സഭയ്ക്കുള്ളിലെ ഐക്യതയ്ക്ക് വേദപുസ്തകം വലിയ ഊന്നല്‍ നല്‍കുന്നുണ്ട്. എഫെസ്യര്‍ 4:3ല്‍, അപ്പോസ്തലനായ പൌലോസ് വിശ്വാസികളെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു, "ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ". ഈ ഐക്യതയ്ക്കെതിരെയുള്ള ഏറ്റവും വലിയ ഭീഷണികളിലൊന്ന് ദൂഷണമെന്ന പാപമാണ്. സഭയിലെ ജനങ്ങള്‍ മറ്റുള്ളവര്‍ക്കെതിരായുള്ള അപവാദങ്ങളിലും തെറ്റായ ആരോപണങ്ങളിലും ഏര്‍പ്പെടുമ്പോള്‍, അത് ബന്ധങ്ങളെ വിഷലിപ്തമാക്കുകയും സഭയാകുന്ന ശരീരത്തെ ഭിന്നിപ്പിക്കയും ചെയ്യുന്നു. ക്രിസ്ത്യാനികളെന്ന നിലയില്‍, ഈ നാശകരമായ പാപത്തിനെതിരെ നാം ജാഗ്രത പാലിക്കണം.
ദൂഷണത്തിന്‍റെ വിനാശകശേഷി
ഒരു വ്യക്തിയുടെ പ്രശസ്തിയ്ക്ക് കോട്ടം വരുത്തുന്ന തെറ്റായ ഒരു പ്രസ്താവനയാണ് ദൂഷണം എന്നത്. സദൃശ്യവാക്യങ്ങള്‍ 10:18 പറയുന്നു, "പക മറച്ചുവയ്ക്കുന്നവൻ പൊളിവായൻ; ഏഷണി പറയുന്നവൻ ഭോഷൻ". വിദ്വേഷമുള്ള ഹൃദയത്തില്‍ നിന്നും ദൂഷണം ഒഴുകുകയും വലിയ നാശം വിതയ്ക്കുകയും ചെയ്യുന്നു. യാക്കോബ് 3:5-6 വാക്യങ്ങളില്‍ നാവിനെ ഒരു ചെറിയ തീപ്പൊരിയോടു ഉപമിക്കുന്നു, "അത് ജീവിതത്തിന്‍റെ മുഴുവന്‍ ഗതിയേയും കത്തിക്കുന്നു". ദൂഷണം സുഹൃത്തുക്കളേയും, കുടുംബങ്ങളേയും, സഭകളേയും ഭിന്നിപ്പിക്കുന്നു.
മുമ്പിലെത്തുവാന്‍ മറ്റുള്ളവരെ വെട്ടിനിരത്തുന്ന ക്രൂരമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. എന്നാല്‍ സഭയ്ക്കുള്ളില്‍ നാം ഒരു ഉയര്‍ന്ന നിലവാരത്തിലേക്ക് വിളിയ്ക്കപ്പെട്ടിരിക്കുന്നു - പരസ്പരം സ്നേഹിക്കുവാനും അന്യോന്യം ആത്മീകവര്‍ദ്ധന വരുത്തുവാനും (1 തെസ്സലോനിക്യര്‍ 5:11). അപകീര്‍ത്തികരമായ സംസാരത്തില്‍ നാം ഏര്‍പ്പെടുകയോ അഥവാ കേള്‍ക്കുകയോ ചെയ്യുമ്പോള്‍; മോഷ്ടിക്കുക, അറുക്കുക, മുടിക്കുക എന്ന ശത്രുവിന്‍റെ തന്ത്രത്തോടു നാമും കൂട്ടാളികള്‍ ആകുകയാണ് (യോഹന്നാന്‍ 10:10). സ്നേഹം, സന്തോഷം, സമാധാനം തുടങ്ങിയ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന പരിശുദ്ധാത്മാവിനെ ദൂഷണം ദുഃഖിപ്പിക്കുന്നു (എഫെസ്യര്‍ 4:30-31).
ദൈവത്തിന്‍റെ നീതിയുള്ള വിധി
ആത്മീക നേതൃത്വത്തിനെതിരെ ദൂഷണം പറഞ്ഞവര്‍ക്കെതിരെ ദൈവത്തിന്‍റെ അതിവേഗ ന്യായവിധിയുടെ നിരവധി ഉദാഹരണങ്ങള്‍ വേദപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സംഖ്യാപുസ്തകം 12ല്‍, മിര്യാമും അഹരോനും മോശെയെ വിമര്‍ശിച്ചു, അപ്പോള്‍ ദൈവം മിര്യാമിനെ കുഷ്ഠരോഗത്താല്‍ ബാധിച്ചു. സംഖ്യാപുസ്തകം 16ല്‍, മോശെയ്ക്കെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങളെ അടിസ്ഥാനമാക്കി കോരഹ് മത്സരത്തിനു നേതൃത്വം നല്‍കി. കോരഹിനെയും അവന്‍റെ അനുയായികളേയും ഭൂമി വിഴുങ്ങികളയുവാന്‍ ദൈവം ഇടയാക്കി.
നാം സംസാരിക്കുന്ന ഏതു നിസ്സാര വാക്കിനും നാം കണക്കു കൊടുക്കേണ്ടവര്‍ ആകുന്നുവെന്ന് കര്‍ത്താവായ യേശു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (മത്തായി 12:36-37). മറ്റുള്ളവരെ തങ്ങളുടെ വാക്കുകള്‍കൊണ്ട് നശിപ്പിച്ചവര്‍ മാനസാന്തരപ്പെട്ടില്ല എങ്കില്‍ ദൈവത്തിന്‍റെ നീതിയുള്ള വിധിയില്‍ നിന്നും അവര്‍ ഒരിക്കലും രക്ഷപ്പെടില്ല. സങ്കീര്‍ത്തനം 101:5 പറയുന്നു, "കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും".
നമ്മുടെ ഹൃദയത്തേയും അധരത്തേയും സൂക്ഷിക്കുക
ദൂഷണം ഹൃദയത്തില്‍ നിന്നും ആരംഭിക്കുന്നതിനാല്‍, അവിടെ നാം ജാഗ്രത പാലിക്കുവാന്‍ തയ്യാറാകണം. സദൃശ്യവാക്യങ്ങള്‍ 4:23 ഇങ്ങനെ നിര്‍ദ്ദേശിക്കുന്നു, "സകല ജാഗ്രതയോടുംകൂടെ നിന്‍റെ ഹൃദയത്തെ കാത്തുകൊൾക; ജീവന്‍റെ ഉദ്ഭവം അതിൽനിന്നല്ലോ ആകുന്നത്". പരദൂഷണത്തിനു കാരണമാകുന്ന കയ്പും, കോപവും, ക്രോധവും, കൂറ്റാരവും, ദൂഷണവും, സകല ദുർഗുണവും നാം ഉപേക്ഷിക്കണം (എഫെസ്യര്‍ 4:31). പകരം, മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ നാം ധരിക്കണം (കൊലൊസ്സ്യര്‍ 3:12).
സദൃശ്യവാക്യങ്ങള്‍ 21:23 പറയുന്നു, "വായും നാവും സൂക്ഷിക്കുന്നവൻ തന്‍റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു". ആരെയെങ്കിലും വിമര്‍ശിക്കുവാനായി നാം പ്രലോഭിപ്പിക്കപ്പെടുമ്പോള്‍, നാം ചോദിക്കണം: ഇത് സത്യമാണോ? ഇത് ആവശ്യമാണോ? ഇത് പ്രയോജനകരമാണോ? മിക്ക സമയങ്ങളിലും നിശബ്ദമായിരിക്കുന്നതാണ് നല്ലത്. നാം സംസാരിക്കുമ്പോള്‍, അത് മറ്റുള്ളവരെ വളര്‍ത്തുവാന്‍ ആയിരിക്കട്ടെ, മറിച്ച് അവരെ തളര്‍ത്തുവാന്‍ ആകരുത്. എഫെസ്യര്‍ 4:29 പറയുന്നു, "കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിന് ആവശ്യംപോലെ ആത്മികവർധനയ്ക്കായി നല്ല വാക്കല്ലാതെ ആ കാത്തത് ഒന്നും നിങ്ങളുടെ വായിൽനിന്നു പുറപ്പെടരുത്".
ആരെങ്കിലും ദൂഷണം പറയുന്നതില്‍ ഏര്‍പ്പെടുന്നതായി നാം കേട്ടാല്‍, സൌമ്യമായി നാം അവരെ തിരുത്തണം (ഗലാത്യര്‍ 6:1). സദൃശ്യവാക്യങ്ങള്‍ 25:23 പറയുന്നു, "വടതിക്കാറ്റ് മഴ കൊണ്ടുവരുന്നു; ഏഷണിവാക്ക് കോപഭാവത്തെ ജനിപ്പിക്കുന്നു". പരുഷമായ ഒരു വാക്ക് കോപം ഉണര്‍ത്തുന്നതുപോലെ, അപവാദത്തെ അതിന്‍റെ പാതയില്‍ നിര്‍ത്തുവാന്‍ മൃദുവായ ഒരു തിരുത്തലിനു സാധിക്കും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, ദൂഷണത്തിന്‍റെ വിഷമയത്തില്‍ നിന്നും ഞങ്ങളുടെ നാവുകളെ സൂക്ഷിക്കേണമേ. അങ്ങയുടെ സ്നേഹത്താലും ജ്ഞാനത്താലും ഞങ്ങളുടെ ഹൃദയത്തെ നിറയ്ക്കേണമേ, അങ്ങനെ സുഖമാക്കുകയും ഐക്യത വരുത്തുകയും ചെയ്യുന്ന വാക്കുകള്‍ ഞങ്ങള്‍ സംസാരിക്കുവാന്‍ പ്രാപ്തരാകും. അങ്ങയുടെ സഭയെ അവിടുത്തെ മഹത്വത്തിനായി സമാധാന ബന്ധത്തില്‍ കെട്ടിപ്പടുക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel

Most Read
● നിരുത്സാഹത്തിന്റെ അമ്പുകളെ അതിജീവിക്കുക - 1● അപകീര്‍ത്തിപ്പെടുത്തുന്ന പാപത്തിനു ആശ്ചര്യകരമായ കൃപ ആവശ്യമാകുന്നു
● പ്രാര്‍ത്ഥനയാകുന്ന സുഗന്ധം
● ദൈവം എങ്ങനെയാണ് കരുതുന്നത് #3
● ദൈവം പ്രതിഫലം നല്കുന്ന ഒരുവനാണ്.
● ഒരു പുതിയ ഗണം
● ആരാണ് നിങ്ങളെ നയിക്കുന്നത്?
അഭിപ്രായങ്ങള്‍