അനുദിന മന്ന
ദിവസം 10: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Wednesday, 20th of December 2023
2
0
986
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശം ആസ്വദിക്കുക
"കര്‍ത്താവ് പറയുന്നു, ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്‍റെമേൽ ദൃഷ്‍ടിവച്ച് നിനക്ക് ആലോചന പറഞ്ഞുതരും". (സങ്കീര്‍ത്തനം 32:8).
ദൈവം നമ്മെ അന്ധകാരത്തില്‍ വിട്ടിട്ടില്ല. നമ്മെ നേരായ പാതയില്‍ നയിക്കുവാന്‍ ദൈവം പൂര്‍ണ്ണ പ്രതിജ്ഞാബദ്ധനാണ്. ദൈവം നമ്മെ നയിക്കണമെന്ന് നാം ആഗ്രഹിക്കുന്നുവെങ്കില്‍, നാം "മനസ്സുള്ളവരും അനുസരണമുള്ളവരും" ആയിരിക്കണം. (യെശയ്യാവ് 1:19). ദൈവത്തിന്‍റെ പാത പിന്തുടരുവാന്‍ അവന്‍ നമ്മെ നിര്‍ബന്ധിക്കുകയില്ല, കാരണം അവന്‍ നമ്മെ സ്വതന്ത്ര ധാര്‍മ്മീക പ്രതിനിധികളായാണ് സൃഷ്ടിച്ചിരിക്കുന്നത്. നാം തീരുമാനിക്കേണ്ടതായ തിരഞ്ഞെടുപ്പുകളുണ്ട്, ഓരോ തിരഞ്ഞെടുപ്പിനും പരിണിതഫലങ്ങളോ അനുഗ്രഹങ്ങളോ ഉണ്ട്.
ഇതരമാര്‍ഗ്ഗങ്ങള്‍ക്കിടയില്‍ തിരഞ്ഞെടുപ്പ് നടത്തുവാന്‍ നമുക്കെല്ലാവര്‍ക്കും ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്; ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശം കൂടാതെ, ഏറ്റവും നല്ല പാത തിരഞ്ഞെടുക്കുവാന്‍ നമുക്ക് കഴിയുകയില്ല. ശരിയായ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍, ബിസിനസ്സില്‍ നിക്ഷേപം നടത്തുന്നതില്‍, നമ്മുടെ അനുദിന ജീവിതം നയിക്കുന്നതില്‍ നമുക്ക് ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്. ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെ അഭാവം നിമിത്തം അനേകര്‍ മരണകെണിയിലേക്കു നടന്നുനീങ്ങിയിട്ടുണ്ട്. വിമാനയാത്ര ഒഴിവാക്കുവാന്‍ നിര്‍ദ്ദേശം ലഭിച്ചതനുസരിച്ചതു നിമിത്തം വിമാന അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആളുകളുടെ നിരവധി കഥകള്‍ എനിക്ക് കേള്‍ക്കുവാന്‍ ഇടയായിട്ടുണ്ട്.
ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ താഴെപറയുന്ന സ്ഥാനങ്ങളില്‍ നിങ്ങള്‍ ആയിരിക്കുവാന്‍ ഇടയാക്കും,
ശരിയായ സ്ഥലത്ത്
ശരിയായ സമയത്ത്
ശരിയായ കാര്യങ്ങള്‍ ചെയ്യുക
ശരിയായ ആളുകളെ കണ്ടുമുട്ടുക
ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തൊക്കെയാണ്?
1. മരണത്തില്‍ നിന്നും തിന്മയില്‍ നിന്നും നിങ്ങള്‍ രക്ഷപ്പെടും
കൂരിരുൾതാഴ്വരയിൽകൂടി നടന്നാലും ഞാൻ ഒരു അനർഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്‍റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. (സങ്കീര്‍ത്തനം 23:4).
2. മറഞ്ഞിരിക്കുന്ന ഗുപ്തനിധികളിലേക്ക് നിങ്ങള്‍ നയിക്കപ്പെടും
നിന്നെ പേർ ചൊല്ലി വിളിക്കുന്ന ഞാൻ യഹോവ, യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിനു ഞാൻ നിനക്ക് ഇരുട്ടിലെ നിക്ഷേപങ്ങളെയും മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും. (യെശയ്യാവ് 45:3).
3. മഹത്തായ അധികാരത്തോടെ നിങ്ങള്‍ പ്രവര്‍ത്തിക്കും.
ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശത്തോടുള്ള നമ്മുടെ അനുസരണം നമ്മെ അധികാരമുള്ള വ്യക്തികളായി സ്ഥാപിക്കുന്നു. നിങ്ങള്‍ അധികാരത്തിന്‍ കീഴിലുള്ളവര്‍ അല്ലെങ്കില്‍, നിങ്ങള്‍ക്ക് അധികാരം ഉപയോഗപ്പെടുത്തുവാന്‍ കഴിയുകയില്ല. നാം ദൈവത്തിനായി സമര്‍പ്പിക്കുമ്പോള്‍ പിശാച് നമ്മുടെ അധികാരത്തെ തിരിച്ചറിയുന്നു. (യാക്കോബ് 4:7, മത്തായി 8:9-11).
ദൈവീക നടത്തിപ്പ് നമുക്ക് എങ്ങനെ ആസ്വദിക്കുവാന്‍ സാധിക്കും?
1. നിങ്ങളുടെ ഹിതം ദൈവത്തിനു വിധേയമായതായിരിക്കണം
"എന്നെ അനുഗമിപ്പാൻ ഒരുത്തൻ ഇച്ഛിച്ചാൽ അവൻ തന്നെത്താൻ നിഷേധിച്ചു നാൾതോറും തന്‍റെ ക്രൂശ് എടുത്തുംകൊണ്ട് എന്നെ അനുഗമിക്കട്ടെ". (ലൂക്കോസ് 9:23).
എനിക്കു സ്വതേ ഒന്നും ചെയ്‍വാൻ കഴിയുന്നതല്ല; ഞാൻ കേൾക്കുന്നതുപോലെ ന്യായം വിധിക്കുന്നു; ഞാൻ എന്‍റെ ഇഷ്ടം അല്ല, എന്നെ അയച്ചവന്‍റെ ഇഷ്ടമത്രേ ചെയ്‍വാൻ ഇച്ഛിക്കുന്നതുകൊണ്ട് എന്‍റെ വിധി നീതിയുള്ളത് ആകുന്നു. (യോഹന്നാന്‍ 5:30).
മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാൻതന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിന് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്. (1 കൊരിന്ത്യര്‍ 9:27).
2. നിങ്ങളുടെ പദ്ധതികളെ ദൈവത്തിങ്കല്‍ ഭരമേല്‍പ്പിക്കയും അവനായി കാത്തിരിക്കുകയും ചെയ്യുക.
നിങ്ങള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ കാത്തിരിക്കുവാന്‍ പഠിക്കണം. ദൈവം സംസാരിക്കുവാന്‍ നിങ്ങള്‍ തിരക്കുകൂട്ടരുത്. ദൈവം തന്‍റെ മറുപടിയില്‍ താമസം വരുത്തുമ്പോള്‍ ഒക്കേയും, അത് നിങ്ങളുടെ ക്ഷമയെ പരിശോധിക്കുവാന്‍ വേണ്ടിയാണ്. ശൌല്‍ വളരെ തിടുക്കത്തില്‍ പ്രവര്‍ത്തിച്ചു കാരണം ദൈവം മറുപടി നല്‍കുവാന്‍ താമസിക്കുന്നതായി അവനു തോന്നി, അത് അവന്‍റെ തിരസ്കരണത്തിനും കാരണമായി മാറി (1 ശമുവേല്‍ 13:10-14).
മനുഷ്യന്‍റെ ഹൃദയം തന്‍റെ വഴിയെ നിരൂപിക്കുന്നു; അവന്‍റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു. (സദൃശ്യവാക്യങ്ങള്‍ 16:9).
3. ആത്മാവില്‍ പ്രാര്‍ത്ഥിക്കുക
നാം അറിയേണ്ടതുപോലെ അറിയുന്നില്ല എന്നതാണ് നമ്മുടെ ഒരു ബലഹീനത. നാം അന്യഭാഷകളില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഒക്കെയും, നമ്മുടെ അറിവിനും പരിജ്ഞാനത്തിനും അതീതമായ കാര്യങ്ങളില്‍ നാം പരിശുദ്ധാത്മാവിന്‍റെ സഹായത്തില്‍ ആശ്രയിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ക്ക് ദൈവീകമായ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമുള്ളപ്പോള്‍ ഒക്കെയും, ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ കുറെ സമയങ്ങള്‍ ചിലവഴിക്കുക, അപ്പോള്‍ നിങ്ങളുടെ ആത്മീക മനുഷ്യനു വ്യക്തത ലഭിക്കുവാന്‍ ഇടയാകും.
26അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാർഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. 27എന്നാൽ ആത്മാവു വിശുദ്ധർക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു. (റോമര്‍ 8:26-27).
ദൈവത്തിനു നമ്മെ നയിക്കുവാന്‍ കഴിയുന്ന വ്യത്യസ്തമായ വഴികള്‍
1. ദൈവവചനം
ദൈവത്തിന്‍റെ നടത്തിപ്പിന്‍റെ പ്രാഥമീക ഉറവിടം ദൈവവചനമാകുന്നു. എഴുതപ്പെട്ട വചനം ആദ്യം സംസാരിക്കപ്പെട്ട വചനമാകുന്നു. ദൈവം രചയിതാവിന്‍റെ ഹൃദയത്തോടു അത് ആദ്യം സംസാരിക്കുവാന്‍ ഇടയായി. എഴുതപ്പെട്ട വചനം സംസാരിക്കപ്പെട്ട വചനംപോലെ തന്നെ ശക്തിയുള്ളതാണ്. എഴുതപ്പെട്ട വചനം വായിക്കുക, അപ്പോള്‍ വെളിപ്പെടുത്തപ്പെട്ട വചനം (റീമ) നിങ്ങളുടെ ആത്മാവിനു ലഭിക്കും (യോഹന്നാന്‍ 1:1).
2. ആന്തരീക സാക്ഷ്യവും പരിശുദ്ധാത്മാവിന്‍റെ ശബ്ദവും
ആന്തരീക സാക്ഷ്യം നിങ്ങള്‍ കൈക്കൊള്ളുവാന്‍ പോകുന്ന ഒരു തീരുമാനത്തെക്കുറിച്ചുള്ള നിങ്ങളുടെ ആത്മാവിലെ ഒരു ഉറപ്പാകുന്നു. നിങ്ങളുടെ ആത്മാവിലെ ഒരു പച്ച വെളിച്ചം, മഞ്ഞ വെളിച്ചം, ചുവപ്പു വെളിച്ചം പോലെയാണ് ആന്തരീക സാക്ഷ്യം. ചില സന്ദര്‍ഭങ്ങളില്‍, ഒരു തീരുമാനത്തെക്കുറിച്ച് നിങ്ങള്‍ക്ക് ശാന്തത തോന്നും; മറ്റുചില സമയങ്ങളില്‍, നിങ്ങള്‍ ഭയമുള്ളവരും അല്ലെങ്കില്‍ തീരുമാനം എടുക്കുന്നതിനു മുമ്പായി ഒരു ഇടവേള എടുക്കുവാന്‍ തോന്നിയേക്കാം. ഇവയില്‍ ഭൂരിഭാഗവും "ആന്തരീക സാക്ഷ്യം" എന്ന പേരില്‍ വിളിക്കപ്പെടുന്നു. ആന്തരീക സാക്ഷ്യം അറിയുന്നതിനും അനുസരിക്കുന്നതിനും നിങ്ങളെത്തന്നെ പരിശീലിപ്പിക്കുവാന്‍ നിങ്ങള്‍ പഠിക്കേണ്ടതാകുന്നു.
നാം ദൈവത്തിന്‍റെ മക്കൾ എന്ന് ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു, (റോമര്‍ 8:16).
ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്‍റെ മക്കൾ ആകുന്നു. (റോമര്‍ 8:14).
3. ജ്ഞാനത്തോടെയുള്ള ആലോചന
യിത്രോ മോശെയ്ക്ക് ബുദ്ധിയോടെ ആലോചന പറഞ്ഞുകൊടുത്തു, ആളുകളെ നിയന്ത്രിക്കുകയെന്ന അനുദിന സമ്മര്‍ദ്ദം അതിജീവിക്കുവാന്‍ ഈ ഉപദേശം മോശെയെ സഹായിച്ചു.
ആകയാൽ എന്‍റെ വാക്കു കേൾക്ക; ഞാൻ ഒരു ആലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിനുവേണ്ടി ദൈവസന്നിധിയിൽ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയിൽ കൊണ്ടുചെല്ലുക. (പുറപ്പാട് 18:19).
4. ദൂതന്മാരുടെ പ്രത്യക്ഷത
സമയാസമയങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുവാന്‍ വേണ്ടി പ്രത്യക്ഷ്യമാകുവാന്‍ ദൂതന്മാര്‍ക്ക് സാധിക്കും, എന്നാല്‍ ദൂതന്മാരുടെ പ്രത്യക്ഷതയെ അന്വേഷിക്കുന്നതില്‍ നാം ശ്രദ്ധയുള്ളവര്‍ ആയിരിക്കണം. ദൈവം നമ്മെ നയിക്കുവാന്‍ ആഗ്രഹിക്കുന്ന പ്രാഥമീക വഴി അവന്‍റെ വചനത്തില്‍ കൂടിയും അവന്‍റെ ആത്മാവില്‍ കൂടിയുമാണ്. ഏതു ദൂതന്‍റെ പ്രത്യക്ഷതയും ദൈവവചനത്തിന്‍റെ അധികാരത്തിനു വിധേയമായതായിരിക്കണം. ദൂതന്‍ പറഞ്ഞത് വചനത്തിനു യോജിക്കുന്ന കാര്യമല്ലെങ്കില്‍, നാം അങ്ങനെയുള്ള ദൂതന്മാരുടെ പ്രത്യക്ഷതയെ ഉപേക്ഷിച്ചു വചനത്തില്‍ ഉറച്ചുനില്‍ക്കണം. ദൂതന്മാര്‍ നമുക്ക് പ്രത്യക്ഷരാകണോ എന്ന് തീരുമാനിക്കുന്നത് ദൈവമാകുന്നു, ദൂതന്മാരുടെ പ്രത്യക്ഷതയ്ക്കായോ നടത്തിപ്പിനായോ നാം പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല.
3അവൻ പകൽ ഏകദേശം ഒമ്പതാം മണി നേരത്ത് ഒരു ദർശനത്തിൽ ഒരു ദൈവദൂതൻ തന്‍റെ അടുക്കൽ അകത്തു വരുന്നത് സ്പഷ്ടമായി കണ്ടു; കൊർന്നേല്യൊസേ, എന്നു തന്നോടു പറയുന്നതും കേട്ടു. 4അവൻ അവനെ ഉറ്റുനോക്കി ഭയപരവശനായി: എന്താകുന്നു കർത്താവേ എന്നു ചോദിച്ചു. അവൻ അവനോട്: നിന്‍റെ പ്രാർഥനയും ധർമവും ദൈവത്തിന്‍റെ മുമ്പിൽ എത്തിയിരിക്കുന്നു. 5ഇപ്പോൾ യോപ്പയിലേക്ക് ആളയച്ച്, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക. 6അവൻ തോല്ക്കൊല്ലനായ ശിമോൻ എന്നൊരുവനോടുകൂടെ പാർക്കുന്നു. അവന്‍റെ വീടു കടല്പുറത്ത് ആകുന്നു എന്നുപറഞ്ഞു. 7അവനോട് സംസാരിച്ച ദൂതൻ പോയശേഷം അവൻ തന്‍റെ വേലക്കാരിൽ രണ്ടു പേരെയും തന്‍റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായൊരു പടയാളിയെയും വിളിച്ചു. (അപ്പൊ.പ്രവൃ 10:3-7).
5. സ്വപ്നവും ദര്‍ശനവും
നമ്മുടെ ആത്മാവ് ദൈവവുമായി യോജിച്ചിരിക്കുമ്പോള്‍ നമുക്ക് ദൈവത്തിങ്കല്‍ നിന്നും തന്‍റെ നടത്തിപ്പ് പ്രാപിക്കുവാന്‍ സാധിക്കും.
"അതിന്‍റെ ശേഷമോ, ഞാൻ സകല ജഡത്തിന്മേലും എന്‍റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും". (യോവേല്‍ 2:28).
ഇന്നുമുതല്‍, നിങ്ങള്‍ ദൈവീക മാര്‍ഗ്ഗനിര്‍ദ്ദേശം ആസ്വദിക്കുവാന്‍ ആരംഭിക്കട്ടെ യേശുവിന്‍റെ നാമത്തില്‍.
കൂടുതല്‍ പഠനത്തിനു: ആവര്‍ത്തനപുസ്തകം 32:12-14, സദൃശ്യവാക്യങ്ങള്‍ 16:25.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. കര്‍ത്താവേ, അങ്ങയുടെ ആത്മാവ് എന്നോട് പറയുന്നത് എന്തെന്ന് കേള്‍ക്കുവാന്‍ വേണ്ടി എന്‍റെ കാതുകളെ തുറക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (വെളിപ്പാട് 2:7).
2. പിതാവേ, അങ്ങയെ എനിക്ക് കൂടുതലായി അറിയേണ്ടതിനു അങ്ങയുടെ ജ്ഞാനത്തിന്‍റെയും വെളിപ്പാടിന്‍റെയും ആത്മാവിനെ എനിക്ക് തരേണമേ, യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 1:17).
3. കര്‍ത്താവേ, അങ്ങയുടെ ഇഷ്ടം എന്‍റെ ജീവിതത്തില്‍ നടക്കേണമേ യേശുവിന്‍റെ നാമത്തില്‍. (മത്തായി 6:10).
4. കര്‍ത്താവേ, അനുഗമിക്കാന്‍ ശരിയായ പാത എനിക്ക് കാണിച്ചുതരേണമേ. (സങ്കീര്‍ത്തനം 25:4-5).
5. കര്‍ത്താവേ, അങ്ങയുടെ ഹിതത്തിനു പുറത്തുള്ള ഏതൊരു തെറ്റായ തീരുമാനത്തില്‍ നിന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ നിന്നും പിന്‍തിരിയുവാന്‍ എന്നെ സഹായിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 3:5-6).
6. കര്‍ത്താവേ, എന്‍റെ ജീവിതത്തില്‍ നല്ലതും തീയതുമായ തിരഞ്ഞെടുക്കലുകളെ വിവേചിച്ചറിയുവാന്‍ വേണ്ടി എന്‍റെ ആത്മീക കണ്ണുകളേയും കാതുകളെയും തുറക്കേണമേ. (എഫെസ്യര്‍ 1:18).
7. എന്നെ വഴിതെറ്റിക്കുവാനും ദൈവത്തിങ്കല്‍ നിന്നും എന്നെ അകറ്റുവാനും ആഗ്രഹിക്കുന്നതായ തെറ്റുകളുടെ ആത്മാവിനെ ഞാന്‍ തളര്‍ത്തുന്നു. (1 യോഹന്നാന്‍ 4:6).
8. പിതാവേ, ഞാന്‍ അങ്ങയുടെ ശബ്ദത്തെ അനുസരിക്കാതിരുന്ന ഏതെങ്കിലും മേഖലകളുണ്ടെങ്കില്‍ ദയവായി എന്നോട് ക്ഷമിക്കേണമേ. (1 യോഹന്നാന്‍ 1:9).
9. എന്‍റെ സ്വപ്നജീവിതം സാക്ഷാത്കരിക്കപ്പെടട്ടെ യേശുവിന്‍റെ നാമത്തില്‍. (യോവേല്‍ 2:28).
10. എന്‍റെ സ്വപ്ന ജീവിതത്തിലെ പൈശാചീക കൃത്രിമത്വങ്ങളെ ഞാന്‍ യേശുവിന്‍റെ നാമത്തില്‍ നിര്‍ത്തലാക്കുന്നു. (2 കൊരിന്ത്യര്‍ 10:4-5).
11. പിതാവേ, അനുദിനമുള്ള എന്‍റെ ക്രിസ്തീയ ജീവിതത്തിനു ജ്ഞാനത്തിന്‍റെയും വിവേചനത്തിന്‍റെയും ആത്മാവിനെ ദയവായി തരേണമേ. (യാക്കോബ് 1:5).
12. എന്‍റെ കാതുകളെ തടയുന്നതെന്തും, യേശുവിന്‍റെ നാമത്തില്‍ നീങ്ങിപോകട്ടെ. (മര്‍ക്കോസ് 7:35).
13. ദൈവീക നടത്തിപ്പിനു വിരോധമായുള്ള ആശയക്കുഴപ്പത്തിന്‍റെയും ശാഠ്യത്തിന്‍റെയും ആത്മാവിനെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ ചെറുക്കുന്നു. (1 കൊരിന്ത്യര്‍ 14:33).
14. കര്‍ത്താവേ, അങ്ങയുടെ വെളിച്ചത്താല്‍, എന്‍റെ അനുഗ്രഹത്തിന്‍റെ സ്ഥലത്തേക്ക് എന്‍റെ ചുവടുകളെ നയിക്കേണമേ യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 119:105).
15. അതേ ദൈവമേ, എന്നെ വഴിതെറ്റിക്കുവാന്‍ വേണ്ടി എനിക്ക് ചുറ്റും പിശാചിനാല്‍ നടപ്പെട്ടിരിക്കുന്ന എന്തിനേയും അഥവാ ആരേയും യേശുവിന്‍റെ നാമത്തില്‍ വേരോടെ പിഴുതുകളയേണമേ. (മത്തായി 15:13).
Join our WhatsApp Channel
Most Read
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 3● വിശ്വസിക്കുവാനുള്ള നിങ്ങളുടെ ശേഷി വിസ്തൃതമാക്കുന്നത് എങ്ങനെയാണ്.
● അധികമായ സാധനസാമഗ്രികള്‍ വേണ്ട
● സ്വര്‍ഗ്ഗത്തിന്റെ വാതിലുകള്‍ തുറക്കുകയും നരക വാതിലുകള്‍ കൊട്ടിയടയ്ക്കുകയും ചെയ്യുക
● വിശ്വസ്തനായ സാക്ഷി
● യേശു കുടിച്ച വീഞ്ഞ്
● യഹോവയെ വിളിച്ചപേക്ഷിപ്പിന്
അഭിപ്രായങ്ങള്‍