ഹെരോദാവ് രാജാവായി നിങ്ങളെ തന്നെ സങ്കല്‍പ്പിക്കുക. നിങ്ങള്‍ക്ക് അധികാരവും, സമ്പത്തും, ശക്തിയുമുണ്ട്. അപ്പോള്‍, "യെഹൂദന്മാരുടെ രാജാവായി" പുതിയൊരാള്‍ ജനിച്ചതായുള്ള അഭ്യുഹങ്ങള്‍ നിങ്ങള്‍ കേള്‍ക്കുന്നു. "ഹെരോദാരാജാവ് അതു കേട്ടിട്ട് അവനും യെരൂശലേമൊക്കെയും ഭ്രമിച്ചു" (മത്തായി 2:3). ആകയാല്‍, അദ്ദേഹം മത പണ്ഡിതന്മാരെയും പ്രധാന പുരോഹിതന്മാരേയും ശാസ്ത്രിമാരേയും വിളിച്ചുകൂട്ടി ഈ പുതിയ രാജാവായ ക്രിസ്തു എവിടെ ജനിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് എന്ന് ചോദിച്ചു.
"യെഹൂദ്യദേശത്തിലെ ബേത്‍ലഹേമെന്ന്", ഒരു പുരാതന പ്രവചനം ഉദ്ധരിച്ചുകൊണ്ട് അവര്‍ മറുപടി പറഞ്ഞു (മത്തായി 2:5). അവര്‍ സൂചിപ്പിച്ച തിരുവെഴുത്ത് മീഖ 5:2 ആയിരുന്നു:
"നീയോ, ബേത്‍ലഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന് അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്ന് ഉദ്ഭവിച്ചു വരും; അവന്‍റെ ഉദ്ഭവം പണ്ടേ ഉള്ളതും പുരാതനമായതും തന്നെ".
അധികാരവും അന്തസ്സും അലങ്കരിച്ചിരുന്ന ഹെരോദാവിനു, ഈ പ്രവചനം ഒരു ഭീഷണിയായി മാറി,ഭൂമിയിലെ അധികാരങ്ങള്‍ ക്ഷണികമാണെന്ന ഒരു ഓര്‍മ്മപ്പെടുത്തല്‍. എന്നാല്‍, വിദ്വാന്മാരെ സംബന്ധിച്ചിടത്തോളം, ഈ പ്രവചനം പ്രത്യാശയുടെ ഒരു വെളിച്ചമായിരുന്നു. ബെത്ലെഹെമില്‍ ജനിക്കാനിരുന്ന ഈ താഴ്മയുള്ള രാജാവിനെ അന്വേഷിച്ചുകൊണ്ടു അവര്‍ തിരുവചനത്താലും നക്ഷത്രത്താലും നയിക്കപ്പെട്ട് കിഴക്കുനിന്നും യാത്ര തിരിച്ചു. അറിഞ്ഞ ഒരു ഭീഷണി ഇല്ലാതാക്കുവാന്‍ ഹെരോദാവ് ചിന്തിച്ചപ്പോള്‍, വിദ്വാന്മാര്‍ ആരാധിക്കുവാന്‍ ശ്രമിച്ചു.
ഒരേ പ്രവചനത്തോട് ഇപ്രകാരമുള്ള രണ്ടു വ്യത്യസ്ത പ്രതികരണങ്ങള്‍ എന്തുകൊണ്ടാണ്? വിദ്വാന്മാര്‍ ജ്ഞാനം പ്രാപിച്ചത് നക്ഷത്രങ്ങളെക്കുറിച്ചുള്ള അവരുടെ അറിവില്‍ നിന്നുമാത്രമല്ല, ദൈവവചനത്തെ സംബന്ധിച്ചുള്ള അവരുടെ പഠനത്തില്‍ നിന്നുമായിരുന്നു.
ദൈവത്തിന്‍റെ വചനത്തില്‍ നിന്നും വരുന്നതായ ജ്ഞാനത്തിന്‍റെ ചില സവിശേഷതകളാണ് താഴെ പറഞ്ഞിരിക്കുന്നത്.
1. ദൈവീകമായി പ്രചോദിതമായത്:
ദൈവത്തിന്‍റെ വചനത്തില്‍ നിന്നുള്ളതായ ജ്ഞാനം മാനുഷീക നിര്‍മ്മിതമല്ല മറിച്ച് പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായതാണ്. അത് മനുഷ്യന്‍റെ ധാരണയ്ക്കും യുക്തിക്കും അതീതമാണ്. (2 തിമോഥെയോസ് 3:16, 2 പത്രോസ് 1:21).
2. രൂപാന്തരപ്പെടുത്തുന്നത്:
ഹൃദയങ്ങളെ മാറ്റുവാനും, മനസ്സിനെ പുതുക്കുവാനും, നീതിയോടെയുള്ള ജീവിതത്തിലേക്ക് ആളുകളെ നയിക്കുവാനുമുള്ള ശക്തി ഈ ജ്ഞാനത്തിനുണ്ട്. അത് ഒരാളുടെ ജീവിതത്തേയും മുന്‍ഗണനകളേയും സമൂലമായി പുനഃക്രമീകരിക്കുന്നതിലേക്ക് നയിച്ചേക്കാം. (റോമര്‍ 12:2, എഫെസ്യര്‍ 4:23).
3. കാഴ്ചപ്പാടില്‍ നിത്യമായത്:
പലപ്പോഴും ഹ്രസ്വകാല നേട്ടങ്ങളിലോ പെട്ടെന്നുണ്ടാകുന്ന ഫലങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, ലോക ജ്ഞാനത്തില്‍ നിന്നും വ്യത്യസ്തമായി, ദൈവത്തിന്‍റെ വചനത്തില്‍ നിന്നുള്ള ജ്ഞാനത്തിനു നിത്യമായ ഒരു കാഴ്ചപ്പാടുണ്ട്. നിത്യമായ പ്രാധാന്യമുള്ള തീരുമാനങ്ങളിലേക്കും പ്രവര്‍ത്തികളിലേക്കും അത് നമ്മെ നയിക്കുന്നു. (മത്തായി 6:19-21, കൊലൊസ്സ്യര്‍ 3:2).
ഈ സ്വഭാവസവിശേഷതകള്‍ ദൈവവചനത്തില്‍ നിന്നുള്ള ജ്ഞാനത്തെ അമൂല്യവും മറ്റേതൊരു തരത്തിലുമുള്ള ജ്ഞാനവുമായി താരതമ്യപ്പെടുത്തുവാന്‍ കഴിയാത്തതുമാക്കുന്നു.
ഇപ്പോള്‍, നിങ്ങളുടെ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കുക. വേദപുസ്തകത്തിലെ ഉപദേശങ്ങളിലേക്ക് വരുമ്പോള്‍ നിങ്ങള്‍ കൂടുതലും ഹെരോദാവിനെപോലെയാണോ അതോ വിദ്വാന്മാരെ പോലെയാണോ? ഇതിന്‍റെ സത്യങ്ങളാല്‍ നിങ്ങള്‍ ഭയപ്പെടുന്നവരാണോ, അതോ വഴികാട്ടിയായ നക്ഷത്രങ്ങളായി അവയെ നിങ്ങള്‍ കാണുന്നുവോ? നമ്മുടെ നിലപാടുകളെ തകിടം മറിക്കുകയും, നമ്മുടെ സുഖസൌകര്യങ്ങളെ വെല്ലുവിളിക്കുകയും ചെയ്തുകൊണ്ട്, ദൈവത്തിന്‍റെ ജ്ഞാനം പലപ്പോഴും ലൌകീക ജ്ഞാനത്തിനു എതിരായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍, ആ ജ്ഞാനം നിത്യ ജീവനിലേക്കുള്ള പാതയാകുന്നു.
"ദൈവത്തിന്‍റെ ഭോഷത്തം മനുഷ്യരെക്കാൾ ജ്ഞാനമേറിയതും ദൈവത്തിന്‍റെ ബലഹീനത മനുഷ്യരെക്കാൾ ബലമേറിയതും ആകുന്നു". (1 കൊരിന്ത്യര്‍ 1:25).
വിദ്വാന്മാരെപോലെ ആയിരിക്കുവാന്‍ വേണ്ടിയാണ് ദൈവവചനം നമ്മോടു ആഹ്വാനം ചെയ്യുന്നത്: ജിജ്ഞാസയും ഉത്സാഹവും ഉള്ളവരായിരിക്കയും, രാജാധിരാജാവും കര്‍ത്താധികര്‍ത്താവും ആയവനെ കാണുവാന്‍ വേണ്ടി, ആത്മീകവും ശാരീരികവുമായി ഒരു യാത്രയ്ക്ക് തയ്യാറായിരിക്കയും വേണം. എളിയവനായ ഈ ഇടയ രാജാവ് ജനിച്ചത് ഒരു കൊട്ടാരത്തിലല്ല മറിച്ച് ഒരു പുല്‍ത്തൊട്ടിയില്‍ ആയിരുന്നു, ഭൂമിയിലെ മഹത്വത്തിന്‍റെ ആഡംബരത്തോടെയല്ല മറിച്ച് നിത്യമായ പ്രത്യാശയുടെ വാഗ്ദത്തത്തോടെയാണ്.
സ്നേഹത്തോടും, അനുകമ്പയോടും, നീതിയോടും കൂടി നമ്മെ മേയ്ക്കുന്ന പരമാധികാരിയായി യേശുവിനെ അംഗീകരിച്ചുകൊണ്ട് നമ്മുടെ സ്വന്തം ജീവിതത്തില്‍ യേശുവിനെ അന്വേഷിക്കുവാനുള്ള ജ്ഞാനത്തിനായി ഇന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. സങ്കീര്‍ത്തനക്കാരന്‍ എഴുതിയിരിക്കുന്നു, "യഹോവ എന്‍റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല". (സങ്കീര്‍ത്തനം 23:1).
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയുടെ അധികാരത്താല്‍ ഭയപ്പെട്ടുകൊണ്ടല്ല മറിച്ച് അങ്ങയുടെ വചനത്താല്‍ പ്രചോദനം ഉള്‍ക്കൊണ്ട്, വിദ്വാന്മാര്‍ ചെയ്തതുപോലെ അങ്ങയെ അന്വേഷിക്കുവാനുള്ള ജ്ഞാനം ഞങ്ങള്‍ക്ക് തരേണമേ. താഴ്മയുള്ള പുല്തൊട്ടിയിലേക്കും മഹത്വകരമായ കുരിശിലേക്കും ഞങ്ങളെ നയിക്കേണമേ, അവിടെ ഞങ്ങള്‍ക്ക് രക്ഷയും ഞങ്ങളുടെ ആത്മാക്കളുടെ ശരിയായ ഇടയനേയും കണ്ടെത്തുവാന്‍ സാധിക്കും. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● നിങ്ങള്‍ എളുപ്പത്തില് മുറിവേല്ക്കുന്നവരാണോ?● സഭായോഗം മുടക്കി വീട്ടിലിരുന്നു ഓണ്ലൈനില് സഭാ ശുശ്രൂഷകള് കാണുന്നത് ഉചിതമാണോ?
● ദൈവത്തിന്‍റെ കൃപയെ സമീപിക്കുക
● കാലേബിന്റെ ആത്മാവ്
● ദൈവത്തിനു പ്രഥമസ്ഥാനം നല്‍കുക #2
● കഴിഞ്ഞകാലത്തിന്റെ രഹസ്യങ്ങളെ തുറന്നുവിടുന്നു
● ശത്രു നിങ്ങളുടെ രൂപാന്തരത്തെ ഭയപ്പെടുന്നു
അഭിപ്രായങ്ങള്‍