിലായില്ല എങ്കില്‍പോലും ദൈവത്തിന്‍റെ പദ്ധതികള്‍ തികവുള്ളതാണെന്ന് വിശ്വസിച്ചുകൊണ്ട്, നാം അവന്‍റെ സമാധാനത്തിലേക്ക് പ്രവേശിക്കുന്നു.
ദൈവത്തിന്‍റെ ഹിതവുമായി പൊരുത്തപ്പെടാനുള്ള പ്രായോഗീകമായ നടപടികള്‍.
1.ഒരുനിമിഷം നിന്ന് പ്രാര്‍ത്ഥിക്കുക.
"കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" എന്ന് ചോദിച്ചുകൊണ്ട് ഓരോ ദിവസങ്ങളും ആരംഭിക്കുക. ഈ ലളിതമായ പ്രാര്‍ത്ഥന നിങ്ങളുടെ ഹൃദയത്തെ ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങളിലേക്ക് തുറക്കുവാന്‍ ഇടയാക്കും.
2.ദൈവവചനം ധ്യാനിക്കുക
ദൈവം പലപ്പോഴും തന്‍റെ വചനത്തിലൂടെ സംസാരിക്കുന്നു. തീരുമാനങ്ങള്‍ എടുക്കുന്നതിനു നിങ്ങള്‍ക്ക് വഴികാട്ടിയാകുന്ന വചനങ്ങള്‍ വായിക്കാനും വിചിന്തനം ചെയ്യുവാനും സമയങ്ങള്‍ ചിലവിടുക. ഉദാഹരണത്തിനു, സദൃശ്യവാക്യങ്ങള്‍ 3:5-6 പറയുന്നു, "പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുത്. നിന്‍റെ എല്ലാവഴികളിലും അവനെ നിനച്ചുകൊൾക; അവൻ നിന്‍റെ പാതകളെ നേരേയാക്കും".
3.ശ്രദ്ധിക്കുകയും കാത്തിരിക്കയും ചെയ്യുക
നിശബ്ദത ശക്തിയുള്ളതാണ്. ദൈവത്തിന്‍റെ മാര്‍ഗനിര്‍ദ്ദേശത്തിനായി നിങ്ങള്‍ക്ക് ശ്രദ്ധിക്കുവാന്‍ കഴിയുന്ന നിശ്ചലമായ നിമിഷങ്ങള്‍ സൃഷ്ടിക്കുക. സങ്കീര്‍ത്തനങ്ങള്‍ 46:10 നമ്മെ ഇപ്രകാരം ഓര്‍മ്മപ്പെടുത്തുന്നു, "മിണ്ടാതിരുന്നു, ഞാൻ ദൈവമെന്ന് അറിഞ്ഞുകൊൾവിൻ".
ഈ ചോദ്യങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കുക:
- "കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" എന്ന് ദൈവത്തോട് അവസാനമായി ചോദിച്ചത് എപ്പോഴാണ്?.
- ദൈവത്തിന്‍റെ ഹിതത്തിനു സമര്‍പ്പിക്കുന്നതിനു പകരം ഞാന്‍ നിയന്ത്രിക്കുവാന്‍ വേണ്ടി മുറുകെപ്പിടിച്ചിരിക്കുന്ന മേഖലകള്‍ എന്‍റെ ജീവിതത്തില്‍ ഉണ്ടോ?
- ദൈവത്തിന്‍റെ ശബ്ദം കേള്‍ക്കുന്നതിനു എനിക്ക് എങ്ങനെ എന്‍റെ ജീവിതത്തില്‍ കൂടുതല്‍ ഇടം സൃഷ്ടിക്കാന്‍ കഴിയും?
Bible Reading : Genesis 16 -18
പ്രാര്‍ത്ഥന
പിതാവേ, താഴ്മയുള്ള ഒരു ഹൃദയവുമായി ഞാന്‍ അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. പലപ്പോഴും എന്‍റെ പദ്ധതികള്‍ക്കനുസരിച്ച് അങ്ങ് നീങ്ങുവാന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഞാന്‍ ചോദിക്കുന്നത്, "കര്‍ത്താവേ, ഞാന്‍ എന്ത് ചെയ്യണമെന്നാണ് അങ്ങ് ആഗ്രഹിക്കുന്നത്?" എന്നാണ്. അങ്ങയുടെ വഴികളില്‍ എന്നെ നയിക്കേണമേ, അങ്ങയുടെ ആത്മാവിനാല്‍ എന്നെ നടത്തേണമേ, അനുസരിക്കാനുള്ള ധൈര്യം എനിക്ക് നല്‍കേണമേ. എന്‍റെ പദ്ധതികളെ, എന്‍റെ ഭയങ്ങളെ, എന്‍റെ ആഗ്രഹങ്ങളെ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. അങ്ങയുടെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെന്നപോലെ എന്‍റെ ജീവിതത്തിലും നടക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● അനുഗ്രഹത്തിന്റെ ശക്തി● ആത്മപകര്ച്ച
● നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക
● നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കുന്നത് എങ്ങനെ
● ക്രിസ്തുവിലൂടെ ജയം നേടുക
● നിലനില്ക്കുന്ന മാറ്റങ്ങള് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ടുവരുന്നത് എങ്ങനെ - 1
● ക്രിസ്തു കേന്ദ്രീകൃതമായ ഒരു ഭവനം
അഭിപ്രായങ്ങള്‍