അനുദിന മന്ന
ദിവസം 02:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Tuesday, 12th of December 2023
1
0
699
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
സാത്താന്യ പരിധികളെ തകര്‍ക്കുക
അപ്പോൾ ഫറവോൻ: നിങ്ങളുടെ ദൈവമായ യഹോവയ്ക്കു മരുഭൂമിയിൽവച്ചു യാഗം കഴിക്കേണ്ടതിനു നിങ്ങളെ വിട്ടയയ്ക്കാം; അതിദൂരത്തു മാത്രം പോകരുത്. . . . . (പുറപ്പാട് 8:28).
യിസ്രായേല്‍ മക്കളെ ഫറവോന്‍ എപ്രകാരം അടിമകളാക്കി പിടിച്ചുവെച്ചു എന്നും, അവന്‍ അവരുടെമേല്‍ ഒരു പരിധി നിശ്ചയിച്ചുകൊണ്ട് അധികം ദൂരം പോകുവാന്‍ കഴിയുകയില്ല എന്ന് പ്രഖ്യാപിച്ചതും ഇന്നത്തെ തിരുവചനത്തില്‍ വെളിപ്പെടുത്തുന്നു. നിര്‍ഭാഗ്യവശാല്‍, അനേകം ക്രിസ്ത്യാനികളും സാത്താന്‍ അവരുടെ ജീവിതത്തിന്മേല്‍ വെച്ചിരിക്കുന്ന പരിമിതികളെ സംബന്ധിച്ച് അഞ്ജരായിരിക്കുന്നു.
എന്തൊക്കെയാണ് സാത്താന്യ പരിമിതികള്‍?
ഒരു സാത്താന്യ പരിമിതി ഒരു വ്യക്തിയുടെ, സ്ഥലത്തിന്‍റെ, അഥവാ വസ്തുവിന്മേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്. നല്ല കാര്യങ്ങള്‍ ഒരു വ്യക്തിയിലേക്ക് വരുന്നതിനെ തടുക്കുവാന്‍ ഇതിനു സാധിക്കും. ഒരു വ്യക്തിയുടെ വളര്‍ച്ചയെ നിര്‍ത്തലാക്കുവാനോ അഥവാ മന്ദഗതിയിലാക്കുവാനോ ഈ പൈശാചീക പ്രവര്‍ത്തിക്ക് സാധിക്കും.
പിശാചിന്‍റെ തന്ത്രങ്ങളെക്കുറിച്ച് നാം അറിവില്ലാതിരിക്കരുത് എന്ന കാര്യം നാം എല്ലായിപ്പോഴും ഓര്‍ക്കേണ്ടത് ആവശ്യമാകുന്നു. (2 കൊരിന്ത്യര്‍ 2:11). അതുപോലെ, പിശാചിന്‍റെ പ്രവൃത്തികളെ അഴിപ്പാൻതന്നെ ദൈവപുത്രൻ പ്രത്യക്ഷനായി എന്നതും ഓര്‍ക്കുക (1 യോഹന്നാന്‍ 3:8). ആകയാല്‍, നാം പിശാചിന്‍റെ പ്രവര്‍ത്തികളെ സംബന്ധിച്ച് സംസാരിക്കുമ്പോഴെല്ലാം, അത് പിശാചിനെ വലുതാക്കാനല്ല പ്രത്യുത വിശ്വാസികളെ അവയെക്കുറിച്ച് ബോധമുള്ളവരാക്കാനും അങ്ങനെ അവയെ നശിപ്പിക്കാനും വേണ്ടിയാകുന്നു.
ഇന്ന്, നിങ്ങളുടെ ജോലി, ആരോഗ്യം, കുടുംബം അല്ലെങ്കില്‍ ജീവിത നിലവാരം എന്നിവയെ ബാധിക്കുന്ന ഏതെങ്കിലും പരിമിതികളെ യേശുവിന്‍റെ നാമത്തില്‍ തകര്‍ക്കപ്പെടട്ടെ.
3 പ്രധാന തരത്തിലുള്ള സാത്താന്യ പരിമിതികള്‍
1. വ്യക്തിപരമായ പരിമിതികള്‍
ഇത് ഒരു വ്യക്തി നിയന്ത്രിച്ചു നിര്‍ത്തപ്പെടുന്നതാകുന്നു.
പരിമിതി സ്വയം വരുത്തിവെക്കാം (അഞ്ജതയില്‍ നിന്നും) അഥവാ പൈശാചീക ശക്തികള്‍ അടിച്ചേല്‍പ്പിക്കാം.
ഒരിക്കല്‍ ഇന്ത്യയുടെ മറ്റൊരു സംസ്ഥാനത്ത് നടക്കുന്ന ഒരു സുവിശേഷ പ്രോഗ്രാമില്‍ പങ്കെടുക്കുന്നതിനുള്ള യാത്രയില്‍ ഒരു മനുഷ്യന്‍ ഞങ്ങളോടുകൂടെ ചേര്‍ന്നു. ഞങ്ങള്‍ വിമാനത്തില്‍ കയറാനുള്ള പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി കാത്തിരിക്കുകയായിരുന്നു. വിമാനത്തില്‍ കയറാനുള്ള സമയം അടുത്തപ്പോള്‍, ഈ മനുഷ്യനു ശ്വാസതടസ്സം നേരിട്ടു, എന്നിട്ട് അവനില്‍ എന്തോ സംഭവിക്കുവാന്‍ ആരംഭിച്ചു. ഞങ്ങള്‍ അദ്ദേഹത്തെ തന്‍റെ ഭാര്യയോടും ചില വൈദ്യശാസ്ത്ര വിദഗ്ദരോടും കൂടെ വിട്ടിട്ടു വിമാനം കയറുവാന്‍ പോയി. അതൊരു ഹൃസ്വദൂര യാത്രയായിരുന്നു, ഞങ്ങള്‍ വിമാനം ഇറങ്ങിയ ഉടനെ, അദ്ദേഹത്തിന്‍റെ അവസ്ഥ അറിയുവാന്‍ വേണ്ടി ഞാന്‍ തന്‍റെ ഭാര്യയെ വിളിച്ചു. എന്നെ അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം തന്നെ ഫോണ്‍ എടുത്തുകൊണ്ട് പറഞ്ഞു, "വിമാനം ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ അത്ഭുതകരമായി ഞാന്‍ സൌഖ്യമായി".
ഞങ്ങളുടെ ഒരു വിടുതലിന്‍റെ യോഗത്തില്‍ വെച്ച് ഈ മനുഷ്യന്‍ പൂര്‍ണ്ണമായി വിടുതല്‍ പ്രാപിച്ചു. തന്‍റെ കുടുംബ പരമ്പരയില്‍ ആരുംതന്നെ വിമാനത്തില്‍ യാത്ര ചെയ്തിട്ടില്ലയെന്നും, അവന്‍റെ ജിവിതത്തിന്മേല്‍ ഒരു സാത്താന്യ പരിമിതി ഉണ്ടായിരുന്നുവെന്നും ദൈവത്തിന്‍റെ ആത്മാവ് വെളിപ്പെടുത്തുവാന്‍ ഇടയായി.
2. കൂട്ടായുള്ള പരിമിതി
ഒരു കുടുംബം, ഗ്രാമം, പട്ടണം, അല്ലെങ്കില്‍ ഒരു രാജ്യം എന്നിങ്ങനെയുള്ള ഒരു കൂട്ടം ആളുകളുടെമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണമാകുന്നിത്. "അതിന്‍റെശേഷം അരാംരാജാവായ ബെൻ-ഹദദ് തന്‍റെ സൈന്യത്തെയൊക്കെയും കൂട്ടി പുറപ്പെട്ടുചെന്ന് ശമര്യയെ വളഞ്ഞു. അവർ ശമര്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി". (2 രാജാക്കന്മാര്‍ 6:24-25).
ഉത്തരേന്ത്യയിലെ പര്‍വ്വതനിരകളില്‍ സ്ഥിതി ചെയ്യുന്നതായ ഒരു ചെറിയ ഗ്രാമം, ഊര്‍ജ്ജസ്വലമായ സംസ്കാരത്തിനും വിദഗ്ദരായ കരകൌശല പണിക്കാര്‍ക്കും പേരുകേട്ടതായിരുന്നു. എന്നിരുന്നാലും, അവരുടെ താലന്തുകള്‍ക്ക് നടുവിലും, തങ്ങളുടെ കരകൌശല വസ്തുക്കള്‍ സ്വന്തം അതിര്‍ത്തികള്‍ക്കു പുറത്തു വില്‍ക്കുവാന്‍ കഴിയുകയില്ലയെന്നു ആ ഗ്രാമവാസികള്‍ക്ക് തോന്നി. അവരുടെ എതിരാളികളായ ഒരു പട്ടണം (ഒരു യുദ്ധത്തില്‍ പരാജയപ്പെട്ടവര്‍), ഇവരുടെ അഭിവൃദ്ധി പുറം ലോകത്തില്‍ എത്തുന്നതില്‍ നിന്നും തടയുന്നതിനു അവര്‍ ചൊരിഞ്ഞതായ പുരാതനമായ ഒരു ശാപത്തെക്കുറിച്ച് ആ ഗ്രാമത്തിലെ ഒരു ഇതിഹാസം സംസാരിക്കുകയുണ്ടായി.
വര്‍ഷാവര്‍ഷങ്ങളില്‍, തങ്ങളുടെ ഗ്രാമോത്സവത്തില്‍ അവരുടെ അവിശ്വസനീയമായ പ്രവര്‍ത്തിയെ പ്രദര്‍ശിപ്പിക്കും. എന്നിട്ടും, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം ഈ ചെറിയ ഗ്രാമത്തില്‍ പ്രസംഗിക്കപ്പെടുന്നതുവരെ അവിടുത്തെ കരകൌശല വിദഗ്ദര്‍ തങ്ങളെ തടഞ്ഞുനിര്‍ത്തിയ അദൃശ്യമായ തടസ്സങ്ങളെ തകര്‍ക്കുവാന്‍ കഴിയാതെവണ്ണം, അവരുടെ പ്രാദേശിക കമ്പോളത്തില്‍ മാത്രമായി ഒതുങ്ങിയിരുന്നു. ഇത്തരത്തിലുള്ള കൂട്ടായ പരിമിതികള്‍ സാമ്പത്തീക വളര്‍ച്ചയെ മാത്രമല്ല, സമൂഹത്തിനുള്ളിലെ പുരോഗതിയുടേയും പ്രത്യാശയുടേയും ആത്മാവിനെ തളര്‍ത്തുകയും ചെയ്യുന്നു.
3. സാമ്പത്തീകമായ അഥവാ ധനപരമായ പരിമിതികള്‍.
തൊഴിലില്ലായ്മ, ദാരിദ്ര്യം, ആവര്‍ത്തിച്ചുള്ള സാമ്പത്തീക കടങ്ങള്‍, പ്രതിസന്ധികള്‍ എന്നിവയാണ് സാമ്പത്തീക പരിമിതികളുടെ ലക്ഷണങ്ങള്‍. നവീനമായ ആശയങ്ങളും മാറ്റത്തിനായുള്ള അഭിനിവേശവും നിറഞ്ഞതായ ഒരു യുവ സംരംഭകന്‍റെ കാര്യത്തിലേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്നിട്ടും, അവന്‍ ആരംഭിക്കുന്ന ഓരോ സംരംഭങ്ങളും സത്യത്തില്‍ ഉയര്‍ച്ച പ്രാപിക്കുന്നതിനു മുമ്പുതന്നെ തകരുന്നതായി തോന്നി. വായ്പ്പകള്‍ കുമിഞ്ഞുകൂടും, അവസാനനിമിഷത്തില്‍ നിക്ഷേപകര്‍ പിന്മാറും, വിപണിയില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അവന്‍റെ ഏറ്റവും മികച്ചതായ നേട്ടങ്ങളുടെ അടിത്തറതോണ്ടും.
അദ്ദേഹത്തിന്‍റെ സാമ്പത്തീക സ്ഥിരത സാധാരണയായ സാമ്പത്തീക സമ്മര്‍ദ്ദങ്ങളാല്‍ വെല്ലുവിളിക്കപ്പെടുന്നതു പോലെയല്ല മറിച്ച് ദൌര്‍ഭാഗ്യത്തിന്‍റെ കഠിനമായ രീതികളാല്‍ കൈയ്യാമം വെച്ചതുപോലെയാണ്. അവന്‍റെ സാമ്പത്തീക തിരിച്ചടികളുടെ അസാധാരണമായ സ്വഭാവം തന്‍റെ സുഹൃത്തുക്കളും ഉപദേഷ്ടാക്കന്മാരും പലപ്പോഴും ചൂണ്ടികാണിക്കുകയുണ്ടായി, കേവലം മോശം തിരഞ്ഞെടുപ്പുകള്‍ക്കും അല്ലെങ്കില്‍ മോശം സമയത്തിനും അപ്പുറമായുള്ള ഒരു രീതി നിര്‍ദ്ദേശിക്കും, അങ്ങനെ അവന്‍റെ യഥാര്‍ത്ഥ മുന്നേറ്റങ്ങള്‍ സംഭവിക്കേണ്ടതിനു അഭിസംബോധന ചെയ്യേണ്ടതായ അവന്‍റെ സാമ്പത്തീക ശേഷിയുടെ അദൃശ്യമായ പരിധികളെ കുറിച്ച് സൂചന നല്‍കികൊണ്ടിരുന്നു. ഇത് ഈ യുവാവായ സംരംഭകന്‍ 2017ല്‍ നടന്ന 21 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തപ്പോള്‍ ആയിരുന്നു. ഇന്ന്, ഈ മനുഷ്യന്‍ നല്ല നിലയില്‍ എത്തുകയും വിവിധ രാജ്യങ്ങളില്‍ ബിസിനസ് നടത്തുകയും ചെയ്യുന്നു.
നിങ്ങളുടെ ജീവിതത്തിനു വിരോധമായുള്ള ഏതൊരു പൈശാചീക പരിമിതികളും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ നശിച്ചുപോകുമെന്ന്, ദൈവത്തിന്‍റെ ശക്തിയാല്‍ നിങ്ങളുടെ ജീവിതത്തോടു ഞാന്‍ കല്‍പ്പിക്കുന്നു, യേശുവിന്‍റെ നാമത്തില്‍.
സാത്താന്യ പരിമിതികളുടെ വേദപുസ്തകപരമായ ഉദാഹരണങ്ങള്‍.
യോശുവയും യിസ്രായേല്യരും
1എന്നാൽ യെരീഹോവിനെ യിസ്രായേൽമക്കളുടെ നിമിത്തം അടച്ച് ഉറപ്പാക്കിയിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല. 2യഹോവ യോശുവയോടു കല്പിച്ചത്: ഞാൻ യെരീഹോവിനെയും അതിന്‍റെ രാജാവിനെയും യുദ്ധവീരന്മാരെയും നിന്‍റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. (യോശുവ 6:1-2).
യിസ്രായേല്യര്‍ക്കു നിര്‍ണ്ണായകമായ ഒരു തിരിച്ചടി ഉണ്ടാകുന്നു അതായത് യെരിഹോ നഗരത്തിന്‍റെ കവാടങ്ങള്‍ അടച്ച് ഉറപ്പാക്കിയതിനാലും, ആ മതില്‍ വളരെ വലുതായിരുന്നതിനാലും അവര്‍ക്ക് യെരിഹോവിനെ തകര്‍ത്തു മുന്നേറുവാന്‍ സാധിച്ചില്ല. ദൈവത്തിന്‍റെ സഹായമില്ലാതെ, ആ പരിമിതികള്‍ നശിപ്പിക്കപ്പെടുകയില്ലായിരുന്നു; അത് സൈനീക ശക്തിയ്ക്കും അതീതമായിരുന്നു.
2. യെഹൂദയ്ക്ക് എതിരായുള്ള കൊമ്പുകള്‍.
"യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു. ഇവർ എന്തു ചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദായെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ട് അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു". (സെഖര്യാവ് 1:20-21).
ജനങ്ങള്‍ ഉയരുന്നതില്‍ നിന്നും പൈശാചീക കൊമ്പുകള്‍ അവരെ തടഞ്ഞിരുന്നു; ഈ പരിധികളായിരുന്നു ആളുകളുടെ ലക്ഷ്യസ്ഥാനത്തെ പരിമിതപ്പെടുത്തിയിരുന്നത്. ആത്മീക മണ്ഡലത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും എന്തുകൊണ്ടാണ് ആളുകള്‍ സാമ്പത്തീകമായും, ആരോഗ്യപരമായും, ജോലിപരമായും ഭൌതീക തലത്തില്‍ കഷ്ടപ്പെടുന്നതെന്ന് ദൈവം തന്‍റെ പ്രവാചകനു അത്ഭുതകരമായി കാണിച്ചുകൊടുത്തു.
ഒരു ദൈവീകമായ വെളിപ്പാട് ഇല്ലാതെ, സാത്താന്യ പരിമിതികളുടെ പ്രവര്‍ത്തികളെ സംബന്ധിച്ച് മനസ്സിലാക്കുവാന്‍ പ്രയാസമായിരിക്കും.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിനും വേണ്ടി മാറ്റിവെക്കുക,മുമ്പോട്ടു പോകുന്നതിനു മുമ്പ് അത് സത്യത്തില്‍ ഹൃദയസ്പര്‍ശിയാകുന്നു എന്ന് ഉറപ്പ് വരുത്തുക.
1. ദൈവത്തെ സ്തുതിയ്ക്കുകയും ആരാധിക്കുകയും ചെയ്യുക. (നിങ്ങളുടെ ആരാധനയെ സഹായിക്കുന്നതിനു മൃദുവായ ചില സംഗീതം വായിക്കുന്നത് പരിഗണിക്കുക. സങ്കീര്‍ത്തനം 100:4).
2. എന്‍റെ സമ്പത്തിനും, ആരോഗ്യത്തിനും, പുരോഗതിയ്ക്കും എതിരായി വെച്ചിരിക്കുന്ന എല്ലാ പരിമിതികളും പരിശുദ്ധാത്മാവിന്‍റെ അഗ്നിയാല്‍ ഇല്ലാതായിപോകട്ടെ, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
3. കര്‍ത്താവേ, എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന മറഞ്ഞിരിക്കുന്ന ഏതെങ്കിലും പരിമിതികളെ യേശുവിന്‍റെ നാമത്തില്‍ വെളിപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണമേ. (ലൂക്കോസ് 8:17).
4. എന്‍റെ ലക്ഷ്യസ്ഥാനത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന സാത്താന്യ പരിമിതികളുടെ സകല ചങ്ങലകളേയും യേശുവിന്‍റെ രക്തത്തിന്‍റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (വെളിപ്പാട് 12:11).
5. എന്‍റെ പുരോഗതിയെ തടുക്കുന്ന എല്ലാ പ്രതിബന്ധങ്ങളേയും കര്‍ത്താവിന്‍റെ ആത്മാവിനാല്‍ ഞാന്‍ ചിതറിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (സെഖര്യാവ് 4:6).
6. നല്ല കാര്യങ്ങള്‍ എന്നില്‍ എത്തുന്നതില്‍ നിന്നും തടയുന്ന സകല പ്രതിബന്ധങ്ങളും, യേശുവിന്‍റെ നാമത്തില്‍ ദൈവീകമായ അഗ്നിയാല്‍ കത്തി ചാമ്പലാകുവാന്‍ ഞാന്‍ നിങ്ങളോടു കല്‍പ്പിക്കുന്നു. (2 തെസ്സലോനിക്യര്‍ 3:3).
7. കര്‍ത്താവേ, തളര്‍ന്നുപോകാതെ ഓടുവാനും, ക്ഷീണിച്ചുപോകാതെ നടക്കുവാനും വേണ്ടി സഹനത്തിന്‍റെ ശക്തി എന്നില്‍ പകരേണമേ, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 40:31).
8. തടസ്സങ്ങളെ അതിജീവിക്കുവാനും ഓരോ പരിമിതികളെ തകര്‍ക്കുവാനും ദൈവീകമായ ശക്തിയെ ഞാന്‍ യേശുവിന്‍റെ നാമത്തില്‍ പ്രാപിക്കുന്നു. (ഫിലിപ്പിയര്‍ 4:13).
9. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ മുന്നേറ്റത്തെ എതിര്‍ക്കുന്നതായ എല്ലാ പ്രതിയോഗികളുടെ യാഗപീഠത്തേയും വിചിത്രമായ ശബ്ദത്തേയും ഞാന്‍ യേശുവിന്‍റെ നാമത്തില്‍ നിശബ്ദമാക്കുന്നു. (ആവര്‍ത്തനപുസ്തകം 28:7).
10. കുറഞ്ഞത് 10 നിമിഷമെങ്കിലും ആത്മാവില്‍ പ്രാര്‍ത്ഥിക്കുക. (1 കൊരിന്ത്യര്‍ 14:2).
11. പിതാവേ, എന്‍റെ പാതയെ പ്രകാശിപ്പിക്കുകയും ശത്രുവിന്‍റെ കെണികളില്‍ നിന്നും എന്‍റെ ചുവടുകളെ അകറ്റുകയും ചെയ്യേണമേ, മാത്രമല്ല അങ്ങയുടെ പരിപൂര്‍ണ്ണമായ ഹിതത്തിലേക്ക് യേശുവിന്‍റെ നാമത്തില്‍ എന്നെ നയിക്കുകയും ചെയ്യേണമേ. (സങ്കീര്‍ത്തനം 119:105).
12. സ്വര്‍ഗ്ഗീയ പിതാവേ, സ്വര്‍ഗ്ഗത്തിന്‍റെ കിളിവാതില്‍ തുറന്നുകൊണ്ട്, ദൌര്‍ലഭ്യവും, ദാരിദ്ര്യത്തിന്‍റെ വശങ്ങളും തകര്‍ത്തുകൊണ്ട്, സ്വീകരിക്കുവാന്‍ സ്ഥലം പോരാതെവരുവോളം ഉള്ളതായ ഒരു അനുഗ്രഹത്തെ അവിടുന്ന് ചൊരിയേണമേ, യേശുവിന്‍റെ നാമത്തില്‍. (മലാഖി 3:10)
Join our WhatsApp Channel
Most Read
● ഉത്കണ്ഠയെ അതിജീവിക്കുവാന്, ഈ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക● ദൈവത്തിന്‍റെ 7 ആത്മാക്കള്: യഹോവാഭക്തിയുടെ ആത്മാവ്
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #3
● ദൈവത്തിന്‍റെ ഇഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യത
● വ്യത്യാസം വ്യക്തമാണ്
● ദിവസം 09 :21 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും
● പരിശുദ്ധാത്മാവിനു എതിരായുള്ള ദൂഷണം എന്നാല് എന്താണ്?
അഭിപ്രായങ്ങള്‍