നിങ്ങള്‍ ഒരു കാര്യം പ്രതീക്ഷിക്കുകയും എന്നാല്‍ അതിലും വളരെ മെച്ചമായ മറ്റെന്തെങ്കിലും ലഭിക്കുകയും ചെയ്‌തതായ ഒരു സാഹചര്യത്തില്‍ നിങ്ങള്‍ എപ്പോഴെങ്കിലും ആയിട്ടുണ്ടോ? അതുതന്നെയാണ് സുന്ദരം എന്ന ദൈവാലയ ഗോപുരത്തിലെ മുടന്തനും സംഭവിച്ചത്. നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതികള്‍ പലപ്പോഴും നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അപ്പുറമായിരിക്കുമെന്ന് നമുക്ക് ഉറപ്പിച്ചുതരുവാനും നമ്മെ പ്രചോദിപ്പിക്കുവാനും വേണ്ടി, ഇന്നത്തെ ധ്യാനം ഈ അത്ഭുതകരമായ കഥയിലേക്ക് നമ്മെ കൊണ്ടുപോകും. (എഫെസ്യര്‍ 3:20).
"ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണി നേരം പ്രാർഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ" (അപ്പൊ.പ്രവൃ 3:1). പത്രോസും യോഹന്നാനും തങ്ങളുടെ ആത്മീക അച്ചടക്കത്തെ സംബന്ധിച്ച് ബോധ്യമുള്ളവര്‍ ആയിരുന്നു എന്നത് ശ്രദ്ധിക്കുക. ദിവസത്തില്‍ മൂന്നു നേരം പ്രാര്‍ത്ഥിച്ചിരുന്ന, ദാനിയേലിനെ പോലെ, അവര്‍ക്കും പ്രാര്‍ത്ഥനയ്ക്കായി നിശ്ചയിക്കപ്പെട്ട ഒരു സമയമുണ്ടായിരുന്നു (ദാനിയേല്‍ 6:10). ഒമ്പതാം മണി നേരം എന്നത് നമ്മുടെ ഉച്ചകഴിഞ്ഞ് മൂന്നുമണിയാണ് - അത് യെഹൂദന്മാരുടെ ദിവസേനയുള്ള വൈകുന്നേരത്തെ യാഗത്തിന്‍റെയും പ്രാര്‍ത്ഥനയുടേയും സമയമായിരുന്നു കൂടാതെ യേശു കുരിശില്‍ മരിച്ച സമയവും അതായിരുന്നു. പ്രാര്‍ത്ഥനാ ജീവിതത്തിലെ നിങ്ങളുടെ സ്ഥിരത അത്ഭുതങ്ങള്‍ സംഭവിക്കുന്നതിനുള്ള വേദികള്‍ ഒരുക്കുകയാണ് ചെയ്യുന്നത്.
മുടന്തനായ മനുഷ്യനെ "ദൈവാലയത്തിൽ ചെല്ലുന്നവരോട് ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടായിരുന്നു" (അപ്പൊ.പ്രവൃ 3:2). നമ്മുടെ ജീവിതത്തില്‍ നാം ചില സ്ഥലങ്ങളില്‍ കുടുങ്ങികിടക്കുന്നു, എന്നാലും അവ നമുക്ക് അത്ഭുതകരമായി തോന്നുന്നു, അങ്ങനെയുള്ള സ്ഥലങ്ങളുടെ ഒരു സാദൃശ്യമായി ഇവിടെ സുന്ദരം എന്ന ഗോപുരം നിലകൊള്ളുന്നു. നമ്മുടെ ജീവിതത്തിനായുള്ള ദൈവത്തിന്‍റെ ഏറ്റവും മികച്ചതിനേക്കാള്‍ താഴെയുള്ളതിനെ സ്വീകരിക്കുവാനും അതില്‍ ആത്മസംതൃപ്തരാകുവാനും എളുപ്പമാണ്.
ആ മനുഷ്യന്‍ ഭിക്ഷ ചോദിച്ചപ്പോള്‍, "ഞങ്ങളെ നോക്കുക" എന്ന് പത്രോസ് അവനോടു കല്പിച്ചു (അപ്പൊ.പ്രവൃ 3:4). ചില സന്ദര്‍ഭങ്ങളില്‍, നാം നമ്മുടെ കുറവുകളിലോ അഥവാ പ്രശ്നങ്ങളിലോ അധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു അങ്ങനെ പരിഹാരം നമുക്ക് നഷ്ടമാകുന്നു. യെശയ്യാവ് 60:1 പറയുന്നു, "എഴുന്നേറ്റു പ്രകാശിക്ക; നിന്‍റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്‍റെമേൽ ഉദിച്ചിരിക്കുന്നു". ആ മനുഷ്യന്‍ തന്‍റെ അവസ്ഥയില്‍ നിന്നും പരിഹാരത്തിലേക്ക് ശ്രദ്ധ മാറ്റണമെന്ന് പത്രോസ് ആഗ്രഹിച്ചു - വിശ്വാസം പ്രവര്‍ത്തിയില്‍.
"വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളത് നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു." (അപ്പൊ.പ്രവൃ 3:6). ആ മനുഷ്യന്‍ നാണയങ്ങള്‍ പ്രതീക്ഷിച്ചു എന്നാല്‍ പണത്തിനു വാങ്ങുവാന്‍ കഴിയാത്ത ഒരു രൂപാന്തിരം തനിക്കു ലഭിച്ചു. അത് ദൈവത്തെപോലെ തന്നെയല്ലേ? നമുക്ക് ആവശ്യമെന്ന് നാം ചിന്തിക്കുന്നതിലും അപ്പുറമായും വലുതായും ദൈവം നമുക്ക് നല്‍കുന്നു, യേശു പച്ചവെള്ളത്തെ വീഞ്ഞാക്കി മാറ്റിയതിനു സമാനമായി; കേവലം സാധാരണ വീഞ്ഞല്ലായിരുന്നു, മറിച്ച് ഏറ്റവും നല്ല വീഞ്ഞ്. (യോഹന്നാന്‍ 2:1-10).
അവനെ വലംകൈക്കു പിടിച്ച് എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്‍റെ കാലും നരിയാണിയും ഉറച്ചു. (അപ്പൊ.പ്രവൃ 3:7). ദൈവം പ്രവര്‍ത്തിക്കുമ്പോള്‍, പരിവര്‍ത്തനങ്ങള്‍ തല്‍ക്ഷണം സംഭവിക്കും. ഇവിടെ ശക്തമായ ഒരു ദൃഷ്ടാന്തമുണ്ട്: ആ മനുഷ്യനു ഒരു സ്പര്‍ശനവും, തന്‍റെ ദൈവീകമായ വിധിയിലേക്ക് ഒരു എഴുന്നേല്‍പ്പിക്കലും ആവശ്യമായിരുന്നു. നിങ്ങളുടെ ജീവിതത്തില്‍, നിങ്ങളെ ഉയര്‍ത്തുവാന്‍ സഹായിക്കുന്ന, ഒരു പത്രോസോ അല്ലെങ്കില്‍ യോഹന്നാനോ നിങ്ങള്‍ക്കുണ്ടോ?
അവൻ കുതിച്ചെഴുന്നേറ്റു നടന്നു; നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ട് അവരോടുകൂടെ ദൈവാലയത്തിൽ കടന്നു. (അപ്പൊ.പ്രവൃ 3:8). ആ മനുഷ്യന്‍ വെറുതെ നടക്കുകയല്ലായിരുന്നു; അവന്‍ കുതിച്ചു! അവന്‍റെ വിശ്വാസത്തിന്‍റെ ധീരമായ കുതിപ്പില്‍ അവിശ്വസനീയമാംവിധം ആഴമായ എന്തോ ഉണ്ടായിരുന്നു. തന്‍റെ സകല ശക്തിയുമെടുത്ത് കര്‍ത്താവിന്‍റെ സന്നിധിയില്‍ നൃത്തം ചെയ്ത ദാവീദിനെപ്പോലെ, ഇവനും തന്‍റെ സന്തോഷം അടക്കാനായില്ല. (2 ശമുവേല്‍ 6:14).
ഇന്ന്, നിങ്ങളുടേതായ "സുന്ദരം എന്ന ഗോപുരത്തിങ്കല്‍", മതിയായത് മാത്രം ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങള്‍ നിങ്ങളെത്തന്നെ കാണുന്നുവെങ്കില്‍, നിങ്ങളുടെ കണ്ണുകളെ ഉയര്‍ത്തുക. ദൈവത്തിന്‍റെ പക്കല്‍ നിങ്ങള്‍ക്കുവേണ്ടി കൂടുതലായുണ്ട്. യോഹന്നാന്‍ 10:10 കര്‍ത്താവ് വാഗ്ദത്തം ചെയ്‌തതായ സമൃദ്ധിയായ ജീവനിലേക്കു എഴുന്നേറ്റു നടക്കുവാനുള്ള സമയമാകുന്നിത്: "ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട് ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്".
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ഞങ്ങള്‍ ചെറിയ കാര്യങ്ങള്‍ക്കായി ഉറച്ചിരിക്കുന്ന ഞങ്ങളുടെ ജീവിതത്തിലെ "സുന്ദരം എന്ന ഗോപുരത്തെ" തിരിച്ചറിയുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ സാക്ഷ്യം അങ്ങയെ അന്വേഷിക്കുവാന്‍ മറ്റുള്ളവരെ പ്രചോദിപ്പിക്കേണ്ടതിനു, എഴുന്നേല്‍ക്കുവാനും, നടക്കുവാനും, വിശ്വാസത്തില്‍ കുതിക്കുവാനും വേണ്ടി ഞങ്ങളെ ശക്തീകരിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എപ്പോഴാണ് നിശബ്ദരായിരിക്കേണ്ടത് അതുപോലെ എപ്പോഴാണ് സംസാരിക്കേണ്ടത്● ശക്തി കൈമാറ്റം ചെയ്യുവാനുള്ള സമയമാണിത്
● ഒരു വ്യത്യസ്ത യേശു, വ്യത്യസ്ത ആത്മാവ്, മറ്റൊരു സുവിശേഷം - 1
● നിങ്ങളുടെ പ്രതികാരം ദൈവത്തിനു കൊടുക്കുക
● പ്രാവചനീക ഗീതം
● സര്പ്പങ്ങളെ തടയുക
● സ്തോത്രമര്പ്പിക്കുന്നതിന്റെ ശക്തി
അഭിപ്രായങ്ങള്‍