അനുദിന മന്ന
സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
Wednesday, 16th of October 2024
1
0
126
Categories :
മനസ്സ് (Mind)
സമാധാന (Peace)
"ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്". (2 തിമൊഥെയൊസ് 1:7).
നാം ജീവിക്കുന്ന അതിവേഗതയും, അതിശക്തവുമായ ലോകത്തില്‍, മാനസീക ആരോഗ്യത്തിനായുള്ള പ്രയത്നം ഒരു പ്രധാന പ്രശ്നമായി മാറിയിരിക്കുന്നു. നമ്മില്‍ പലരും ഉത്കണ്ഠ, ഭയം, നിരാശ എന്നിവയാല്‍ ക്ലേശം അനുഭവിക്കുന്നു. ഈ മാനസീക പോരാട്ടം കേവലം സാമൂഹീകവും അല്ലെങ്കില്‍ ശാരീരികവുമായ പ്രശ്നങ്ങള്‍ മാത്രമല്ല - അത് ആത്മീകമായ പ്രശ്നം കൂടിയാണ്. എന്നാല്‍ ഇതിന്‍റെ മുമ്പില്‍, അവിശ്വസനീയമായ പ്രത്യാശയെ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു: സുബോധമുള്ള മനസ്സ് എന്ന ദാനം ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്. അത് ഭയത്താലും സംക്ഷോഭത്താലും ഭരിക്കപ്പെടുന്ന മനസ്സല്ല മറിച്ച് ദൈവത്തിന്‍റെ ഹൃദയത്തില്‍ നിന്നും നേരിട്ടുള്ളതും, സമാധാനത്തിലും സ്ഥിരതയിലും വേരൂന്നിയതും ആകുന്നു.
ശത്രു നമുക്ക് വിരോധമായി ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ ഒരു ആയുധമാണ് ഭയമെന്നത്. അത് പലപ്പോഴും ഉത്കണ്ഠയോ വേവലാതിയോ ആയി വേഷംമാറി, നമ്മുടെ മനസ്സിലേക്കും ഹൃദയത്തിലേക്കും ഇഴഞ്ഞുകയറുന്നു, അങ്ങനെ ദൈവം ആഗ്രഹിക്കുന്ന പൂര്‍ണ്ണത അനുഭവിക്കുന്നതില്‍ നിന്നും നമ്മെ തടയുന്നു. നമുക്ക് അരക്ഷിതാവസ്ഥയും, അപര്യാപ്തതയും, അസ്വസ്ഥതയും ഉളവാക്കുവാന്‍ ശത്രു ഭയത്തെ ഉപയോഗിക്കുന്നു, ഇത് പലരേയും താല്ക്കാലീക പരിഹാരങ്ങള്‍ - ഉറക്കഗുളിക, മദ്യം, അമിതമായ വിനോദം പോലെയുള്ള വ്യതിചലനങ്ങളെ തേടുവാന്‍ പ്രേരിപ്പിക്കുന്നു. ക്ഷണികമായ ആശ്വാസങ്ങള്‍ പ്രദാനം ചെയ്യുവാന്‍ ഈ കാര്യങ്ങള്‍ക്ക് കഴിയുമെങ്കിലും, ശരിയായ സമാധാനം നല്‍കുവാന്‍ അതിനു ഒരിക്കലും കഴിയുകയില്ല. എന്തുകൊണ്ട്? കാരണം നമുക്ക് ആവശ്യമുള്ള സമാധാനം ഈ ലോകത്തിലെ കാര്യങ്ങളില്‍ കണ്ടെത്തുവാന്‍ നമുക്ക് സാധിക്കില്ല.
ദൈവത്തിന്‍റെ സമാധാനം ലോകം നല്‍കുന്ന സമാധാനം പോലെയല്ല. അത് ആഴമേറിയതും, സമ്പന്നമായതും, ദീര്‍ഘകാലം നിലനില്‍ക്കുന്നതും ആകുന്നു. യോഹന്നാന്‍ 14:27 ല്‍, കര്‍ത്താവായ യേശു അതിശയകരമായ ഒരു വാഗ്ദത്തം ചെയ്തിട്ടുണ്ട്: "സമാധാനം ഞാൻ നിങ്ങൾക്കു തന്നേച്ചുപോകുന്നു; എന്‍റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു". യേശു നമുക്ക് തരുന്നതായ ഈ സമാധാനം നമ്മുടെ സാഹചര്യങ്ങളെ ആശ്രയിച്ചുള്ളതല്ല, നാം സമ്പാദിക്കേണ്ടതുമല്ല. അത് നമുക്കുള്ള ദൈവത്തിന്‍റെ ദാനമാകുന്നു, അത് നമ്മുടെ മനസ്സിനെ ശാന്തമാക്കുന്നതുംജീവിതം താറുമാറാകുന്നു എന്ന് തോന്നുമ്പോള്‍ പോലും നമുക്ക് വിശ്രമം നല്‍കുന്നതാണത്.
അതുകൊണ്ട്, ശാന്തമായ മനസ്സോടെ ജീവിക്കുക എന്നാല്‍ അത് എങ്ങനെയിരിക്കും? ഭയം നിങ്ങളുടെ ചിന്തകളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അനുവദിക്കരുത് എന്നാണ് അതിനര്‍ത്ഥം. നിങ്ങള്‍ക്ക് ചുറ്റുമുള്ള ലോകം നിയന്ത്രണാതീതമെന്ന് തോന്നുമ്പോള്‍ പോലും, ദൈവം സകലത്തേയും നിയന്ത്രിക്കുന്നു എന്ന് വിശ്വസിക്കുക എന്നാണ് അത് അര്‍ത്ഥമാക്കുന്നത്. നല്ല മനസ്സിനു രാത്രിയില്‍ വിശ്രമത്തിനു പാനീയമോ യോഗ്യനാണെന്ന് തോന്നുവാന്‍ ബാഹ്യമായ വിലയിരുത്തലോ ആവശ്യമില്ല. പകരം, ദൈവസ്നേഹവും ശക്തിയും മതിയെന്ന സത്യത്തില്‍ അത് നിലകൊള്ളുന്നു.
നല്ലൊരു മനസ്സുണ്ടാകുക എന്നാല്‍ ഭയം ദൈവത്തിങ്കല്‍ നിന്നുള്ളതല്ല എന്ന് തിരിച്ചറിയുക എന്നുകൂടി അര്‍ത്ഥമാക്കുന്നുണ്ട്. 2 തിമോഥെയോസ് 1:7 ഇത് വ്യക്തമായി പറയുന്നുണ്ട്: ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല ദൈവം നമുക്ക് തന്നിരിക്കുന്നത്. പകരം, ദൈവം നമുക്ക് ശക്തി, സ്നേഹം, വ്യക്തമായി ചിന്തിക്കാനുള്ള കഴിവ്, ജ്ഞാനത്തോടെ തീരുമാനമെടുക്കുക, സമാധാനം അനുഭവിക്കുക എന്നിവ നല്‍കിയിരിക്കുന്നു.
നിങ്ങളോടുതന്നെ ചോദിക്കാന്‍ ഒരു നിമിഷം എടുക്കുക: ഭയവും, ഉത്കണ്ഠയും നിങ്ങളുടെ മനസ്സിനെ ഭരിക്കാന്‍ നിങ്ങള്‍ അനുവദിക്കുന്നുണ്ടോ? ദൈവത്തിനു പുറത്തുള്ള കാര്യങ്ങളില്‍ നിന്നും സമാധാനം നിങ്ങള്‍ അന്വേഷിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍, ആ മേഖലകള്‍ ദൈവത്തിനു സമര്‍പ്പിക്കാനുള്ള സമയമാകുന്നിത്. ഭയത്താല്‍ ഭരിക്കപ്പെടുന്ന ഒരു മനസോടെയല്ല, പ്രത്യുത നല്ല മനസ്സോടെ ജീവിക്കാന്‍ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നു. ഫിലിപ്പിയര്‍ 4:7 നമ്മോടു ഇപ്രകാരം പറയുന്നു, എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും. നാം നമ്മുടെ ചിന്താകുലങ്ങളെ ദൈവത്തിനു കൊടുക്കുമ്പോള്‍, ഒരു സംരക്ഷണ പരിചപോലെ ദൈവം തന്‍റെ സമാധാനത്തെ നമ്മുടെ ഹൃദയങ്ങളില്‍ ഇടുന്നു എന്നാണ് ഇതിനര്‍ത്ഥം.
നിങ്ങള്‍ക്ക് ഇന്ന് ശ്രമിക്കാവുന്ന ലളിതമായ ഒരു ഉദ്യമം ഇതാ:
നിലവില്‍ നിങ്ങളില്‍ സമ്മര്‍ദ്ദവും, ഭയവും, ഉത്കണ്ഠയും ഉളവാക്കുന്ന കാര്യങ്ങളെ എഴുതിയിടുക. എന്നിട്ട്, ഓരോന്നിനും വേണ്ടി പ്രാര്‍ത്ഥിക്കുക, പിന്നീട് അത് ദൈവത്തിനു നല്‍കുകയും നിങ്ങളുടെ ആകുലതകള്‍ക്ക് പകരം ദൈവത്തിന്‍റെ സമാധാനം നല്‍കുവാന്‍ അപേക്ഷിക്കുകയും ചെയ്യുക. ദൈവം വാഗ്ദാനം ചെയ്യുന്ന സമാധാനത്തെ കുറിച്ച് നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ അനുവദിച്ചുകൊണ്ട് അടുത്ത ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഫിലിപ്പിയര്‍ 4:7 ധ്യാനിക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കുക.
പ്രാര്‍ത്ഥന
പിതാവേ, ഒരു ശാന്തമായ മനസ്സെന്ന ദാനത്തിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. ഭയത്തില്‍ നിന്നും ഉത്കണ്ഠയില്‍ നിന്നും എന്‍റെ മനസ്സിനെ സൂക്ഷിച്ചുകൊണ്ട്, അങ്ങയുടെ സമാധാനത്തില്‍ ജീവിക്കാന്‍ എന്നെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ആരാധനയുടെ നാലു അത്യന്താപേക്ഷിതങ്ങള്● നിങ്ങളുടെ കഷ്ടപ്പാടുകളും നിങ്ങളുടെ മനോഭാവങ്ങളും
● ഒരു സ്വപ്നം ദൈവത്തിങ്കല്‍ നിന്നാണോ എന്ന് എങ്ങനെ അറിയാം
● സംസർഗ്ഗത്താലുള്ള അഭിഷേകം
● പക്വത ഉത്തരവാദിത്വത്തോടുകൂടെ ആരംഭിക്കുന്നു
● ഇനി സ്തംഭനാവസ്ഥയില്ല
● ദിവസം 05 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍