പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍റെ പെരുന്നാൾ അടുത്തു. 2അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു. (ലൂക്കോസ് 22:1-2).
വേദപുസ്തകം അനുസരിച്ച്, യിസ്രായേല്യര്‍ തങ്ങളുടെ മിസ്രയിമ്യ അടിമത്വത്തില്‍ നിന്നുള്ള പുറപ്പാടിന്‍റെ സ്മരണയ്ക്കായി ഓരോ വര്‍ഷവും പെസഹയുടെ സമയത്ത് പുളിപ്പില്ലാത്ത അപ്പം മാത്രം ഭക്ഷിക്കണമായിരുന്നു. യിസ്രായേല്‍ മക്കള്‍ തിടുക്കത്തോടെ മിസ്രയിം വിട്ടതുകൊണ്ട്, മാവ് പുളിച്ച് പൊങ്ങുവാനുള്ള സമയം അവര്‍ക്കുണ്ടായിരുന്നില്ല.
വേദപുസ്തകത്തില്‍, പുളിപ്പ് എന്നത് ഫലത്തില്‍ മാറ്റമില്ലാതെ പാപവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. മാവിന്‍റെ മുഴുവന്‍ പിണ്ഡത്തിലും പുളിപ്പ് വ്യാപിക്കുന്നതുപോലെ, പാപം ഒരു വ്യക്തിയിലോ, ഒരു സഭയിലോ, അഥവാ ഒരു ദേശത്തിലോ വ്യാപിക്കുകയും, ഒടുവില്‍ അത് അതിശക്തമായി മാറുകയും അതില്‍ പങ്കാളികള്‍ ആകുന്നവരെ അടിമത്വത്തിലേക്കും പിന്നീട് മരണത്തിലേക്കും കൊണ്ടുവരുന്നു. (ഗലാത്യര്‍ 5:9).
പെസഹായുടെ സമയത്ത്, സകല യെഹൂദന്മാരും തങ്ങളുടെ വീടുകളില്‍ നിന്നും പുളിപ്പ് (യീസ്റ്റ്) നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു (പുറപ്പാട് 12:15), അത് തങ്ങളുടെ ജീവിതത്തില്‍ നിന്നും പാപം നീക്കം ചെയ്യുന്നതിനെയാണ് സൂചിപ്പിക്കുന്നത്. മഹാപുരോഹിതന്മാരും ശാസ്ത്രിമാരും തങ്ങളുടെ വീടുകള്‍ വൃത്തിയാക്കി എന്നാല്‍ അവരുടെ ഹൃദയത്തെ ശുദ്ധീകരിച്ചില്ല.
സദൃശ്യവാക്യങ്ങള്‍ 4:23 നമ്മെ ഓര്‍മ്മിപ്പിക്കുന്നു, "സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്". മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മതപരമായ ആചാരങ്ങള്‍ കുറ്റമറ്റ രീതിയില്‍ അനുഷ്ഠിക്കുവാന്‍ തയ്യാറായെങ്കിലും, തങ്ങളുടെ ഹൃദയങ്ങളെ സംരക്ഷിക്കുക എന്ന പ്രാഥമീക ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
അവര്‍ ദൈവത്തെയല്ല മറിച്ച് മനുഷ്യരെയാണ് ഭയപ്പെട്ടിരുന്നത്. ഈ അസ്ഥാനത്തുള്ള ഭയത്തെ സദൃശ്യവാക്യങ്ങള്‍ 29:25 ല്‍ ചിത്രീകരിക്കുന്നുണ്ട്, "മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും". ദൈവത്തെക്കാള്‍ ഉപരിയായി മാനുഷീകമായ അഭിപ്രായങ്ങള്‍ക്കും വിധികള്‍ക്കും മുന്‍ഗണന നല്‍കുമ്പോള്‍, നാം നമ്മെത്തന്നെ ഒരു ആത്മീക അധഃപതനത്തിനായി ഒരുക്കുകയാണ് ചെയ്യുന്നത്.
മത്തായി 10:28 ല്‍ യേശു പറഞ്ഞു, "ദേഹിയെ കൊല്ലുവാൻ കഴിയാതെ ദേഹത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ; ദേഹിയെയും ദേഹത്തെയും നരകത്തിൽ നശിപ്പിപ്പാൻ കഴിയുന്നവനെത്തന്നെ ഭയപ്പെടുവിൻ". മഹാപുരോഹിതന്മാരും ശാസ്ത്രിമാരും തങ്ങളുടെ ദൈവ ഭയത്തെക്കാള്‍ അപ്പുറമായി മാനുഷീക ഭയത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുവാനാണ് തീരുമാനിച്ചത്. മതപരമായി പുറമേ അവര്‍ കുറ്റമറ്റവരായിരുന്നു, എന്നാല്‍ ആന്തരീകമായി, അവര്‍ യേശു പറഞ്ഞതുപോലെ ആയിരുന്നു, അതിങ്ങനെയാണ് "വെള്ളതേച്ച ശവക്കല്ലറകളോടു നിങ്ങൾ ഒത്തിരിക്കുന്നു; അവ പുറമേ അഴകായി ശോഭിക്കുന്നെങ്കിലും അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു" (മത്തായി 23:27).
അവരെ വിമര്‍ശിക്കുവാന്‍ എളുപ്പമാണ്, എന്നാല്‍ നാമും എത്രയോ തവണ, ദൈവത്തിന്‍റെ കല്പനകളെക്കാള്‍ മാനുഷീക അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ്? സ്വീകാര്യതയ്ക്കോ, അംഗീകാരങ്ങള്‍ക്കോ, പുരോഗതിക്കോ വേണ്ടി നമ്മുടെ വിശ്വാസങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്ന നിമിഷങ്ങളുണ്ടോ? മഹാപുരോഹിതന്മാരേയും ശാസ്ത്രിമാരേയും പോലെ, നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥയെ അവഗണിക്കത്തക്കവിധം നാം എപ്പോഴെങ്കിലും നമ്മുടെ പുറമേയുള്ള വേഷത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടോ?
നമ്മുടെ ഹൃദയത്തിന്‍റെ അവസ്ഥയെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍, ആചാരപരമായ ഒരു ശുദ്ധീകരണത്തിനായല്ല മറിച്ച് യഥാര്‍ത്ഥമായ ഒരു രൂപാന്തരത്തിനായി നമുക്ക് പരിശ്രമിക്കാം. ഇത് മനുഷ്യരെ പേടിക്കുന്നതിനോ അവരുടെ അംഗീകാരം തേടുന്നതിനോ അല്ല. കര്‍ത്താവിനോടു ബഹുമാനത്തോടെയുള്ള ഭയത്താലും അവനോടുള്ള അനുസരണത്തില്‍ ജീവിക്കുവാനുള്ള ഒരു ആഗ്രഹത്താലും നമ്മുടെ ഹൃദയങ്ങള്‍ ആകര്‍ഷിക്കപ്പെടണം. അങ്ങനെ ചെയ്യുന്നതിലൂടെ, പാപത്തിന്‍റെ പുളിമാവ് നമ്മുടെ ഹൃദയങ്ങളുടെ അറകളിലേക്കു കയറിചെന്ന്, നമ്മെ വഴിതെറ്റിക്കുന്നില്ല എന്ന് നാം ഉറപ്പുവരുത്തുന്നു.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, പാപത്തിന്‍റെ പുളിപ്പില്‍ നിന്നും ലൌകീകമായ മോഹങ്ങളില്‍ നിന്നും ഞങ്ങളുടെ ഹൃദയങ്ങളെ ശുദ്ധീകരിക്കേണമേ. മാനുഷീക അംഗീകാരങ്ങള്‍ക്കും അപ്പുറമായി അങ്ങയുടെ ഹിതത്തിനു മുന്‍ഗണന നല്‍കുവാനുള്ള ശക്തി ഞങ്ങള്‍ക്ക് നല്‍കേണമേ. ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ ജീവിതം അങ്ങയെ മഹത്വപ്പെടുത്തട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 3● കര്ത്താവിനോടുകൂടെ നടക്കുക
● കഴിഞ്ഞകാലത്തിന്റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
● ശ്രദ്ധിക്കപ്പെടാതെ പോകുന്ന വീരന്മാര്
● ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
● വാതില് അടയ്ക്കുക
● ഉത്കണ്ഠയെ അതിജീവിക്കുവാന്, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക
അഭിപ്രായങ്ങള്‍