ആധുനിക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് കുടുംബത്തോടുള്ള സ്നേഹക്കുറവല്ല - മറിച്ച് സമയക്കുറവാണ്. ജോലിയുടെ സമ്മര്‍ദ്ദങ്ങള്‍, സമയപരിധികള്‍, യാത്രകള്‍, സാമ്പത്തീക ഉത്തരവാദിത്വങ്ങള്‍, സ്ഥിരമായ സമ്പര്‍ക്കങ്ങള്‍ ഇവയെല്ലാം ക്രമേണ ഏറ്റവും പ്രധാനപ്പെട്ടതിനെ ക്ഷയിപ്പിക്കുന്നു. "ഒരുദിവസം ഞാന്‍ വേഗത കുറയ്ക്കും" എന്ന് അനേകരും തങ്ങളോടുതന്നെ വാഗ്ദത്തം ചെയ്യുന്നു. തിരുവചനം ശാന്തമായി നമ്മെ ഓര്‍മ്മിപ്പിക്കുന്നു: ഒരുദിവസം എന്നത് ഉറപ്പില്ലാത്തതാണ് - എന്നാല്‍ 'ഇന്ന്' എന്നതിനെ നമുക്ക് ഏല്പിച്ചുതന്നിരിക്കുന്നു.
"ആകയാൽ സൂക്ഷ്മത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാൻ നോക്കുവിൻ.
ഇതു ദുഷ്കാലമാകയാൽ സമയം തക്കത്തിൽ ഉപയോഗിച്ചുകൊൾവിൻ". (എഫെസ്യര്‍ 5:15-16).
സമയം കാര്യക്ഷമമായി കൈകാര്യം ചെയ്യുവാന്‍ ദൈവം നമ്മോടു ആവശ്യപ്പെടുക മാത്രമല്ല; അതിനെ വീണ്ടെടുക്കാന്‍ വേണ്ടി അവന്‍ നമ്മെ വിളിക്കുന്നു - ഉദ്ദേശ്യപൂര്‍വ്വമായും, ലക്ഷ്യബോധത്തോടെയും, വീണ്ടെടുക്കാവുന്ന നിലയിലും അതിനെ ഉപയോഗിക്കുക.
സമയം ഒരു ശത്രുവല്ല, അതൊരു കാര്യസ്ഥനാണ്.
സമയം ഒരിക്കലും ഒരു വില്ലനല്ല - തെറ്റായ ക്രമീകരണമാണ് പ്രശ്നം. സമയത്തിന്‍റെ കാര്യത്തില്‍ ദൈവംതന്നെ ക്രമീകൃതനും ഉദ്ദേശ്യപൂര്‍ണ്ണനുമാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു.
"എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻകീഴുള്ള സകല കാര്യത്തിനും ഒരു കാലം ഉണ്ട്". (സഭാപ്രസംഗി 3:1).
എല്ലാ കാലങ്ങളെയും ജോലി കീഴടക്കുമ്പോള്‍, ഒരു അസന്തുലിതാവസ്ഥ ഉണ്ടാകുന്നു. തിരുവചനം ഒരിക്കലും തിരക്കുകളെ പുകഴ്ത്തുന്നില്ല; വിശ്വസ്തതയെയാണ് അത് ബഹുമാനിക്കുന്നത്. ലോകത്തിന്‍റെ വീണ്ടെടുപ്പിന്‍റെ ഭാരം വഹിച്ചിരുന്ന കര്‍ത്താവായ യേശു പോലും, വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കും, ബന്ധങ്ങള്‍ക്കും സമയം കണ്ടെത്തിയിരുന്നു.
"അവൻ അവരോടു: നിങ്ങൾ ഒരു ഏകാന്തസ്ഥലത്തു വേറിട്ടുവന്ന് അല്പം ആശ്വസിച്ചുകൊൾവിൻ എന്നു പറഞ്ഞു". (മർക്കൊസ് 6:31).
യേശു ജനങ്ങള്‍ക്കായി നിന്നുവെങ്കില്‍, നാം നമ്മോടുതന്നെ ഇങ്ങനെ ചോദിക്കണം - ഒരിക്കലും നില്‍ക്കാന്‍ തയ്യാറാകാതെ നാം ആരെയാണ് അവഗണിക്കുന്നത്?
ശുശ്രൂഷയ്ക്ക് മുമ്പുള്ള ശുശ്രൂഷയാണ് കുടുംബം.
തൊഴില്‍മേഖലയ്ക്കു മുമ്പും, ഭരണകൂടങ്ങള്‍ക്ക് മുമ്പും, സഭയ്ക്ക് മുമ്പും ദൈവം കുടുംബത്തെയാണ് സൃഷ്ടിച്ചത്.
"അതുകൊണ്ടു പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും; അവർ ഏകദേഹമായി തീരും". (ഉൽപത്തി 2:24).
ഈ മുന്‍ഗണനയെ പൌലോസ് വ്യക്തമായി ഊട്ടിയുറപ്പിക്കുന്നു:
"തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കുംവേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞ് അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു". (1 തിമൊഥെയൊസ് 5:8).
കരുതല്‍ സാമ്പത്തീക കാര്യങ്ങളെ ഉള്‍കൊള്ളുന്നതാണ് - എന്നാല്‍ അതില്‍ സാന്നിധ്യവും ഉള്‍പ്പെടുന്നുണ്ട്. കുട്ടികള്‍ സ്നേഹം എന്നെഴുതുന്നത് T-I-M-E (സമയം) എന്നാകുന്നു. ജീവിതപങ്കാളിക്ക് വിലപ്പെട്ടവരാണെന്ന് തോന്നുന്നത് കരുതലില്‍ കൂടി മാത്രമല്ല, ശ്രദ്ധയിലൂടെയും, സംഭാഷണങ്ങളിലൂടെയും, പങ്കിട്ട ജീവിതത്തിലൂടെയും ആകുന്നു.
അവഗണിക്കപ്പെട്ട ഒരു ഭവനത്തെ ഒരു തൊഴില്‍ വിജയത്തിനും സുഖപ്പെടുത്താന്‍ കഴിയില്ല.
ആരോഗ്യകരമായ മുന്‍ഗണനകള്‍ കര്‍ത്താവായ യേശു മാതൃകയാക്കി
കര്‍ത്താവായ യേശു ദൈവീകമായ തിരക്കുകളോടെ ജീവിച്ചു, എന്നാല്‍ ആ തിരക്കുകള്‍ ബന്ധങ്ങളെ നശിപ്പിക്കുന്നത് ആകുവാന്‍ ഒരിക്കലും അവന്‍ അനുവദിച്ചില്ല. യേശു വിവാഹങ്ങളില്‍ സംബന്ധിച്ചു (യോഹന്നാന്‍ 2), ശിശുക്കളെ സ്വാഗതം ചെയ്തു (മര്‍ക്കോസ് 10:14), പ്രിയപ്പെട്ടവരോടുകൂടെ ഭക്ഷണം കഴിച്ചു, പുരുഷാരത്തില്‍ നിന്നും പിന്‍വാങ്ങി തന്‍റെ ശിഷ്യന്മാരോടുകൂടെ സമയം ചിലവഴിച്ചു.
"നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും". (മത്തായി 6:21).
നാം എന്തിനുവേണ്ടി സമയം ചിലവഴിക്കുന്നു എന്നതാണ് നമ്മള്‍ എന്തിനെ വിലമതിക്കുന്നു എന്ന് വെളിപ്പെടുത്തുന്നത്.
ഇന്നത്തേക്കുള്ള പ്രായോഗീക ജ്ഞാനം
കുടുംബത്തോടൊപ്പം സമയത്തെ കൈകാര്യം ചെയ്യുന്നത് പൂര്‍ണ്ണതയെക്കുറിച്ചല്ല - അത് ഉദ്ദേശ്യപൂര്‍വ്വമായ തിരഞ്ഞെടുപ്പുകളെക്കുറിച്ചാണ്:
- ജോലിസ്ഥലത്തെ മീറ്റിംഗുകള്‍ക്കെന്നപോലെ, മനഃപൂര്‍വ്വം കുടുംബത്തോടുകൂടെയും സമയം നിശ്ചയിക്കുക.
- ഭക്ഷണം, സംഭാഷണങ്ങള്‍, വിശ്രമം എന്നിവ സംരക്ഷിക്കുക.
- ദൈവീക കാര്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ വേണ്ടി നല്ല കാര്യങ്ങളോടുപോലും "ഇല്ല" എന്ന് പറയുവാന്‍ പഠിക്കുക.
കുടുംബത്തോടൊപ്പം നിങ്ങള്‍ ആയിരിക്കുമ്പോള്‍ - ശ്രദ്ധയോടെയും വ്യതിചലനങ്ങളില്ലാതെയും - പൂര്‍ണ്ണമായും സന്നിഹിതര്‍ ആയിരിക്കുക.
"ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ". (സങ്കീർത്തനങ്ങൾ 90:12).
ജ്ഞാനം എന്നത് ഇന്ന് നിങ്ങളുടെ സമയത്തിന് അര്‍ഹതയുള്ളത് എന്താണെന്ന് അറിയുന്നതാണ് - അത് ആവശ്യപ്പെടുന്നത് എന്താണെന്ന് മാത്രം അറിയുന്നതല്ല.
പ്രോത്സാഹനത്തിനായുള്ള ഒരു പ്രവചന വചനം.
നിങ്ങള്‍ ഉത്തരവാദിത്വങ്ങള്‍ ഉപേക്ഷിക്കണമെന്ന് ദൈവം പ്രതീക്ഷിക്കുന്നില്ല - എന്നാല്‍ അവയെ സന്തുലിതമായി കൈകാര്യം ചെയ്യുവാന്‍ വേണ്ടി ദൈവം നിങ്ങളെ വിളിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ ബഹുമാനിക്കുമ്പോള്‍, അവരെ നിങ്ങളുടെ പക്കല്‍ ഏല്‍പ്പിച്ച ദൈവത്തെയാണ് നിങ്ങള്‍ ബഹുമാനിക്കുന്നത്.
സമയം വീണ്ടെടുക്കപ്പെടുമ്പോള്‍, കുടുംബങ്ങള്‍ ശക്തിപ്പെടുന്നു - ദൈവം മഹത്വപ്പെടുന്നു.
Bible Reading: Genesis 12-15
പ്രാര്‍ത്ഥന
പിതാവേ, എന്‍റെ സമയത്തെ വീണ്ടെടുക്കാന്‍ എന്നെ പഠിപ്പിക്കേണമേ. എന്‍റെ കുടുംബത്തെ ത്യജിക്കാതെ വിജയിക്കുവാന്‍ എന്നെ സഹായിക്കേണമേ. എന്‍റെ ദിവസങ്ങളെയും, എന്‍റെ മുന്‍ഗണനകളേയും, എന്‍റെ ഹൃദയത്തേയും ക്രമീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ആത്യന്തികമായ രഹസ്യം● പുതിയ നിങ്ങള്‍
● അവന്‍റെ ബലത്തിന്‍റെ ഉദ്ദേശം
● ആത്മീക നിയമങ്ങള്: സംസര്ഗ്ഗത്തിന്റെ നിയമം
● വചനത്തിന്റെ സത്യസന്ധത
● രണ്ടു പ്രാവശ്യം മരിക്കരുത്
● മഹത്വത്തിന്റെ വിത്ത്
അഭിപ്രായങ്ങള്‍
