പിന്നെ അവൻ പറഞ്ഞത്: "ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ അവൻ അറിയാതെ വിത്തു മുളച്ചു വളരുന്നതുപോലെ ആകുന്നു". (മര്‍ക്കോസ് 4:26-27).
വളരുവാനും ഫലം കായ്ക്കുവാനുമായി നമ്മുടെ ഹൃദയങ്ങളില്‍ വിതയ്ക്കപ്പെട്ട ഒരു വിത്തിനോട് സമാനമാണ് ദൈവത്തിന്‍റെ വചനം (ലൂക്കോസ് 8:11). യാതൊരു ശല്യവും കൂടാതെ വിത്ത് മണ്ണില്‍ ആയിരിക്കേണ്ടതുപോലെ, വിശ്വാസത്തില്‍ കൂടി ദൈവ വചനം നമ്മുടെ ജീവിതത്തില്‍ വേരൂന്നുവാന്‍ നാം അനുവദിക്കുകയും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ ആശ്രയിക്കയും വേണം. ദൈവവചനം വെറുതെ ദൈവത്തിന്‍റെ അടുക്കലേക്ക് മടങ്ങാതെ തന്‍റെ ഉദ്ദേശം നിവര്‍ത്തിക്കുമെന്ന് വേദപുസ്തകം നമ്മോടു പറയുന്നു. (യെശയ്യാവ് 55:11). വചനത്തിന്‍റെ രൂപാന്തര ശക്തിയെ അനുഭവിക്കുവാന്‍ വേണ്ടി, അത് നമ്മുടെ ഹൃദയങ്ങളില്‍ പ്രവര്‍ത്തിക്കുവാനുള്ള ഇടവും സമയവും നാം അതിനു കൊടുക്കണം.
എന്നിരുന്നാലും, ഓരോ ദിവസവും ചില നിമിഷത്തേക്ക് വെറുതെ വേദപുസ്തകം വായിച്ചതുകൊണ്ട് മാത്രം മതിയാകില്ല. ദൈവ വചനത്തിന്‍റെ പഠിപ്പിക്കലുമായി നമ്മുടെ ചിന്തകള്‍, വാക്കുകള്‍, പ്രവര്‍ത്തികള്‍ എന്നിവയുമായി ചേര്‍ന്നുപോകുവാന്‍ വേണ്ടി നമുക്ക് കഴിയുന്നതെല്ലാം നാം ചെയ്യുകയും വേണം. യാക്കോബ് 1:22 നമ്മെ ഓര്‍പ്പിക്കുന്നതുപോലെ, നാം കേവലം ദൈവവചനം കേള്‍ക്കുന്നവര്‍ മാത്രമല്ല മറിച്ച് അത് ചെയ്യുന്നവരും ആയിരിക്കണം. നാം ദൈവവചനത്തിങ്കല്‍ ഒരു ചെറിയ സമയം മാത്രം ചിലവിടുകയും ബാക്കിയുള്ള നമ്മുടെ സമയങ്ങളില്‍ അതിന്‍റെ ഉപദേശത്തിനു വിപരീതമായി ജീവിക്കയും ചെയ്യുന്നുവെങ്കില്‍, നാം ശരിക്കും ആ വിത്തിന് വളരുവാനുള്ള ഒരു അവസരം ഉണ്ടാകുന്നതിനു മുമ്പ് അതിനെ കൂടുതല്‍ ആഴത്തിലേക്ക് കുഴിച്ചിടുകയാണ് ചെയ്യുന്നത്.
ഉദാഹരണത്തിന്, ഓരോ പ്രഭാതത്തിലും വചനം വായിക്കുന്നതില്‍ നിങ്ങള്‍ അഞ്ചു നിമിഷങ്ങള്‍ ചിലവഴിക്കുന്നുവെന്ന് ചിന്തിക്കുക, മറ്റുള്ളവരോട് ദയയോടെ സംസാരിക്കണം എന്നതിനെക്കുറിച്ച് വായിക്കുന്നു (എഫെസ്യര്‍ 4:29). എന്നിട്ടും, ദിവസം മുഴുവനും നിങ്ങള്‍ ദയയില്ലാതെ സംസാരിക്കുന്നതിലും അപവാദം പറയുന്നതിലും വ്യാപൃതരാകുന്നു. ഈ തരത്തിലുള്ള പെരുമാറ്റം നിങ്ങളുടെ ജീവിതത്തില്‍ വചനത്തിന്‍റെ പ്രവര്‍ത്തിയേയും ആത്മീക ഫലത്തിന്‍റെ വളര്‍ച്ചയേയും തടയുവാന്‍ ഇടയായിത്തീരും. (ഗലാത്യര്‍ 5:22-23).
ഈ രീതിയെ എതിര്‍ക്കുവാന്‍ വേണ്ടി, ദൈവത്തിന്‍റെ വചനം ധ്യാനിക്കേണ്ടത് ആവശ്യമാകുന്നു. ദൈവവചനത്തില്‍ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചു നടക്കേണ്ടതിന് നാം രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണമെന്ന് യോശുവ 1:8 നമ്മെ പ്രബോധിപ്പിക്കുന്നു. നാം ദൈവവചനത്തില്‍ കാണുന്ന സത്യങ്ങളെ സംബന്ധിച്ച് ആഴമായി ചിന്തിക്കുമ്പോള്‍, നമ്മുടെ ചിന്തകളെ, വികാരങ്ങളെ, തീരുമാനങ്ങളെ, പ്രവര്‍ത്തികളെ സ്വാധീനിക്കുവാന്‍ നാം അവയെ അനുവദിക്കുന്നു.
മത്തായി 13:3-9 വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്ന വിതയ്ക്കുന്നവന്‍റെ ഉപമ നോക്കുക. ദൈവ വചനത്തോടുള്ള വ്യത്യസ്തമായ പ്രതികരണത്തെ സംബന്ധിച്ച് കര്‍ത്താവായ യേശു പഠിപ്പിക്കുന്നു. നല്ല നിലത്തു വീണ വിത്ത് ദൈവവചനം കേള്‍ക്കുകയും, മനസ്സിലാക്കുകയും, ഫലം കായ്ക്കുകയും ചെയ്യുന്നവരെയാണ് പ്രതിനിധാനം ചെയ്യുന്നത്. നല്ല വിത്തുപോലെ ആയിരിക്കണമെങ്കില്‍, നാം ദൈവവചനം ആന്തരീകമാക്കുകയും അത് നമ്മുടെ അനുദിന ജീവിതത്തെ സ്വാധീനിക്കുവാന്‍ അനുവദിക്കയും വേണം.
ദൈവ വചനത്തില്‍ നിന്നുള്ള ഒരു പ്രത്യേക സത്യത്തില്‍ വസിക്കുവാനായി ഓരോ ദിവസങ്ങളിലും സമയം വേര്‍തിരിക്കുക. ഉദാഹരണത്തിന്, നിങ്ങളുടെ പ്രഭാതത്തിലെ വചനധ്യാന സമയത്ത് ക്ഷമയെക്കുറിച്ച് ദൈവം നിങ്ങളോടു സംസാരിക്കുകയാണെങ്കില്‍ (മത്തായി 6:14-15), ആ ദിവസം മുഴുവനും ആ സത്യം ഓര്‍ക്കുവാനും അനുവര്‍ത്തിക്കുവാനും വേണ്ടി സഹായിക്കണമെന്ന് ദൈവത്തോട് അപേക്ഷിക്കുക. ക്ഷമ ആവശ്യമുള്ള സാഹചര്യങ്ങളില്‍ നിങ്ങള്‍ എത്തുമ്പോള്‍, നിങ്ങളുടെ പ്രതികരണത്തെ നിയന്ത്രിക്കുവാന്‍ വചനത്തെ അനുവദിക്കുക.
കൂടാതെ, ദൈവീകമായ സ്വാധീനങ്ങളാല്‍ നിങ്ങള്‍ വലയം ചെയ്യപ്പെടേണ്ടത് അനിവാര്യമായ കാര്യമാകുന്നു, സദൃശ്യവാക്യങ്ങള്‍ 27:17 പറയുന്നു, "ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ മനുഷ്യനു മൂർച്ചകൂട്ടുന്നു". മറ്റുള്ള വിശ്വാസികളുമായി കൂട്ടായ്മയില്‍ ഏര്‍പ്പെടുന്നത് വചനത്തിലെ സത്യങ്ങളെ ശക്തിപ്പെടുത്തുവാന്‍ സഹായിക്കയും നിങ്ങളുടെ വിശ്വാസ ജീവിതത്തിനുള്ള പരിശ്രമത്തിനായി ഉത്തരവാദിത്വം നല്‍കുകയും ചെയ്യുന്നു.
ദൈവ വചനത്തിനു അനുസരിച്ച് നിങ്ങളുടെ പ്രവര്‍ത്തികള്‍ പ്രതിഫലിക്കുവാന്‍ ബോധപൂര്‍വ്വമുള്ള ഒരു പരിശ്രമം നടത്തുക. കൊലൊസ്സ്യര്‍ 3:17 നിര്‍ദ്ദേശിക്കുന്നത്, "വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്‍റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിനു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ". നമ്മുടെ ജീവിതത്തിലെ ഓരോ കാര്യങ്ങളും ദൈവവചനത്തിനും അവന്‍റെ ഹിതത്തിനും അനുയോജ്യമായത് ആയിരിക്കണം എന്നാണ് ഇതിന്‍റെ അര്‍ത്ഥം.
അതുകൊണ്ട്, ദൈവവചനത്തിന്‍റെ പൂര്‍ണ്ണമായ സ്വാധീനം നമ്മുടെ ജീവിതത്തില്‍ അനുഭവിക്കുവാന്‍, കേവലം അറിവ് സമ്പാദിക്കുന്നതിനും അപ്പുറത്തേക്ക് നാം പോകണം. നാം ദൈവവചനം ധ്യാനിക്കയും, അത് നമ്മുടെ ചിന്തകളേയും പ്രവര്‍ത്തികളെയും രൂപപ്പെടുത്തുവാന്‍ അനുവദിക്കയും വേണം. അങ്ങനെ ചെയ്യുന്നതില്‍ കൂടെ, നമുക്ക് യഥാര്‍ത്ഥത്തില്‍ ക്രിസ്തുവിനെപോലെ കൂടുതല്‍ ആയിത്തീരുവാനും (റോമര്‍ 8:29), നമ്മുടെ ജീവിതത്തില്‍ ദൈവം ആഗ്രഹിക്കുന്ന ആത്മീക ഫലം കായ്ക്കുവാനും സാധിക്കും (യോഹന്നാന്‍ 15:5).
സങ്കീര്‍ത്തനം 119:105 ഓര്‍ക്കുക, "നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു". അന്ധകാരം നിറഞ്ഞിരിക്കുന്ന ഒരു ലോകത്തില്‍ ദൈവവചനം നിങ്ങളെ നയിക്കുന്ന ഒരു വെളിച്ചമായിരിക്കട്ടെ, അങ്ങനെ നിങ്ങള്‍ രൂപാന്തരവും വളര്‍ച്ചയും നിങ്ങളുടെ ജീവിതത്തില്‍ കാണും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങളുടെ ജീവിതത്തെ നയിക്കുന്ന ഒരു വെളിച്ചമായിരിക്കുന്ന അങ്ങയുടെ വചനമാകുന്ന ദാനത്തിനായി അങ്ങേയ്ക്ക് നന്ദി പറയുന്നു. ഇത് വായിക്കുക മാത്രമല്ല യഥാര്‍ത്ഥമായും അത് ധ്യാനിക്കുവാനും അതിലെ പഠിപ്പിക്കലുകള്‍ ഞങ്ങളുടെ ചിന്തകളിലും, വാക്കുകളിലും, പ്രവര്‍ത്തികളിലും പ്രായോഗീകമാക്കുവാനും ഞങ്ങളെ സഹായിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങളുടെ നിയോഗങ്ങളെ പിശാച് തടയുന്നത് എങ്ങനെ?● സംസർഗ്ഗത്താലുള്ള അഭിഷേകം
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #8
● ഒരു ഓട്ടം ജയിക്കുവാനുള്ള രണ്ടു 'പി' കള്.
● മഹനീയമായ പ്രവൃത്തികള്
● നരകം ഒരു യഥാര്ത്ഥ സ്ഥലമാണ്
● പരിശുദ്ധാത്മാവിനോടുള്ള അവബോധം വളര്ത്തുക - I
അഭിപ്രായങ്ങള്‍