അനുദിന മന്ന
താരതമ്യത്തിന്‍റെ കെണി
Saturday, 19th of October 2024
1
0
157
Categories :
മാനസികാരോഗ്യം (Mental Health)
"ഓരോരുത്തൻ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാൽ അവൻ തന്‍റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നിൽത്തന്നെ അടക്കി വയ്ക്കും". (ഗലാത്യർ 6:4).
ഇന്നത്തെ സമൂഹത്തില്‍, താരതമ്യത്തിന്‍റെ കെണിയില്‍ നിന്നും രക്ഷപ്പെടുക എന്നത് തികച്ചും അസാദ്ധ്യമായതാണ്. സാമൂഹ്യ മാദ്ധ്യമം, തൊഴില്‍ നേട്ടങ്ങള്‍, വ്യക്തിപരമായ ബന്ധങ്ങള്‍ പോലും നമ്മുടെ അപര്യാപ്തതയുടെ വികാരങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നു. നാം നിരന്തരം നമ്മുടെ ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്തു അളക്കാന്‍ ശ്രമിക്കുന്നു - അത് ഒരു സുഹൃത്തിന്‍റെ വിജയമാകാം, വേറെ ആരുടെയെങ്കിലും രൂപമാകാം, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ നാം കാണുന്ന ആളുകളുടെ നേട്ടങ്ങളാകാം. ഈ താരതമ്യം പലപ്പോഴും നാം ഒന്നിനും പോരാത്തവരാണ്, നാം ജീവിതത്തില്‍ പിന്നോക്കം പോകുന്നവരാണ് എന്നുള്ള തോന്നലുകള്‍ നമ്മില്‍ ഉളവാക്കുന്നു. എന്നാല്‍ താരതമ്യപ്പെടുത്തല്‍ എന്നത് ദൈവം തന്നിരിക്കുന്ന നമ്മുടേതായ വ്യക്തിത്വത്തേയും ഉദ്ദേശത്തേയും സ്വീകരിക്കുന്നതില്‍ നിന്നും നമ്മെ അകറ്റിനിര്‍ത്തുവാന്‍ ശത്രു ഉപയോഗിക്കുന്ന അപകടകരമായ ഒരു ഉപകരണമാകുന്നു.
മറ്റൊരാളുടെ ജീവിതത്തിലേക്കുള്ള കേവലം നിരുപദ്രവകരമായ ഒരു നോട്ടത്തിനും അപ്പുറമാണ് താരതമ്യം. അത് നമ്മുടെ യാഥാര്‍ഥ്യത്തെ വളച്ചൊടിക്കയും, സന്തോഷത്തെ കവര്‍ന്നെടുക്കയും, നിരാശയുടെയും കയ്പ്പിന്‍റെയും പാതയിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. ദൈവം നമ്മുടെ ജീവിതത്തില്‍ എന്ത് ചെയ്യുന്നു എന്നതില്‍ സംതൃപ്തരായിരിക്കുന്നതിനു പകരം, മറ്റുള്ളവരുടെ ജീവിതത്തില്‍ ദൈവം ചെയ്യുന്ന കാര്യങ്ങളില്‍ വേവലാതിപ്പെടുന്നു. എന്നാല്‍ വേദപുസ്തകം വ്യക്തമാക്കുന്നു: നാം വിളിക്കപ്പെട്ടിരിക്കുന്നത് നമ്മുടേതായ ഓട്ടം ഓടുവനാണ്, അല്ലാതെ മറ്റാരുടെയോ ഓട്ടം ഒടുവാനല്ല.
ശ്രേഷ്ഠന്മാരായ ദൈവദാസന്മാര്‍ പോലും താരതമ്യത്തിന്‍റെ കെണിയില്‍ വീണുപോയിട്ടുണ്ട്. എലിയാവിനെ പറ്റി ചിന്തിക്കുക, വേദപുസ്തകത്തിലെ ഏറ്റവും ശക്തന്മാരായ പ്രവാചകരില്‍ ഒരുവന്‍, തന്നിലൂടെ ശക്തമായ അത്ഭുതങ്ങള്‍ ദൈവം പ്രവര്‍ത്തിക്കുന്നത് കണ്ടവനാണ്.എന്നിട്ടും, 1 രാജാക്കന്മാര്‍ 19:4ല്‍, ക്ഷീണത്തിന്‍റെയും ബലഹീനതയുടേയും ഒരു നിമിഷത്തില്‍, ഏലിയാവ് ഇങ്ങനെ നിലവിളിച്ചു, "ഞാൻ എന്‍റെ പിതാക്കന്മാരെക്കാൾ നല്ലവനല്ല". അവനിലൂടെ ദൈവം നിരവധി അവിശ്വസനീയമായ കാര്യങ്ങള്‍ ചെയ്തിട്ടും, എലിയാവിന്‍റെ ശ്രദ്ധ താരതമ്യത്തിലേക്ക് മാറുവാന്‍ ഇടയായി. തന്‍റെ നിരാശയില്‍, അവന്‍ മറ്റുള്ളവരിലേക്ക് നോക്കി - ഒരുപക്ഷേ തനിക്കു മുമ്പായി വന്നവരെ - എന്നിട്ട് തന്‍റെ പരിശ്രമങ്ങളെല്ലാം അപര്യാപ്തമായിരുന്നു എന്ന നിഗമനത്തിലെത്തി. വിലയില്ലാത്തവനെന്നു അവനു തോന്നി.
എലിയാവിന്‍റെ താരതമ്യം തന്‍റെ ജീവിതത്തില്‍ ദൈവം ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളുടെ യാഥാര്‍ഥ്യത്തെ വളച്ചൊടിക്കുവാന്‍ ഇടയാക്കി. ദൈവം അവനു നല്‍കിയതായ അത്ഭുതങ്ങളിലും വിജയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, പോരായ്മയുടെ തോന്നലുകളാല്‍ അവന്‍ തളര്‍ന്നുപോയി. നമ്മെ ഓരോരുത്തരേയും സംബന്ധിച്ചുള്ള ദൈവീക ഉദ്ദേശം അതുല്യമായിരിക്കുന്നതുപോലെ, അവനെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഉദ്ദേശവും അതുല്യമാകുന്നു എന്ന് അവന്‍ മറന്നുപോയി. തന്‍റെ പിതാക്കന്മാരുമായി തന്നെ താരതമ്യം ചെയ്യുവാന്‍ എലിയാവിനോട് ദൈവം ഒരിക്കലും ആവശ്യപ്പെട്ടില്ല - തന്‍റെ പ്രത്യേകമായ ദൌത്യം പൂര്‍ത്തീകരിക്കാന്‍ വേണ്ടിയാണ് ദൈവം അവനെ വിളിച്ചത്. അതുകൊണ്ട് എലിയാവിനെപോലെ, നാമും മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുവാന്‍ തുടങ്ങുമ്പോള്‍ നമുക്കുവേണ്ടിയുള്ള ദൈവത്തിന്‍റെ അതുല്യമായ പദ്ധതികളെ പലപ്പോഴും നമുക്ക് കാണാന്‍ കഴിയാതെ വരുന്നു.
താരതമ്യം അപകടകരമാണ് കാരണം അത് തെറ്റായ ഒരു ധാരണ സൃഷ്ടിക്കുന്നു. മറ്റുള്ളവര്‍ക്കായുള്ള ദൈവത്തിന്‍റെ അനുഗ്രഹങ്ങള്‍ നമുക്ക് വേണ്ടിയുള്ള ദൈവത്തിന്‍റെ അനുഗ്രഹങ്ങളെക്കാള്‍ ഏതെങ്കിലും തരത്തില്‍ മികച്ചതോ വിലയേറിയതോ ആകുന്നുവെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു. ഇത് അസൂയ, സ്പര്‍ദ്ധ തുടങ്ങിയ വികാരങ്ങളിലേക്കും, നാം ഇഷ്ടപ്പെടുന്ന ആളുകളോട് പോലുമുള്ള വെറുപ്പിലേക്കും നമ്മെ നയിക്കുന്നു. എന്നാല്‍ ഗലാത്യര്‍ 6:4 നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, ഓരോരുത്തൻ താന്താന്‍റെ പ്രവൃത്തി ശോധന ചെയ്യുകയും ദൈവം നമുക്ക് മുമ്പാകെ വെച്ചിരിക്കുന്ന ഓട്ടത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കയും ചെയ്യുക. മറ്റുള്ളവരുടെ ജീവിതവുമായി താരതമ്യം ചെയ്യാതെ നമ്മുടെ സ്വന്തം യാത്രയെ നാം വിലയിരുത്തുമ്പോള്‍, ദൈവം നമ്മുടെ ജീവിതത്തില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ നമുക്ക് അഭിമാനിക്കാം. നാം ഓരോരുത്തരും ഒരു പ്രത്യേക പാതയിലാണ്, അതുകൊണ്ട് നമ്മുടെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്‍റെ സമയവും പദ്ധതികളും മികവുറ്റതാകുന്നു.
ദൈവം ഒരിക്കലും തെറ്റ് വരുത്തുകയില്ല എന്നതാണ് സത്യം. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ ഒരു പദ്ധതിയും ഉദ്ദേശവും ദൈവത്തിനു നിങ്ങളുടെ ജീവിതത്തെക്കുറിച്ചുണ്ട്. നിങ്ങളുടെ യാത്രയ്ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്രത്യേക വരങ്ങളാലും, അനുഭവങ്ങളാലും, അവസരങ്ങളാലും ദൈവം നിങ്ങളെ സജ്ജരാക്കിയിരിക്കുന്നു. നിങ്ങളുടെ ജീവിതത്തെ മറ്റുള്ളവരുമായി താരതമ്യം ചെയ്തുകൊണ്ട് സമയം വൃഥാവാക്കുന്നതിനു പകരം, ദൈവം നിങ്ങള്‍ക്ക് മുമ്പില്‍ വെച്ചിരിക്കുന്ന അനുഗ്രഹങ്ങളെയും അവസരങ്ങളേയും വളര്‍ത്തുന്നതില്‍ ശ്രദ്ധ ചെലുത്തുക. ദൈവം നിങ്ങള്‍ക്ക് തന്നുകഴിഞ്ഞിരിക്കുന്ന വിജയങ്ങളില്‍ ആനന്ദിക്കുക, നിങ്ങള്‍ക്കായുള്ള ദൈവത്തിന്‍റെ പദ്ധതികള്‍, അതായിരിക്കുന്നതുപോലെ പ്രകടമാകുമെന്ന് വിശ്വസിക്കുക.
താരതമ്യത്തിന്‍റെ കെണിയില്‍ നിങ്ങള്‍ വീണുപോയതായ മേഖലകളെ കുറിച്ച് ചിന്തിക്കാന്‍ ഇന്ന് ചില നിമിഷങ്ങളെടുക്കുക. മറ്റുള്ളവരുടെ ജീവിതവുമായി നിങ്ങളുടെ ജീവിതത്തെ നിരന്തരം നിങ്ങള്‍ താരതമ്യം ചെയ്യാറുണ്ടോ? നിങ്ങളുടെ യാത്ര അവരുടെതില്‍ നിന്നും വ്യത്യസ്തമായി കാണുന്നതുകൊണ്ട് നിങ്ങള്‍ക്ക് നിരാശ തോന്നാറുണ്ടോ? നിങ്ങള്‍ക്കായുള്ള ദൈവത്തിന്‍റെ പദ്ധതികള്‍ മികവുറ്റതായി രൂപപ്പെടുത്തിയിരിക്കുന്നു എന്ന് ഓര്‍ക്കുക. നിങ്ങളുടെ ആവശ്യങ്ങള്‍, നിങ്ങളുടെ ആഗ്രഹങ്ങള്‍, നിങ്ങളുടെ സ്വപ്‌നങ്ങള്‍ ഇവയെല്ലാം ദൈവത്തിനറിയാം, നിങ്ങളുടെ നന്മയ്ക്കായി ദൈവം സകലത്തേയും കൂടിവ്യാപരിപ്പിക്കുന്നു. (റോമര്‍ 8:28).
മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കാന്‍ ഒരു തീരുമാനമെടുക്കുക. പകരമായി, ഗലാത്യര്‍ 6:4 പ്രബോധിപ്പിക്കുന്നതുപോലെ, നിങ്ങളുടെ പ്രവൃത്തികളെ ശോധന ചെയ്യുന്നതില്‍ ശ്രദ്ധാലുക്കള്‍ ആകാം. ദൈവം നിങ്ങളില്‍ ആരംഭിച്ചിരിക്കുന്ന പ്രവര്‍ത്തികളെ പൂര്‍ത്തീകരിക്കാന്‍ വിശ്വസ്തനാകുന്നു എന്നറിഞ്ഞുകൊണ്ട്, നിങ്ങളുടെ അതുല്യമായ പാതയെ അംഗീകരിക്കാന്‍ സഹായിക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുക (ഫിലിപ്പിയര്‍ 1:6).
ഈ ആഴ്ചയിലെ ഓരോ ദിവസവും, നിങ്ങളുടെ യാത്രയില്‍ നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുന്ന ഒരു കാര്യം കുറിച്ചുവെക്കുക. ആ അനുഗ്രഹം എത്ര ചെറുതായോ വലുതായോ തോന്നിയാലും, നിങ്ങളുടെ ജീവിതത്തില്‍ ദൈവം എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് ചിന്തിക്കുക. നിങ്ങളുടെ സ്വന്തം പാതകളെ ഓര്‍ത്ത് നന്ദി പ്രകടിപ്പിക്കുവാന്‍ നിങ്ങള്‍ പരിശീലിക്കുമ്പോള്‍, ദൈവം പ്രത്യേകമായി നിങ്ങള്‍ക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളുടെ മനോഹാരിത നിങ്ങള്‍ കാണുവാന്‍ തുടങ്ങും.
പ്രാര്‍ത്ഥന
പിതാവേ, താരത്യത്തിന്‍റെ കെണിയില്‍ നിന്നും എന്നെ സ്വതന്ത്രനാക്കേണമേ. എന്‍റെ ജീവിതത്തിനു വേണ്ടിയുള്ള അങ്ങയുടെ അതുല്യമായ പദ്ധതിയില്‍ ആശ്രയിക്കാനും, അങ്ങ് എനിക്ക് തന്നിട്ടുള്ള അനുഗ്രഹങ്ങളില്‍ ആനന്ദിക്കാനും എന്നെ സഹായിക്കേണമേ. എന്‍റെ യാത്രയ്ക്കായി അങ്ങ് എന്നെ ഒരുക്കിയിരിക്കുന്നു എന്നും അങ്ങയുടെ സമയം തികവുറ്റതാണെന്നും അനുദിനവും എന്നെ ഓര്‍മ്മിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍, ആമേന്‍.
Join our WhatsApp Channel
Most Read
● യേശു കുടിച്ച വീഞ്ഞ്● എങ്ങനെയാണ് സമയം ഫലപ്രദമായി വിനിയോഗിക്കുന്നത്.
● ദിവസം 11 : 40 ദിവസ ഉപവാസവും പ്രാര്ത്ഥനയും
● ദാനിയേലിന്റെ ഉപവാസം
● ദൈവത്തിന്‍റെ പ്രകാശത്തില്‍ ബന്ധങ്ങളെ വളര്‍ത്തുക
● ചെത്തിയൊരുക്കുന്ന കാലങ്ങള് -3
● വിശ്വാസത്തിന്റെ പാഠശാല
അഭിപ്രായങ്ങള്‍