അനുദിന മന്ന
സുഹൃത്ത് ആകാനുള്ള അപേക്ഷ: പ്രാര്‍ത്ഥനയോടെ തിരഞ്ഞെടുക്കുക.
Tuesday, 31st of January 2023
0
0
779
Categories :
പ്രാര്‍ത്ഥന (Prayer)
കര്‍ത്താവായ യേശു പറഞ്ഞു, "ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട്; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു എന്നു പറഞ്ഞു". (യോഹന്നാന് 16:33). ഈ ലോകത്തില്‍ കൂടി കടന്നുപോകുന്നത് എളുപ്പമല്ലയെന്ന് കര്‍ത്താവ് അറിഞ്ഞിരുന്നു, അതുകൊണ്ട് അവന് തന്റെ കരുണയാല്‍, നമ്മുടെ യാത്രയില്‍ നമ്മെ സഹായിക്കയും ആശ്വസിപ്പിക്കയും ചെയ്യുന്ന സഹായ സംവിധാനങ്ങള്‍ നമുക്കായി നല്കിയിരിക്കുന്നു. നമുക്ക് ലഭ്യമായിരിക്കുന്ന, ദൈവത്താല്‍ നല്കപെട്ട ഒരു സഹായ സംവിധാനമെന്നത് ആത്മീകരായ സുഹൃത്തുക്കള്‍ ആകുന്നു.
നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ സൂക്ഷിക്കുന്ന സുഹൃത്തുക്കളെ കുറിച്ച് സശ്രദ്ധരായിരിക്കുന്നത് വളരെ പ്രധാനമുള്ളതാണ്. എല്ലാവരുമായും കൂട്ടുകൂടുവാന്‍ നിങ്ങള്‍ കടപ്പെട്ടവരല്ല. നിങ്ങളുടെ താല്പര്യങ്ങള്, ലക്ഷ്യങ്ങള്‍, സ്വപ്നങ്ങള്‍ എന്നിവയുമായി യോജിക്കുന്ന ആളുകളെ കൂടെ നിര്‍ത്തുവാനുള്ള ആഗ്രഹം മനഃപൂര്‍വ്വമായി കടന്നുവരും. അല്ലെങ്കില്‍, നിങ്ങള്‍ ബന്ധപ്പെട്ടു നില്ക്കുന്ന പല തരത്തിലുള്ള ആളുകളാല്‍ നിങ്ങള്‍ നിങ്ങളെത്തന്നെ മുറിപ്പെടുത്തും. തീര്‍ച്ചയായും നിങ്ങള്‍ മുറിപ്പെടുന്നത് കാണുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല, കാരണം തന്റെ മക്കള്‍ക്ക് ഏറ്റവും നല്ലത് ഉണ്ടാകണമെന്ന് ദൈവം എപ്പോഴും ആഗ്രഹിക്കുന്നു.
ശക്തയായ ഒരു ദൈവദാസി ഒരിക്കല്‍ പറഞ്ഞു, "നിങ്ങളെ സഹായിക്കുവാന്‍ ശരിയായ ആളുകള്‍ നിങ്ങളുടെ കൂടെയുള്ളപ്പോള്‍ എന്തും സാധ്യമാണ്".
എസ്ഥേറിന്റെ പുസ്തകത്തിലെ ഹാമാന്റെ ചരിത്രം ഒരുപാട് കാര്യങ്ങള്‍ നമ്മോടു പറയുന്നുണ്ട്. ഹാമാന് യെഹൂദന്മാരുടെ ഒരു ശത്രുവായിരുന്നു അതുകൊണ്ട് അവരെ കൊല്ലുവാനുള്ള ഒരു വഴി അന്വേഷിച്ചുകൊണ്ടിരുന്നു. മറ്റു യെഹൂദന്മാരോടുകൂടെ ഒരു പ്രവാസിയായി കൊണ്ടുവരപ്പെട്ട മോര്‍ദ്ദേഖായിയെ അവന് വെറുത്തിരുന്നു. രാജാവിന്റെ വിരുന്നിനായി ഹാമാന് ക്ഷണിക്കപ്പെടുകയും അത് അവന് തന്റെ ഭാര്യയേയും സുഹൃത്തുക്കളേയും അറിയിക്കുകയും ചെയ്തു. അവന് മറ്റുള്ളവരോട് മോര്ദ്ദഖായിയെ സംബന്ധിച്ചു വളരെ മോശകരമായ നിലയില്‍ സംസാരിക്കുവാന്‍ ഇടയായി. ഹാമാന്റെ ഭാര്യയും സുഹൃത്തുക്കളും നല്കിയ ഉപദേശം എന്തായിരുന്നുവെന്ന് നിങ്ങള്‍ക്ക് അറിയുമോ?
എസ്ഥേര്‍ 5:14 നമ്മോടു പറയുന്നു, "അതിന് അവന്റെ ഭാര്യ സേരെശും അവന്റെ സകല സ്നേഹിതന്മാരും അവനോട്: അമ്പതു മുഴം ഉയരമുള്ള ഒരു കഴുമരം ഉണ്ടാക്കട്ടെ; മൊർദ്ദെഖായിയെ അതിന്മേൽ തൂക്കിക്കളയേണ്ടതിന് നാളെ രാവിലെ നീ രാജാവിനോട് അപേക്ഷിക്കേണം; പിന്നെ നിനക്കു സന്തോഷമായി രാജാവിനോടുകൂടെ വിരുന്നിനു പോകാം എന്നു പറഞ്ഞു. ഈ കാര്യം ഹാമാനു ബോധിച്ചു; അവൻ കഴുമരം ഉണ്ടാക്കിച്ചു".
ഹാമാന് ദൈവഭക്തരായ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നുവെങ്കില്‍ എന്താകുമായിരുന്നു എന്ന് സങ്കല്പ്പിച്ചുനോക്കുക; ഇങ്ങനെയുള്ള ക്രൂരമായ പദങ്ങള്‍ അവരുടെ വായില്‍നിന്നും പുറപ്പെടുമായിരുന്നുവോ? വേദപുസ്തകം നമുക്ക് മുന്നറിയിപ്പ് നല്കുന്നു, "വഞ്ചിക്കപ്പെടരുത്, “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” (1 കൊരിന്ത്യര്‍ 15:33).
ദൈവത്തോടുകൂടെയുള്ള നിങ്ങളുടെ നടപ്പില്‍, ദൈവഭക്തരായ സുഹൃത്തുക്കളെ നിലനിര്‍ത്തുന്നത് അവഗണിക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ വളരെ ക്ഷീണിതരും അവശരുമായി തോന്നുമ്പോള്‍ ഒക്കെയും, നിങ്ങളോടുകൂടെയിരുന്ന് പ്രാര്‍ത്ഥിക്കുവാന്‍ വേണ്ടി നിങ്ങള്‍ക്ക് വിളിക്കുവാന്‍ കഴിയുന്ന ആരെങ്കിലും നിങ്ങള്‍ക്കുണ്ടോ? നിങ്ങള്‍ക്ക് എല്ലാവരോടുംകൂടെ സ്നേഹിക്കുവാനും, തമാശ പറയുവാനും, ഉല്ലസിക്കുവാനും കഴിയും, എന്നാല്‍ നിങ്ങളുടെ ചിന്തകളെ തുറന്നു പങ്കുവെക്കുവാനും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനും കഴിയുന്ന ആരെയെങ്കിലും, ചിലരെയെങ്കിലും നിങ്ങള്‍ക്ക് ആവശ്യമാണെന്ന് മനസ്സിലാക്കുക. സദൃശ്യവാക്യങ്ങള്‍ 27:9 പറയുന്നു, തൈലവും ധൂപവും ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; ഹൃദ്യാലോചനയുള്ള സ്നേഹിതന്റെ മാധുര്യവും അങ്ങനെ തന്നെ.
കണക്കുബോധിപ്പിക്കേണ്ടതിന്റെ പേരിലെങ്കിലും, നിങ്ങള്‍ക്ക് ദൈവഭയമുള്ള സുഹൃത്തുക്കള്‍ ആവശ്യമാണ്. നിങ്ങളുടെ ചലനങ്ങളെ ആത്മാര്‍ത്ഥമായി, ആത്യന്തികമായി ദൈവത്തിന്റെ വചനമാകുന്ന കണ്ണാടിയില്‍ കൂടി വിലയിരുത്തുന്ന ചിലരെ നിങ്ങള്‍ക്ക് ആവശ്യമാണ്. സത്യം കൈയ്പ്പായി തോന്നുമ്പോള്‍, സ്നേഹത്തോടെ സത്യത്തെ നിങ്ങളുടെ കാതുകളില്‍ ചൊരിയുന്ന ചിലരെ നിങ്ങള്‍ക്ക് ആവശ്യമാകുന്നു. നിങ്ങളുടെ ജീവിതത്തെ സകാരത്മകമായി ബാധിക്കുന്ന നല്ല ആലോചനകളും വാക്കുകളും നിങ്ങള്‍ക്ക് വേണം. അനന്യാസിന്റെ ഭാര്യ നല്ല ഉപദേശം അവനു നല്കിയിരുന്നുവെങ്കില്, അനന്യാസ് അവന്റെ മനസ്സ് മാറ്റുകയും നിലം വിറ്റ് കിട്ടിയ പണത്തെസംബന്ധിച്ചു കള്ളം പറയാതിരിക്കയും ചെയ്യുവാന്‍ സാദ്ധ്യതയുണ്ടായിരുന്നു. എന്നാല്‍ മോശകരമായ ആ കാര്യം ചെയ്യുവാനായി അവര്‍ രണ്ടുപേരും ഒരുമിച്ചു തന്ത്രം മെനഞ്ഞു.
ആകയാല്‍, ജീവന്റെ പാതയില്‍ നടക്കുമ്പോള്‍, നിങ്ങളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടുന്ന, ശരിയായ പാതയില്‍ തന്നെ നിങ്ങളെ നിര്‍ത്തുന്ന ആത്മനിറവുള്ള സൌഹൃതം നിങ്ങള്‍ക്ക് അത്യാവശ്യമാണ്.
പ്രാര്‍ത്ഥന
പിതാവേ, അങ്ങ് എന്നെ എപ്പോഴും കേള്‍ക്കുന്നതിനാല്‍ ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. എന്റെ വഴികളില്‍ ആത്മീകരായ സുഹൃത്തുക്കള്‍ തുടര്‍മാനമായി വരേണ്ടതിനു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ വഴികളുമായി യോജിക്കുന്ന ആളുകളുമായി എന്റെ പാത കൂടിച്ചേരണമെന്നും ഞാന്‍ അപേക്ഷിക്കുന്നു. യേശുവിന്റെ ശക്തമേറിയ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ മാനസീകാവസ്ഥയെ മെച്ചപ്പെടുത്തുക● ക്രിസ്തു കല്ലറയെ ജയിച്ചു
● കൃതജ്ഞതയുടെ ഒരു പാഠം
● മരിച്ചവരില്‍ ആദ്യജാതന്
● അധികമായ സാധനസാമഗ്രികള്‍ വേണ്ട
● ക്രിസ്തുവിനുവേണ്ടി സ്ഥാനാപതി
● ചെത്തിയൊരുക്കുന്ന കാലങ്ങള്‍ -2
അഭിപ്രായങ്ങള്‍