അനുദിന മന്ന
                
                    
                        
                
                
                    
                         1
                        1
                    
                    
                         0
                        0
                    
                    
                         459
                        459
                    
                
                                    
            ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുവാനുള്ള കാരണങ്ങള്‍ - ഭാഗം 1
Monday, 2nd of September 2024
                    
                          Categories :
                                                
                            
                                പാപം (Sin)
                            
                        
                                                
                            
                                സ്വഭാവം (Character)
                            
                        
                                                
                    
                            ഒഴിവുകഴിവുകള്‍ക്ക് മാനവജാതിയോളം തന്നെ പഴക്കമുണ്ട്. കുറ്റപ്പെടുത്തുന്നത് ഒഴിവാക്കുവാനോ, ഒരു പ്രശ്നത്തെ നിഷേധിക്കാനോ അല്ലെങ്കില്‍ അസുഖകരമായ സാഹചര്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയോ നമ്മുടെ ജീവിതത്തിലെ ചില ഘട്ടങ്ങളില്‍ നാമെല്ലാവരും അവ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് നാം ഒഴിവുകഴിവുകള്‍ പറയുന്നത് എന്ന് ചിന്തിക്കുവാന്‍ നിങ്ങള്‍ എപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ? ഉത്തരവാദിത്വങ്ങള്‍ മാറ്റുവാനോ അഥവാ സത്യത്തെ നിരാകരിക്കുവാനോ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്? ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുന്നതായ രണ്ടു പ്രധാന കാരണങ്ങള്‍ നമുക്ക് പഠിക്കാം:
1. പ്രശ്നങ്ങളില്‍ നിന്നും പുറത്തുവരുവാനും
2. വ്യക്തിപരമായ പ്രശ്നങ്ങളെ നിഷേധിക്കാനും.
അതുകൊണ്ട് ഈ ശീലത്തിന്‍റെ അപകടങ്ങളും നമുക്ക് പഠിക്കുവാന്‍ കഴിയുന്ന ആത്മീക പാഠങ്ങളും ഇപ്പോള്‍ നമുക്ക് കണ്ടെത്താം.
(എ). പ്രശ്നങ്ങളില്‍ (കുറ്റങ്ങളില്‍) നിന്നും പുറത്തുകടക്കുവാന്‍
നമ്മുടെ പ്രവര്‍ത്തികളുടെ പരിണിതഫലങ്ങളെ അഭുമുഖീകരിക്കുമ്പോള്‍, മറ്റാരിലെങ്കിലും മേല്‍ അല്ലെങ്കില്‍ മറ്റെന്തിലെങ്കിലും മേല്‍ ആ കുറ്റത്തെ ചുമത്തുവാന്‍ പ്രലോഭിപ്പിക്കപ്പെടാറുണ്ട്. ആശയം വളരെ ലളിതമാണ്: കുറ്റത്തെ എനിക്ക് വ്യതിചലിപ്പിക്കാന്‍ കഴിഞ്ഞാല്‍, ഞാന്‍ പ്രശ്നങ്ങളില്‍ നിന്നും പുറത്തുവരും. ഈ പ്രവണത പുതിയതൊന്നുമല്ല; സത്യത്തില്‍, ഇത് ഏദന്‍ തോട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതാണ്.
കുറ്റത്തെ വ്യതിചലിപ്പിക്കുന്നതിനുള്ള ആദ്യത്തെ ഉദാഹരണം ഉല്പത്തി 3:12-13 വരെയുള്ള ഭാഗത്ത് നമുക്ക് കാണുവാന്‍ സാധിക്കും:
"അതിനു മനുഷ്യൻ: എന്നോടുകൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു എന്നു പറഞ്ഞു. യഹോവയായ ദൈവം സ്ത്രീയോട്: നീ ഈ ചെയ്തത് എന്ത് എന്നു ചോദിച്ചതിന്: പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുപോയി എന്നു സ്ത്രീ പറഞ്ഞു".
ഇവിടെ, ആദാം ഹവ്വയെ കുറ്റപ്പെടുത്തുന്നു, അതിലുപരിയായി, തനിക്കു സ്ത്രീയെ നല്‍കിയ ദൈവത്തേയും കുറ്റപ്പെടുത്തുന്നു. മറിച്ച്, ഹവ്വ, തന്നെ വഞ്ചിച്ചതിനു പാമ്പിനെ കുറ്റപ്പെടുത്തുന്നു. ഒഴിവുകഴിവ് പറയാത്ത ഒരേഒരാള്‍ സര്‍പ്പമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്തി ഉത്തരവാദിത്വം ഒഴിവാക്കുവാനുള്ള മനുഷ്യരുടെ പ്രവണതയെ ഇത് എടുത്തുകാണിക്കുന്നു. 
കുറ്റത്തെ വ്യതിചലിക്കുന്നത് താല്‍ക്കാലികമായി കുറ്റബോധത്തെയോ ശിക്ഷയുടെ ഭീഷണിയെയോ കുറച്ചുകാണിച്ചേക്കാം, എന്നാല്‍ അത് പ്രശ്നത്തെ പരിഹരിക്കുന്നില്ല. എന്നാല്‍, ഒരു ദൈവപൈതല്‍, ഉയര്‍ന്ന നിലവാരത്തിനായി വിളിക്കപ്പെട്ടവരാകുന്നു. ഒഴിവുകഴിവുകള്‍ പറയുന്നതിനു പകരമായി, ഉത്തരവാദിത്വങ്ങളെ കൈക്കൊള്ളുവാനും, നമ്മുടെ പാപങ്ങളെ ഏറ്റുപറയുവാനും, ദൈവത്തിന്‍റെ ക്ഷമയെ അന്വേഷിക്കാനും വചനം നമ്മെ പ്രബോധിപ്പിക്കുന്നു. 1 യോഹന്നാന്‍ 1:9 നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു:
"നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു".
ഒഴിവുകഴിവിനു പകരം ഏറ്റുപറച്ചില്‍ നടത്തിയാല്‍, അതാണ് വീണ്ടെടുപ്പിലേക്കും സൌഖ്യത്തിലേക്കുമുള്ള വഴി. നമ്മുടെ തെറ്റുകള്‍ നാം സ്വയം ഏറ്റെടുക്കയും ക്ഷമയ്ക്കായി അപേക്ഷിക്കയും ചെയ്യുമ്പോള്‍, നമ്മെ ശുദ്ധീകരിക്കാനും നീതിയിലേക്കു നമ്മെ പുനഃസ്ഥാപിക്കാനും നാം ദൈവത്തെ അനുവദിക്കുന്നു. 
ബി). വ്യക്തിപരമായ പ്രശ്നങ്ങളെ നിഷേധിക്കുവാന്‍ (നിഷേധം).
ആളുകള്‍ ഒഴിവുകഴിവുകള്‍ പറയുന്നതിനുള്ള മറ്റൊരു പൊതുവായ കാരണം വ്യക്തിപരമായ ഒരു പ്രശ്നത്തെ നിഷേധിക്കുവാനാണ്. സ്വന്തമായുള്ള വീഴ്ചകളെ കൈകാര്യം ചെയ്യേണ്ടതായി വരുമ്പോള്‍, പലരും സത്യത്തെ അഭിമുഖീകരിക്കുന്നതിനു പകരം തങ്ങളുടെ തല മണലില്‍ പൂഴ്ത്താന്‍ ശ്രമിക്കുന്നു. അഹരോന്‍റെ സ്വര്‍ണ്ണ കാളക്കുട്ടിയുടേയും കഥയില്‍ ഇത് പ്രത്യേകമായി പ്രകടമാണ്.
സ്വര്‍ണ്ണ കാളക്കുട്ടിയെ സംബന്ധിച്ച് അഹരോന്‍ പറഞ്ഞതായ ഒഴിവുകഴിവുകള്‍.
പുറപ്പാട് 32ല്‍, മോശെ പത്തു കല്പനകളെ സ്വീകരിക്കേണ്ടതിനു സീനായി പര്‍വ്വതത്തില്‍ ആയിരുന്നപ്പോള്‍, യിസ്രായേല്യര്‍ ക്ഷമയില്ലാത്തവരാകുകയും തങ്ങള്‍ക്കു ഒരു ദൈവത്തെ ഉണ്ടാക്കിത്തരുവാന്‍ അഹരോനോടു ആവശ്യപ്പെടുകയും ചെയ്തു. അഹരോന്‍ സമ്മര്‍ദ്ദത്തിനു വഴങ്ങുകയും അവര്‍ക്ക് ആരാധിക്കാന്‍ ഒരു സ്വര്‍ണ്ണ കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കുകയും ചെയ്തു. മോശെ മടങ്ങിവരികയും ബിംബത്തെ കാണുകയും ചെയ്തപ്പോള്‍, അവന്‍ കോപംകൊണ്ട് നിറഞ്ഞു. അവന്‍ അഹരോനോടു ഇങ്ങനെ ചോദിക്കുന്നു, "മോശെ അഹരോനോട്: ഈ ജനത്തിന്മേൽ ഇത്ര വലിയ പാപം വരുത്തുവാൻ അവർ നിന്നോട് എന്തു ചെയ്തു എന്നു ചോദിച്ചു". (പുറപ്പാട് 32:21).
ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിനു പകരം, അഹരോന്‍ രണ്ടു ഒഴിവുകഴിവുകള്‍ പറയുകയുണ്ടായി:
ഒഴിവുകഴിവ്  #1: അതിന് അഹരോൻ പറഞ്ഞത്: യജമാനന്‍റെ കോപം ജ്വലിക്കരുതേ; ഈ ജനം ദോഷത്തിലേക്കു ചാഞ്ഞിരിക്കുന്നതെന്നു നീ അറിയുന്നുവല്ലോ. (പുറപ്പാട് 32:22).
പരിഭാഷ: "അത് എന്‍റെ തെറ്റല്ല; അത് ജനങ്ങളുടെ കുറ്റമാണ്"
ഒഴിവുകഴിവ്  #2: ഞാൻ അവരോട്: പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ എന്നു പറഞ്ഞു. അവർ അത് എന്‍റെ പക്കൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു, ഈ കാളക്കുട്ടി പുറത്തുവന്നു. (പുറപ്പാട് 32:24).
പരിഭാഷ: "അത് അങ്ങനെയങ്ങ് സംഭവിച്ചു; എനിക്ക് അതിന്മേല്‍ നിയന്ത്രണമില്ലായിരുന്നു".
ആ സാഹചര്യത്തിലെ തന്‍റെ സ്വന്തം ഉത്തരവാദിത്വത്തെ നിഷേധിക്കാനുള്ള ഒരു ശ്രമമായിരുന്നു അഹരോന്‍റെ ഒഴിവുകഴിവുകള്‍. പുറപ്പാട് 32:25 ചൂണ്ടികാണിക്കുന്നതുപോലെ, യഥാര്‍ത്ഥമായ പ്രശ്നം ഇതായിരുന്നു, "അഹരോൻ അവരെ അഴിച്ചുവിട്ടുകളകയായിരുന്നു". ഒരു മഹാപുരോഹിതനും നേതാവും എന്ന നിലയില്‍, ആളുകളെ നീതിയില്‍ നടത്തുന്നതില്‍ അഹരോന്‍ പരാജയപെട്ടു. തന്‍റെ തെറ്റുകളെ അംഗീകരിക്കുന്നതിനു പകരമായി, താന്‍ ഒഴിവുകഴിവുകള്‍ നല്‍കുവാന്‍ തീരുമാനിച്ചു.
ഇത്തരത്തിലുള്ള നിഷേധങ്ങള്‍ അപകടം നിറഞ്ഞതാണ്, കാരണം നമ്മുടെ യഥാര്‍ത്ഥ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നും ഇത് നമ്മെ തടയുന്നു. സ്വയ-വഞ്ചനയെ സംബന്ധിച്ച് സദൃശ്യവാക്യങ്ങള്‍ 30:12 നമുക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്:
"തങ്ങൾക്കു തന്നെ നിർമ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!".
നാം നമ്മുടെ പാപങ്ങളെ നിഷേധിക്കുകയും അല്ലെങ്കില്‍ ഒഴിവുകഴിവുകള്‍ പറയുകയും ചെയ്യുമ്പോള്‍, നാം നമ്മെത്തന്നെ വഞ്ചിക്കുകയും മാനസാന്തരത്തിന്‍റെ ആവശ്യകതയെ തിരിച്ചറിയാതെ പോകയും ചെയ്യുന്നു. 1 യോഹന്നാന്‍ 1:8 ഈ സത്യത്തിനു അടിവരയിടുന്നു:
"നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നെ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി".
നിഷേധങ്ങളും ഒഴിവുകഴിവുകളും നമ്മെ അനുതാപമില്ലായ്മയുടേയും ആത്മീയ സ്തംഭനത്തിന്‍റെയും ഒരു വൃത്തത്തിനുള്ളില്‍ കുടുക്കിയിട്ടിരിക്കുന്നു. സത്യസന്ധമായ ആത്മവിചിന്തനവും ഏറ്റുപറച്ചിലും മാത്രമാണ് സ്വാതന്ത്ര്യത്തിലേക്ക് കടക്കുവാനുള്ള ഏക മാര്‍ഗ്ഗം.
ഒഴിവുകഴിവുകളുടെ പരിണിതഫലങ്ങള്‍
ഒഴിവുകഴിവുകള്‍ താല്‍ക്കാലിക ആശ്വാസം നല്കിയേക്കാം, എന്നാല്‍ അവ ദീര്‍ഘകാല പരിണിതഫലങ്ങള്‍ കൊണ്ടുവരുന്നു. നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുകയോ അല്ലെങ്കില്‍ നമ്മുടെ പ്രശ്നങ്ങളെ നിരാകരിക്കയോ ചെയ്യുമ്പോള്‍, വളര്‍ച്ചയ്ക്കും സൌഖ്യത്തിനുമുള്ള അവസരം നമുക്ക് നഷ്ടപ്പെടും. ഏറ്റവും മോശമായ കാര്യം, സത്യത്തിലും ആത്മാര്‍ത്ഥതയിലും ജീവിക്കാന്‍ നമ്മെ വിളിക്കുന്ന ദൈവത്തില്‍ നിന്നും നാം അകന്നുപോകുന്ന അപകടത്തിലാണ്.
ഒഴിവുകഴിവുകള്‍ പറയുന്നതിനു പകരം, നമ്മുടെ പ്രവര്‍ത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും, നമ്മുടെ ബലഹീനതകളെ അതിജീവിക്കാന്‍ ദൈവത്തിന്‍റെ സഹായം തേടുന്നതിനും വേണ്ടിയാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഏറ്റുപറച്ചിലിനും, മാനസാന്തരത്തിനും, ദൈവത്തിന്‍റെ കൃപയില്‍ ആശ്രയിക്കുന്നതിനുമുള്ള ഒരു മാതൃക വേദപുസ്തകം മുമ്പോട്ടു വെക്കുന്നുണ്ട്. ഈ പാത പിന്തുടരുന്നതിലൂടെ, ഒഴിവുകഴിവുകളുടെ വൃത്തങ്ങളില്‍ നിന്നും മോചനം നേടാനും ആത്മീയ പക്വതയിലേക്ക് നീങ്ങാനും നമുക്ക് സാധിക്കും.
                പ്രാര്‍ത്ഥന
                സ്വര്‍ഗ്ഗീയ പിതാവേ, ഒഴിവുകഴിവുകള്‍ പറയുന്നത് നിര്‍ത്തുവാനും എന്‍റെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനും എന്നെ സഹായിക്കേണമേ. എന്‍റെ പാപങ്ങളെ അനുതപിക്കാനും, അങ്ങയുടെ ക്ഷമയെ തേടുവാനും, ആത്മീക പക്വതയില്‍ വളരുവാനുമുള്ള ശക്തി എനിക്ക് തരേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
        Join our WhatsApp Channel 
         
    
    
  
                
                 
    Most Read
● ആരാധനയ്ക്കുള്ള ഇന്ധനം● നിങ്ങളുടെ സ്വന്തം കാലില്‍ അടിക്കരുത്
● ദൈവസ്നേഹത്തില്‍ വളരുക
● ദിവസം 20: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #14
● ദൈവത്തിന്റെ ആലയത്തിലെ തൂണുകൾ
● അവരെ ചെറുപ്പത്തിലെ ശ്രദ്ധിക്കുക
അഭിപ്രായങ്ങള്‍
                    
                    
                
