അനുദിന മന്ന
മറ്റുള്ളവരെ സേവിക്കുന്നതില്‍ കൂടി നാം അനുഭവിക്കുന്ന അനുഗ്രഹങ്ങള്‍
Thursday, 2nd of March 2023
1
0
836
Categories :
സേവിക്കുക (Serving)
സൂചകപദങ്ങള്‍: നാം നമ്മുടെ പൂര്‍ണ്ണ മനസ്സോടെ സേവിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ഉദ്ദേശവും ഫലങ്ങളും ഉണ്ടാകണമെന്ന് നാമെല്ലാവരും ആഗ്രഹിക്കുന്നു. നമ്മുടെ ഉദ്യമങ്ങളുടെയും പരിശ്രമത്തിന്‍റെയും പ്രേരക ശക്തിയാണിത്. അര്‍ത്ഥവത്തായ ഒരു സംഭാവന നല്‍കുവാന്‍ വേണ്ടി നേട്ടങ്ങള്‍ക്കായും നേതൃത്വപരമായ സ്ഥാനങ്ങള്‍ക്കായും നാം പരിശ്രമിക്കുന്നു. അതുപോലെ, നമ്മുടെ കുഞ്ഞുങ്ങള്‍ നല്ല വിദ്യാഭ്യാസം ചെയ്യുന്നതിനും ജോലിപരമയി ഉയര്‍ച്ച നേടുന്നതിനും നാം അവരെ പ്രോത്സാഹിപ്പിക്കുന്നു, അവരും ഈ ലോകത്തില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് നാം അതൊക്കെ ചെയ്യുന്നത്.
സമ്പത്തും സ്വാധീനവും സകാരാത്മകമായ കാര്യങ്ങള്‍ ആയിരിക്കുമ്പോള്‍തന്നെ, യഥാര്‍ത്ഥമായ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ പരിഹാരങ്ങളല്ല അവയൊന്നും. നാം സൃഷ്ടിക്കപ്പെട്ടതിന്‍റെ കാരണം ലോകപരമായ നേട്ടങ്ങളേയും പ്രശംസകളേയും മറികടന്നുപോകുന്നതാണ്. ആഴമായ ഒരു വിളി നമ്മുടെ ഉള്ളിലുണ്ട്, അത് നമ്മുടെ അതുല്യമായ ഉദ്ദേശങ്ങളെ അന്വേഷിക്കുവാനും നമ്മുടെ ലോകത്തിന്‍റെ പുരോഗതിയ്ക്കായി സംഭാവനകള്‍ നല്‍കുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്നതും ആകുന്നു.
"മറ്റുള്ളവരില്‍ മൂല്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് അവരെ സേവിക്കുക", എന്‍റെ അമ്മ എപ്പോഴും എന്നോടും, എന്‍റെ സഹോദരനോടും, എന്‍റെ സഹോദരിയോടും പറഞ്ഞിരുന്ന ഒരു കാര്യമാണിത്. എന്‍റെ അമ്മയില്‍ നിന്നുള്ള ഈ പാഠങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം എന്നില്‍ ഉണ്ടാവുകയും, എന്നിലുള്ള ദൈവത്തിന്‍റെ വിളിയില്‍ അത് സഹായകരമാകുകയും ചെയ്തു.
1. നമ്മുടെ ആത്മീക വരങ്ങളെ കണ്ടെത്തുവാനും അതിനെ വളർത്തുവാനും സേവനം നമ്മെ അനുവദിക്കുന്നു.
അപ്പോസ്തലനായ പൌലോസ് സഭയെ ഒരു മനുഷ്യശരീരത്തോടു താരതമ്യപ്പെടുത്തി പറഞ്ഞിട്ടുണ്ട്, അവിടെ ദൈവത്തിന്‍റെ ഉദ്ദേശം പൂര്‍ത്തീകരിക്കുന്നതില്‍ ഓരോ അവയവങ്ങള്‍ക്കും പ്രധാനപ്പെട്ട പങ്കുണ്ട്. നമ്മുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കുവാന്‍ നമ്മുടെ അവയവങ്ങള്‍ എല്ലാം ഒരുമിച്ചു പ്രവര്‍ത്തിക്കുന്നതുപോലെ, വ്യത്യസ്തമായ കഴിവുകളും നൈപുണ്യങ്ങളുമുള്ള ആളുകളാണ് സഭയിലുള്ളത്, അവര്‍ ഓരോരുത്തരും അതുല്യമായ പങ്കു വഹിക്കുന്നവരാണ്. (1 കൊരിന്ത്യര്‍ 12:12).
ദൈവത്തിന്‍റെ പദ്ധതികൾ പൂർണ്ണമായും പൂർത്തീകരിക്കുന്നതിനുള്ള എല്ലാ വരങ്ങളും അഥവാ കഴിവുകളുമുള്ള ഒരു വ്യക്തിപോലുമില്ലയെന്ന്, 1 കൊരിന്ത്യർ 12 ൽ അപ്പോസ്തലനായ പൗലോസ് പഠിപ്പിക്കുന്നു. പകരം നമുക്ക് പരസ്പരം ആവശ്യമാണ്, കാരണം നമ്മുടെ ഓരോരുത്തരുടെയും താലന്തുകളും പ്രാപ്തിയും ഒരുമിച്ച് ചേർന്നാൽ മനോഹരവും ഫലവത്തായതുമായ ചില കാര്യങ്ങൾ ചെയ്യാൻ സാധിക്കും. നാം മറ്റുള്ളവരെ സേവിക്കുമ്പോൾ, നമ്മുടെ അതുല്യമായ വരങ്ങളെ കണ്ടെത്തുവാനും വലിയൊരു കൂട്ടത്തിനായി അത് വളർത്തിയെടുക്കാനും സാധിക്കും.
2. അത്ഭുതങ്ങൾ അനുഭവിക്കുവാൻ സേവനം നമ്മെ അനുവദിക്കുന്നു.
യോഹന്നാൻ 2-ാം അദ്ധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാനാവിലെ കല്ല്യാണത്തിൻ്റെ ചരിത്രം, മറ്റുള്ളവരെ സേവിക്കുന്നത് അത്ഭുതങ്ങൾ അനുഭവിക്കുന്നതിലേക്ക് എപ്രകാരം നയിക്കുമെന്നതിനുള്ള ശക്തമായ ഒരു ഓർമ്മപ്പെടുത്തലാണ്. ഈ കഥയിൽ യേശുവിനേയും ശിഷ്യന്മാരെയും ഒരു വിവാഹ വിരുന്നിൽ ക്ഷണിച്ചിരുന്നു, അതിന്‍റെ നടത്തിപ്പുകാരുടെ പക്കലുണ്ടായിരുന്ന വീഞ്ഞ് തീർന്നുപോയ ഒരു സാഹചര്യമുണ്ടായി. യേശുവിന്‍റെ മാതാവായ മറിയ അവനോടു സഹായിക്കുവാൻ ആവശ്യപ്പെട്ടു, തുടക്കത്തിൽ അല്പം വൈമനസ്യം പ്രകടിപ്പിച്ചുവെങ്കിലും, പിന്നീട് ആ വലിയ കൽഭരണികളിൽ വെള്ളം നിറയ്ക്കുവാൻ അവൻ ശുശ്രൂഷകന്മാർക്ക് നിർദ്ദേശം നൽകി.
ശുശ്രൂഷകന്മാര്‍ യേശുവിന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു, പിന്നീട് അവര്‍ ആ വെള്ളം അതിഥികള്‍ക്ക് വിളമ്പിയപ്പോള്‍, അത് വീഞ്ഞായി മാറിയിരുന്നു - അതിഥികള്‍ക്ക് ആശ്ചര്യം ഉണ്ടാകത്തക്കതായ ദൈവീകമായ ഇടപ്പെടലിന്‍റെ ഒരു പ്രവൃത്തി. എന്നാല്‍, അവിടെ വന്ന അതിഥികളായിരുന്നു ആ അത്ഭുതത്തിന്‍റെ ഗുണഭോക്താക്കള്‍ എങ്കിലും, അതിനു ആദ്യം സാക്ഷ്യം വഹിച്ചത് ശുശ്രൂഷകന്മാര്‍ ആയിരുന്നുവെന്നത് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട വസ്തുതയാണ്. അവരായിരുന്നു ആ കല്ഭരണികളില്‍ വെള്ളം നിറച്ചതും അതിഥികള്‍ക്ക് വീഞ്ഞു വിളമ്പിയതും ആകയാല്‍ യേശു ചെയ്ത ആ അത്ഭുതത്തില്‍ സഹപ്രവര്‍ത്തകര്‍ ആയത് അവരായിരുന്നു. നാം മറ്റുള്ളവരെ സേവിക്കുമ്പോള്‍, ദൈവത്തിന്‍റെ ഉദ്ദേശം ഈ ഭൂമിയില്‍ നടത്തപ്പെടുവാന്‍ ദൈവത്താല്‍ ഉപയോഗിക്കപ്പെടുക എന്ന സാദ്ധ്യതയിലേക്ക് നാം നമ്മെത്തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.
3. കൂടുതല്‍ യേശുവിനെപോലെ ആകുവാന്‍ സേവനം നമ്മെ സഹായിക്കുന്നു.
ഇന്നത്തെ സമൂഹത്തില്‍, വിജയത്തിനുള്ള വഴികളിലെക്കുള്ള വിശ്വാസങ്ങളാല്‍ സ്വാധീനിക്കപ്പെടുകയും സാദ്ധ്യമാകുന്നിടത്തോളം അത് അംഗീകരിക്കയും ചെയ്യുന്നത് ഓരോ വ്യക്തികളെയും സംബന്ധിച്ചു സാധാരണമാണ്. ഈയൊരു കാഴ്ചപ്പാട് സാമൂഹീകമായ നിയമങ്ങളില്‍ കൂടിയും മാധ്യമങ്ങളില്‍ കൂടിയും അനേകരുടെ മനസ്സുകളില്‍ ആഴമായി വേരൂന്നിയിരിക്കയാണ്.
എന്നാല്‍ നാം സേവനം ചെയ്യുമ്പോള്‍, നമ്മില്‍ നിന്നും മറ്റുള്ളവരിലേക്ക് നമ്മുടെ ശ്രദ്ധാകേന്ദ്രം സേവനത്തിലൂടെ നാം മാറ്റുന്നു.യേശു മറ്റുള്ളവരെ കാണുന്നതുപോലെ നാമും അവരെ കാണുവാന്‍ തുടങ്ങും. മാത്രമല്ല നാം യേശുവിനെ മറ്റുള്ളവരില്‍ കാണും. രാജാവ് അവരോട്: "എന്‍റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തനു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്ന് അരുളിച്ചെയ്യും". (മത്തായി 25:40).
4. സേവനം നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുന്നു.
എന്നാൽ നാം ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും അത്യന്തം പരമായി ചെയ്‍വാൻ നമ്മിൽ വ്യാപരിക്കുന്ന ശക്തിയാൽ കഴിയുന്നവനു, (എഫെസ്യര്‍ 3:20).
നാം നമ്മുടെ സ്വസ്ഥമായ മേഖലയില്‍ തന്നെ നില്‍ക്കുമ്പോള്‍, നമുക്ക് അറിയുന്നതും ചെയ്യുവാന്‍ കഴിയുന്നതുമായ കാര്യങ്ങളില്‍ നമ്മെത്തന്നെ പരിമിതപ്പെടുത്തുന്നു. എന്നാല്‍ നാം പുതിയ വെല്ലുവിളികളെ ഏറ്റെടുക്കുവാന്‍ വിശ്വാസത്തോടെ ചുവടുകള്‍ വെക്കുമ്പോള്‍, പുതിയ അനുഭവങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടി നാം നമ്മെത്തന്നെ വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. ഈ അനുഭവങ്ങളില്‍ കൂടി, പുതിയ സാധ്യതകള്‍ തുറന്നുതരുവാനും തന്നിലുള്ള നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കുവാനും ദൈവത്തിനു കഴിയും.
നമ്മുടെ സ്വസ്ഥമായ മേഖലയില്‍ നിന്നും പുറത്തുവരുവാനുള്ള ആദ്യത്തെ ചവിട്ടുപടി വെക്കുവാന്‍ ഒരുപക്ഷേ ഭയം തോന്നുമായിരിക്കാം, എന്നാല്‍ നാം ദൈവത്തിലും നമ്മുടെ ജീവിതത്തിനുമായുള്ള അവന്‍റെ പദ്ധതിയിലും ആശ്രയിക്കുമ്പോള്‍, പുതിയ കാര്യങ്ങള്‍ പരിശ്രമിക്കുവാനും പുതിയ വെല്ലുവിളികളെ സ്വീകരിക്കുവാനുമുള്ള ധൈര്യം കണ്ടെത്തുവാന്‍ നമുക്ക് കഴിയും. നാമത് ചെയ്യുമ്പോള്‍, നമുക്കുണ്ടായിരുന്നു എന്ന് നാം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത കഴിവുകളും സാമര്‍ത്ഥ്യങ്ങളും നാം കണ്ടെത്തുവാന്‍ ഇടയാകും, മാത്രമല്ല മറ്റുള്ളവരെ അവരുടെ സ്വസ്ഥമായ മേഖലയില്‍ നിന്നും പുറത്തുവരുവാന്‍ അവര്‍ക്ക് ഒരു പ്രചോദനമാകുവാനും നമുക്ക് സാധിക്കും. നാം ദൈവത്തിന്‍റെ ശക്തിയില്‍ ആശ്രയിക്കുമ്പോള്‍ ദൈവത്തിനു നമ്മിലൂടെ ചെയ്യുവാന്‍ കഴിയുന്ന കാര്യങ്ങളെ നാം കാണുവാന്‍ തുടങ്ങും, അപ്പോള്‍ ദൈവം അടച്ച വാതിലില്‍ കൂടി ബലംപ്രയോഗിച്ചു നാം പോകുന്നതിനു പകരം അവന്‍ തുറക്കുന്ന പുതിയ വഴികള്‍ക്കായി നാം അന്വേഷിക്കുവാന്‍ ആരംഭിക്കും.
5. സേവിക്കുന്നത് നിങ്ങളുടെ ദേഹിയ്ക്ക് നല്ലതായ ഒരു കാര്യമാകുന്നു.
സേവനം എന്നത് അത് ചെയ്യുന്ന ആളുകള്‍ക്കും സംഘടനകള്‍ക്കും മാത്രം കേവലം നല്ലതായ കാര്യമല്ല മറിച്ച് തങ്ങളുടെ സമയങ്ങളും കഴിവുകളും അതിനായി സ്വമേധയ നല്‍കുന്ന ഓരോ വ്യക്തികള്‍ക്കും അത് പ്രയോജനപ്രദമാകുന്നുവെന്ന് പഠനങ്ങള്‍ നിരന്തരമായി കാണിക്കുന്നു. സ്വമേധയായുള്ള പ്രവര്‍ത്തികള്‍ നമ്മുടെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കുമെന്ന് അനേക പഠനങ്ങള്‍ കാണിക്കുന്നു.
അതിലുപരിയായി, സേവനം ചെയ്യുന്നത് നമ്മുടെ ആകുലതകളില്‍ നിന്നും നമ്മുടെ മനസ്സിനെ വ്യതിചലിപ്പിക്കുവാന്‍ സഹായിക്കും. മറ്റുള്ളവരുടെ ആവശ്യങ്ങളിലും നന്മയിലും നാം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, നാം നമ്മുടെതായ പ്രശ്നങ്ങളിലും സമ്മര്‍ദ്ദങ്ങളിലും കൂടുതലായി ശ്രദ്ധിക്കുകയില്ല. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, സ്വയമായി സംരക്ഷിക്കുവാനുള്ള ശക്തമായ ഒരു രീതിയാണ് സേവിക്കുക എന്നത്.
ഈ ഗുണങ്ങള്‍ എല്ലാം ഉണ്ടായിട്ടും, നമ്മില്‍ പലരും സേവിക്കാതിരിക്കുന്നതിനുള്ള ഒഴിവുകഴിവുകള്‍ കണ്ടെത്തുകയാണ്. നമുക്ക് ആവശ്യത്തിനു സമയമില്ല, നമ്മുടെ നൈപുണ്യത ഉപയോഗപ്രദമല്ല എന്ന് നമുക്ക് തോന്നുന്നു, അല്ലെങ്കില്‍ എവിടെനിന്നു ആരഭിക്കണമെന്നു നമുക്ക് അറിയില്ല. എന്നാല്‍, ഈ ഒഴിവുകഴിവുകള്‍ എല്ലാം പലപ്പോഴും കേവലം ആ - ഒഴിവുകഴിവുകള്‍ മാത്രമാണ്. നമ്മുടെ താല്പര്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസൃതമായി സേവിക്കുവാനായി വഴികള്‍ കണ്ടെത്തുകയും ചെറിയ കാല്‍ചുവടുകള്‍ എടുക്കുകയും ചെയ്യുമ്പോള്‍, സേവിക്കുന്നതിന്‍റെ പല ഗുണങ്ങളും നമുക്ക് അനുഭവിക്കുവാന്‍ കഴിയും മാത്രമല്ല ദൈവത്തിന്‍റെ രാജ്യത്തില്‍ സകാരാത്മകമായ ഫലങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, യേശുവിന്‍റെ നാമത്തില്‍, നന്ദിയുള്ള ഹൃദയത്തോടെ, അവിടുന്ന് എനിക്ക് അതുല്യമായ വരങ്ങളും ആഗ്രഹങ്ങളും നല്‍കിയിട്ടുണ്ടെന്ന് അംഗീകരിച്ചുകൊണ്ട് ഞാന്‍ ഇന്ന് അങ്ങയുടെ മുമ്പാകെ കടന്നുവരുന്നു. എന്‍റെ സ്വസ്ഥമായ മേഖലകളെ വിട്ടിട്ട് മറ്റുള്ളവരെ സേവിക്കുന്നതിനും അങ്ങയുടെ രാജ്യം പണിയുന്നതിനും ഈ വരങ്ങളെ ഉപയോഗിക്കാനുള്ള ധൈര്യത്തിനും താല്പര്യത്തിനുമായി ഞാന്‍ അപേക്ഷിക്കുന്നു.
പിതാവേ, യേശുവിന്‍റെ നാമത്തില്‍, സേവിക്കാതിരിക്കുവാനുള്ള എന്‍റെ ഒഴിവുകഴിവുകളെക്കുറിച്ച് ഞാന്‍ അനുതപിക്കുന്നു. ഈ ഒഴിവുകഴിവുകളെ അതിജീവിക്കുവാന്‍ എന്നെ സഹായിക്കേണമേ.
പിതാവേ, അങ്ങയേയും അങ്ങയുടെ ജനത്തേയും സേവിക്കുമ്പോള്‍, പുതിയ കാര്യങ്ങള്‍ എനിക്ക് വെളിപ്പെടുത്തി തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● സാധാരണമായ പാത്രത്തില് കൂടിയുള്ള ശ്രേഷ്ഠമായ പ്രവര്ത്തി● ദൈവത്തിന്‍റെ 7 ആത്മാക്കള്
● നിങ്ങള്‍ ഇപ്പോഴും കാത്തുനില്ക്കുന്നത് എന്തുകൊണ്ട്?
● പ്രാര്ത്ഥനയാകുന്ന സുഗന്ധം
● വലിയ വാതിലുകള് ദൈവം തുറക്കുന്നു
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം
● അവന്‍റെ ബലത്തിന്റെ ഉദ്ദേശം
അഭിപ്രായങ്ങള്‍