അനുദിന മന്ന
1
0
1130
യേശു ഒരു ശിശുവായി വന്നത് എന്തുകൊണ്ട്?
Sunday, 3rd of December 2023
Categories :
Christmas
അടുത്തിടെ, ഞങ്ങളുടെ ഒരു നേതൃത്വ യോഗത്തില്‍,ഒരു യുവാവ് രസകരമായ ഒരു ചോദ്യം ചോദിച്ചു: യേശു ഒരു ശിശുവായി ഭൂമിയിലേക്ക് വരേണ്ടിവന്നത് എന്തുകൊണ്ട്? ഒരു പുരുഷനായി അവനു വരുവാന്‍ കഴിയുമായിരുന്നില്ലേ?
വാസ്തവത്തില്‍, ഒന്നാം നൂറ്റാണ്ടിലെ പല യെഹൂദന്മാരും ഇതേ കാര്യത്താല്‍ ആശ്ചര്യപ്പെട്ടു. നിങ്ങള്‍ ശ്രദ്ധിക്കുക, അവരുടെ മനസ്സില്‍, ദീര്‍ഘകാലമായി അവര്‍ കാത്തിരുന്ന അവരുടെ മിശിഹ ഒരു സൈന്യത്തിന്‍റെ അധിപനായി വരുമെന്നായിരുന്നു പ്രതീക്ഷ. ശലോമോന്‍റെ ജ്ഞാനം, ദാവീദിന്‍റെ വ്യക്തിപ്രഭാവം, മോശെയുടെ ദൈവഭക്തി, യോശുവയുടെ സൈനീക പ്രതിഭ ഇവയെല്ലാം ഒരുമിച്ചു അവനിലുണ്ടാകും.
ആ കാലത്ത്, യിസ്രായേല്‍ റോമന്‍ ആധിപത്യത്തിന്‍ കീഴിലായിരുന്നു, ശിശുവായ ഒരു മിശിഹായെക്കാള്‍ സൈന്യാധിപനായ ഒരു മിശിഹ കൂടുതല്‍ അര്‍ത്ഥവത്തായിരിക്കുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു. എല്ലാത്തിനുമുപരി, ഒരു ശിശുവിന് ഒരു രാജ്യത്തെ രക്ഷിക്കുവാന്‍ കഴിയില്ല, ശരിയല്ലേ? അതുപോലെ, തിരുവെഴുത്തിലെ ദൂതന്മാര്‍ എല്ലായിപ്പോഴും പഴയനിയമത്തില്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യരായാണ് പ്രത്യക്ഷപ്പെട്ടത്. അതുപോലെ എന്തുകൊണ്ട് വന്നുകൂടാ?
കാരണം #1
യേശു കന്യകയില്‍ നിന്നും ജനിച്ചത് അവന്‍റെ ദൈവത്വത്തെ സ്ഥിരീകരിച്ചു. (മത്തായി 1:22).
കര്‍ത്താവായ യേശു, കന്യകയായ മറിയയില്‍ നിന്നുമാണ് ജനിച്ചതെന്ന് നമ്മില്‍ ഭൂരിഭാഗം പേര്‍ക്കും അറിവുള്ള വസ്തുതയാണ്. നൂറുക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ്, നമ്മുടെ കര്‍ത്താവിന്‍റെ യഥാര്‍ത്ഥ ജനനത്തിനു മുമ്പ്, ദീര്‍ഘകാലമായി കാത്തിരുന്ന മിശിഹയ്ക്ക് ഒരു കന്യക ജന്മം നല്‍കുമെന്ന് പ്രവാചകനായ യെശയ്യാവ് കൃത്യമായി പ്രവചിക്കുകയുണ്ടായി.
അതുകൊണ്ടു കർത്താവു തന്നേ നിങ്ങൾക്ക് ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന് ഇമ്മാനൂവേൽ എന്നു പേർ വിളിക്കും. (യെശയ്യാവ് 7:14).
കാരണം #2
ഈ രീതിയിലുള്ള അവന്‍റെ വരവ് അവന്‍റെ മനുഷ്യത്വത്തേയും സാക്ഷ്യപ്പെടുത്തുന്നു.
ദൂതന്മാരില്‍ നിന്നു വ്യത്യസ്തമായി, യേശു കേവലം മനുഷ്യനായി മാത്രം പ്രത്യക്ഷപ്പെട്ടില്ല. അവന്‍ പൂര്‍ണ്ണമായും മനുഷ്യനായിരുന്നു. അവന്‍ ഒരു രാജ്യത്തെ മാത്രം രക്ഷിക്കുവാന്‍ വേണ്ടിയല്ല വന്നത്, എന്നാല്‍ നമ്മെ എല്ലാവരേയും പാപത്തില്‍ നിന്നും രക്ഷിക്കുവാന്‍ വേണ്ടിയാണ് അവന്‍ വന്നത്. അവന്‍ കേവലം യിസ്രായേലിന്‍റെ മാത്രം രക്ഷകന്‍ അല്ലായിരുന്നു മറിച്ച് മുഴു ലോകത്തിന്‍റെയും രക്ഷകനായിരുന്നു.
ഒരേ സമയത്ത് ജഡത്തില്‍ പ്രത്യക്ഷനായ നൂറു ശതമാനം ദൈവവും നൂറു ശതമാനം മനുഷ്യനുമായിരുന്നു കര്‍ത്താവായ യേശു. താഴെ പറഞ്ഞിരിക്കുന്ന വാക്യം അതിനു വ്യക്തത വരുത്തുന്നു.
അതുകൊണ്ടു ജനത്തിന്‍റെ പാപങ്ങൾക്കു പ്രായശ്ചിത്തം വരുത്തുവാൻ അവൻ (യേശു) കരുണയുള്ളവനും ദൈവകാര്യത്തിൽ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിനു സകലത്തിലും തന്‍റെ സഹോദരന്മാരോടു സദൃശനായിത്തീരുവാൻ ആവശ്യമായിരുന്നു. (എബ്രായര്‍ 2:17).
പാപമില്ലാത്ത ഒരു മനുഷ്യനായി യഥാര്‍ത്ഥത്തില്‍ നമ്മെ പ്രതിനിധീകരിക്കുന്നതിന്, അവനു ന്യായരഹിതമായ ഒരു നേട്ടം ഉണ്ടാകില്ല. "ജനങ്ങളുടെ പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുവാന്‍ അവന്‍ എല്ലാ കാര്യങ്ങളിലും നമ്മെപോലെ (അവന്‍റെ സഹോദരന്മാര്‍) ആകണമായിരുന്നു". ഈ സത്യം മനസ്സിലാക്കുന്നത് നിങ്ങളുടെ ക്രിസ്തുമസ്സ് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കും.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ പുത്രന്‍റെ ലോകത്തിലേക്കുള്ള പ്രവേശനം ആഘോഷിക്കാന്‍ എന്‍റെ ഹൃദയത്തെ ഒരുക്കേണമേ. യേശുവിന്‍റെ നാമത്തില്‍.
പിതാവേ, ലോകത്തിലേക്കുള്ള അങ്ങയുടെ പുത്രന്‍റെ പ്രവേശനത്തെ ആഘോഷിക്കുവാന്‍ എന്‍റെ കുടുംബാംഗങ്ങളെ ഒരുക്കേണമേ. ആമേന്‍.
കര്‍ത്താവായ യേശുവേ, അങ്ങ് വന്ന് എന്‍റെ രക്ഷയ്ക്കായുള്ള പിതാവിന്‍റെ പൂര്‍ണ്ണമായ പദ്ധതി നിവര്‍ത്തിച്ചതിനു അങ്ങേയ്ക്ക് നന്ദി പറയുന്നു. ആമേന്‍.
Join our WhatsApp Channel

Most Read
● നിരാശയെ എങ്ങനെ അതിജീവിക്കാം● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്‍
● യൂദയുടെ ജീവിതത്തില് നിന്നുള്ള പാഠങ്ങള് - 3
● ക്രിസ്തുവില് രാജാക്കന്മാരും പുരോഹിതന്മാരും
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 4
● വാതില്ക്കാവല്ക്കാര്
● നിങ്ങള്ക്കുവേണ്ടി ദൈവത്തിനു ഒരു പദ്ധതിയുണ്ട്
അഭിപ്രായങ്ങള്‍