അനുദിന മന്ന
ആവരണം നീക്കാത്ത കഴിവുകള്‍: ഉപയോഗിക്കാത്ത ദാനങ്ങളുടെ ആപത്ത്
Friday, 10th of November 2023
1
0
1174
"മറ്റൊരുവൻ വന്നു: കർത്താവേ, ഇതാ, നിന്‍റെ റാത്തൽ; ഞാൻ അത് ഒരു ഉറുമാലിൽ കെട്ടി വച്ചിരുന്നു". (ലൂക്കോസ് 19:20).
ലൂക്കോസ് 19:20-23 വരെയുള്ള ഭാഗത്തു പറഞ്ഞിരിക്കുന്ന റാത്തലിന്‍റെ ഉപമ ഗൌരവതരമായ ഒരു യാഥാര്‍ഥ്യം വെളിപ്പെടുത്തുന്നു: ഉപയോഗിക്കാത്ത സാദ്ധ്യതകള്‍ ദൈവരാജ്യത്തിലെ ഒരു ദുരന്തമായിരിക്കും. മൂന്നാമത്തെ ദാസന്‍, ഭയത്താലും തെറ്റിദ്ധാരണയാലും ഇഴഞ്ഞിട്ടു, തന്‍റെ യജമാനന്‍ നല്‍കിയ റാത്തല്‍ ഒരു ഉറുമാലില്‍ പൊതിഞ്ഞുകെട്ടിവെച്ചു, അങ്ങനെ സേവനത്തെക്കാള്‍ സുരക്ഷയേയും നിക്ഷേപത്തേക്കാള്‍ നിഷ്ക്രിയത്വവും അവന്‍ തിരഞ്ഞെടുത്തു.
"ഭയത്തിനു ദണ്ഡനം ഉണ്ടെന്ന്", 1 യോഹന്നാന്‍ 4:18 പറയുന്നു, ഈ ദണ്ഡനമാണ് മൂന്നാമത്തെ ദാസന്‍റെ പ്രവര്‍ത്തിക്കാനുള്ള കഴിവിനു വിലങ്ങുതടിയായത്. യജമാനന്‍ കഠിനനും ആവശ്യപ്പെടുന്നവനുമാകുന്നു എന്ന അവന്‍റെ ധാരണ അവനെ തളര്‍ത്തി, മാത്രമല്ല അത് തന്‍റെ കഴിവുകളെ ഉപയോഗിക്കുന്നതിനു പകരം അതിനെ മറയ്ക്കുന്നതിലേക്ക് അവനെ നയിക്കുകയുണ്ടായി. ഈ പരാജയത്തിന്‍റെ, പ്രതീക്ഷകള്‍ നിറവേറ്റപ്പെടാത്തതിന്‍റെ ഭയം, ഇന്നത്തെ പല വിശ്വാസികളിലും കാണുന്നുണ്ട്.
തന്‍റെ യജമാനന് എതിരായുള്ള ആ ദാസന്‍റെ ആരോപണങ്ങള്‍ അവന്‍റെ സ്വഭാവത്തെക്കുറിച്ചുള്ള തെറ്റായ ധാരണയില്‍ വേരൂന്നിയതായിരുന്നു. അതുപോലെ, ദൈവത്തെക്കുറിച്ചുള്ള ഒരു വികലമായ വീക്ഷണം നമ്മുടെ വരങ്ങളെ ദൈവത്തിന്‍റെ മഹത്വത്തിനായി ഉപയോഗിക്കുന്നതിനു പകരം അവയെ മറച്ചുവെയ്ക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും. എന്നിരുന്നാലും, സങ്കീര്‍ത്തനം 103:8 നമ്മോടു പറയുന്നത് യഹോവ കരുണയും കൃപയും നിറഞ്ഞവൻ ആകുന്നു; ദീർഘക്ഷമയും മഹാദയയും ഉള്ളവൻ തന്നെ എന്നാണ്.
യജമാനന്‍ മടങ്ങിവരുമ്പോള്‍, ആ ദാസന്‍റെ പ്രതിരോധം അവന്‍റെ ന്യായവിധിയായി മാറുന്നു. സദൃശ്യവാക്യങ്ങള്‍ 18:21 ഊന്നിപറയുന്നത്, മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു എന്നാണ്, ദാസന്‍റെ സ്വന്തം വാക്കുകള്‍ തന്നെ സത്യത്തില്‍ അവനെ കുറ്റംവിധിച്ചു. പ്രവര്‍ത്തിക്കുന്നതിലുള്ള അവന്‍റെ വീഴ്ചയും, ആരോപണങ്ങളാലും ഭയത്താലുമുള്ള അവന്‍റെ ന്യായീകരണവും, അവസരങ്ങളും പ്രതിഫലങ്ങളും നഷ്ടമാകുന്നതില്‍ കലാശിച്ചു.
യജമാനന്‍റെ ശാസന വ്യക്തമാണ്: ഏറ്റവും കുറഞ്ഞ പ്രയത്നം മാത്രം ആവശ്യമായിരുന്ന, ആ പണം ബാങ്കില്‍ നിക്ഷേപിക്കാമായിരുന്ന പ്രവൃത്തി, നിഷ്ക്രിയത്വത്തെക്കാള്‍ അഭികാമ്യമായതായിരുന്നു. യാക്കോബ് 2:26 നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു". വളര്‍ച്ചയ്ക്കായി നമുക്ക് നല്‍കിയിരിക്കുന്നത് നിക്ഷേപിക്കുന്നതില്‍ കൂടിയാണ് നമ്മുടെ വിശ്വാസം നമ്മുടെ പ്രവര്‍ത്തിയിലൂടെ പ്രകടമാകുന്നത്.
നമുക്ക് ഓരോരുത്തര്‍ക്കും ഓരോ "റാത്തലുകള്‍" നല്‍കിയിട്ടുണ്ട് - താലന്ത്, സമയം, വിഭവങ്ങള്‍ തുടങ്ങിയവ - അതിനെ നാം ജ്ഞാനത്തോടെ നിക്ഷേപിക്കുമെന്ന പ്രതീക്ഷയിലാണ് തന്നിരിക്കുന്നത്. "നന്ന്, നല്ലവനും വിശ്വസ്തനുമായ ദാസനേ" എന്ന് മത്തായി 25:23 ല്‍ പരാമര്‍ശിച്ചുകൊണ്ട്, തങ്ങളുടെ താലന്തുകള്‍ നന്നായി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതില്‍ ദൈവം സന്തോഷിക്കുന്നു എന്ന് നമുക്ക് കാണിച്ചുതരുന്നു.
മൂന്നാമത്തെ ദാസനില്‍ നിന്നുള്ള പാഠം ധീരമായ കാര്യവിചാരകത്വത്തിലേക്ക് നമ്മെ വിളിക്കുന്നു. ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നതെന്ന് 2 തിമോഥെയോസ് 1:7 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ വരങ്ങളെ ധൈര്യത്തോടും വിവേകത്തോടും കൂടി ഉപയോഗിക്കുവാന്‍ നാം ശക്തരാക്കപ്പെട്ടിരിക്കുന്നു.
ഈ ദാസന്‍റെ പരാജയത്തിന്‍റെ പശ്ചാലത്തില്‍, ദൈവത്തിന്‍റെ സത്യവുമായി യോജിക്കുന്ന വാക്കുകളുടെ പ്രാധാന്യത്തെ നാം മനസ്സിലാക്കുന്നു. നമുക്കും കേൾക്കുന്നവർക്കും കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത് എന്ന് എഫെസ്യര്‍ 4:29 നമ്മെ പ്രബോധിപ്പിക്കുന്നു. നമ്മുടെ വാക്കുകള്‍ നമ്മുടെ വിശ്വാസത്തേയും നാം സേവിക്കുന്ന ദൈവത്തിന്‍റെ സ്വഭാവത്തേയും പ്രതിഫലിപ്പിക്കണം.
ആകയാല്‍ നമുക്ക് ഭയത്തില്‍ നിന്നും വിശ്വാസത്തിലേക്കും, ആരോപണങ്ങളില്‍ നിന്നും പ്രവര്‍ത്തിയിലേക്കും നീങ്ങാം. നന്മ ചെയ്കയിൽ നാം മടുത്തുപോകരുത്; തളർന്നുപോകാഞ്ഞാൽ തക്കസമയത്തു നാം കൊയ്യും എന്ന് ഗലാത്യര്‍ 6:9 നമ്മെ ഉത്സാഹിപ്പിക്കുന്നു. നമ്മുടെ സജീവമായ വിശ്വാസവും കാര്യവിചാരകത്വവും അനുഗ്രഹങ്ങളുടെയും അവസരങ്ങളുടെയും സമൃദ്ധമായ ഒരു കൊയ്ത്തിലേക്കു നയിക്കുവാന്‍ ഇടയാക്കും.
മൂന്നാമത്തെ ദാസന്‍റെ കഥ ഒരു മുന്നറിയിപ്പിന്‍റെ കഥയാണ്, ഭയമോ അഥവാ തെറ്റായ ധാരണകളോ ദൈവം നല്‍കിയ സാദ്ധ്യതകള്‍ നിറവേറ്റുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിക്കുവാന്‍ നാം അനുവദിക്കരുത് എന്ന് നമ്മെ ഇത് പ്രബോധിപ്പിക്കുന്നു. പകരമായി, നമ്മുടെ യജമാനന്‍റെ നന്മയിലും കരുണയിലും ആശ്രയിച്ചുകൊണ്ട്, നമ്മുടെ റാത്തലുകളുടെ ആവരണം മാറ്റികൊണ്ട് അവയെ ദൈവരാജ്യത്തില്‍ നിക്ഷേപിക്കുവാന്‍ വേണ്ടി നാം വിളിക്കപ്പെട്ടിരിക്കുന്നു.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഭയത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ചുകൊണ്ട്, ഞങ്ങളുടെ താലന്തുകളെ അങ്ങയുടെ മഹത്വത്തിനായി ഉപയോഗിക്കുവാന്‍ ഞങ്ങളെ ശക്തീകരിക്കേണമേ. അങ്ങയെ വ്യക്തമായി കാണുവാനും അങ്ങയുടെ സത്യത്തെ പ്രതിധ്വനിപ്പിക്കുന്ന ജീവന്‍റെ വാക്കുകളെ സംസാരിക്കുവാനും ഞങ്ങളെ സഹായിക്കേണമേ. ഞങ്ങള്‍ അങ്ങയുടെ രാജ്യത്തിന്‍റെ വ്യാപ്തിയ്ക്കായി ഞങ്ങളുടെ റാത്തലുകള്‍ നിക്ഷേപിക്കുന്ന ധീരരായ കാര്യവിചാരകരാകട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● മല്ലന്മാരുടെ വംശം● കാരാഗൃഹത്തിലെ സ്തുതി
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
● കുടുംബത്തോടൊപ്പം പ്രയോജനമുള്ള സമയം
● ഭൂമിയിലെ രാജാക്കന്മാര്ക്ക് അധിപതി
● ഏഴു വിധ അനുഗ്രഹങ്ങള്
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
അഭിപ്രായങ്ങള്‍