വചനത്തോടുള്ള വ്യത്യസ്തമായ പ്രതികരണങ്ങളെ വിവരിക്കുന്ന ആഴമായ ഒരു ഉപമ മര്‍ക്കോസ് 4:13-20 വരെയുള്ള ഭാഗത്ത് യേശു പങ്കുവെക്കുന്നുണ്ട്. ഈ തിരുവചനങ്ങള്‍ നാം ആഴമായി ചിന്തിക്കുമ്പോള്‍, നമ്മുടെ ആത്മീക വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന പ്രധാനപ്പെട്ട കുറ്റവാളികളില്‍ ഒന്നാണ് വ്യത്യസ്ത രൂപത്തിലുള്ള വ്യതിചലനങ്ങള്‍ എന്ന് വ്യക്തമാണ്.
കര്‍ത്താവായ യേശു അത് വിശദമാക്കിക്കൊണ്ട് ആരംഭിക്കുന്നു, "വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു" (മര്‍ക്കോസ് 4:14). ഈ വചനം സത്യമാണ്, സുവിശേഷമാണ്, ദൈവത്തിന്‍റെ ജീവന്‍ നല്‍കുന്ന വാഗ്ദാനമാണ്. എന്നിരുന്നാലും, വിതയ്ക്കുന്നതിന്‍റെ ഫലം എല്ലായിപ്പോഴും നാം പ്രതീക്ഷിക്കുന്ന ഫലവത്തായ കൊയ്ത്ത് ആയിരിക്കയില്ല.
എടുത്തുകളയുന്ന വചനം:
"ചില ആളുകള്‍ വഴിയരികെ വിതയ്ക്കപ്പെട്ട വിത്തുപോലെയാണ്, വചനം വിതച്ചിട്ടു വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു". (മര്‍ക്കോസ് 4:15). എത്രയോ പ്രാവശ്യം നാം ഒരു പ്രസംഗം കേള്‍ക്കുകയും, ഹൃദയത്തില്‍ തള്ളല്‍ അനുഭപ്പെടുകയും, നാം വീട്ടില്‍ എത്തുന്ന സമയംകൊണ്ട് അതിന്‍റെ അന്തസത്ത മറന്നുപോകുകയും ചെയ്യുന്നു? നമ്മുടെ ഹൃദയത്തിലേക്കുള്ള വഴി കണ്ടെത്തുന്ന സത്യത്തിന്‍റെ ഏതൊരു രൂപത്തേയും തട്ടിയെടുക്കുവാന്‍ ശത്രു എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
പാറസ്ഥലത്തെ വചനം:
"അങ്ങനെതന്നെ പാറസ്ഥലത്തു വിതച്ചതു വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; എങ്കിലും അവർ ഉള്ളിൽ വേരില്ലാതെ ക്ഷണികന്മാർ ആകുന്നു; വചനം നിമിത്തം ഉപദ്രവമോ പീഡയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നു" (മര്‍ക്കോസ് 4:16-17). ഒരു ആരാധനാ സമയത്തോ അല്ലെങ്കില്‍ ഒരു ആത്മീയ കൂടിവരവിലോ വൈകാരികമായ ഒരു ഉയര്‍ച്ച അനുഭവപ്പെടുന്നത് അസാധാരണമല്ല. എങ്കിലും,ക്രിസ്തുവില്‍ വേരുകള്‍ ആഴത്തില്‍ ഇറങ്ങാതെ, ഈ സന്തോഷം ക്ഷണികമായിരിക്കും. വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പോള്‍, നമ്മുടെ വിശ്വാസം ചഞ്ചലപ്പെടാം. യെശയ്യാവ് 40:8 പറയുന്നതുപോലെ, "പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്‍റെ വചനമോ എന്നേക്കും നിലനില്ക്കും". നിലനില്‍ക്കുന്ന വിശ്വാസമാണ് ദൈവത്തിന്‍റെ നിത്യമായ വചനത്തില്‍ ആഴമായി വേരിറങ്ങിയ വിശ്വാസം.
ഞെരുക്കപ്പെട്ട വചനം:
ഇവിടെയാണ് വ്യതിചലനങ്ങള്‍ അവയുടെ ഏറ്റവും തന്ത്രപരമായ പങ്കു വഹിക്കുന്നത്. "ഇഹലോകത്തിന്‍റെ ചിന്തകളും ധനത്തിന്‍റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും അകത്തു കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു". (മര്‍ക്കോസ് 4:19). വ്യതിചലനങ്ങള്‍ എല്ലായിപ്പോഴും ഗംഭീരമായതോ തിളക്കമുള്ളതോ അല്ല. അവ "ഇഹലോകത്തിന്‍റെ ചിന്തകളും" അല്ലെങ്കില്‍ "ധനത്തിന്‍റെ വഞ്ചനയും" പോലെ സൂക്ഷ്മമായത് ആയിരിക്കും. അത് ദൈവത്തിന്‍റെ അംഗീകാരത്തിനു മേലുള്ള ലൌകീക സാധൂകരണങ്ങളുടെ നിശബ്ദമായ അന്വേഷണമായിരിക്കാം. സദൃശ്യവാക്യങ്ങള്‍ 23:4 ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു, "ധനവാനാകേണ്ടതിനു പണിപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളക".
ആംപ്ലിഫൈഡ് ബൈബിള്‍ കൂടുതലായി വിശദീകരിക്കുന്നു, വ്യതിചലനങ്ങളെ ഇപ്രകാരം പ്രദര്‍ശിപ്പിക്കുന്നു, "ഇഹലോകത്തിന്‍റെ ആഹ്ളാദവും ആനന്ദവും തെറ്റായ ആകര്‍ഷണവും, ധനത്തിന്‍റെ വഞ്ചനയും മറ്റു വിഷയമോഹങ്ങളും, ആവേശവും ആസക്തിയും". (മര്‍ക്കോസ് 4:19). ഈ ആഗ്രഹങ്ങള്‍ കടന്നുവരുമ്പോള്‍, അവ നമ്മുടെ ആത്മീക വളര്‍ച്ചയെ ശ്വാസം മുട്ടിക്കുന്നു. 1 യോഹന്നാന്‍ 2:15-17 വരെയുള്ള ഭാഗം നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്. ഒരുവൻ ലോകത്തെ സ്നേഹിക്കുന്നു എങ്കിൽ അവനിൽ പിതാവിന്‍റെ സ്നേഹം ഇല്ല".
ഫലവത്തായ വചനം:
എന്നാല്‍, സകല പ്രതീക്ഷകളും നഷ്ടപെട്ടിട്ടില്ല. യേശു ചിലരെക്കുറിച്ച് പറയുന്നു "നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കയും അംഗീകരിക്കയും ചെയ്യുന്നവർ തന്നെ; അവർ മുപ്പതും അറുപതും നൂറും മേനി വിളയുന്നു" (മര്‍ക്കോസ് 4:20). ഇവിടുത്തെ പ്രധാനപ്പെട്ട കാര്യം നല്ല മണ്ണ് എന്നതാണ്. താഴ്മയും പ്രാര്‍ത്ഥനയും കൊണ്ട് ഉഴുതുമറിച്ച, ഒരുക്കിയെടുക്കപ്പെട്ട ഒരു ഹൃദയം, വചനം കേള്‍ക്കുക മാത്രമല്ല മറിച്ച് സ്വീകരിക്കുവാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കുവാനും തയ്യാറുള്ള ഒരു ഹൃദയം.
വ്യതിചലനങ്ങളെ അതിജീവിക്കുക:
യാക്കോബ് 4:7-8 വരെയുള്ള ഭാഗം നിര്‍ദ്ദേശിക്കുന്നു, "ആകയാൽ നിങ്ങൾ ദൈവത്തിനു കീഴടങ്ങുവിൻ; പിശാചിനോട് എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോട് അടുത്തുവരും". ഇത് വിശ്വാസത്തോടുള്ള സജീവമായ ഒരു സമീപനമാണ്. വ്യതിചലനങ്ങള്‍ തിരിച്ചറിയുകയും ചെറുത്തുനില്‍ക്കുകയും അതുപോലെ ദൈവത്തോട് അടുക്കുകയും ചെയ്യുന്നതിലൂടെ, നാം ഫലഭുയിഷ്ഠമായ, ഫലം കായ്ക്കുവാന്‍ തയ്യാറായ നല്ല മണ്ണുപോലെ ആയിത്തീരുന്നു.
എബ്രായര്‍ 12:2 ലെ വചനം നമുക്ക് അനുസരിക്കാം, "വിശ്വാസത്തിന്‍റെ നായകനും പൂർത്തി വരുത്തുന്നവനുമായ യേശുവിനെ നോക്കുക". വ്യതിചലനങ്ങളാല്‍ നിറഞ്ഞിരിക്കുന്ന ഈ ലോകത്ത്, നമ്മുടെ നിത്യപ്രത്യാശയും രക്ഷയുമായ ക്രിസ്തുവില്‍ നമ്മുടെ നോട്ടം ഉറച്ചിരിക്കട്ടെ.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ജീവിതത്തിന്‍റെ ആരവങ്ങള്‍ക്കിടയില്‍, അങ്ങയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ഞങ്ങളുടെ ഹൃദയങ്ങളെ നയിക്കേണമേ. ഞങ്ങളുടെ നിശ്ചയദാര്‍ഢ്യത്തെ ശക്തീകരിക്കേണമേ, സകല വ്യതിചലനങ്ങളെയും വേരോടെ പിഴുതുകളയേണമേ, അങ്ങനെ ഞങ്ങള്‍ അങ്ങയില്‍ യഥാര്‍ത്ഥ ഉദ്ദേശം കണ്ടെത്തുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● മതപരമായ ആത്മാവിനെ തിരിച്ചറിയുക● ദൈര്ഘ്യമേറിയ രാത്രിയ്ക്കു ശേഷമുള്ള സൂര്യോദയം
● നിലവിലുള്ള അധാര്മ്മികതയുടെ നടുവിലും സ്ഥിരതയോടെ നില്ക്കുക
● യേശു ശരിക്കും ഒരു വാള് കൊണ്ടുവരുവാനാണോ വന്നത്?
● 21 ദിവസങ്ങള് ഉപവാസം: ദിവസം #12
● ശ്രദ്ധയോടെയുള്ള തിരച്ചില്
● അന്യഭാഷയില് സംസാരിക്കുന്നത് ആന്തരീക സൌഖ്യം കൊണ്ടുവരും
അഭിപ്രായങ്ങള്‍