അനുദിന മന്ന
ദിവസം 06:40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Saturday, 16th of December 2023
1
0
863
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
എന്‍റെ അദ്ധ്വാനം വൃഥാവാകുകയില്ല
"എല്ലാ തൊഴിലുംകൊണ്ടു ലാഭം വരും; അധരചർവ്വണംകൊണ്ടോ ഞെരുക്കമേ വരൂ." (സദൃശ്യവാക്യങ്ങള്‍ 14:23).
ഫലപ്രാപ്തിയുള്ളവരാകുക എന്നത് ഒരു കല്പനയാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചതിനു ശേഷം അവനു കൊടുത്ത പ്രധാന കല്പനകളുടെ ഭാഗമായിരുന്നു അത്. ലാഭമില്ലാത്ത അദ്ധ്വാനം ശത്രു നിങ്ങളുടെ ജീവിതത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്‍റെ ഒരു തെളിവാണ്.
ഈ ശക്തികളാല്‍ ആളുകള്‍ ആക്രമിക്കപ്പെടുമ്പോള്‍, അവര്‍ക്ക് തങ്ങളുടെ അദ്ധ്വാനമായി കാണിക്കുവാന്‍ ഒന്നുംതന്നെയില്ല. ചില സന്ദര്‍ഭങ്ങളില്‍, ഒരുപക്ഷേ അവര്‍ അദ്ധ്വാനിക്കാനും തങ്ങള്‍ക്ക് ചില ഫലങ്ങള്‍ ലഭിക്കുവാനും ഈ ശക്തികള്‍ അനുവദിച്ചേക്കാം, എന്നാല്‍ ഒറ്റരാത്രികൊണ്ട്, തങ്ങളുടെ വര്‍ഷങ്ങളുടെ അദ്ധ്വാന ഫലത്തെ തുടച്ചുനീക്കുന്ന പ്രശ്നങ്ങളും നഷ്ടങ്ങളും ഉണ്ടാകുന്നു.
അനേകം വിശ്വാസികള്‍ വൃഥാ അദ്ധ്വാനിക്കുന്നവര്‍ ആകുന്നു; പിശാചിന്‍റെ പ്രവര്‍ത്തികളെ സംബന്ധിച്ച് അവര്‍ അഞ്ജരായിരിക്കുന്നു. ഈ വിശ്വാസികള്‍ വരപ്രാപ്തരാണ് എന്നാല്‍ ഉയര്‍ത്തപ്പെടുന്നില്ല; അവര്‍ക്ക് യോഗ്യതകളുണ്ട് എന്നാല്‍ ഒരു ജോലിയില്ല അതുപോലെ ബുദ്ധിയുണ്ട് എന്നാല്‍ ധനമില്ല. അവരില്‍ ചിലര്‍ക്ക് ഒന്നിലധികം ജോലികളുണ്ട്, രാവിലെ മുതല്‍ രാത്രി വരെ അദ്ധ്വാനിക്കുന്നു, എന്നിട്ടും അവര്‍ കടത്തിലാണ് ജീവിക്കുന്നത്. ചില വിശ്വാസികള്‍ ഇപ്പോള്‍ത്തന്നെ അവരുടെ ബിസിനസ്സില്‍ വിജയിച്ചവരാണ്, അതുകൊണ്ട് ഇങ്ങനെയുള്ള പ്രാര്‍ത്ഥന ചെയ്യണമെന്ന് അവര്‍ക്ക് തോന്നുന്നില്ല. പിശാചു വിജയകരമായി അവരില്‍ ആക്രമണം നടത്തിയതിനു ശേഷമുള്ളതിനേക്കാള്‍ പിശാച് ആക്രമിക്കുന്നതിനു മുമ്പ് പ്രാര്‍ത്ഥിക്കുന്നതാണ് അഭികാമ്യമെന്ന് അവര്‍ തിരിച്ചറിയുന്നില്ല. നാം അശ്രദ്ധരായിരുന്നാല്‍ ഏതു സമയത്തും പിശാചിനു നമ്മെ ആക്രമിക്കുവാന്‍ കഴിയുമെന്നതിനാല്‍, ഇന്നത്തെ വിജയം നാളെ നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ട്. ഉദാഹരണത്തിനു, ഇയ്യോബിനെ എടുക്കുക. അവന്‍ വിജയിക്കുകയും നല്ല നിലയില്‍ സ്ഥിരത കൈവരിക്കുകയും ചെയ്തിരുന്നു, എന്നാല്‍ പിശാചു അവനെ ആക്രമിച്ചപ്പോള്‍, തനിക്കുണ്ടായിരുന്നതെല്ലാം ഒറ്റ ദിവസംകൊണ്ട് നഷ്ടപ്പെട്ടു. ദൈവം ഇയ്യോബിനോടുകൂടെ ഇല്ലായിരുന്നുവെങ്കില്‍ അവനു നഷ്ടമായതൊന്നും തിരികെ ലഭിക്കുകയില്ലായിരുന്നു.
ആളുകള്‍ വൃഥാ അദ്ധ്വാനിക്കുന്നതിനുള്ള ചില പ്രധാനപ്പെട്ട കാരണങ്ങള്‍.
1. അടിമത്വം
യിസ്രായേല്‍ മക്കള്‍ അടിമത്വത്തില്‍ ആയിരുന്നു, അവരുടെ അദ്ധ്വാനം മുഴുവനും തങ്ങളുടെ മേല്‍വിചാരകന്മാര്‍ക്കു വേണ്ടിയായിരുന്നു.
9അവൻ തന്‍റെ ജനത്തോട്: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. 10അവർ പെരുകീട്ട് ഒരു യുദ്ധം ഉണ്ടാകുന്നപക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുത് ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന് നാം അവരോടു ബുദ്ധിയായി പെരുമാറുക. 11അങ്ങനെ കഠിനവേലകളാൽ അവരെ പീഡിപ്പിക്കേണ്ടതിന് അവരുടെമേൽ ഊഴിയവിചാരകന്മാരെ ആക്കി; അവർ പീഥോം, റയംസേസ് എന്ന സംഭാരനഗരങ്ങളെ ഫറവോനു പണിതു.
13മിസ്രയീമ്യർ യിസ്രായേൽമക്കളെക്കൊണ്ടു കഠിനവേല ചെയ്യിച്ചു. 14കളിമണ്ണും ഇഷ്ടകയും വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള കഠിനപ്രവൃത്തിയാലും അവരെക്കൊണ്ടു കാഠിന്യത്തോടെ ചെയ്യിച്ച സകല പ്രയത്നത്താലും അവർ അവരുടെ ജീവനെ കയ്പ്പാക്കി. (പുറപ്പാട് 1:9-11, 13-14).
2. ദുഷ്ടന്മാരുടെ ദുഷ്ടത
യിസ്രായേല്യര്‍ വിതയ്ക്കുവാനും ആ വിത്തുകള്‍ വളരുവാനും വേണ്ടി മിദ്യാന്യര്‍ കാത്തിരുന്നു, പിന്നീട് കൊയ്യാറായ സമയത്ത്, യിസ്രായേല്യര്‍ക്ക് ലാഭം കൊടുക്കേണ്ടതായ സകലത്തേയും നശിപ്പിച്ചുക്കളയുവാന്‍ വേണ്ടി മിദ്യാന്യര്‍ പ്രത്യക്ഷപ്പെടുന്നു; ഇപ്രകാരമാണ് ശത്രു പ്രവര്‍ത്തിക്കുന്നത്.
യിസ്രായേൽമക്കൾ പിന്നെയും യഹോവയ്ക്ക് അനിഷ്ടമായുള്ളതു ചെയ്തു; യഹോവ അവരെ ഏഴു സംവത്സരം മിദ്യാന്‍റെ കൈയിൽ ഏല്പിച്ചു. 2മിദ്യാൻ യിസ്രായേലിന്മേൽ ആധിക്യം പ്രാപിച്ചു; യിസ്രായേൽമക്കൾ മിദ്യാന്യരുടെ നിമിത്തം പർവതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗങ്ങളും ശരണമാക്കി. 3യിസ്രായേൽ വിതച്ചിരിക്കുമ്പോൾ മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും അവരുടെ നേരേ വരും. 4അവർ അവർക്കു വിരോധമായി പാളയമിറങ്ങി ഗസ്സാവരെ നാട്ടിലെ വിള നശിപ്പിക്കും; യിസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ ഒന്നും ശേഷിപ്പിക്കയില്ല. 5അവർ തങ്ങളുടെ കന്നുകാലികളും കൂടാരങ്ങളുമായി പുറപ്പെട്ടു വെട്ടുക്കിളിപോലെ കൂട്ടമായി വരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്തു കടന്നു നാശം ചെയ്യും. 6 ഇങ്ങനെ മിദ്യാന്യരാൽ യിസ്രായേൽ ഏറ്റവും ക്ഷയിച്ചു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. (ന്യായാധിപന്മാര്‍ 6:1-6).
ചില സമയങ്ങളില്‍, ഒരു യുവാവിനെ തന്‍റെ യ്യൌവനകാലത്ത് വിജയിയായി തീരുവാന്‍ അവര്‍ അനുവദിച്ചേക്കാം, എന്നാല്‍ വാര്‍ദ്ധക്യത്തില്‍, തന്‍റെ എല്ലാ സാമ്പത്തീകവും ചോര്‍ത്തിക്കളയുവാന്‍ കാരണമായ രോഗത്താല്‍ ശത്രു ബാധിക്കുന്നു.
ചില സന്ദര്‍ഭങ്ങളില്‍, കുഞ്ഞുങ്ങള്‍ മരിച്ചുപോകുവാന്‍ അവര്‍ ഇടയാക്കുന്നു, അങ്ങനെ കുഞ്ഞുങ്ങള്‍ക്കായി മാതാപിതാക്കള്‍ ചെയ്‌തതായ എല്ലാ നിക്ഷേപങ്ങളും പാഴാകുന്നു. അവര്‍ നിങ്ങളെ തടയുന്നതിനു മുമ്പ് നിങ്ങള്‍ അവരെ തടയുക; അവര്‍ നിങ്ങളോടു പോരാടുന്നതിനു മുമ്പായി നിങ്ങള്‍ അവരോടു പൊരുതുക. നിങ്ങളുടെ ശത്രു ശാരീരികമായ ഒന്നല്ല; നിങ്ങളുടെ ശത്രു പിശാചാകുന്നു, എന്നാല്‍ നിങ്ങള്‍ക്ക് എതിരായി ആളുകളെ സ്വാധീനിക്കാനും ഉപയോഗിക്കുവാനും അവനു കഴിയും. ആ ആളുകള്‍ നിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കളല്ല, മറിച്ച് അവര്‍ സാത്താന്‍റെ സ്വാധീനത്തിനു കീഴിലുള്ളവര്‍ ആകുന്നു. ആത്മീയത്തിനു എതിരായുള്ള ശത്രുവിനെ തടയുവാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന നിമിഷം, മനുഷ്യരായ തന്‍റെ ഉപകരണങ്ങളിലൂടെയുള്ള അവന്‍റെ സ്വാധീനവും നിന്നുപോകും.
3. പാപകരമായ ജീവിതശൈലി.
ശത്രുവിനു നിയമപരമായ അനുമതി നല്‍കുവാന്‍ പാപത്തിനു കഴിയും.
ഇവ മാറിപ്പോകുവാൻ നിങ്ങളുടെ അകൃത്യങ്ങൾ അത്രേ കാരണം; നിങ്ങളുടെ പാപങ്ങളാൽ ഈ നന്മയ്ക്കു മുടക്കം വന്നിരിക്കുന്നു. (യിരെമ്യാവ് 5:25).
ലാഭകരമല്ലാത്ത അദ്ധ്വാനം അനുഭവിച്ചവരെക്കുറിച്ചുള്ള വേദപുസ്തക ഉദാഹരണങ്ങള്‍.
1. വിസ്മരിക്കപ്പെട്ട ജ്ഞാനിയായ മനുഷ്യന്‍.
സഭാപ്രസംഗി 9:15ല്‍, ഒരു ജ്ഞാനിയായ മനുഷ്യന്‍ ഒരു പട്ടണത്തെ മുഴുവന്‍ നാശത്തില്‍ നിന്നും രക്ഷിക്കുന്നു, എന്നാല്‍ അവന്‍ വിസ്മരിക്കപ്പെടുന്നു. അവന്‍റെ അദ്ധ്വാനത്തിനു പ്രതിഫലം ലഭിക്കുന്നില്ല. ഈ മനുഷ്യന്‍ ബുദ്ധിമാനായിരുന്നു, എന്നാല്‍ അവന്‍ ദരിദ്രനായിരുന്നു കാരണം അവന്‍ ആളുകളെ സഹായിക്കുമ്പോഴെല്ലാം, അവര്‍ അവനെ മറന്നുക്കളയുന്നു. നിങ്ങളെ സമ്പന്നനാക്കുവാന്‍ ജ്ഞാനത്തിനു സാധിക്കും, എന്നാല്‍ ആളുകളെ വൃഥാ അദ്ധ്വാനിപ്പിക്കുന്ന ഈ ആത്മാവിനെ നിങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കുമ്പോള്‍, നിങ്ങള്‍ ഒരു "ദരിദ്രനായ ജ്ഞാനി" ആയിരിക്കേണ്ടതായി വരും.
2. യാക്കോബ്
യാക്കോബ് അനേക പ്രാവശ്യം കബളിപ്പിക്കപ്പെട്ടു, മാത്രമല്ല തന്‍റെ അദ്ധ്വാനത്തിന്‍റെ പൂര്‍ണ്ണ പ്രതിഫലം തനിക്കു ലഭിക്കുന്നില്ലായിരുന്നു. എന്നാല്‍ അവന്‍റെ ജീവിതത്തോടുള്ള ദൈവത്തിന്‍റെ ഉടമ്പടിയാണ് അവനെ രക്ഷിച്ചത്.
38ഈ ഇരുപതു സംവത്സരം ഞാൻ നിന്‍റെ അടുക്കൽ പാർത്തു; നിന്‍റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല; നിന്‍റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടുമില്ല. 39ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിന് ഉത്തരവാദിയായിരുന്നു; പകൽ കളവുപോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. 40ഇങ്ങനെയായിരുന്നു എന്‍റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്‍റെ കണ്ണിന് ഉറക്കമില്ലാതെയായി. 41ഈ ഇരുപതു സംവത്സരം ഞാൻ നിന്‍റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്‍റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്‍റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്‍റെ പ്രതിഫലം മാറ്റി. 42എന്‍റെ പിതാവിന്‍റെ ദൈവമായി അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ഭയവുമായവൻ എനിക്ക് ഇല്ലാതിരുന്നു എങ്കിൽ നീയിപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു. ദൈവം എന്‍റെ കഷ്ടതയും എന്‍റെ കൈകളുടെ പ്രയത്നവും കണ്ടു കഴിഞ്ഞ രാത്രി ന്യായം വിധിച്ചു. (ഉല്പത്തി 31:38-42).
നമ്മുടെ സമൂഹത്തിലെ അനേകം ആളുകളും ലാബാനെപോലെയാണ്; അവര്‍ ആളുകളെ കബളിപ്പിക്കുകയും തങ്ങളുടെ പൂര്‍ണ്ണ പ്രതിഫലം അവര്‍ നിഷേധിക്കയും ചെയ്യുന്നു. നിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമെങ്കില്‍, നിങ്ങള്‍ക്ക് പൂര്‍ണ്ണമായ അവകാശം നല്‍കുവാന്‍ വേണ്ടി കടന്നുവരുവാന്‍ ദൈവത്തിനു കഴിയും.
കൂടുതലായുള്ള പഠനത്തിന്: ലൂക്കോസ് 5:5-7, യെശയ്യാവ് 65:21-23, 1 കൊരിന്ത്യര്‍ 15:10.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. എന്‍റെ കൊയ്ത്തിനെ നശിപ്പിക്കുവാന്‍ വേണ്ടി ഏല്‍പ്പിച്ചിരിക്കുന്ന സകല ശക്തിയേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ചിതറിക്കുന്നു. (യെശയ്യാവ് 54:17).
2. എന്‍റെ കൈകളുടെ പ്രവര്‍ത്തികള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന എല്ലാ ദുഷ്ട ശക്തിയേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു. (ആവര്‍ത്തനപുസ്തകം 28:12).
3. എന്‍റെ ജീവിതത്തിലെ നന്മയെ ആക്രമിക്കുന്ന എല്ലാ ശക്തിയേയും, ദൈവത്തിന്‍റെ അഭിഷേകത്താലും യേശുവിന്‍റെ രക്തത്താലും ഞാന്‍ നശിപ്പിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (1 യോഹന്നാന്‍ 2:27; വെളിപ്പാട് 12:11).
4. എന്‍റെ ആരോഗ്യം, ബിസിനസ്, കുടുംബം എന്നിവയെ വിഴുങ്ങുന്നവരേയും, കൊള്ളക്കാരെയും, നാശകരെയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ശാസിക്കുന്നു. (മലാഖി 3:11).
5. എന്‍റെ അദ്ധ്വാനം വൃഥാവാക്കുവാന്‍ വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്ന എല്ലാ ശക്തിയേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിഷേധിക്കുന്നു. (യെശയ്യാവ് 65:23).
6. പിതാവേ, എന്‍റെ കൈകളുടെ പ്രവര്‍ത്തികളെ അനുഗ്രഹിക്കുകയും അവ 100 മടങ്ങ് വിളവ് പുറപ്പെടുവിക്കുവാന്‍ ഇടയാക്കുകയും ചെയ്യേണമേ, യേശുവിന്‍റെ നാമത്തില്‍. (ഉല്പത്തി 26:12).
7. അപഹരിക്കപ്പെട്ടുപോയ എന്‍റെ ഓരോ അനുഗ്രഹങ്ങളും, സദ്ഗുണങ്ങളും, അവസരങ്ങളും, സമ്പത്തും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ വീണ്ടുകൊള്ളുന്നു. (യോവേല്‍ 2:25).
8. യേശുവിന്‍റെ രക്തത്താല്‍, എന്‍റെ അടിസ്ഥാനത്തിലുള്ള ഏത് ദുഷ്ടതയേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തടയുകയും നിര്‍ത്തലാക്കുകയും ചെയ്യുന്നു. (എബ്രായര്‍ 9:14).
9. സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവ് എന്‍റെ ജീവിതത്തില്‍ നട്ടിട്ടില്ലാത്ത ഏതൊരു തോട്ടവും യേശുവിന്‍റെ നാമത്തില്‍ വേരോടെ പിഴുതുപോകട്ടെ. (മത്തായി 15:13).
10. എന്‍റെ അടിസ്ഥാനത്തില്‍ നിന്നും എന്‍റെ ജീവിതത്തിലേക്ക് പദ്ധതിയിട്ടിരിക്കുന്ന ഏതൊരു ശാപത്തേയും പരാജയത്തേയും യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നശിപ്പിക്കുന്നു. (ഗലാത്യര്‍ 3:13).
11. എന്‍റെ ലക്ഷ്യത്തിനും ഭാവിയ്ക്കും എതിരായി ഉണ്ടാക്കപ്പെട്ട ഒരു ആയുധവും ഫലിക്കയില്ലയെന്നു ഞാന്‍ പ്രഖ്യാപിക്കുന്നു, എന്‍റെ ഭാവിയെ താളം തെറ്റിക്കുവാനുള്ള ശത്രുവിന്‍റെ സകല പദ്ധതികളേയും ഞാന്‍ അസാധുവാക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
12. കര്‍ത്താവേ, എന്‍റെ ജീവിതത്തിനു വേണ്ടിയുള്ള അങ്ങയുടെ ഹിതത്തെ എതിര്‍ക്കുന്ന എല്ലാ കോട്ടകളെയും തകര്‍ക്കുവാനും എനിക്കുവേണ്ടി പോരാടുവാനുമായി അങ്ങയുടെ ദൂതഗണത്തെ അയയ്ക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 34:7).
Join our WhatsApp Channel
Most Read
● നമുക്ക് ദൂതന്മാരോട് പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ?● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സമാധാനത്തിനു വേണ്ടിയുള്ള ദര്ശനം
● പക്ഷപാദത്തെ സംബന്ധിച്ചുള്ള ഒരു പ്രാവചനീക പാഠം - 2
● സ്നേഹത്തിന്റെ ഭാഷ
● 21 ദിവസങ്ങള് ഉപവാസം: ദിവസം #10
● മനുഷ്യരുടെ സമ്പ്രദായങ്ങള്
അഭിപ്രായങ്ങള്‍