മാനവകുലത്തിന്‍റെ നിലനില്പ്പിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ് തിരസ്കരണം എന്നത്, അതിരുകള്‍ ഒന്നും അറിയാത്ത ഹൃദയത്തിന്‍റെ വേദനയാണത്. ഒരു കളിസ്ഥലത്തെ കളിയ്ക്കുവേണ്ടി അവസാനമായി തിരഞ്ഞെടുക്കപ്പെടുന്ന ഒരു കൊച്ചുകുട്ടി മുതല്‍ സ്വപ്നതുല്യമായ അവസരങ്ങളില്‍ നിന്നും പിന്തിരിഞ്ഞ മുതിര്‍ന്നവര്‍ വരെ, തിരഞ്ഞെടുക്കപ്പെടാത്തതിന്‍റെ മുറിപ്പാടുകള്‍ പേറുന്നവരാകുന്നു. എന്നാല്‍ ഈ വേദന മനസ്സിലാക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍, അത് യേശു ആകുന്നു.
"എന്‍റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേർത്തുകൊള്ളും" (സങ്കീര്‍ത്തനം 27:10).
സുവിശേഷങ്ങളിലൂടെ നാം സഞ്ചരിക്കുമ്പോള്‍, തിരസ്കരണം അപരിചിതമല്ലാത്ത ഒരു രക്ഷകനെ നമുക്ക് കാണുവാന്‍ സാധിക്കും. അവന്‍റെ സ്വന്തസ്ഥലമായ നസറെത്തില്‍, അവന്‍റെ വളര്‍ച്ചയെ കണ്ടവര്‍ തന്നെ അവനില്‍ നിന്നും അകന്നുമാറി. തന്‍റെ സ്വന്തം സഹോദരന്മാര്‍ പോലും അവന്‍റെ ദൌത്യത്തെ സംശയിച്ചു. യിസ്രായേലിലെ തിരഞ്ഞെടുക്കപ്പെട്ട, താന്‍ സ്നേഹിച്ച തന്‍റെ സ്വന്തം ആളുകളിലേക്ക് അവന്‍ വന്നു, എന്നാല്‍ അവര്‍ അവനെ തള്ളിപുറത്താക്കി. കുരിശില്‍ പോലും, അവന്‍റെ വേദന നിറഞ്ഞ ഇരുണ്ട സമയങ്ങളില്‍, പിതാവും അവനെ ഉപേക്ഷിക്കുന്നതുപോലെ തോന്നി. (മത്തായി 27:46).
എന്നാല്‍, യേശു ഈ ഭൂമിയിലേക്ക് വരുന്നതിനു നൂറുക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്, പ്രവാചകനായ യെശയ്യാവ് അവനെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചു:
"അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും, ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ മുഖം മറച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല". (യെശയ്യാവ് 53:3).
എന്നിരുന്നാലും, തിരസ്കരണത്തിന്‍റെ മുഖത്തും, താന്‍ ആരാണെന്ന് യേശു അറിഞ്ഞിരുന്നു. തന്‍റെ ഉദ്ദേശം, തന്‍റെ ദൌത്യം, വളരെ പ്രധാനമായി, ദൈവത്തിന്‍റെ പ്രിയപുത്രന്‍ എന്ന നിലയിലെ തന്‍റെ വ്യക്തിത്വം ഇവയെല്ലാം യേശു മനസ്സിലാക്കിയിരുന്നു. ഈ ആഴമേറിയ അറിവ് അവനെ ഉറപ്പിച്ചുനിര്‍ത്തി.
"കര്‍ത്താവായ യേശുവിലെ നിങ്ങളുടെ വ്യക്തിത്വം എത്രയും കൂടുതലായി നിങ്ങള്‍ അറിഞ്ഞാല്‍, അത്രയും അധികമായ സമാധാനം നിങ്ങള്‍ക്കുണ്ടാകും".
തിരസ്കരണത്തിന്‍റെ വേദന നമ്മുടെ നമ്മുടെ ഹൃദയത്തെ കുത്തിതുളച്ചേക്കാം, എന്നാല്‍ ലോകത്തിന്‍റെ ക്ഷണികമായ മാനദണ്ഡങ്ങളാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതല്ല നമ്മുടെ മൂല്യം എന്ന കാര്യം നാം ഓര്‍മ്മിക്കേണം. നമ്മുടെ യാഥാര്‍ത്ഥ വ്യക്തിത്വം ഇരിക്കുന്നത് ദൈവത്തിന്‍റെ മക്കള്‍ എന്ന നിലയിലാണ്. ലോകം നമ്മില്‍ നിന്നും പുറംതിരിയുമ്പോള്‍, ദൈവത്തിന്‍റെ ആശ്ലേഷം മാറാതെ നില്‍ക്കുന്നു.
റോമര്‍ 8:16-17 വരെയുള്ള ഭാഗത്ത്, അപ്പോസ്തലനായ പൌലോസ് എഴുതിയിരിക്കുന്നു, "നാം ദൈവത്തിന്‍റെ മക്കൾ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു. നാം മക്കൾ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിനു കൂട്ടവകാശികളുംതന്നെ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന് അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ".
അത് ഒന്ന് സങ്കല്‍പ്പിക്കുക! വിശ്വാസികള്‍ എന്ന നിലയില്‍, രാജാധിരാജാവിന്‍റെ അവകാശികള്‍ എന്ന നിലയിലാണ് നമ്മുടെ വ്യക്തിത്വം വേരൂന്നിയിരിക്കുന്നത്. ഇതിന്‍റെ വെളിച്ചത്തില്‍, ലോകത്തിന്‍റെ തിരസ്കരണം അപ്രസക്തമായി മാറുന്നു.
ആകയാല്‍, നാം എങ്ങനെയാണ് തിരസ്കരണം അതിജീവിക്കുന്നത്?
നമ്മെത്തന്നെ ദൈവത്തിന്‍റെ വചനത്തില്‍ നിമഞ്ജനം ചെയ്യുന്നതിലൂടെ, ക്രിസ്തുവില്‍ നാം ആരാകുന്നു എന്ന് നിരന്തരം നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കുന്നതിലൂടെ, നമുക്കുവേണ്ടിയുള്ള വ്യവസ്ഥയില്ലാത്ത ദൈവസ്നേഹത്തിന്‍റെ സത്യത്തില്‍ മുറുകെപ്പിടിക്കുന്നതിലൂടെ.
യേശുവിന്‍റെ ജീവിതത്തില്‍ നിന്നും ഒരു എട് എടുക്കുക. യേശു തിരസ്കരണത്തെ അഭിമുഖീകരിച്ചപ്പോള്‍, അവന്‍ കയ്പ്പ് വെച്ചുകൊണ്ടിരുന്നില്ല. പകരമായി, തന്‍റെ സന്ദേശം സ്വാഗതം ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും ചെയ്ത സ്ഥലങ്ങളെ താന്‍ അന്വേഷിച്ചു. അംഗീകാരം അന്വേഷിച്ചുകൊണ്ട് അവന്‍ തന്‍റെ സമയത്തെ വൃഥാവാക്കിയില്ല; അവന്‍ ദൈവീകമായ ഒരു ദൌത്യത്തില്‍ ആയിരുന്നു.
എല്ലായിപ്പോഴും ഓര്‍ക്കുക, നിങ്ങളുടെ മൂല്യം ബന്ധപ്പെട്ടിരിക്കുന്നത് ആള്‍കൂട്ടത്തിന്‍റെ കരഘോഷത്തിലോ, ലൈക്കുകളുടെയും ഷെയറുകളുടെയും എണ്ണത്തിന്‍റെയോ അടിസ്ഥാനത്തിലല്ല. സകലത്തിലും ഉപരിയായി ദൈവത്തിന്‍റെ അംഗീകാരം തേടുക. "ഇപ്പോൾ ഞാൻ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നത്? അല്ല, ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ? ഇന്നും ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്തുവിന്‍റെ ദാസനായിരിക്കയില്ല". (ഗലാത്യര്‍ 1:10).
തിരസ്കരണത്തെ അതിജീവിക്കുന്നതില്‍, നാം നിമിത്തം തിരസ്കരണം അനുഭവിച്ചവനില്‍ നിങ്ങളുടെ ഹൃദയം ആശ്വാസം കണ്ടെത്തട്ടെ അങ്ങനെ നാം നിത്യതയ്ക്കായി അംഗീകരിക്കപ്പെടും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, തിരസ്കരണം ഞങ്ങളെ വേദനിപ്പിക്കുമ്പോള്‍, അങ്ങയില്‍ ഞങ്ങള്‍ക്കുള്ള ശരിയായ മൂല്യത്തെ ഞങ്ങളെ ഓര്‍മ്മിപ്പിക്കേണമേ. ഞങ്ങളുടെ ഹൃദയങ്ങളെ ബലപ്പെടുത്തുകയും അങ്ങയുടെ പുത്രനായ ക്രിസ്തുവില്‍ ഞങ്ങളുടെ വ്യക്തിത്വം ഉറപ്പിക്കുകയും ചെയ്യേണമേ. അങ്ങയുടെ സ്നേഹത്താല്‍ എന്‍റെ ഉള്ളം മുഴുവന്‍ നിറയട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള്‍ അവരെ സ്വാധീനിക്കണം● മറ്റുള്ളവരുമായി സമാധാനത്തോടെ ജീവിക്കുക
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദിവസം 40: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിയമലംഘനത്തിന്റെ കെണിയില് നിന്നും സ്വതന്ത്രരായി നില്ക്കുക
● ആ കള്ളങ്ങളെ പുറത്തുകൊണ്ടുവരിക
● കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം
അഭിപ്രായങ്ങള്‍