18:34ല്‍, യേശുവിന്‍റെ കഷ്ടപ്പാടുകളെയും, മഹത്വത്തേയും സംബന്ധിച്ചുള്ള യേശുവിന്‍റെ വാക്കുകളുടെ പൂര്‍ണ്ണമായ അര്‍ത്ഥം മനസ്സിലാക്കുവാന്‍ ശിഷ്യന്മാര്‍ക്ക് സാധിക്കാത്ത ഒരു വിഷമകരമായ സമയത്തെ നാം കാണുന്നുണ്ട്. അവര്‍ അവന്‍റെ ശബ്ദം കേട്ടു; അവര്‍ അവന്‍റെ മുഖം കണ്ടു, എന്നാല്‍ അര്‍ത്ഥം അവരില്‍ നിന്നും മറയ്ക്കപ്പെട്ടു. ഈ ധാരണക്കുറവ് ബുദ്ധിശക്തിയുടെയോ ശ്രദ്ധയുടെയോ കുറവുകൊണ്ടല്ല മറിച്ച് ദൈവത്തിനു മാത്രം പൂര്‍ണ്ണമായി അറിയാവുന്ന ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ഒരു ദൈവീക തടഞ്ഞുനിര്‍ത്തലായിരുന്നു.
ചില സന്ദര്‍ഭങ്ങളില്‍ നമ്മുടെ അറിവ് പരിമിതപ്പെടുത്തിയിരിക്കുന്നു എന്ന് തിരിച്ചറിയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്, അത് നമ്മുടെ പരാജയം കൊണ്ടല്ല, മറിച്ച് നല്‍കപ്പെട്ട ഓരോ സമയങ്ങളിലും നമുക്ക് എത്രമാത്രം വഹിക്കുവാന്‍ കഴിയുമെന്ന് ദൈവത്തിനറിയാം എന്നുള്ളതുകൊണ്ടാണ്. യോഹന്നാന്‍ 16:12ല്‍ യേശു ഇപ്രകാരം പറഞ്ഞു, "ഇനിയും വളരെ നിങ്ങളോടു പറവാൻ ഉണ്ട്; എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല". ജയാളിയായ ഒരി മശിഹായെക്കുറിച്ചുള്ള ശിഷ്യന്മാരുടെ ആശയം അവരില്‍ ആഴത്തില്‍ വെരൂന്നിയിരുന്നതിനാല്‍ കഷ്ടപ്പെടുന്ന ഒരു ദാസനെക്കുറിച്ചുള്ള വെളിപ്പാട് മനസ്സിലാക്കുവാനും അംഗീകരിക്കുവാനുമുള്ള അവരുടെ നിലവിലെ കഴിവിലും അപ്പുറമായിരുന്നു.
യെഹൂദ്യാ പാരമ്പര്യം രണ്ടു മശിഹാകളെ സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്: കഷ്ടപ്പെടുന്ന ഒരുവനും (മിശിഹാ ബെന്‍ യോസേഫ്), ജയാളിയായി വാഴുന്ന ഒരുവനും (മിശിഹാ ബെന്‍ യൂദാ). ഈ ഇരട്ട പ്രതീക്ഷ യേശുവിന്‍റെ ദൌത്യത്തിന്‍റെ ഇരട്ട യാഥാര്‍ഥ്യത്തെ പ്രതിബിംബിപ്പിച്ചു: അവന്‍റെ കഷ്ടതകളും മരണവും അതുപോലെ അവന്‍റെ തുടര്‍ന്നുള്ള പുനരുത്ഥാനവും മഹത്വവും. തങ്ങളുടെ സാംസ്കാരീക പ്രതീക്ഷകളില്‍ മുഴുകിയിരുന്ന ശിഷ്യന്മാര്‍ക്ക്, ഈ ഘടകങ്ങള്‍ എല്ലാം യേശു എന്ന ഒരു മിശിഹായില്‍ യോജിപ്പിക്കുവാന്‍ പ്രയാസമായി തോന്നി.
യേശുവിന്‍റെ പരീക്ഷയുടെ സമയത്ത് സാത്താന്‍ തിരുവചനങ്ങളെ വളച്ചൊടിക്കുന്നത് (ലൂക്കോസ് 4:9-11) തെറ്റായ ഉപദേശത്തിന്‍റെ ആപത്തിനെ ചിത്രീകരിക്കുന്നു. ദൈവവചനം അറിഞ്ഞാല്‍ മാത്രം പോരാ; ശരിയായ സന്ദര്‍ഭത്തില്‍ അത് മനസ്സിലാക്കുകയും പ്രായോഗീകമാക്കുകയും ചെയ്യുക എന്നത് നിര്‍ണ്ണായകമാണ്. ദൈവം നമുക്ക് വെളിപ്പെടുത്തിത്തരുവാന്‍ ആഗ്രഹിക്കുന്ന ആഴമേറിയ സത്യങ്ങളെ അന്ധമാക്കുവാന്‍ തെറ്റിദ്ധാരണകള്‍ക്കു സാധിക്കും.
തെറ്റിദ്ധാരണകളെക്കുറിച്ചുള്ള മൂടുപടം കീറിക്കളയുവാനുള്ള വഴി ആരംഭിക്കുന്നത് താഴ്മയോടും പ്രാര്‍ത്ഥനയോടും കൂടിയാണ്, സകല സത്യത്തിലേക്കും നമ്മെ വഴി നടത്തുവാന്‍ ദൈവത്തിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശം തേടുന്നതിലൂടെയാണ് (യോഹന്നാന്‍ 14:26). മുന്‍കൂട്ടി നിശ്ചയിച്ച ആശയങ്ങള്‍ക്ക് നാം സമര്‍പ്പിക്കുകയും പരിശുദ്ധാത്മാവിന്‍റെ ഉപദേശത്തിനായി നമ്മുടെ ഹൃദയങ്ങളെ തുറക്കുകയും ചെയ്യുമ്പോള്‍, ഒരിക്കല്‍ മറയ്ക്കപ്പെട്ടു കിടന്നിരുന്ന സത്യങ്ങള്‍ വ്യക്തമായി മാറും.
നമ്മുടെ കണ്ണുകളില്‍ നിന്നും മൂടുപടം എപ്പോള്‍ ഉയര്‍ത്തണമെന്ന് ദൈവം, തന്‍റെ ജ്ഞാനത്തില്‍ അറിയുന്നു. യേശുവിന്‍റെ പുനരുത്ഥാനത്തിനു ശേഷമുള്ള ശിഷ്യന്മാരുടെ ആത്യന്തീക ഗ്രാഹ്യം കാണിക്കുന്നത് തന്‍റെ ശരിയായ സമയത്ത് ദൈവം സത്യത്തെ വെളിപ്പെടുത്തുന്നു എന്നാണ്. ഇത് ദൈവവചനത്തില്‍ ഉടനീളവും നമ്മുടെ ജീവിതത്തിലും ആവര്‍ത്തിക്കപ്പെടുന്ന ഒരു മാതൃകയാകുന്നു; നാം ആവശ്യപ്പെടുമ്പോള്‍ അല്ല വെളിപ്പാട് വരുന്നത് മറിച്ച് അത് സ്വീകരിക്കുവാന്‍ നാം തയ്യാറാകുമ്പോഴാണ്.
ശിഷ്യന്മാര്‍ ഗ്രഹിക്കുവാന്‍ പ്രയാസമനുഭവിച്ച പ്രധാനപ്പെട്ട മര്‍മ്മം കുരിശായിരുന്നു. ക്രൂശിന്‍റെ സന്ദേശത്തെക്കുറിച്ച് അപ്പോസ്തലനായ പൌലോസ് സംസാരിക്കുന്നത് ഇങ്ങനെയാണ്, "ക്രൂശിന്‍റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്തവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു". (1 കൊരിന്ത്യര്‍ 1:18). ക്രൂശ് എന്നത് ദൈവത്തിന്‍റെ ശക്തിയുടേയും സ്നേഹത്തിന്‍റെയും ആത്യന്തീകമായ അനാവരണമാകുന്നു, ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ലക്ഷ്യങ്ങളെ പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്ന ഒരു സത്യമാകുന്നു.
നാം നമ്മുടെ വിശ്വാസത്തില്‍ വളരുമ്പോള്‍, ദൈവത്തിന്‍റെ വഴികളെ മനസ്സിലാക്കുന്ന പ്രക്രിയയില്‍ നമുക്ക് ക്ഷമയുള്ളവര്‍ ആയിരിക്കാം. ദൈവരാജ്യത്തിന്‍റെ മര്‍മ്മങ്ങളെ പലപ്പോഴും വെളിപ്പെടുത്തുന്നത് ചട്ടത്തിന്മേല്‍ ചട്ടം, സൂത്രത്തിന്മേല്‍ സൂത്രം എന്ന നിലയിലാണ്. (യെശയ്യാവ് 28:10). തക്കസമയത്ത്, ഒരിക്കല്‍ മറഞ്ഞുകിടന്നതായ കാര്യങ്ങള്‍ ദൈവവുമായുള്ള ആഴത്തിലുള്ള ബന്ധത്തിലേക്കുള്ള വ്യക്തമായ ഒരു പാതയായി മാറുന്നു.
പ്രാര്‍ത്ഥന
പിതാവേ, അങ്ങയുടെ വെളിപ്പാടിന്‍റെ സമയത്തില്‍ ആശ്രയിക്കുവാന്‍ ഞങ്ങള്‍ക്ക് കൃപ നല്‍കേണമേ. അങ്ങയുടെ സത്യത്തിലേക്ക് ഞങ്ങളുടെ കണ്ണുകളെ തുറക്കുകയും, അങ്ങയുടെ രാജ്യത്തിന്‍റെ മര്‍മ്മങ്ങളെ പൂര്‍ണ്ണമായും ആലിംഗനം ചെയ്യുവാന്‍ വേണ്ടി ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● എതിര്‍പ്പുകളെ വിശ്വാസത്തോടെ അഭിമുഖീകരിക്കുക● സമ്മര്‍ദ്ദത്തെ തകര്‍ക്കാനുള്ള 3 ശക്തമായ വഴികള്‍
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #6
● വിശ്വാസത്തിന്റെ ശക്തി
● യബ്ബേസിന്റെ പ്രാര്‍ത്ഥന
● നിങ്ങളുടെ നിയോഗങ്ങളെ പിശാച് തടയുന്നത് എങ്ങനെ?
● ശരിയായ ബന്ധങ്ങള്‍ എങ്ങനെ കെട്ടിപ്പടുക്കാം
അഭിപ്രായങ്ങള്‍