അനുദിന മന്ന
ദൈവത്തിനു വേണ്ടി ദൈവത്തോടു കൂടെ
Monday, 12th of February 2024
1
0
566
Categories :
ദൈവവുമായുള്ള അടുപ്പം (Intimacy with God)
ദൈവത്തെ അറിയുവാനായി വിളിയെ മനസ്സിലാക്കുക
ദാവീദ് ശലോമോനെ ഉപദേശിച്ചുകൊണ്ട് പറയുന്നു, "നീയോ എന്‍റെ മകനേ, ശലോമോനേ, നിന്‍റെ അപ്പന്‍റെ ദൈവത്തെ അറികയും അവനെ പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ സേവിക്കയും ചെയ്ക. . ." (1 ദിനവൃത്താന്തം 28:9).
ദാവീദിന്‍റെ ഉപദേശം ദൈവവുമായുള്ള പരിചയത്തിനുമപ്പുറം പോകുന്നു; സര്‍വ്വശക്തനായ ദൈവവുമായുള്ള ആഴമായ, വ്യക്തിപരമായ ഒരു ബന്ധത്തിനായുള്ള ഒരു വിളിയാകുന്നിത്. "നിന്‍റെ അപ്പന്‍റെ ദൈവത്തെ അറിയുക" എന്ന ഈ ഉപദേശം ഒരു നിഷ്ക്രിയമായ നിര്‍ദ്ദേശമല്ല മറിച്ച് കര്‍ത്താവുമായുള്ള അഭേദ്യമായ ഒരു ബന്ധം വളര്‍ത്തുവാനുള്ള നിര്‍ബന്ധപൂര്‍വ്വമായ ഒരു ക്ഷണനമാകുന്നു. യോഹന്നാന്‍ 17:3ല്‍ പ്രതിധ്വനിക്കുന്ന ഒരു സുപ്രധാന സത്യത്തെ ഇത് എടുത്തുകാട്ടുന്നു, അവിടെ പറയുന്നത് നിത്യജീവന്‍റെ അന്തഃസത്ത പിതാവിനെയും യേശുക്രിസ്തുവിനേയും അറിയുന്നതാകുന്നു എന്നാണ്. ഈ അറിവ് ഉപരിപ്ലമായതല്ല മറിച്ച് ആഴമേറിയതും, അനുഭവപരമായ ജ്ഞാനവും, ബന്ധവും ഉള്‍പ്പെടുന്നതാണ്.
പാരമ്പര്യമായ വിശ്വാസത്തിന്മേലുള്ള വ്യക്തിപരമായ ബന്ധം.
ശലോമോനോടുള്ള ദാവീദിന്‍റെ ആലോചന നിര്‍ണ്ണായകമായ ഒരു ആത്മീക തത്വത്തെ അടിവരയിടുന്നു: വിശ്വാസവും, ദൈവവുമായുള്ള ബന്ധവും പാരമ്പര്യമായ സ്വത്തല്ല. ഓരോ വ്യക്തികളും കുടുംബ ബന്ധങ്ങളില്‍ നിന്നും സ്വതന്ത്രമായി, ദൈവവുമായുള്ള അവരുടെ സ്വന്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കണം. ഇതിന്‍റെ അര്‍ത്ഥം നിങ്ങള്‍ക്ക് നിങ്ങളുടെ മാതാപിതാക്കള്‍ക്ക് ദൈവവുമായുള്ള ബന്ധത്തിന്‍റെ പിന്നാലെ പോകുവാന്‍ കഴിയുകയില്ല എന്നതാകുന്നു. ദൈവവുമായി നിങ്ങള്‍ക്ക് നിങ്ങളുടേതായ ബന്ധങ്ങള്‍ ഉണ്ടായിരിക്കണം. ദാവീദ് ദൈവത്തെ വളരെ അടുത്തറിയുവാന്‍ ഇടയായി. ഇപ്പോള്‍, ദൈവവുമായി ഒരു അഭേദ്യമായ ബന്ധം ശലോമോന്‍ വളര്‍ത്തേണ്ടതായ സമയമാകുന്നു.
ഇന്ന്, തങ്ങളുടെ മാതാപിതാക്കളോടും, തങ്ങളുടെ ജീവിത പങ്കാളിയോടും, അതുപോലെ ആത്മീക നേതൃത്വങ്ങളോടും എപ്പോഴും പ്രാര്‍ത്ഥന ആവശ്യപ്പെടുന്ന അനേകം ആളുകളുണ്ട്, അവര്‍ ഒരിക്കലും പ്രാര്‍ത്ഥനയ്ക്കോ, ആരാധനയ്ക്കോ, അഥവാ ദൈവവചനം ധ്യാനിക്കുന്നതിനോ സമയങ്ങള്‍ വേര്‍തിരിക്കാറില്ല. തീര്‍ച്ചയായും, നമ്മുടെ പ്രിയപ്പെട്ടവരോടു പ്രാര്‍ത്ഥന ആവശ്യപ്പെടുന്നതില്‍ യാതൊരു തെറ്റുമില്ല, എന്നാല്‍ നാം നമുക്കുവേണ്ടി തന്നെ പ്രാര്‍ത്ഥിക്കേണ്ടതായ സമയം വരുന്നുണ്ട്. ഇതിനുവേണ്ടി, ഞാനും നിങ്ങളും കര്‍ത്താവിനെ അറിയേണ്ടത് ആവശ്യമാണ്.
ഉപരിപ്ലമായ ഒരു ആത്മീകതയ്ക്ക് അപ്പുറമായി ഓരോരുത്തരും ദൈവവുമായി വ്യക്തിപരമായതും നേരിട്ടുമുള്ളതായ ഒരു ബന്ധത്തിലേക്ക് പോകേണ്ടതുണ്ട് എന്ന് ഊന്നിപറഞ്ഞുകൊണ്ട്, ഈ തത്വം ഇന്നും പ്രസക്തമായി നില്‍ക്കുന്നു.
ബന്ധത്തിന്‍റെയും സേവനത്തിന്‍റെയും ക്രമം.
"പൂർണഹൃദയത്തോടും നല്ല മനസ്സോടുംകൂടെ സേവിക്കയും ചെയ്ക" എന്ന ശലോമോനോടുള്ള ദാവീദിന്‍റെ ഉപദേശം, ദൈവത്തെ സേവിക്കുന്നതിലെ സന്തോഷത്തേയും പദവിയേയും എടുത്തുകാണിക്കുന്നതാണ്. ആരാധനയുടെ ഒരു രൂപമെന്ന നിലയില്‍ സേവനം, ക്രിസ്തുവിന്‍റെ സ്നേഹവും സന്ദേശവും മറ്റുള്ളവരിലേക്ക് എത്തിക്കുന്നു, മാത്രമല്ല അത് പ്രത്യാശയും ആശ്വാസവും വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. എന്നാല്‍, സേവനത്തിനു മേലുള്ള ബന്ധത്തിന്‍റെ മുനഗണനയെ ദാവീദ് ഊന്നിപറയുന്നു. ദൈവത്തോടുള്ള ഏതൊരു സേവനത്തിന്‍റെയും അടിസ്ഥാനം ദൈവവുമായുള്ള വ്യക്തിപരമായ, അഭേദ്യമായ ബന്ധത്തില്‍ വേരൂന്നിയതാണ്. ഈ അടിസ്ഥാനം കൂടാതെ, സേവനം നിരാശയുടെയും നഷ്ടത്തിന്‍റെയും ഉറവിടമായി മാറുവാനുള്ള സാദ്ധ്യതയുണ്ട്. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങളില്‍ കയ്പ്പും മുറിവും ഉണ്ടാകുന്നതില്‍ നിങ്ങള്‍ ചെന്നെത്തും.
ദൈവവുമായി വ്യക്തിപരമായ ഒരു ബന്ധത്തിന്‍റെ ശക്തമായ ഒരു അടിത്തറയില്ലാതെ ദൈവത്തെ സേവിക്കുന്നത് ആത്മീകമായ ക്ഷീണത്തിലേക്ക് നയിച്ചേക്കാം. ഈ വെല്ലുവിളികള്‍ ദൈവവുമായുള്ള ഒരാളുടെ വ്യക്തിപരമായ ബന്ധത്തെ പുനരവലോകനം ചെയ്യുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ സൂചിപ്പിക്കുന്നു. പ്രാര്‍ത്ഥനയിലൂടെ, ധ്യാനത്തിലൂടെ, ദൈവവചന പഠനത്തിലൂടെ ദൈവവുമായി മൂല്യമേറിയ ചില സമയങ്ങള്‍ ചിലവഴിക്കുന്നത്, സേവനവും ആത്മീക വളര്‍ച്ചയും തമ്മിലുള്ള ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനു നിര്‍ണ്ണായകമാകുന്നു.
സ്നേഹത്തിന്‍റെ കല്പന
ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ കാതലായ കാര്യം നാം പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണ ആത്മാവോടും, പൂര്‍ണ്ണ മനസ്സോടും കൂടെ ദൈവത്തെ സ്നേഹിക്കുവാനുള്ള കല്പനയാണ് (മത്തായി 22:37). ഈ കല്പന നമ്മുടെ വിശ്വാസ യാത്രയുടെ സാരാംശം ഉള്‍ക്കൊള്ളുന്നു, നാമായിരിക്കുന്നതിന്‍റെ സമസ്ത വശങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു സ്നേഹത്തിലേക്ക് ഇത് നമ്മെ നയിക്കുന്നു. ദൈവത്തെ നാം ആഴമായും പൂര്‍ണ്ണമായും സ്നേഹിക്കുന്നതിലൂടെയാണ് അവനെ ഫലപ്രദമായും സന്തോഷത്തോടെയും സേവിക്കാനുള്ള ശക്തിയും പ്രചോദനവും നാം കണ്ടെത്തുന്നത്.
പ്രാര്‍ത്ഥന
1. കര്‍ത്താവേ, ജ്ഞാനത്തിന്‍റെ ആരംഭമായിരിക്കുന്ന, ജ്ഞാനത്തിന്‍റെ നിര്‍ദ്ദേശമായിരിക്കുന്ന, ജീവന്‍റെ ഒരു ഉറവായിരിക്കുന്ന, അങ്ങയുടെ ഭക്തി എന്നില്‍ പ്രവര്‍ത്തിക്കേണമേ, അങ്ങനെ മരണത്തിന്‍റെ കെണികളില്‍ നിന്നും ഞാന്‍ പിന്തിരിയട്ടെ.
2. അങ്ങയുടെ നാമത്തെ ഭയപ്പെടുവാന്‍ എന്‍റെ ഹൃദയത്തെ എകീകരിക്കേണമേ, അങ്ങനെ എന്‍റെ ജീവിതകാലം മുഴുവനും ഞാന്‍ അങ്ങയുടെ കല്പന പ്രമാണിക്കും. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 19: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും● ദിവസം 27: 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● യൂദായുടെ പതനത്തില് നിന്നുള്ള 3 പാഠങ്ങള്
● ദൈവത്തിന്റെ ശക്തിയുള്ള കരത്താല് മുറുകെപിടിക്കപ്പെടുക
● താലന്തിനു മീതെയുള്ളതായ സ്വഭാവം
● ദിവസം 06 :21 ദിവസത്തെ ഉപവാസവും പ്രാര്ത്ഥനയും
● അവന് മുഖാന്തരം പരിമിതികള് ഒന്നുമില്ല
അഭിപ്രായങ്ങള്‍