അനുദിന മന്ന
ഭയത്തിന്‍റെ ആത്മാവ്
Thursday, 17th of October 2024
1
0
195
Categories :
മാനസികാരോഗ്യം (Mental Health)
"നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു". (യെശയ്യാവ് 41:10).
ഇന്ന് ലോകത്തിലുള്ള ഏറ്റവും വ്യാപകവും വിനാശകരവുമായ ശക്തികളില്‍ ഒന്നാണ് ഭയം. അത് ജോലി നഷ്ടപ്പെടുമോ എന്ന ഭയമാകാം, രോഗത്തെ സംബന്ധിച്ചുള്ള ഭയമാകാം, പാരാജയപ്പെടുമെന്നുള്ള ഭയമാകാം, അങ്ങനെ നമ്മുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറി പതിയെ നമ്മെ വിഴുങ്ങുവാനുള്ള വഴി ഭയത്തിനുണ്ട്. പ്രത്യേകിച്ചും ഭയത്തെ അപകടകരമാക്കുന്നത് നമ്മെ തളര്‍ത്താനുള്ള അതിന്‍റെ കഴിവാണ്, മാത്രമല്ല അത് നമ്മെ ശക്തിയില്ലാത്തവരാക്കുകയും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ നിന്നും നമ്മെ അകറ്റുകയും ചെയ്യുന്നു. എന്നിരുന്നാലും, ദൈവം നമുക്ക് തരുന്ന ഒന്നല്ല ഭയമെന്ന് വേദപുസ്തകം നമ്മോടു ആവര്‍ത്തിച്ചു പറയുന്നുണ്ട്. സത്യത്തില്‍, ബൈബിള്‍ വീണ്ടും വീണ്ടും നമ്മോടു കല്‍പ്പിക്കുന്നത്: "ഭയപ്പെടേണ്ട" എന്നാകുന്നു.
കേവലം ഒരു വികാരത്തിനും അപ്പുറമാണ് ഭയമെന്നത് - അതൊരു ആത്മീക പോരാട്ടമാണ്. അത് നമുക്കെതിരെയുള്ള ശത്രുവിന്‍റെ പ്രാഥമീകമായ ആയുധങ്ങളിലൊന്നാണ്, അതുകൊണ്ട് നാം ശ്രദ്ധാലുക്കള്‍ ആകുന്നില്ലെങ്കില്‍, അത് നമ്മുടെ തീരുമാനങ്ങളെ നിയന്ത്രിക്കാനും, നമ്മുടെ മനസ്സിനെ മൂടാനും, ദൈവം നമുക്കായി ഉദ്ദേശിച്ചിരിക്കുന്ന സന്തോഷത്തെ കവര്‍ന്നെടുക്കാനും തുടങ്ങും. എന്നാല്‍ ഒരു പ്രത്യാശയുണ്ട്. നാം ഭയത്തില്‍ ജീവിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല, അതിനെ അതിജീവിക്കാന്‍ ആവശ്യമായത് എല്ലാംതന്നെ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട്.
ഭയം പല രൂപത്തില്‍ പ്രകടമാകാറുണ്ട്. ചിലസമയങ്ങളില്‍ അത് പരാജയഭീതിയാണ് - അവിടെ നാം ഒരു തെറ്റ് വരുത്തും എന്ന് ഭയപെട്ടുകൊണ്ട് വെല്ലുവിളികള്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കുന്നു. മറ്റുചിലപ്പോള്‍, അജ്ഞതയുടെ ഭയമാണ്, അവിടെ ഭാവി നമുക്കായി എന്ത് കരുതിയിരിക്കുന്നു എന്ന് നാം ആകുലതപ്പെടുന്നു, തത്ഫലമായി ദൈവത്തിന്‍റെ പദ്ധതിയെ വിശ്വസിക്കാന്‍ നാം പ്രയാസപ്പെടുന്നു. ഭയത്തിനു സുരക്ഷിതമില്ലായ്മയുടെ രൂപമെടുക്കാനും കഴിയും, അവിടെ നാം ഒന്നിനും കൊള്ളാത്തവരാണ്, വേണ്ടത്ര മിടുക്കരല്ല, അഥവാ വിജയിക്കാന്‍ യോഗ്യരല്ല എന്ന് നമുക്ക് നിരന്തരം തോന്നുന്നു.
എന്നാല്‍, 2 തിമോഥെയോസ് 1:7 ശക്തമായ ഒരു കാര്യം നമ്മോടു പറയുന്നു, "ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നത്". ഭയം ദൈവത്തില്‍ നിന്നുള്ളതല്ല എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് - അത് ശത്രുവിന്‍റെ ഒരു തന്ത്രം മാത്രമാണ്. നമ്മെ ആശയക്കുഴപ്പത്തിലാക്കാനും, നമ്മത്തന്നെ സംശയിപ്പിക്കാനും, ഏറ്റവും പ്രധാനമായി, നമ്മുടെ ജീവിതത്തിലുള്ള ദൈവത്തിന്‍റെ സ്നേഹത്തേയും വാഗ്ദത്തങ്ങളെയും സംശയിക്കാനും സാത്താന്‍ ഭയത്തെ ഉപയോഗിക്കുന്നു.
നാം ഭയത്തില്‍ ജീവിക്കുമ്പോള്‍ സാത്താന്‍ അഭിവൃദ്ധി പ്രാപിക്കുന്നു കാരണം ഭയം നമ്മെ തളര്‍ത്തുവാന്‍ ഇടയാക്കുന്നു. ഭയം നമ്മെ വിഴുങ്ങുമ്പോള്‍, നമുക്ക് വ്യക്തമായി ചിന്തിക്കാന്‍ കഴിയില്ല, വിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല, ദൈവം നമ്മെ നയിക്കുന്ന ദിശയില്‍ പലപ്പോഴും നമുക്ക് മുമ്പോട്ടു പോകുവാനും സാധിക്കില്ല. ഭയം നമ്മുടെ വിധിയെ മറയ്ക്കുകയും വലിയ കാര്യങ്ങള്‍ കാണുന്നതില്‍ നിന്നും നമ്മെ തടയുകയും ചെയ്യുന്നു. ദൈവത്തിന്‍റെ കരുതലിലും സംരക്ഷണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, തെറ്റായി മാറുവാന്‍ സാദ്ധ്യതയുള്ള സകല കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുവാന്‍ ഭയം നമ്മെ പ്രേരിപ്പിക്കുന്നു.
എന്നാല്‍ ഇവിടെ ഒരു സദ്വാര്‍ത്തയുണ്ട്: നമ്മോടു കൂടെയിരിക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. യെശയ്യാവ് 41:10ല്‍, ദൈവം പറയുന്നു, "നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്‍റെ ദൈവം ആകുന്നു". ഈ ശക്തമായ സത്യത്തിനു ഭയത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ മാറ്റുവാന്‍ സാധിക്കും. നമ്മുടെ കഷ്ടതകളില്‍ നാം തനിച്ചല്ല. ഓരോ വെല്ലുവിളികളിലും, ഓരോ പരീക്ഷകളിലും, ഓരോ അനിശ്ചിത നിമിഷങ്ങളിലും ദൈവം നമ്മോടുകൂടെയിരിക്കുകയും, നമ്മോടു ചേര്‍ന്നു നടക്കുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സാന്നിധ്യമാണ് ഭയത്തിനുള്ള മറുമരുന്ന്.
ഭയത്തെ ചെറുക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗ്ഗം അതിനെ തിരിച്ചറിയുകയും കര്‍ത്താവിന്‍റെ മുമ്പാകെ അതിനെ കൊണ്ടുവരികയും ചെയ്യുക എന്നതാണ്. പലപ്പോഴും ഭയം ഇരുട്ടില്‍ തഴച്ചുവളരുന്നു - നാം അതിനെ അവഗണിക്കയോ അല്ലെങ്കില്‍ ഉള്ളിന്‍റെ ഉള്ളില്‍ കുഴിച്ചിടുകയോ ചെയ്യുമ്പോള്‍ അത് വളരുന്നു. എന്നാല്‍ നമ്മുടെ ഭയത്തെ നാം ദൈവത്തിന്‍റെ അടുക്കല്‍ കൊണ്ടുവരുമ്പോള്‍, ദൈവം തന്‍റെ സമാധാനത്താലും ഉറപ്പിനാലും അവയെ മാറ്റിക്കളയുന്നു. നാം വെറുതെ ഭയപ്പെടേണ്ട എന്ന് മാത്രമല്ല യെശയ്യാവ് 41:10 പറയുന്നത്, നാം ഭയപ്പെടാതിരിക്കുന്നതിനുള്ള കാരണവും അത് നല്‍കുന്നുണ്ട്: ദൈവം നമ്മോടുകൂടെയുണ്ട്. ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളില്‍ പോലും ദൈവത്തിന്‍റെ സാന്നിധ്യം സമാധാനവും, ശക്തിയും, വ്യക്തതയും കൊണ്ടുവരുന്നു.
നിങ്ങളുടെ ജീവിതത്തില്‍ ഭയം വേരൂന്നിയിരിക്കുന്നതായ മേഖലകളെ തിരിച്ചറിയുവാന്‍ ഇന്ന് ചില നിമിഷങ്ങള്‍ എടുക്കുക. അത് പരാജയ ഭീതിയാകാം, അജ്ഞാതമായ ഭാവിയെക്കുറിച്ചുള്ള ഭയമാകാം, അപര്യാപ്തതയെക്കുറിച്ചുള്ള ഭയമാകാം. അവയെ എഴുതുകയും അത് ഓരോന്നും പ്രാര്‍ത്ഥനയില്‍ ദൈവമുമ്പാകെ കൊണ്ടുവരികയും ചെയ്യുക. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍, ശക്തിയുടെയും സ്നേഹത്തിന്‍റെയും സുബോധത്തിന്‍റെയും ആത്മാവിനെയത്രേ ദൈവം നമുക്കു തന്നിരിക്കുന്നത് എന്നറിഞ്ഞുകൊണ്ട്, ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രഖ്യാപിക്കുക. ഓര്‍ക്കുക, നാം അതിനെ ദൈവത്തിന്‍റെ സത്യ വെളിച്ചത്തിലേക്ക് കൊണ്ടുവരുമ്പോള്‍ ഭയത്തിനു അതിന്‍റെ പിടി നഷ്ടപ്പെടുന്നു.
യെശയ്യാവ് 41:10 ഉം, 2 തിമോഥെയോസ് 1:7 ഉം മനഃപാഠമാക്കുവാന്‍ ആരംഭിക്കുക. ഭയം അകത്തേക്ക് നുഴഞ്ഞുകയറുവാന്‍ തുടങ്ങുമ്പോഴെല്ലാം, ഈ വാക്യങ്ങള്‍ ഉച്ചത്തില്‍ പറയുകയും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെക്കുറിച്ച് നിങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ ഹൃദയത്തേയും മനസ്സിനേയും ശക്തീകരിക്കുവാന്‍ ദൈവത്തിന്‍റെ വചനത്തെ അനുവദിക്കുക.
പ്രാര്‍ത്ഥന
യേശുവിന്‍റെ നാമത്തില്‍, എന്‍റെ ജീവിതത്തില്‍ ഭയത്തിന്‍റെ ആത്മാവിനെ ഞാന്‍ നിരസിക്കുന്നു. പിതാവേ, അങ്ങയുടെ സാന്നിധ്യത്തില്‍ ആശ്രയിക്കാനും അവിടുന്ന് എനിക്ക് നല്‍കിയിരിക്കുന്ന ശക്തിയിലും, സ്നേഹത്തിലും, സമാധാനത്തിലും നടക്കുവാന്‍ എന്നെ സഹായിക്കയും ചെയ്യേണമേ. എന്‍റെ ഭയത്തെ വിശ്വസംകൊണ്ട് മാറ്റേണമേ, അതുപോലെ അങ്ങയുടെ വാഗ്ദത്തങ്ങളുടെ പൂര്‍ണ്ണതയിലേക്ക് എന്നെ നയിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● ആത്മാക്കളെ നേടുക - അത് എത്ര പ്രാധാന്യമുള്ളതാണ്?● കര്ത്താവിനെ മഹത്വപ്പെടുത്തേണ്ടത് എങ്ങനെ
● ദൈവം എങ്ങനെയാണ് കരുതുന്നത് #4
● 21 ദിവസങ്ങള് ഉപവാസം: ദിവസം #8
● അന്തരീക്ഷങ്ങളെ സംബന്ധിച്ചുള്ള നിര്ണ്ണായക ഉള്ക്കാഴ്ചകള് - 2
● യുദ്ധത്തിനായുള്ള പരിശീലനം
● മുന്നറിയിപ്പ് ശ്രദ്ധിക്കുക
അഭിപ്രായങ്ങള്‍