അനുദിന മന്ന
0
0
163
ആടിനെ കണ്ടെത്തിയതിന്‍റെ സന്തോഷം
Saturday, 18th of October 2025
Categories :
ദൈവസ്നേഹം (Love of God)
നൂറു ആടുകള്‍ ഉണ്ടായിരുന്ന ഒരു ഇടയന്‍, ആടുകളില്‍ ഒന്നിനെ കാണ്മാനില്ല എന്ന് അവന്‍ മനസ്സിലാക്കി, തൊണ്ണൂറ്റൊമ്പതിനേയും മരുഭൂമിയില്‍ വിട്ടിട്ടു, ആ നഷ്ടപ്പെട്ട ഒന്നിനുവേണ്ടി ഉറച്ച തീരുമാനത്തോടെ തിരച്ചില്‍ നടത്തുന്നു. "നിങ്ങളിൽ ഒരു ആൾക്ക് നൂറ് ആടുണ്ട് എന്നിരിക്കട്ടെ. അതിൽ ഒന്നു കാണാതെ പോയാൽ അവൻ തൊണ്ണൂറ്റൊമ്പതിനെയും മരുഭൂമിയിൽ വിട്ടേച്ചു, ആ കാണാതെപോയതിനെ കണ്ടെത്തുംവരെ നോക്കി നടക്കാതിരിക്കുമോ?" (ലൂക്കോസ് 15:4).
ദൈവത്തിന്‍റെ ഹൃദയത്തിന്‍റെ ഉജ്ജ്വലമായ ഒരു ചിത്രമാണ് ഇത് വരച്ചുകാട്ടുന്നത് - ഓരോ ആടുകളും വിലയേറിയതാണെന്ന് കരുതുന്ന വളരെ സ്നേഹമുള്ള ഒരു ഇടയന്‍. സങ്കീര്‍ത്തനക്കാരന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല". (സങ്കീര്‍ത്തനക്കാരന്‍ 23:1). ഇവിടെ, ഇടയനെ കേവലം ആടുകളുടെ എണ്ണം സൂക്ഷിക്കുന്നവനായിട്ടല്ല മറിച്ച് ആത്മാക്കളെ കരുതുന്നവനായിട്ടാണ് ചിത്രീകരിക്കുന്നത്, ഓരോ വ്യക്തികള്‍ക്കും ദൈവം നല്‍കുന്നതായ അളവറ്റ മൂല്യത്തെ അത് എടുത്തുകാണിക്കുന്നു.
കാണാതെപോയ ആടിനെ ഇടയന്‍ കണ്ടെത്തുമ്പോള്‍, അവന്‍ അതിനെ ശിക്ഷിക്കുകയല്ല പകരം സന്തോഷിച്ചുകൊണ്ട് അതിനെ തോളില്‍ വഹിക്കുന്നു. നമ്മുടെ ഭാരങ്ങള്‍ വഹിക്കുകയും, തന്‍റെ സ്നേഹത്താല്‍ നമ്മെ വലയം ചെയ്യുകയും ചെയ്യുന്ന, ക്രിസ്തുവിന്‍റെ വീണ്ടെടുപ്പിന്‍റെ കൃപയെ ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നു. "അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും". (മത്തായി 11:28).
ഈ സന്തോഷം തനിയെ അനുഭവിക്കുവാനുള്ളതല്ല; അത് സുഹൃത്തുക്കളോടും അയല്‍ക്കാരോടും പങ്കുവെക്കുന്നു. "കാണാതെ പോയ എന്‍റെ ആടിനെ കണ്ടുകിട്ടിയതുകൊണ്ട് എന്നോടുകൂടെ സന്തോഷിപ്പിൻ". (ലൂക്കോസ് 15:6). ഇത് രഹസ്യമായ ഒരു ആഘോഷമല്ല, മറിച്ച് പൊതുവായ ഒരു വിളംബരം ആകുന്നു, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചുള്ള സ്വര്‍ഗീയ സന്തോഷത്തിന്‍റെ ഒരു പ്രതീകമാകുന്നിത്. ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് ആഗ്രഹിക്കുന്നു. (2 പത്രോസ് 3:9).
നാം പാപം ചെയ്യുമ്പോള്‍, നാം വഴിതെറ്റി, കാണാതെപോയ ആടിനെപോലെ ആയിമാറുന്നു. എന്നാല്‍ നമ്മുടെ ഇടയനായ യേശു നമ്മെ ഉപേക്ഷിക്കുന്നില്ല. അവന്‍റെ അന്വേഷണം നിരന്തരമായതാണ്, അവന്‍റെ സ്നേഹം അവസാനിക്കാത്തതാണ്. റോമര്‍ 5:8 ല്‍ നമുക്ക് ഉറപ്പ് ലഭിക്കുന്നു: "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു".
കര്‍ത്താവായ യേശു പാപികളെ കൈക്കൊള്ളുന്നതിനെ സംബന്ധിച്ച് പരീശന്മാര്‍ക്കുള്ള പിറുപിറുപ്പിന് വിപരീതമായി ദൈവത്തിന്‍റെ അതിരുകളില്ലാത്ത കരുണയെ ഈ ഉപമയും ചിത്രീകരിക്കുന്നു. അവരുടെ സ്വയനീതി തങ്ങളുടെ മാനസാന്തരത്തിന്‍റെ ആവശ്യകതയെക്കുറിച്ച് അവരെ അന്ധരാക്കി മാറ്റി, ദൈവകൃപയ്ക്കുള്ള നമ്മുടെ ശാശ്വതമായ ആവശ്യം തിരിച്ചറിഞ്ഞുകൊണ്ട്, നമ്മുടെ സ്വയനീതിപരമായ മനോഭാവങ്ങളില്‍ ജാഗ്രത പുലര്‍ത്തുവാനും താഴ്മയെ ആലിംഗനം ചെയ്യുവാനും നമ്മെ ഇത് ഓര്‍മ്മപ്പെടുത്തുന്നു.
ഓരോ ആടിനേയും വിലയേറിയതായി കാണുന്ന, നഷ്ടപ്പെട്ടതിനെ കണ്ടെത്തുംവരെ അന്വേഷിക്കുന്ന സ്നേഹനിധിയായ ഇടയനെ ഇന്ന് നമുക്ക് ഓര്‍ക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന കൃപയ്ക്കായുള്ള നന്ദിയാല്‍ നമ്മുടെ ഹൃദയങ്ങള്‍ പ്രതിധ്വനിക്കയും ഈ ലോകത്തിലെ നഷ്ടപ്പെട്ട ആടുകളുമായി ക്രിസ്തുവിന്‍റെ വീണ്ടെടുപ്പ് സ്നേഹം പങ്കുവെക്കുകയും, അവരെ ഇടയന്‍റെ ആലിംഗനത്തിലേക്ക് തിരികെ നയിക്കുകയും ചെയ്യുന്നതിനുള്ള തീവ്രമായ ആഗ്രഹത്താല്‍ നാം നിറയുവാന്‍ ഇടയാകട്ടെ.
കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുവന്‍ എന്നോട് ഈ ക്രിസ്തുവിന്‍റെ സ്നേഹം പങ്കുവെച്ചില്ലായിരുന്നുവെങ്കില്‍, ഞാന്‍ ഇത് എഴുതുകയില്ലായിരുന്നു, അതുപോലെ നിങ്ങള്‍ക്ക് ഇത് വായിക്കാനും കഴിയില്ലായിരുന്നു. കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി ചെയ്‌തതായ കാര്യങ്ങള്‍ നിങ്ങള്‍ പോയി അനുദിനവും ആരെങ്കിലുമായിട്ട് പങ്കുവെക്കുക. അത് കൊണ്ടുവരുന്ന കൊയ്ത്തിനെകുറിച്ച് നിങ്ങള്‍ക്കറിയില്ല.
Bible Reading: Matthew 25-26
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗസ്ഥനായ പ്രിയ പിതാവേ,
കര്‍ത്താവേ, നിത്യമായ അങ്ങയുടെ സ്നേഹത്താല്‍ ഞങ്ങളുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കേണമേ. നഷ്ടപ്പെട്ട ആത്മാക്കളെ അങ്ങയുടെ ആലിംഗനത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതിനു, അങ്ങയുടെ കൃപയുടെ ദീപശിഖകളായി ഞങ്ങളായിരിപ്പാന്‍, ഞങ്ങളുടെ ചുവടുകളെ നയിക്കേണമേ. ഓരോ പുതിയ ദിവസത്തിലും ഞങ്ങളുടെ വിശ്വാസം ശക്തിപ്പെടുത്തേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മഹോപദ്രവകാലത്തേക്കുള്ള ഒരു വീക്ഷണം● ദിവസം 21:40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● ദുഷ്ടാത്മക്കളുടെ പ്രവേശന സ്ഥലങ്ങള്‍ അടയ്ക്കുക - 1
● പര്‍വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● അനുകരണം
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● ദൈവീക സമാധാനം പ്രാപ്യമാക്കുന്നത് എങ്ങനെ
അഭിപ്രായങ്ങള്‍
