അനുദിന മന്ന
ദൈവത്തിന്‍റെ ശക്തിയുള്ള കരത്താല്‍ മുറുകെപിടിക്കപ്പെടുക
Tuesday, 21st of November 2023
2
0
1099
ജീവിത യാത്രയില്‍, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ ശക്തിയുടെ വ്യാപ്തിയെക്കുറിച്ച് ചിന്തിക്കേണ്ട നിമിഷങ്ങളുണ്ട്. 1 ദിനവൃത്താന്തം 4:9-10 വരെയുള്ള ഭാഗത്ത് വിവരിച്ചിരിക്കുന്ന യബ്ബേസിന്‍റെ കഥ ശ്രദ്ധിക്കുക,
9യബ്ബേസ് തന്‍റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്‍റെ അമ്മ: "ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. 10യബ്ബേസ് യിസ്രായേലിന്‍റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്‍റെ അതിർ വിസ്താരമാക്കുകയും നിന്‍റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു". അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി.
യബ്ബേസിന്‍റെ അപേക്ഷ:
പ്രാര്‍ത്ഥനയുടേയും താഴ്മയുടെയും ശക്തിയുടെ ഒരു ഉത്തമ ഉദാഹരണമായി യബ്ബേസിന്‍റെ കഥ നിലകൊള്ളുന്നു. വ്യസനത്തോടെ ജനിച്ചു, അവന്‍റെ പേര് തന്നെ കഷ്ടതയുടെ ഒരു ഓര്‍മ്മപ്പെടുത്തലായിരുന്നു, എന്നിട്ടും, യബ്ബേസ് തന്‍റെ സാഹചര്യങ്ങളാല്‍ നിര്‍വചിക്കപ്പെടുന്നതിനു വിസമ്മതിച്ചു. പകരമായി, ധീരമായ ഒരു അപേക്ഷയോടുകൂടെ അവന്‍ ദൈവത്തിങ്കലേക്കു തിരിയുവാന്‍ തയ്യാറായി, കേവലം അനുഗ്രഹങ്ങള്‍ക്കും വിസ്താരത്തിനും മാത്രമല്ല മറിച്ച് ദൈവീകമായ നിര്‍ദ്ദേശങ്ങള്‍ക്കും അനര്‍ത്ഥങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനും വേണ്ടിയായിരുന്നു. ദൈവത്തിന്‍റെ കരത്തിന്‍റെ രൂപാന്തര ശക്തിയുടെ ആഴമേറിയ അറിവാണ് അവന്‍റെ പ്രാര്‍ത്ഥനയിലൂടെ പ്രതിഫലിക്കുന്നത്.
ദൈവത്തിന്‍റെ ശക്തമായ ഇടപ്പെടല്‍ ഊന്നിപ്പറയുന്ന വേദപുസ്തകത്തിലെ മറ്റു സംഭവങ്ങളേയും യബ്ബേസിന്‍റെ കഥ പ്രതിധ്വനിപ്പിക്കുന്നു. യോശുവ യിസ്രായേല്‍ ജനത്തെ യോര്‍ദ്ദാന്‍ നദിയുടെ അക്കരെ കടത്തിയപ്പോള്‍ (യോശുവ 4:20-24), തന്‍റെ ഹിതത്തിനായി പ്രകൃതിയുടെ നിയമങ്ങളെ മാറ്റുവാനുള്ള ദൈവത്തിന്‍റെ കഴിവിന്‍റെ വ്യക്തമായ പ്രകടനമായിരുന്നു അത്. അതുപോലെ, രാജാക്കന്മാരുടെ ഹൃദയം ദൈവത്തിന്‍റെ നിയന്ത്രണത്തിന്‍റെ കീഴിലായിരിക്കുന്നു എന്ന് സദൃശ്യവാക്യങ്ങള്‍ 21:1 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഈ ഉദാഹരണങ്ങള്‍ കേവലം ചരിത്ര സംഭവങ്ങള്‍ മാത്രമല്ല പ്രത്യുത അത് ഇന്നും പ്രസക്തമായതാണ്, സാഹചര്യങ്ങളെ എങ്ങനെ നമുക്ക് അനുകൂലമാക്കി മാറ്റുവാന്‍ ദൈവത്തിനു കഴിയുമെന്നതിനെ സാദൃശ്യപ്പെടുത്തുന്നു.
മാനുഷീക പരിമിതികള്‍ക്കുമപ്പുറം
ഇന്നത്തെ കാലത്ത്, കുടുങ്ങികിടക്കുന്ന അഥവാ പരിമിതമായ എന്ന ആശയം സാധാരണമാണ്. എന്നിരുന്നാലും, ദൈവത്തിന്‍റെ കരത്തിനു നമ്മുടെ യാഥാര്‍ഥ്യത്തെ മാറ്റുവാനും, വാതിലുകളെ തുറക്കുവാനും നമുക്ക് മനസ്സിലാക്കുവാന്‍ കഴിയാത്ത നിലയില്‍ ഹൃദയങ്ങളെ മാറ്റുവാനും സാധിക്കും എന്നതാണ് വേദപുസ്തകത്തിന്‍റെ സത്യം. യബ്ബേസിന്‍റെയും യോശുവയുടേയും സംഭവങ്ങള്‍ കേവലം പുരാണ കഥകളല്ല മറിച്ച് ഉറപ്പും പ്രത്യാശയും നല്‍കികൊണ്ട് അത് ഇന്നും പ്രസക്തമായും ജീവനുള്ളതുമായിരിക്കുന്നു.
ദൈവത്തെ ബഹുമാനിക്കുന്ന നിങ്ങളെ സംബന്ധിച്ചിടത്തോളം, ഇപ്പോഴുള്ള തടസ്സങ്ങളെ മറികടക്കുവാന്‍ മാത്രമല്ല വാഗ്ദത്തങ്ങള്‍ നല്‍കിയിരിക്കുന്നത് മറിച്ച് നിങ്ങളുടെ ഭാവിയിലും പ്രധാനപ്പെട്ട മാറ്റങ്ങള്‍ വരുത്തുവാന്‍ വേണ്ടിയാകുന്നു. ഇത് മനുഷ്യരുടെ പ്രയത്നംകൊണ്ട് മാത്രമല്ല മറിച്ച് ദൈവത്തിന്‍റെ ശക്തിയേറിയ കരങ്ങളാല്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ഒരു പരിവര്‍ത്തനമാണ്. ഈ മാറ്റം ഭൌതീകമായ വിജയത്തില്‍ ഒതുങ്ങുന്നതല്ല പിന്നെയോ ആത്മീക വളര്‍ച്ച, ആന്തരീകമായ സൌഖ്യം, ബന്ധങ്ങളുടെ പുനഃസ്ഥാപനം എന്നിവയെ ഉള്‍ക്കൊള്ളുന്നതാണ്.
വിശ്വാസത്തിന്‍റെയും പ്രവര്‍ത്തിയുടെയും പങ്ക്.
ദൈവത്തിന്‍റെ ശക്തമായ കരത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍ കീഴില്‍ ജീവിക്കുവാന്‍ സചീവമായുള്ള വിശ്വാസം അനിവാര്യമാകുന്നു. സാഹചര്യങ്ങളെ മാറ്റുന്നതിനുള്ള ദൈവത്തിന്‍റെ ശക്തിയില്‍ വിശ്വസിക്കുന്നതിനൊപ്പം അവന്‍റെ ഹിതപ്രകാരം ചുവടുകള്‍ എടുക്കുന്നതിനെയുമാണ് ഇത് സൂചിപ്പിക്കുന്നത്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടികൊണ്ട്, പ്രാര്‍ത്ഥനയിലൂടെയും അവന്‍റെ വചനത്തിലൂടെയും ദൈവവുമായി നിരന്തരം സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ ഇടപ്പെടലിനെ തിരിച്ചറിയുന്നത് അവന്‍റെ സാന്നിധ്യത്തോട് ചിട്ടപ്പെടുത്തിയിരിക്കുന്ന ഒരു ഹൃദയത്തെ ആവശ്യപ്പെടുന്നു. അത് നമ്മുടെ ദൈനംദിന ജീവിതാനുഭവങ്ങളില്‍ ദൈവത്തിന്‍റെ കരവിരുതിനെ തിരിച്ചറിയുന്നതിനേയും സാധാരണമായതില്‍ അസാധാരണമായത് കാണുന്നതിനേയും സംബന്ധിച്ചുള്ളതാണ്. ഈ തിരിച്ചറിവ് ദൈവത്തിന്‍റെ പദ്ധതികളില്‍ ആഴമായ നന്ദിയും വിശ്വാസവും വളര്‍ത്തുന്നു.
ഇന്ന്, ദൈവത്തിന്‍റെ കരത്തിന്‍റെ ശക്തിയെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍, നമുക്കുവേണ്ടിയുള്ള അവന്‍റെ പദ്ധതിയുടെ പൂര്‍ണ്ണതയിലേക്ക് ചുവടുവെക്കുവാന്‍ നമുക്ക് നമ്മെത്തന്നെ പ്രചോദിപ്പിക്കാം. യബ്ബേസിനെ പോലെ, ധീരമായി അപേക്ഷിക്കുവാന്‍ നമുക്ക് ധൈര്യമുള്ളവരാകാം, യോശുവയെപ്പോലെ, അസാധ്യമെന്നു തോന്നുന്നതായ സന്ദര്‍ഭങ്ങളില്‍ പോലും, ദൈവത്തിന്‍റെ നടത്തിപ്പിനെ പിന്തുടരുവാനുള്ള വിശ്വാസം നമുക്ക് ഉണ്ടാകട്ടെ. ഓര്‍ക്കുക, ഇത് കേവലം നമ്മുടെ കഴിവുകളെ സംബന്ധിച്ചുള്ളതല്ല മറിച്ച് നമ്മുടെ ജീവിതത്തിലുള്ള ദൈവത്തിന്‍റെ കരങ്ങളെ സംബന്ധിച്ചുള്ളതാണ്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ ശക്തിയേറിയ കരത്തിന്‍റെ നിഴലില്‍, ഞങ്ങള്‍ ബലവും ശക്തിയും കണ്ടെത്തുന്നു. ഞങ്ങളെ നയിക്കുകയും, ഞങ്ങളുടെ സാഹചര്യങ്ങളെ മാറ്റുകയും, അങ്ങ് നിയോഗിച്ചിട്ടുള്ള ഭാവിയിലേക്ക് ഞങ്ങളെ നടത്തുകയും ചെയ്യേണമേ. ഞങ്ങളുടെ ജീവിതത്തില്‍ എല്ലായിപ്പോഴും ഞങ്ങള്‍ അങ്ങയുടെ കരത്തിന്‍റെ ശക്തിയെ തിരിച്ചറിയട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പ്രാര്‍ത്ഥനയിലെ അത്യാവശ്യകത● വിശ്വാസം പരിശോധനയില്‍
● സമാധാനം നമ്മുടെ അവകാശമാണ്
● ആത്മാവിനാല്‍ നയിക്കപ്പെടുക എന്നതിന്റെ അര്‍ത്ഥമെന്ത്?
● ഉദാരമനസ്കതയെന്ന കെണി
● കരുതിക്കൊള്ളും
● അവന്‍റെ ബലത്തിന്റെ ഉദ്ദേശം
അഭിപ്രായങ്ങള്‍