അനുദിന മന്ന
സമ്പൂര്‍ണ്ണ ദൈവഹിതത്തിനായി പ്രാര്‍ത്ഥിക്കുക
Saturday, 6th of April 2024
1
0
614
Categories :
ദൈവഹിതം (Will of God)
ഭൂമിയില്‍ ജീവിച്ചിരുന്നിട്ടുള്ളവരില്‍ ഏറ്റവും ജ്ഞാനിയായ രാജാക്കന്മാരില്‍ ഒരുവനായിരുന്ന ശലോമോന്‍, നാവിന്‍റെ ശക്തിയെക്കുറിച്ച് ആഴമേറിയ രീതിയില്‍ ഇപ്രകാരം
എഴുതുകയുണ്ടായി: "മരണവും ജീവനും നാവിന്‍റെ അധികാരത്തിൽ ഇരിക്കുന്നു; അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും". (സദൃശ്യവാക്യങ്ങള്‍ 18:21).
രോഗങ്ങള്‍, വാര്‍ദ്ധക്യം, അപകടങ്ങള്‍ മുതലായവയില്‍ നിന്നു മാത്രമല്ല, മറിച്ച് നാവില്‍ നിന്നും മരണം സംഭവിക്കുന്നു എന്ന് ഈ വാക്യം വെളിപ്പെടുത്തുന്നു. അതുപോലെ, ജീവനും മാനുഷീക പ്രവൃത്തികളില്‍ നിന്നു മാത്രമല്ല പ്രത്യുത നാവില്‍ നിന്നും വരുന്നു.
ആ വാക്യത്തില്‍ പിന്നേയും ഇങ്ങനെ പറയുന്നു, "അതിൽ ഇഷ്ടപ്പെടുന്നവർ അതിന്‍റെ ഫലം അനുഭവിക്കും", അതായത് തങ്ങളുടെ നാവിനെ സൂക്ഷിക്കുന്നവര്‍ അതിന്‍റെ ഗുണങ്ങള്‍ ആസ്വദിക്കുമെന്നും അല്ലാത്തവര്‍ അതിന്‍റെ അനന്തരഫലങ്ങള്‍ അനുഭവിക്കുമെന്നുമാണ് ഇത് നിര്‍ദ്ദേശിക്കുന്നത്. ആകയാല്‍, ജീവനോ അല്ലെങ്കില്‍ മരണമോ കൊണ്ടുവരുവാന്‍ ഒരുവനു തങ്ങളുടെ നാവിനെ ഉപയോഗിക്കാം. അപ്പോസ്തലനായ യാക്കോബ് ഇപ്രകാരം എഴുതിയിരിക്കുന്നു, "അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു. ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല". (യാക്കോബ് 3:9-10).
പ്രാര്‍ത്ഥനയിലെ നാവിന്‍റെ ശക്തി
പ്രാര്‍ത്ഥനയോടുള്ള ബന്ധത്തില്‍, നാവു നിര്‍ണ്ണായകമായ പങ്കു വഹിക്കുന്നു. പലപ്പോഴും, ചില കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാനുള്ള പ്രേരണയോ അഥവാ നിയോഗമോ നമുക്കുണ്ടാകാം, എന്നാല്‍ പ്രശ്നത്തെ എങ്ങനെ സമീപിക്കണമെന്ന് നമുക്ക് നിശ്ചയമില്ല. ഇവിടെയാണ് പരിശുദ്ധാത്മാവ്, അന്യഭാഷകളില്‍ സംസാരിക്കുവാനുള്ള വരത്തില്‍ കൂടി, ദൈവത്തിന്‍റെ ഹിതത്തിനു അനുസരിച്ച് നമ്മുടെ പ്രാര്‍ത്ഥനകളെ രൂപപ്പെടുത്തുവാന്‍ സഹായിക്കുന്നത്.
അപ്പോസ്തലനായ പൌലോസ് എഴുതുന്നു, "അവ്വണ്ണംതന്നെ ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്ക്കുന്നു. വേണ്ടുംപോലെ പ്രാർഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവുതന്നെ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാൽ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാൽ ആത്മാവു വിശുദ്ധർക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്‍റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവൻ അറിയുന്നു". (റോമര്‍ 8:26-27).
നാം അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, പരിശുദ്ധാത്മാവ് തന്നെ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നതിനാല്‍, നാം ദൈവത്തിന്‍റെ സമ്പൂര്‍ണ്ണ ഹിതത്തിലാണ് പ്രാര്‍ത്ഥിക്കുന്നത്. ദൈവവുമായി ആശയവിനിമയം നടത്തുന്നതിനും ദൈവത്തിന്‍റെ ഹിതവുമായി നമ്മുടെ പ്രാര്‍ത്ഥനകളെ യോജിപ്പിക്കുന്നതിനും വേണ്ടി ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ശക്തമായ ഒരു ഉപകരണമാണിത്. പൌലോസ് 1 കൊരിന്ത്യര്‍ 14:2ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു, "അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമങ്ങളെ സംസാരിക്കുന്നു".
ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്നതിന്‍റെ പ്രയോജനങ്ങള്‍.
ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്നതുകൊണ്ട് അനവധി പ്രയോജനങ്ങളുണ്ട്. ഒന്നാമതായി, ഇത് നമ്മുടെ വിശ്വാസത്തെ പണിയുന്നു. യൂദാ എഴുതുന്നു, "നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കുതന്നെ ആത്മികവർധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും". (യൂദാ 1:20). നാം അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നാം നമ്മുടെ വിശ്വാസത്തേയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തേയും ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.
രണ്ടാമതായി, ദൈവത്തിന്‍റെ ഹിതം അനുസരിച്ച് പ്രാര്‍ത്ഥിക്കുവാന്‍ ആത്മാവിലുള്ള പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. നാം നമ്മെത്തന്നെ പരിശുദ്ധാത്മാവിനു സമര്‍പ്പിക്കുകയും നമ്മിലൂടെ പ്രാര്‍ത്ഥിക്കുവാന്‍ നാം അവനെ അനുവദിക്കയും ചെയ്യുമ്പോള്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണമായ പദ്ധതിയ്ക്ക് അനുസൃതമായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കുവാന്‍ സാധിക്കും. നാം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോഴും അല്ലെങ്കില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണമെന്ന് നമുക്ക് അറിയാതിരിക്കുമ്പോഴും ഇത് പ്രത്യേകിച്ച് പ്രധാനപ്പെട്ടതാകുന്നു.
മൂന്നാമതായി, അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുന്നത് ശത്രുവിനെതിരെ ശക്തമായ ഒരു ആയുധമാണ്. എഫെസ്യര്‍ 6:18ല്‍, പൌലോസ് ഇങ്ങനെ എഴുതുന്നു, "സകല പ്രാർഥനയാലും യാചനയാലും ഏതു നേരത്തും ആത്മാവിൽ പ്രാർഥിച്ചും അതിനായി ജാഗരിച്ചുംകൊണ്ടു, സകല വിശുദ്ധന്മാർക്കും എനിക്കുംവേണ്ടി പ്രാർഥനയിൽ പൂർണസ്ഥിരത കാണിപ്പിൻ". നാം ആത്മാവില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നാം ആത്മീക പോരാട്ടത്തില്‍ വ്യാപൃതരാകുകയും ഇരുട്ടിന്‍റെ ശക്തികളെ പുറകോട്ടു തള്ളുകയുമാണ് ചെയ്യുന്നത്.
പ്രായോഗീകമായ ഉപയുക്തത
ശക്തിയേറിയ ഈ വരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍, ആത്മാവില്‍ പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം സമയം വേര്‍തിരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാകുന്നു. ഇത് നിങ്ങളുടെ അനുദിന ധ്യാനത്തിന്‍റെ സമയമായിരിക്കാം, കാറില്‍ യാത്രചെയ്യുന്ന സമയമാകാം, അല്ലെങ്കില്‍ വീട്ടുജോലികള്‍ ചെയ്യുന്ന സമയം പോലുമാകാം. പ്രധാനപ്പെട്ട കാര്യം ഇത് നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതത്തിലെ പതിവ് ഭാഗമാക്കുക എന്നുള്ളതാണ്.
നിങ്ങള്‍ അന്യഭാഷയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, നിങ്ങള്‍ സംസാരിക്കുന്ന വാക്കുകള്‍ നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എങ്കില്‍ പോലും, പരിശുദ്ധാത്മാവ് നിങ്ങള്‍ക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു എന്നും നിങ്ങളുടെ പ്രാര്‍ത്ഥന ഒരു മാറ്റമുണ്ടാക്കുന്നു എന്നും നിങ്ങള്‍ വിശ്വസിക്കുക. ഓര്‍ക്കുക, "നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നു". (യാക്കോബ് 5:16).
ആകയാല്‍, നന്മയ്ക്കോ തിന്മയ്ക്കോ വേണ്ടി ഉപയോഗിക്കുവാന്‍ കഴിയുന്ന ശക്തമായ ഒരു ആയുധമാണ് നാവ്. നാം നമ്മുടെ നാവുകള്‍ പരിശുദ്ധാത്മാവിനു വിട്ടുകൊടുക്കുകയും ആത്മാവില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോള്‍, അനുഗ്രഹത്തിന്‍റെയും മദ്ധ്യസ്ഥതയുടേയും ശക്തമേറിയ ഉറവിടത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഇതിനെ നമ്മുടെ പ്രാര്‍ത്ഥനാ ജീവിതത്തിലെ ഒരു പതിവ് ഭാഗമാക്കുമ്പോള്‍, നാം ഗൌരവമേറിയ ഫലങ്ങള്‍ കാണുകയും നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ സമ്പൂര്‍ണ്ണമായ ഹിതം നാം അനുഭവിക്കയും ചെയ്യും.
ഏറ്റുപറച്ചില്‍
ഞാന്‍ അന്യഭാഷയില്‍ സംസാരിക്കുമ്പോള്‍, ഞാന്‍ സമ്പൂര്‍ണ്ണ ദൈവഹിതത്തിലാണ് പ്രാര്‍ത്ഥിക്കുന്നത് എന്ന് യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തീരുമാനിക്കയും പ്രഖ്യാപിക്കയും ചെയ്യുന്നു. എന്‍റെ ശത്രുക്കളെ പോലും ഞെട്ടിപ്പിക്കുന്ന മഹത്തകരമായ ഫലങ്ങള്‍ ഞാന്‍ തീര്‍ച്ചയായും കാണും.
Join our WhatsApp Channel
Most Read
● നിരാശയെ എങ്ങനെ അതിജീവിക്കാം● മാതൃകയാല് നയിക്കുക
● ദൈവത്തോട് അടുത്ത് ചെല്ലുക
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
● ആരാണ് നിങ്ങളെ നയിക്കുന്നത്?
● ആ കാര്യങ്ങള് സജീവമാക്കുക
● രഹസ്യമായ കാര്യങ്ങളെ മനസ്സിലാക്കുക
അഭിപ്രായങ്ങള്‍