അനുദിന മന്ന
താമസമില്ലാത്ത അനുസരണത്തിന്‍റെ ശക്തി
Tuesday, 30th of April 2024
1
0
370
Categories :
അനുസരണം (Obedience)
ജീവിതത്തിന്‍റെ വെല്ലുവിളികള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഇടയില്‍, ദൈവത്തിന്‍റെ ശബ്ദം വിവേചിച്ചറിയുവാനും പിന്തുടരുവാനും പ്രയാസമാണ്. നാം സത്യമായും ദൈവത്തിങ്കല്‍ നിന്നും കേട്ടിട്ടുണ്ടോ എന്ന് ചോദ്യം ചെയ്യുവാന്‍ നമ്മെ ഇടയാക്കുന്ന, ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ക്ക് വിരുദ്ധമായുള്ള സാഹചര്യങ്ങളില്‍ നാം നമ്മെത്തന്നെ കണ്ടെത്തിയേക്കാം. ഉല്പത്തി 26 ലെ യിസഹാക്കിന്‍റെ ചരിത്രം, നമ്മുടെ പരിമിതമായ കാഴ്ചപ്പാടില്‍ യാതൊരു നമുക്ക് മനസ്സിലാക്കുവാന്‍ പ്രയാസമാണെങ്കിലും ശക്തമായ ഒരു സന്ദേശമാണ് അത് നമ്മെ പഠിപ്പിക്കുന്നത്.
ഒരു ക്ഷാമകാലത്ത് യിസഹാക്കിനു നിര്‍ണ്ണായകമായ ഒരു തീരുമാനം കൈക്കൊള്ളേണ്ടതായി വന്നു. ധാരാളം ഭക്ഷണവും വിഭവശേഷിയും ഉണ്ടായിരുന്ന മിസ്രയിമിലേക്ക് പോകുക എന്നതായിരുന്നു യുക്തിസഹജമായ തീരുമാനം. എന്നാല്‍, ഗെരാര്‍ ദേശത്ത് തന്നെ താമസിക്കാനും താന്‍ യിസഹാക്കിന്‍റെ പിതാവായ അബ്രാഹാമിനോടു ചെയ്‌തതായ വാഗ്ദത്തങ്ങളില്‍ ഉറച്ചുനില്‍ക്കുവാനും ദൈവം അവനു നിര്‍ദ്ദേശം നല്‍കി. പ്രകടമായ ബുദ്ധിമുട്ടുകളും അനിശ്ചിതത്വങ്ങളും ഉണ്ടായിരുന്നിട്ടും, ദൈവത്തിന്‍റെ ശബ്ദം അനുസരിക്കുവാന്‍ യിസഹാക്ക് തീരുമാനിച്ചു.
ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ നമ്മുടെ സ്വാഭാവീക ഇഷ്ടങ്ങള്‍ക്കും അഥവാ ലോകത്തിന്‍റെ ജ്ഞാനത്തിനും എതിരായി പോകുന്നു എന്ന് തോന്നുമ്പോള്‍ പ്രത്യേകിച്ച് ദൈവത്തെ അനുസരിക്കുക എന്നത് വെല്ലുവിളിയായി തോന്നാം. പ്രവാചകനായ യെശയ്യാവ് നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്‍റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു. ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്‍റെ വഴികൾ നിങ്ങളുടെ വഴികളിലും എന്‍റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു". (യെശയ്യാവ് 55:8-9).
ദൈവത്തിന്‍റെ ഉന്നതമായ വിചാരങ്ങളിലും വഴികളിലും നാം ആശ്രയിക്കുമ്പോള്‍, അവ ഗ്രഹിക്കാന്‍ പ്രയാസമാണെങ്കില്‍ പോലും, ദൈവത്തിന്‍റെ അനുഗ്രഹങ്ങളും കരുതലുകളും സ്വീകരിക്കാവുന്ന സാഹചര്യത്തില്‍ നാം നമ്മെത്തന്നെ ഉറപ്പിക്കുന്നു. ക്ഷാമകാലത്തിന്‍റെ നടുവിലുള്ള യിസഹാക്കിന്‍റെ അനുസരണം അവനു നൂറുമേനി കൊയ്ത്തും കര്‍ത്താവിന്‍റെ അനുഗ്രഹവും പ്രതിഫലമായി ലഭിക്കുവാന്‍ കാരണമായി. (ഉല്പത്തി 26:12). അനുസരണം ദൈവീകമായ പ്രീതിയ്ക്കും സമൃദ്ധിയ്ക്കും വേണ്ടി വാതില്‍ തുറക്കുമെന്ന് പ്രകടമാക്കികൊണ്ട്, ദൈവം അവന്‍റെ വിശ്വാസത്തേയും പ്രതിബദ്ധതയേയും മാനിക്കുവാന്‍ ഇടയായിത്തീര്‍ന്നു.
അതുപോലെതന്നെ, കാനായിലെ വിവാഹ വിരുന്നില്‍, കല്പാത്രങ്ങളില്‍ വെള്ളം നിറയ്ക്കുവാനുള്ള അവന്‍റെ കല്പന അസാധാരണവും വീഞ്ഞുക്ഷാമവുമായി ബന്ധമില്ലാത്തതുമായി തോന്നിയെങ്കിലും, യേശു എന്ത് കല്പ്പിച്ചാലും അതുപോലെ ചെയ്യുവാന്‍ മറിയ ശുശ്രൂഷകന്മാരോട് നിര്‍ദ്ദേശിച്ചു. (യോഹന്നാന്‍ 2:5). ഏതൊരു കാലതാമസ്സവും ആശയകുഴപ്പത്തിലേക്കും, നാണക്കേടിലേക്കും, തകര്‍ന്നടിഞ്ഞ ആഘോഷത്തിലേക്കും നയിച്ചേക്കാം എന്നതിനാല്‍, ദാസന്മാരുടെ വേഗത്തിലുള്ള അനുസരണം വളരെ നിര്‍ണ്ണായകമായിരുന്നു. അവരുടെ പെട്ടെന്നുള്ള പ്രവൃത്തി, വെള്ളം ഏറ്റവും നല്ല വീഞ്ഞാക്കി മാറ്റി തന്‍റെ മഹത്വം വെളിപ്പെടുത്തുക എന്ന ആദ്യത്തെ അത്ഭുതം ചെയ്യുവാന്‍ യേശുവിനെ അനുവദിച്ചു.
ശുശ്രൂഷകന്മാര്‍ യേശുവിന്‍റെ നിര്‍ദ്ദേശങ്ങളോടു വിമുഖത കാണിക്കുകയോ അതിനെ ചോദ്യം ചെയ്യുവാന്‍ തയ്യാറാകുകയോ ചെയ്തിരുന്നെങ്കില്‍, അവന്‍റെ ശക്തിയുടെ അസാധാരണമായ ഈ പ്രകടനത്തിനു സാക്ഷ്യം വഹിക്കുന്നതിനോ അതില്‍ പങ്കാളി ആകുന്നതിനോ ഉള്ളതായ അവസരം അവര്‍ക്ക് നഷ്ടപ്പെടുമായിരുന്നു. വീഞ്ഞിന്‍റെ അഭാവം വിവാഹ വിരുന്നിന്‍റെ ശോഭ കെടുത്തുകയും, മണവാളനേയും മണവാട്ടിയേയും അവരുടെ കുടുംബാംഗങ്ങളെയും അത് ദുരിതത്തിലാക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍, ദാസന്മാര്‍ വേഗത്തില്‍ അനുസരിക്കുകയും, ദൈവത്തിന്‍റെ കരുതല്‍ സമൃദ്ധമായി പ്രകടമാവുകയും ചെയ്തതിനാല്‍ ആഹ്ളാദം വര്‍ദ്ധിക്കുവാന്‍ ഇടയായി.
ഇവിടുത്തെ സന്ദേശം വളരെ വ്യക്തമാണ്: വൈകിയുള്ള അനുസരണം അനുസരണക്കേട് തന്നെയാണ്. നാം ദൈവത്തിന്‍റെ വചനം അനുസരിക്കുവാന്‍ മടി കാണിക്കുകയോ അല്ലെങ്കില്‍ അവന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നത് മാറ്റിവെക്കുകയോ ചെയ്യുമ്പോള്‍, അവന്‍ നമുക്കായി കരുതിവെച്ചിരിക്കുന്ന അനുഗ്രഹങ്ങള്‍ നഷ്ടമാക്കുവാന്‍ നാംതന്നെ കാരണക്കാരാകുന്നു. നീട്ടിവെക്കുന്നത് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നതിലേക്കും, അനാവശ്യമായ പ്രയാസങ്ങളിലേക്കും, നീണ്ട ബുദ്ധിമുട്ടിലേക്കും നയിച്ചേക്കാം.
എന്‍റെ സ്വന്തം ജീവിതത്തില്‍, പ്രായോഗീകമായ അനുഭവത്തിലൂടെ വേഗത്തിലുള്ള അനുസരണത്തിന്‍റെ മൂല്യത്തെ ഞാന്‍ ഗ്രഹിച്ചിട്ടുണ്ട്. ഒരു പ്രത്യേക നടപടി സ്വീകരിക്കാനോ അഥവാ ഒരു പ്രത്യേക തീരുമാനം എടുക്കുവാനോ എന്നെ പ്രേരിപ്പിച്ചുകൊണ്ട്, ദൈവം എന്നോട് സംസാരിച്ച സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഞാന്‍ കാലതാമസ്സം വരുത്തുകയോ അല്ലെങ്കില്‍ സംശയിക്കുകയോ ചെയ്‌തതായ നിമിഷങ്ങളില്‍, ഞാന്‍ പലപ്പോഴും കൂടുതല്‍ വെല്ലുവിളികളും ഹൃദയവേദനകളും നേരിടേണ്ട സാഹചര്യത്തിലായി, ഞാന്‍ ലളിതമായി വേഗത്തില്‍ അത് അനുസരിച്ചിരുന്നു എങ്കില്‍ അവ ഒഴിവാക്കാമായിരുന്നു.
അത്തരത്തിലുള്ള ഒരു സംഭവം എന്‍റെ മനസ്സിലേക്ക് വരുന്നത്, പ്രയാസമനുഭവിക്കുന്ന എന്‍റെ ഒരു സുഹൃത്തിന്‍റെ അടുക്കല്‍ പ്രോത്സാഹനത്തിന്‍റെ ഒരു വചനവുമായി പോകുവാന്‍ ദൈവം എന്നോട് ഇടപ്പെട്ടതാണ്. ആ കാര്യത്തില്‍ വേഗത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ അറിഞ്ഞിരുന്നു, എന്നാല്‍ എന്‍റെ തിരക്കേറിയ കാര്യക്രമങ്ങളില്‍ ഞാന്‍ കുടുങ്ങിപോയി. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ വിളിക്കുമ്പോഴേക്കും എന്‍റെ സുഹൃത്ത് നിരാശയുടെ ആഴത്തിലുള്ള അവസ്ഥയിലേക്ക് നീങ്ങിയിരുന്നു, എന്‍റെ പ്രോത്സാഹന വാക്കുകളുടെ സ്വാധീനം കുറഞ്ഞു. ഞാന്‍ വേഗത്തില്‍ അനുസരിച്ചിരുന്നെങ്കില്‍, ദൈവത്തിന്‍റെ സ്നേഹത്തിന്‍റെയും പിന്തുണയുടേയും കൂടുതല്‍ സമയോചിതവും ഫലപ്രദവുമായ ഒരു പാത്രമാകുവാന്‍ എനിക്ക് കഴിയുമായിരുന്നു. അവന്‍ ഇപ്പോള്‍ സന്തോഷമായിരിക്കുന്നു എന്നതില്‍ ഞാന്‍ ദൈവത്തെ സ്തുതിയ്ക്കുന്നു.
വേഗത്തിലുള്ള അനുസരണം ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തിന്‍റെയും അവന്‍റെ പൂര്‍ണ്ണ ഹിതത്തിനായി സമര്‍പ്പിക്കാനുള്ള നമ്മുടെ സന്നദ്ധതയുടേയും ഒരു അടയാളമാകുന്നു. മുമ്പോട്ടുള്ള പാത അനിശ്ചിതത്വവും അല്ലെങ്കില്‍ വെല്ലുവിളി നിറഞ്ഞതുമായി തോന്നുമ്പോഴും, ദൈവത്തിന്‍റെ നന്മയിലും, ജ്ഞാനത്തിലും, വിശ്വസ്തതയിലുമുള്ള നമ്മുടെ വിശ്വാസത്തെയാണ് ഇത് പ്രകടമാക്കുന്നത്. വേഗത്തില്‍ അനുസരിക്കുവാനുള്ള ഒരു ഹൃദയം നാം വളര്‍ത്തിയെടുക്കുമ്പോള്‍, നാം ദൈവത്തിന്‍റെ ഉദ്ദേശങ്ങളുമായി നമ്മെ യോജിപ്പിക്കുകയും നമ്മുടെ ജീവിതത്തിനായുള്ള ദൈവത്തിന്‍റെ ഏറ്റവും നല്ലതിനുവേണ്ടി നമ്മെത്തന്നെ ഒരുക്കുകയുമാണ് ചെയ്യുന്നത്.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വചനത്തിന്‍റെ മുമ്പില്‍ സമര്‍പ്പിക്കുന്ന, വചനം പെട്ടെന്ന് അനുസരിക്കുന്ന ഒരു ഹൃദയം എനിക്ക് നല്‍കേണമേ, കാരണം അനുസരിക്കുന്നത് യാഗത്തെക്കാള്‍ നല്ലതാകുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്.● ദെബോരയുടെ ജീവിതത്തില്‍ നിന്നുള്ളതായ പാഠങ്ങള്
● സ്തുതി വര്ദ്ധനവ് കൊണ്ടുവരും
● ഭൂമിയുടെ ഉപ്പ് അല്ലെങ്കില്‍ ഉപ്പുതൂണ്
● ആരാധന: സമാധാനത്തിലേക്കുള്ള താക്കോല്
● വചനം കൈക്കൊള്ളുക
● അധികമായ സാധനസാമഗ്രികള് വേണ്ട
അഭിപ്രായങ്ങള്‍