അനുദിന മന്ന
ഒന്നുമല്ലാത്തതിനു വേണ്ടിയുള്ള പണം
Wednesday, 3rd of April 2024
1
0
528
Categories :
പണം (Money)
ലോകം പഠിപ്പിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി നാം നമ്മുടെ ജീവിതം നയിക്കണമെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു, ഇത് പ്രത്യേകിച്ച് സാമ്പത്തീക കാര്യങ്ങളില്‍ വളരെ സത്യമായ ഒന്നാണ്. ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ക്രിസ്തുവിനോടുള്ള അനുസരണത്തിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ പരിശോധനകളില്‍ ഒന്ന് എങ്ങനെ നാം നമ്മുടെ ധനം വിനിമയം ചെയ്യുന്നു എന്നുള്ളതാണ്. നാം എങ്ങനെ സമ്പാദിക്കുന്നു എന്നും എപ്രകാരം അതിനെ ചിലവഴിക്കുന്നുവെന്നും നിരീക്ഷിക്കുന്ന ഒരുവന്‍ ദൈവം മാത്രമല്ല; നമ്മുടെ കുഞ്ഞുങ്ങള്‍ പോലും നമ്മുടെ ചെലവ് ശീലങ്ങള്‍ക്കു സാക്ഷികള്‍ ആകുന്നു. പണം നാം എങ്ങനെ ചിലവഴിക്കുന്നു എന്നത് സത്യമായും നമുക്ക് പ്രാധാന്യമുള്ളത് എന്താണെന്ന് വെളിപ്പെടുത്തുന്നു.
തിരുവചനം പറയുന്നു, "നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും". (മത്തായി 6:21).
പണത്തെ സംബന്ധിച്ചുള്ള നമ്മുടെ മനോഭാവം ഉറപ്പിച്ചിരിക്കുന്നത് നമ്മുടെ ഹൃദയത്തിലാകുന്നു, അതുകൊണ്ട് നാം എങ്ങനെ പണം കൈകാര്യം ചെയ്യുന്നു എന്നത് ഹൃദയത്തിന്‍റെ ഒരു പ്രശ്നമാകുന്നു. ഹൃദയം തലയുമായി ചേര്‍ന്നിരിക്കുന്നു എന്നതാണ് മിക്ക ആളുകള്‍ക്കും ഉള്ളതായ വെല്ലുവിളി, എന്നാല്‍ വേദപുസ്തകം പണത്തെക്കുറിച്ച് പഠിപ്പിക്കുന്നതല്ല തല എല്ലായിപ്പോഴും ചിന്തിക്കുന്നത്. പ്രവാചകനായ യെശയ്യാവ് ഈ പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നുണ്ട്, താന്‍ ചോദിക്കുന്നു, "അപ്പമല്ലാത്തതിനു ദ്രവ്യവും തൃപ്തിവരുത്താത്തതിനു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്? എന്‍റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ; പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ". (യെശയ്യാവ് 55:2).
ജ്ഞാനത്തോടെ ധനം ചിലവഴിക്കുക എന്നത് വെല്ലുവിളി നിറഞ്ഞതാണ്, എന്നാല്‍ അതിന്‍റെ പ്രയോജനം വിലമതിയ്ക്കാനാകാത്തതാണ്. സഭാപ്രസംഗി 10:19ല്‍ എഴുതിയിരിക്കുന്നതുപോലെ, പണം സംസാരിക്കുന്നു, "സന്തോഷത്തിനായിട്ടു വിരുന്നു കഴിക്കുന്നു; വീഞ്ഞ് ജീവനെ ആനന്ദിപ്പിക്കുന്നു; ദ്രവ്യമോ സകലത്തിനും ഉതകുന്നു". പണം നമ്മോടു സംസാരിക്കുന്നു മാത്രമല്ല നമ്മെക്കുറിച്ചുള്ള കാര്യങ്ങളേയും പ്രസ്താവിക്കുന്നു, അത് പറയുന്നത് ഗൌരവമേറിയതുമാകുന്നു. സാമ്പത്തീക കാര്യങ്ങള്‍ പ്രാധാന്യമുള്ളതാണ്. ഒരുവന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു, "നാം ഉള്ളില്‍ ശരിക്കും ആരായിരിക്കുന്നു എന്നതിനെ പണം വളര്‍ത്തുന്നു". അതിനാലാണ് ക്രിസ്ത്യാനികള്‍ക്ക് അനേകം നല്ല കാരണങ്ങളാല്‍ പണം പ്രാധാന്യമായിരിക്കുന്നത്. നാം എപ്രകാരം പണം കൈകാര്യം ചെയ്യുന്നുവോ അഥവാ അതിനാല്‍ കൈകാര്യം ചെയ്യപ്പെടുവാന്‍ നമ്മെത്തന്നെ അനുവദിക്കുകയോ ചെയ്യുന്നതിനു നമ്മെ ആത്മീകമായി വളര്‍ത്തുന്നതിനോ അല്ലെങ്കില്‍ നമ്മുടെ വളര്‍ച്ചയെ കണ്ടമാനം മുരടിപ്പിക്കുകയോ ചെയ്യുവാനുള്ള ശക്തിയുണ്ട്.
ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, ഭൌതീക വിഭവങ്ങളുടെ നല്ല കാര്യസ്ഥന്മാരാകുവാനുള്ള കഴിവിനെ വികസിപ്പിക്കേണ്ടത് തീര്‍ച്ചയായും അത്യന്താപേക്ഷിതമാണ്. പണം നമ്മോടു എന്താണ് പറയുന്നതെന്ന് നിര്‍ണ്ണയിക്കുന്നത് ദൈവത്തോടുള്ള നമ്മുടെ ഹൃദയത്തിന്‍റെ മനോഭാവമാണ്. പണവുമായുള്ള നമ്മുടെ ബന്ധം ശരിക്കും ദൈവവുമായുള്ള നമ്മുടെ ബന്ധവുമായി യോജിക്കുന്നതായിരിക്കണം. അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "എന്‍റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും". (ഫിലിപ്പിയര്‍ 4:19). നാം ദൈവത്തിന്‍റെ കരുതലില്‍ ആശ്രയിക്കുകയും നമ്മുടെ ധനംകൊണ്ട് ദൈവത്തെ ബഹുമാനിക്കുവാന്‍ ശ്രമിക്കയും ചെയ്യുമ്പോള്‍, അനുസരണത്തില്‍ നടക്കുന്നതില്‍ നിന്നും വരുന്നതായ സംതൃപ്തിയും സമൃദ്ധിയും നമുക്ക് അനുഭവിക്കുവാന്‍ സാധിക്കും.
ധനം കൈകാര്യം ചെയ്യുന്നതിലെ വേദപുസ്തക തത്വങ്ങളിലൊന്നു ദശാംശം എന്ന ആശയമാണ്. മലാഖി 3:10ല്‍, ദൈവത്തിന്‍റെ ജനം തങ്ങളുടെ സാമ്പത്തീക കാര്യങ്ങളാല്‍ ദൈവത്തില്‍ ആശ്രയിക്കുവാന്‍ ദൈവം വെല്ലുവിളിക്കുന്നു, അവിടെ പറയുന്നു, "എന്‍റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന് നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്ക് ആകാശത്തിന്‍റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു". നാം ആദ്യം ദൈവത്തിനായി കൊടുക്കുകയും നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ വേണ്ടി അവനില്‍ ആശ്രയിക്കയും ചെയ്യുമ്പോള്‍, നാം നമ്മുടെ വിശ്വാസവും അനുസരണവുമാണ് പ്രകടിപ്പിക്കുന്നത്, മാത്രമല്ല ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ക്കായി നാം നമ്മെത്തന്നെ തുറന്നുകൊടുക്കയും ചെയ്യുന്നു.
മറ്റൊരു പ്രധാനപ്പെട്ട തത്വം കടം ഒഴിവാക്കലാണ്. സദൃശ്യവാക്യങ്ങള്‍ 22:7 ഇങ്ങനെ മുന്നറിയിപ്പ് നല്‍കുന്നു, "ധനവാൻ ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവനു ദാസൻ". നാം കടത്തിനു അടിമകളായി മാറുമ്പോള്‍, ഔദാര്യമനസ്കര്‍ ആകുവാനുള്ള നമ്മുടെ കഴിവിനേയും, നമ്മുടെ ജീവിതത്തിലെ ദൈവത്തിന്‍റെ നടത്തിപ്പിനേയും നാം പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. പകരമായി, നമുക്കുള്ള സൌകര്യത്തിനുള്ളില്‍ നാം ജീവിക്കുവാനും നമുക്കുള്ളതുകൊണ്ടു തൃപ്തിപ്പെടുവാനും നാം പരിശ്രമിക്കണം, പൌലോസ് ഫിലിപ്പിയര്‍ 4:11-12 വരെയുള്ള വാക്യങ്ങളില്‍ എഴുതിയിരിക്കുന്നു, "ബുദ്ധിമുട്ടു നിമിത്തമല്ല ഞാൻ പറയുന്നത്; ഉള്ള അവസ്ഥയിൽ അലംഭാവത്തോടിരിപ്പാൻ ഞാൻ പഠിച്ചിട്ടുണ്ട്. താഴ്ചയിൽ ഇരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും എനിക്ക് അറിയാം; തൃപ്തനായിരിപ്പാനും വിശന്നിരിപ്പാനും സമൃദ്ധിയിൽ ഇരിപ്പാനും ബുദ്ധിമുട്ട് അനുഭവിപ്പാനും എല്ലാം ഞാൻ ശീലിച്ചിരിക്കുന്നു".
ആത്യന്തീകമായി, നമ്മുടെ പണത്തിന്‍റെ ഉപയോഗം നമ്മുടെ ഹൃദയത്തിന്‍റെയും മുന്‍ഗണനകളുടേയും ഒരു പ്രതിഫലനം ആകുന്നു. തനിക്കുതന്നെ സമ്പാദ്യം ശേഖരിച്ചു വെക്കുകയും എന്നാല്‍ ദൈവീക കാര്യങ്ങളില്‍ സമ്പന്നന്‍ ആകാതിരിക്കയും ചെയ്ത ഒരു ധനവാനായ മനുഷ്യന്‍റെ ഉപമ കര്‍ത്താവായ യേശു പറയുകയുണ്ടായി (ലൂക്കോസ് 12:16-21). അവന്‍ നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു, "പിന്നെ അവരോട്: സകല ദ്രവ്യാഗ്രഹവും സൂക്ഷിച്ച് ഒഴിഞ്ഞുകൊൾവിൻ; ഒരുത്തനു സമൃദ്ധി ഉണ്ടായാലും അവന്‍റെ വസ്തുവകയല്ല അവന്‍റെ ജീവന് ആധാരമായിരിക്കുന്നത് എന്നു പറഞ്ഞു". (ലൂക്കോസ് 12:15). പകരമായി, നമ്മുടെ സകല ആവശ്യങ്ങളും നിറവേറ്റപ്പെടും എന്ന വിശ്വാസത്തോടെ, മുന്നവേ നാം ദൈവത്തിന്‍റെ രാജ്യവും നീതിയും അന്വേഷിക്കുവാന്‍ വേണ്ടി വിളിക്കപ്പെട്ടവര്‍ ആകുന്നു. (മത്തായി 6:33).
ക്രിസ്ത്യാനികള്‍ എന്ന നിലയില്‍, ദൈവത്തെ ആദരിക്കുകയും മറ്റുള്ളവരെ അനുഗ്രഹിക്കുകയും ചെയ്യുന്നതായ രീതിയില്‍ നമ്മുടെ പണത്തെ ഉപയോഗിക്കുവാനുള്ള അവസരം നമുക്കുണ്ട്. ദൈവം നമ്മെ ഏല്‍പ്പിച്ചിരിക്കുന്ന വിഭവങ്ങളുടെ നല്ല കാര്യസ്ഥന്മാരായിരിക്കുന്നതിലൂടെ, അവന്‍റെ ഹിതം അനുസരിച്ച് നടക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷവും സ്വാതന്ത്ര്യവും നമുക്ക് അനുഭവിക്കുവാന്‍ കഴിയും. പണവുമായുള്ള നമ്മുടെ ബന്ധം ആത്യന്തീകമായി ദൈവവുമായുള്ള നമ്മുടെ ബന്ധത്തിന്‍റെ പ്രതിഫലനമാണെന്ന് നമുക്ക് എപ്പോഴും ഓര്‍മ്മിക്കാം, മാത്രമല്ല ദൈവത്തിന്‍റെ നാമത്തിനു മഹത്വം കൊണ്ടുവരുന്ന നിലയില്‍ നമ്മുടെ സാമ്പത്തീകത്തെ ഉപയോഗിക്കുവാന്‍ നമുക്ക് തയ്യാറാകാം.
പ്രാര്‍ത്ഥന
പിതാവേ, വിനിമയത്തിനായി അങ്ങ് എനിക്ക് നല്‍കിയിരിക്കുന്ന സകല ഉറവിടങ്ങളേയും, പ്രത്യേകിച്ച് പണത്തെ നന്നായി കൈകാര്യം ചെയ്യുവാനുള്ള കൃപ അങ്ങ് എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തെ സ്തുതിക്കുന്നതിനുള്ള വേദപുസ്തകപരമായ കാരണങ്ങള്● പര്വതങ്ങളുടെയും താഴ്വരയുടേയും ദൈവം
● വലിയവരായ സ്ത്രീകളും പുരുഷന്മാരും പരാജയപ്പെടുന്നത് എന്തുകൊണ്ട് - 2
● അവര് ചെറിയ രക്ഷകന്മാര് ആകുന്നു
● ദൈവം എങ്ങനെയാണ് കരുതുന്നത് #4
● വിത്തിന്‍റെ ശക്തി - 3
● ദിവസം 15: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
അഭിപ്രായങ്ങള്‍