മോശെയുടെ സമാഗമനക്കുടാരത്തെക്കുറിച്ച് അതിശയകരവും എന്നാല്‍ എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകാവുന്നതുമായ ഒരു വിശദാംശം വേദപുസ്തകം നമ്മോടു പറയുന്നു:
"ഒന്നാം മാസം ഒന്നാം തീയതി നീ സമാഗമനകൂടാരമെന്ന
തിരുനിവാസം നിവിർക്കേണം". (പുറപ്പാട് 40:2).
"ഇങ്ങനെ രണ്ടാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി
തിരുനിവാസം നിവിർത്തു". (പുറപ്പാട് 40:17).
മറ്റൊരു വാക്കില്‍ പറഞ്ഞാല്‍, യിസ്രായേലിന്‍റെ മദ്ധ്യേ തന്‍റെ വാസസ്ഥലം സ്ഥാപിക്കപ്പെട്ട നിമിഷമായി ദൈവം പുതുവത്സരദിനത്തെ തിരഞ്ഞെടുത്തു. ഇത് യാദൃശ്ചികമല്ലായിരുന്നു. നാം 2026 ജനുവരി 1-ലേക്ക് പ്രവേശിക്കുമ്പോള്‍, ഇത് ഉദ്ദേശ്യപൂര്‍വ്വവും, പ്രാവചനീകവും, നമ്മെ ആഴത്തില്‍ ബോധ്യപ്പെടുത്തുന്നതുമായ ഒരു വിഷയമാകുന്നു.
ദൈവം തന്‍റെ സാന്നിധ്യത്തോടെ ആരംഭിക്കുന്നു.
സമാഗമനക്കുടാരം കേവലം ഒരു ഘടന മാത്രമല്ലായിരുന്നു - തന്‍റെ ജനത്തിന്‍റെ മധ്യത്തില്‍ ദൈവത്തിന്‍റെ സാന്നിധ്യം വസിക്കുന്നതിന്‍റെ ദൃശ്യമായ അടയാളമായിരുന്നത്. വിജയത്തിലേക്കോ, സ്ഥിരതയിലേക്കോ, വ്യാപനത്തിലേക്കോ യിസ്രായേല്‍ മുന്നേറുന്നതിനു മുമ്പ്, ആദ്യം തന്‍റെ സാന്നിധ്യം സ്ഥാപിക്കപ്പെടുന്നു എന്ന് ദൈവം ഉറപ്പുവരുത്തി.
ഇത് വളരെ ശക്തമായ ഒരു തത്വം വെളിപ്പെടുത്തുന്നു: വര്‍ഷങ്ങളെ ദൈവം പ്രവൃത്തിയോടെയല്ല ആരംഭിക്കുന്നത്; അവന്‍ തന്‍റെ സാന്നിധ്യത്തോടെയാണ് അവയെ ആരംഭിക്കുന്നത്.
നൂറ്റാണ്ടുകള്‍ക്കുശേഷം കര്‍ത്താവായ യേശു ഇതേ മാതൃക നമ്മെ പഠിപ്പിച്ചു, യേശു പറഞ്ഞു,
"മുമ്പേ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിൻ;
അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും". (മത്തായി 6:33).
പദ്ധതികളോടെ മാത്രം ആരംഭിക്കുന്ന വര്‍ഷമല്ല അനുഗ്രഹിക്കപ്പെട്ട വര്‍ഷം, പ്രത്യുത നിങ്ങളുടെ ജീവിതത്തിന്‍റെ കേന്ദ്രമായി ദൈവത്തെ നിര്‍ത്തികൊണ്ട് ആരംഭിക്കുന്ന വര്‍ഷമാണ് ശരിക്കും അനുഗ്രഹിക്കപ്പെട്ടത്.
പരിശുദ്ധമായ ഒരു പുനഃക്രമീകരണം.
ഒന്നാം മാസം യിസ്രായേലിനു ഒരു പുതിയ തുടക്കമായി അടയാളപ്പെടുത്തി. അതേ ദിവസത്തില്‍ തന്നെ സമാഗമനക്കുടാരം നിവിര്‍ത്തുവാന്‍ ദൈവം കല്പ്പിച്ചതിലൂടെ, ഓരോ പുതിയ തുടക്കവും ശുദ്ധീകരിക്കപ്പെടണം എന്ന് ദൈവം അവരെ പഠിപ്പിച്ചു.
അപ്പോസ്തലനായ പൌലോസ് ഈ സത്യത്തെ പുതിയനിയമത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു, അദ്ദേഹം ഇങ്ങനെ എഴുതുന്നു,
"ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു;
പഴയത് കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു". (2 കൊരിന്ത്യർ 5:17).
ഒരു പുതുവര്‍ഷം കലണ്ടറിന്‍റെ വെറുമൊരു മാറ്റമല്ല - ദൈവത്തിന്‍റെ ഉദ്ദേശ്യങ്ങളോടു ചേര്‍ന്നുകൊണ്ട് നമ്മുടെ ജീവിതങ്ങളെ ശരിയായ ക്രമത്തില്‍ ആക്കുന്നതിനുള്ള ഒരു ക്ഷണനമാണത്. ആദ്യം നാം സമര്‍പ്പിക്കുന്നത് തന്നെയാണ് പിന്നീട് എന്ത് സംഭവിക്കണം എന്ന് തീരുമാനിക്കുന്നത്.
മഹത്വത്തിനു മുമ്പായി ഘടന
ദൈവത്തിന്‍റെ തേജസ്സ് സമാഗമനക്കുടാരത്തെ നിറയ്ക്കുന്നതിനു മുമ്പ് (പുറപ്പാട് 40:34), മോശെ ദൈവത്തിന്‍റെ നിര്‍ദ്ദേശങ്ങളെ ശ്രദ്ധയോടെ അനുസരിച്ചു. ഓരോ തിരശ്ശീലകളും, തൂണുകളും, യാഗപീഠവും, ഉപകരണങ്ങളും എല്ലാം ദൈവീക ക്രമപ്രകാരം സ്ഥാപിക്കപ്പെട്ടു.
ദൈവത്തിന്‍റെ ചട്ടങ്ങള്‍ മാനിക്കപ്പെടുന്നിടത്ത് ദൈവത്തിന്‍റെ മഹത്വം നിലനില്‍ക്കുന്നു എന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്ത്യാനികളായ നമ്മെ അപ്പോസ്തലനായ പൌലോസ് ഓര്‍മ്മിപ്പിക്കുന്നു,
"സകലവും ഉചിതമായും ക്രമമായും നടക്കട്ടെ". (1 കൊരിന്ത്യർ 14:40).
2026 -ലേക്ക് നിങ്ങള്‍ പ്രവേശിക്കുമ്പോള്‍, ദൈവം നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ മാത്രമല്ല, നിങ്ങളുടെ തീരുമാനങ്ങളിലും, അച്ചടക്കത്തിലും, ദൈനംദിന അനുസരണത്തിലും താല്പര്യമുള്ളവനാണ്. ഘടനയാണ് മഹത്വത്തിനായി സ്ഥലം ഒരുക്കുന്നത് എന്ന് എല്ലായിപ്പോഴും ഓര്‍ക്കുക.
കൂടാരത്തില്‍ നിന്നും ആലയത്തിലേക്കും നിങ്ങളിലേക്കും.
സമാഗമനക്കുടാരം താല്‍ക്കാലികമായിരുന്നു, ആലയം സ്ഥിരമായിരുന്നു - എന്നാല്‍ ഇന്ന് അതിലും മഹത്തായ ഒരു സത്യം നിലനില്‍ക്കുന്നു:
"നിങ്ങൾ ദൈവത്തിന്‍റെ മന്ദിരം എന്നും ദൈവത്തിന്‍റെ ആത്മാവ്
നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?" (1കൊരിന്ത്യർ 3:16).
വര്‍ഷത്തിന്‍റെ ഈ ആദ്യ ദിവസത്തില്‍, തിരശീലകൊണ്ടും തൂണുകൊണ്ടും ഒരു കൂടാരം പണിയാന്‍ ദൈവം നിങ്ങളോട് ആവശ്യപ്പെടുന്നില്ല. പകരം, നിങ്ങളുടെ ജീവിതത്തെ പുതുതായി ദൈവത്തിന്‍റെ വാസസ്ഥലമായി സമര്‍പ്പിക്കുവാന്‍ അവന്‍ നിങ്ങളെ ക്ഷണിക്കുന്നു.
"നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിപ്പിൻ". (റോമർ 12:1).
2026 ലേക്കുള്ള ഒരു പ്രവചനാത്മക ക്ഷണം
ദൈവത്തോടുകൂടെ വര്‍ഷം ആരംഭിക്കുക - അപ്പോള്‍ വര്‍ഷം കൊണ്ടുവരുന്നതിനെ നിങ്ങള്‍ പിന്തുടര്‍ന്ന് ഓടേണ്ടിവരില്ല.
ദൈവത്തിന്‍റെ സാന്നിധ്യം ഒന്നാമത് വരുമ്പോള്‍, മാര്‍ഗ്ഗദര്‍ശനവും, പരിപാലനവും ജയവും പിന്നാലെ വരും
യേശുവിന്‍റെ നാമത്തില്‍ ഞാന്‍ പ്രവചിക്കുന്നു, "ദൈവം നിങ്ങള്‍ക്ക് മുമ്പായി പോകും,
യിസ്രായേലിന്‍റെ ദൈവം ഈ വര്‍ഷം മുഴുവനും നിങ്ങള്‍ക്ക് പിമ്പില്‍ കാവലായിരിക്കും".
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍.
സ്ഥാനം ഞാന്‍ അങ്ങേയ്ക്ക് നല്‍കുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍!
