"ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നെ". (സദൃശ്യവാക്യങ്ങള്‍ 13:12).
നിരാശയുടെ കാറ്റുകള്‍ നമുക്ക് ചുറ്റും അലയടിക്കുമ്പോള്‍, മഞ്ഞുതുള്ളികള്‍ നമ്മുടെ ഹൃദയത്തിലേക്ക് ഇഴയുന്നതായി തോന്നുവാന്‍ എളുപ്പമാണ്. നിരാശയും, ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയെപ്പോലെ, എപ്പോള്‍ വേണമെങ്കിലും നമ്മുടെ വാതിലില്‍ മുട്ടാം, ഇത് നമ്മുടെ ഹൃദയത്തെ രോഗിയാക്കുകയും നമ്മുടെ മനസ്സിനെ തളര്‍ത്തുകയും ചെയ്യുന്നു. ഒരുപക്ഷേ അത് എന്നെന്നേക്കുമായി എത്തിപ്പിടിക്കുവാന്‍ കഴിയാത്തതായി തോന്നുന്ന ഒരു സ്വപ്നമായിരിക്കാം അല്ലെങ്കില്‍ കൊട്ടിയടയ്ക്കപ്പെട്ട അവസരങ്ങളുടെ ഒരു വാതിലായിരിക്കാം. അത് ഉത്തരം കിട്ടാത്ത പ്രാര്‍ത്ഥനകളുടെ പ്രതിധ്വനിയോ അഥവാ നേടാത്ത പ്രതീക്ഷകളുടെ വേദനയോ ആകാം. നിറവേറാത്ത പ്രതീക്ഷകളുടെ ശൂന്യതയില്‍ തങ്ങിനില്‍ക്കുന്ന നിശബ്ദതയാണിത്.
ഹൃദയത്തിന്‍റെ ഇത്തരത്തിലുള്ള രോഗം രാത്രികളെ ദൈര്‍ഘ്യമേറിയതും ഇരുട്ടിനെ നിബിഡവും എന്ന് തോന്നിപ്പിക്കുന്ന പാതകള്‍ ഒരുക്കും. എന്നാല്‍ ഓര്‍ക്കുക, നമ്മുടെ യാത്ര നിഴലുകളുടെ താഴ്വരയില്‍ അവസാനിക്കുകയില്ല. ഒരിക്കലും വറ്റാത്ത ഉറവയായ തന്‍റെ പ്രത്യാശയുടെ നീരുറവില്‍ നിന്നും കുടിക്കുവാന്‍ നമ്മെ ക്ഷണിച്ചുകൊണ്ട്, നാം നമ്മുടെ കഷ്ടതകള്‍ക്ക് മീതെ ഉയരുവാന്‍ വേണ്ടി പ്രത്യാശയുടെ ദൈവം നമ്മെ ക്ഷണിക്കുന്നു. "എന്നാൽ പ്രത്യാശ നല്കുന്ന ദൈവം പരിശുദ്ധാത്മാവിന്‍റെ ശക്തിയാൽ നിങ്ങൾ പ്രത്യാശയിൽ സമൃദ്ധിയുള്ളവരായി വിശ്വസിക്കുന്നതിലുള്ള സകല സന്തോഷവും സമാധാനവുംകൊണ്ടു നിങ്ങളെ നിറയ്ക്കുമാറാകട്ടെ". (റോമര്‍ 15:13).
പ്രത്യാശയില്ലാത്ത ജീവിതം ഗ്രേസ്കെയില്‍ സമ്പ്രദായത്തില്‍ മങ്ങിയതും, ഇരുണ്ടതും, ക്ഷീണിച്ചതുമാണ്. എന്നാല്‍ ദൈവം നമ്മെ സൃഷ്ടിച്ചത് ശാശ്വതമായ നിരശകളാല്‍ തകര്‍ന്ന ഒരു ജീവിതം നയിക്കുവാനല്ല. തന്‍റെ ദൈവീകമായ വര്‍ണ്ണത്തട്ടിലെ മുഴുവന്‍ ഛായാചിത്രങ്ങളും അനുഭവിക്കുവാന്‍ വേണ്ടി ദൈവം നമ്മിലേക്ക് ജീവശ്വാസം ഊതി - സന്തോഷത്തിന്‍റെ നിറങ്ങള്‍, സമാധാനത്തിന്‍റെ ഛായകള്‍, സ്നേഹത്തിന്‍റെ വര്‍ണ്ണങ്ങള്‍ തുടങ്ങിയവ. അചഞ്ചലമായ പ്രത്യാശയില്‍ മുഴുകിയിരിക്കുന്ന ഒരു ജീവിതം, ദൈവത്തിന്‍റെ ശാശ്വതമായ വാഗ്ദാനങ്ങളില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു ജീവിതം നയിക്കുവാന്‍ അവന്‍ നമ്മെ വിളിക്കുന്നു.
നമ്മുടെ ഹൃദയങ്ങളില്‍ പ്രത്യാശ പുതുക്കപ്പെടുമ്പോള്‍, അത് വളരെ നീണ്ട ഒരു രാത്രിയ്ക്ക് ശേഷം ഇരുട്ടിനെ തുളച്ചുകയറുന്ന സൂര്യന്‍റെ ആദ്യ കിരണങ്ങള്‍ പോലെയാകുന്നു. ഇത് ഇപ്രകാരം നമ്മെ ഓര്‍മ്മിപ്പിക്കുന്ന ദൈവത്തിന്‍റെ മൃദുസ്വരം പോലെയാണ്, "സന്ധ്യയിങ്കൽ കരച്ചൽ വന്നു രാപാർക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു". (സങ്കീര്‍ത്തനം 30:5).
അങ്ങനെയെങ്കില്‍, നിരാശകള്‍ നമ്മുടെ ഹൃദയങ്ങളെ രോഗമുള്ളതാക്കുമ്പോള്‍ നാം എന്ത് ചെയ്യും? വീണ്ടും പ്രത്യാശിക്കുവാനുള്ള ബലം നമുക്ക് എങ്ങനെ കണ്ടെത്തുവാന്‍ സാധിക്കും?
ഒന്നാമതായി, നിങ്ങളുടെ നിരാശകളെ ദൈവത്തിങ്കല്‍ അര്‍പ്പിക്കുക. കര്‍ത്താവ് നമുക്കായി കരുതുന്നതാകയാൽ നമ്മുടെ സകല ചിന്താകുലവും അവന്‍റെമേൽ ഇടേണ്ടതിനായി അവന്‍ നമ്മെ വിളിക്കുന്നു (1 പത്രോസ് 5:7). ഉടഞ്ഞുപോയ ഓരോ പ്രതീക്ഷകളും, തകര്‍ന്ന ഓരോ സ്വപ്നങ്ങളും അവന്‍റെ സ്നേഹമുള്ള കരങ്ങളില്‍ സുരക്ഷിതമാകുന്നു. നിങ്ങളുടെ നിരാശകള്‍ ദൈവത്തിങ്കലേക്ക് ഉപേക്ഷിക്കുമ്പോള്‍, നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളുടെ ജീവിതത്തിന്‍റെ സകല വിശദാംശങ്ങളിലും ഇടപ്പെടുന്നു എന്ന് അറിഞ്ഞുകൊണ്ട്, ദൈവീകമായ സമാധാനത്താല്‍ നിങ്ങളുടെ ഹൃദയം നിറയുവാന്‍ ഇടയാകും. ഞാന്‍ അനേക പ്രാവശ്യം ഈ അവസ്ഥയില്‍ ആയിട്ടുള്ളതുകൊണ്ടാണ് ഇത് ഞാന്‍ പറയുന്നത്.
രണ്ടാമതായി, നിങ്ങളുടെ പ്രാണനെ ദൈവവചനത്തില്‍ നിമഞ്ജനം ചെയ്യുക. ദൈവത്തിന്‍റെ മാറ്റമില്ലാത്ത വാഗ്ദത്തങ്ങളും അവന്‍റെ സ്ഥിരതയുള്ള സ്നേഹവും നിറഞ്ഞതായ, നിത്യമായ പ്രത്യാശയുടെ നീരുറവയാണ് തിരുവചനങ്ങള്‍. "എന്നാൽ മുൻ എഴുതിയിരിക്കുന്നതൊക്കെയും നമ്മുടെ ഉപദേശത്തിനായിട്ടു, നമുക്കു തിരുവെഴുത്തുകളാൽ ഉളവാകുന്ന സ്ഥിരതയാലും ആശ്വാസത്താലും പ്രത്യാശ ഉണ്ടാകേണ്ടതിനുതന്നെ എഴുതിയിരിക്കുന്നു" (റോമര്‍ 15:4). ദൈവത്തിന്‍റെ വചനം നിങ്ങള്‍ അനുദിനവും ധ്യാനിക്കുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ എണ്ണമറ്റ ആളുകളെ നിലനിര്‍ത്തിയ കാലാതീതമായ സത്യങ്ങളാല്‍ നിങ്ങളുടെ ആത്മാവും പുനരുജ്ജീവിപ്പിക്കപ്പെടും.
അവസാനമായി, നന്ദിയുടേയും സ്തുതിയുടേയും ഒരു മനോഭാവം വളര്‍ത്തിയെടുക്കുക. നിഴലുകള്‍ക്ക് അപ്പുറമായി, നന്ദിയുള്ളവരായിരിപ്പാന്‍ എപ്പോഴും ഒരു കാരണമുണ്ട്. അപ്പോസ്തലനായ പൌലോസ്, തന്‍റെ അനവധിയായ കഷ്ടതകളുടെ നടുവിലും, വിശ്വാസികളെ ഇപ്രകാരം ചെയ്യുവാനായി പ്രബോധിപ്പിക്കുന്നു, "എപ്പോഴും സന്തോഷിപ്പിൻ; ഇടവിടാതെ പ്രാർഥിപ്പിൻ; എല്ലാറ്റിനും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം" (1 തെസ്സലോനിക്യര്‍ 5:16-18). നന്ദിയുള്ള മനോഭാവം നമ്മുടെ അഭാവങ്ങളില്‍ നിന്ന് ദൈവത്തിന്‍റെ സമൃദ്ധിയിലേക്ക് നമ്മുടെ ശ്രദ്ധയെ മാറ്റുന്നു, അതുപോലെ സ്തുതിക്കുന്നത് നിരാശയുടെ തിരമാലകള്‍ക്ക് മുകളില്‍ നമ്മുടെ ആത്മാവിനെ ഉയര്‍ത്തുന്നു.
കഠിനമായ നിരാശയുടെ ഭാരത്താല്‍ നിങ്ങളുടെ ആത്മാവ് മുഴുകിയിരിക്കുകയാണെങ്കില്‍ പോലും, ഓര്‍ക്കുക, പെട്ടെന്നുള്ള ഒരു ഇടവേള, ദൈവീകമായ ഒരു ഇടപ്പെടല്‍, പ്രത്യാശയുടെ ഒരു മൃദുസ്വരം നിങ്ങളുടെ ജീവിതത്തെ ആകമാനം മാറ്റുവാന്‍ കഴിയും. കര്‍ത്താവിങ്കലേക്ക് തിരിയുന്നതില്‍ കൂടിയും, നിങ്ങളുടെ ക്ഷീണിച്ചിരിക്കുന്ന മനസ്സിലേക്ക് പുതിയ പ്രത്യാശ പകരുവാന്‍ ദൈവത്തെ അനുവദിക്കുകയും ചെയ്യുന്നതില്‍ കൂടിയുമാണ് ഇത് ആരംഭിക്കുന്നത്.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നിരാശയുടെ സമയങ്ങളില്‍ ഞങ്ങളുടെ അഭയസ്ഥാനം അവിടുന്നാകുന്നു; ഒരിക്കലും തീര്‍ന്നുപോകാത്ത അങ്ങയുടെ പ്രത്യാശയെ ഞങ്ങളിലേക്ക് ഊതേണമേ. ഞങ്ങളുടെ ഭാരങ്ങള്‍ അങ്ങയിലേക്ക് അര്‍പ്പിക്കുവാനും അങ്ങയുടെ വാഗ്ദത്തങ്ങളില്‍ ചാരുവാനും ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ ശക്തിയെ പുതുക്കുകയും അങ്ങയിലുള്ള സന്തോഷവും, സമാധാനവും, അചഞ്ചലമായ പ്രത്യാശയും കൊണ്ട് ഞങ്ങളുടെ ഹൃദയങ്ങളെ നിറയ്ക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● കുറ്റപ്പെടുത്തല്‍ മാറ്റികൊണ്ടിരിക്കുക● അഭിവൃദ്ധിയിലേക്കുള്ള മറക്കപ്പെട്ട പ്രധാന കാര്യം
● ഐക്യതയുടേയും അനുസരണത്തിന്റെയും ഒരു ദര്‍ശനം
● വ്യത്യാസം വ്യക്തമാണ്
● ജോലിസ്ഥലത്തെ ഒരു പ്രസിദ്ധവ്യക്തി -II
● ക്രിസ്തുവിനെപോലെയാകുക
● ആരാധന ഒരു ജീവിത ശൈലിയായി മാറ്റുക
അഭിപ്രായങ്ങള്‍