അനുദിന മന്ന
ദിവസം 04: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Thursday, 14th of December 2023
0
0
1128
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
നല്ല കാര്യങ്ങളുടെ പുനഃസ്ഥാപനം
"ഇയ്യോബ് തന്‍റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചപ്പോൾ യഹോവ അവന്‍റെ സ്ഥിതിക്കു ഭേദം വരുത്തി മുമ്പേ ഉണ്ടായിരുന്നതൊക്കെയും യഹോവ ഇയ്യോബിന് ഇരട്ടിയായി കൊടുത്തു." (ഇയ്യോബ് 42:10).
പുനഃസ്ഥാപനം, ഭൂഗോളത്തിന്‍റെ പൊതുവായ ഭാഷയില്‍, കാലഹരണപ്പെട്ടതോ, ജീര്‍ണ്ണിച്ചതോ, തകര്‍ക്കപ്പെട്ടതോ, അല്ലെങ്കില്‍ ശിഥിലമായതോ ആയ എന്തിനെയെങ്കിലും അതിന്‍റെ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രക്രിയയാണ്. എന്നാല്‍, ദൈവവചനം അനുസരിച്ച് പുനഃസ്ഥാപനം എന്നാല്‍ ലോകത്തിന്‍റെ പുനഃസ്ഥാപനത്തില്‍ നിന്നും വ്യത്യസ്തമാകുന്നു. വേദപുസ്തകം അനുസരിച്ച് "പുനഃസ്ഥാപനം" എന്ന പദം, എന്തിനേയും പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ടുവരുന്ന പ്രക്രിയയെ സൂചിപ്പിക്കുന്നു, എന്നാല്‍ അത് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ മെച്ചമായതും, കൂടുതല്‍ നല്ലതും ആയിരിക്കും.
അതിനു ഇയ്യോബിന്‍റെ കഥയെക്കാള്‍ വ്യക്തമായതായി മറ്റൊന്നുമില്ല. ഇയ്യോബ് 42:12 പറയുന്നു: "ഇങ്ങനെ യഹോവ ഇയ്യോബിന്‍റെ പിൻകാലത്തെ അവന്‍റെ മുൻകാലത്തെക്കാൾ അധികം അനുഗ്രഹിച്ചു".
ശത്രു മോഷ്ടിച്ചത് എന്തുതന്നെയായാലും - അത് നിങ്ങളുടെ ആരോഗ്യമോ, നിങ്ങളുടെ സാമ്പത്തീക ഭദ്രതയോ, നിങ്ങളുടെ മനസ്സിന്‍റെ സമാധാനമോ, അഥവാ നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മറ്റെന്തെങ്കിലും ആകാം - അതിനെ തിരികെ തരാമെന്നു ദൈവം വാഗ്ദത്തം ചെയ്യുന്നു. ശത്രു എന്ത് പറയുന്നു എന്നതിനുപരിയായി, കര്‍ത്താവായ യേശു അവസാന വാക്ക് പറയും കാരണം നമ്മെക്കുറിച്ചുള്ള ദൈവത്തിന്‍റെ ഹിതം പുനഃസ്ഥാപിക്കപ്പെടുക എന്നുള്ളതാണ്.
ദൈവം വെച്ചിരിക്കുന്ന ആത്മീക തത്വങ്ങള്‍ അനുസരിച്ച് ഒരു മോഷ്ടാവ് പിടിക്കപ്പെടുമ്പോള്‍, അവന്‍ നമ്മില്‍ നിന്നും അപഹരിച്ചതിന്‍റെ ഏഴിരട്ടി പകരം നല്‍കേണ്ടത് അനിവാര്യമായിരുന്നു (സദൃശ്യവാക്യങ്ങള്‍ 6:31 വായിക്കുക). മോഷ്ടിക്കുക, അറുക്കുക, മുടിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് കള്ളന്‍ വരുന്നത്, എന്നാല്‍ നമ്മുടെ ജീവിതം നിറഞ്ഞുകവിയുന്നതായ ഒരു അവസ്ഥയില്‍ എത്തത്തക്കവണ്ണം ദൈവം പൂര്‍ണ്ണമായ പുനഃസ്ഥാപനം കൊണ്ടുവരുന്നു. ദൈവം സകലതും മുമ്പത്തെക്കാളും നല്ലതാക്കി മാറ്റുന്നു.
പിശാചിനു ഒരു വിശ്വാസിയില്‍ നിന്നും അപഹരിക്കുവാന്‍ കഴിയുമോ?
അതേ. പിശാച് അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നത്; പ്രവേശനമാര്‍ഗ്ഗം കൂടാതെ ഒരു വിശ്വാസിയില്‍ നിന്നും അവനു മോഷ്ടിക്കുവാന്‍ കഴിയുകയില്ല. (എഫെസ്യര്‍ 4:27). വിശ്വാസികളില്‍ നിന്നും പിശാചിനു മോഷ്ടിക്കുവാന്‍ കഴിയുന്ന ചില വഴികള്‍ ഇനി പറയുന്നവയാണ്.
1. ദൈവീകമായ നിര്‍ദ്ദേശങ്ങളോടുള്ള അനുസരണക്കേട്.
അനുസരണക്കേട് പിശാചിന്‍റെ തന്ത്രങ്ങള്‍ക്ക് നമ്മെ ഇരയാക്കികൊണ്ട്, നമ്മുടെ ആത്മീകമായ കവചത്തില്‍ ഒരു വിള്ളല്‍ സൃഷ്ടിക്കുന്നു. ഇത് നിങ്ങളുടെ വീടിന്‍റെ വാതില്‍ പൂട്ടാതെ തുറന്നിട്ടിട്ട്, ആവശ്യമില്ലാത്ത അതിഥികളെ ക്ഷണിക്കുന്നതുപോലെയാകുന്നു. മറുവശത്ത്, ദൈവത്തോടുള്ള അനുസരണം, ഒരു പരിച പോലെയാകുന്നു, അത് നമുക്ക് സുരക്ഷിതത്വം വാഗ്ദാനം ചെയ്യുകയും അവന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന്‍റെയും അനുഗ്രഹത്തിന്‍റെയും കീഴില്‍ നമ്മെ നിലനിര്‍ത്തുകയും ചെയ്യുന്നു.
ദൈവത്തിന്‍റെ നിര്‍ദ്ദേശത്തോടു അനുസരണക്കേട് കാണിക്കുവാന്‍ പിശാചു ആദാമിനെ പ്രേരിപ്പിച്ചുകൊണ്ട് ഭൂമിയുടെ മേലുണ്ടായിരുന്ന ആദാമിന്‍റെ അധികാരത്തെ പിശാചു അപഹരിച്ചു. 1 ശമുവേല്‍ 15:22 നമ്മോടു പറയുന്നു, "ഇതാ, അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലത്". ഏതു തരത്തിലുള്ള ആചാരപരമായ ഭക്തിയെക്കാളും ഉപരിയായി അനുസരണത്തിന്‍റെ പ്രാധാന്യത്തെ ഈ വാക്യം എടുത്തുകാട്ടുന്നു.
2. തെറ്റായ ചിന്താഗതി.
നമ്മുടെ പ്രവര്‍ത്തികളുടെ രൂപരേഖ നമ്മുടെ ചിന്തകളാകുന്നു. അത് ദൈവത്തിന്‍റെ സത്യങ്ങളുമായി പൊരുത്തപ്പെടാതിരിക്കുമ്പോള്‍, നമ്മെ നാശത്തിന്‍റെ പാതയിലേക്ക് നയിക്കുവാന്‍ അവയ്ക്ക് കഴിയും. പരിശോധന നടത്തിയില്ലെങ്കില്‍ ദോഷകരമായ പ്രവര്‍ത്തികളിലേക്ക് വളരുവാന്‍ കഴിയുന്ന, സംശയത്തിന്‍റെയും, ഭയത്തിന്‍റെയും, നിഷേധാത്മകതയുടേയും വിത്തുകള്‍ പലപ്പോഴും സാത്താന്‍ വിതയ്ക്കുന്നു.
ദൈവത്തിന്‍റെ വചനത്തിനു വിരോധമായുള്ള ആ സങ്കല്‍പ്പങ്ങളെയും, ചിന്തകളേയും, അറിവിനെയും നിങ്ങള്‍ നീക്കികളയണം. (2 കൊരിന്ത്യര്‍ 10:5). ആളുകള്‍ തെറ്റായ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അത് അവരുടെ ഏറ്റുപറച്ചിലുകളെയും പ്രവര്‍ത്തികളെയും ബാധിക്കുന്നു.
നമ്മുടെ ചിന്തകള്‍ എന്തിനെ, എങ്ങനെ കേന്ദ്രീകരിക്കണമെന്ന് ഫിലിപ്പിയര്‍ 4:8 നമുക്ക് നിര്‍ദ്ദേശം നല്‍കുന്നു, "ഒടുവിൽ സഹോദരന്മാരേ, സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സൽക്കീർത്തിയായത് ഒക്കെയും സൽഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊൾവിൻ".
3. തെറ്റായ ഏറ്റുപറച്ചില്‍
നമ്മുടെ യാഥാര്‍ഥ്യത്തെ രൂപപ്പെടുത്തുന്നതിനുള്ള ശക്തി വാക്കുകള്‍ക്കുണ്ട്. ക്രിയാത്മകമായ പ്രഖ്യാപനങ്ങള്‍ ക്രിയാത്മകമായ ഫലങ്ങളിലേക്ക് നയിക്കുന്നതുപോലെ, നിഷേധാത്മകമായ ഏറ്റുപറച്ചിലുകള്‍ നിഷേധാത്മക ഫലങ്ങളെ കൊണ്ടുവരുന്നു. നമുക്ക് എതിരായി പ്രവര്‍ത്തിക്കുവാന്‍ പിശാച് നമ്മുടെതന്നെ വാക്കുകളെ ഉപയോഗിക്കുന്നു, അങ്ങനെ നമ്മുടെ ഭയങ്ങളെയും സംശയങ്ങളെയും യാഥാര്‍ഥ്യങ്ങളാക്കി മാറ്റുന്നു.
തെറ്റായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ഇയ്യോബിനെകൊണ്ട് ദൈവത്തെ ശപിക്കുവാന്‍ പിശാച് പരിശ്രമിച്ചു, എന്നാല്‍ ഇയ്യോബ് അതിനു തയ്യാറായില്ല. "നിന്‍റെ വായിലെ വാക്കുകളാൽ നീ കുടുങ്ങിപ്പോയി; നിന്‍റെ വായിലെ മൊഴികളാൽ പിടിപെട്ടിരിക്കുന്നു". (സദൃശ്യവാക്യങ്ങള്‍ 6:2).
നമ്മുടെ വാക്കുകളുടെ ശക്തിയേയും അവയെ ജ്ഞാനത്തോടെ ഉപയോഗിക്കേണ്ടതിന്‍റെ ആവശ്യകതയേയും സംബന്ധിച്ച് യാക്കോബ് 3:10 നമ്മെ ഓര്‍മ്മിപ്പിക്കുന്നു. "ഒരു വായിൽനിന്നു തന്നെ സ്തോത്രവും ശാപവും പുറപ്പെടുന്നു. സഹോദരന്മാരേ, ഇങ്ങനെ ആയിരിക്കുന്നതു യോഗ്യമല്ല".
4. തെറ്റായ കൂട്ടുകെട്ട്
ദൈവം നിങ്ങളെ അനുഗ്രഹിക്കുവാന്‍ ആഗ്രഹിക്കുമ്പോള്‍, അവന്‍ ഒരു പുരുഷനെയോ അഥവാ സ്ത്രീയെയോ അയയ്ക്കുന്നു. പിശാചും നിങ്ങളെ നശിപ്പിക്കുവാന്‍ പദ്ധതിയിടുമ്പോള്‍, അവനും ഒരു പുരുഷനെയോ അല്ലെങ്കില്‍ സ്ത്രീയെയോ അയയ്ക്കുന്നു. ഇതിനാല്‍ ഞാന്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ കൊണ്ടുനടക്കുന്ന സുഹൃത്തുക്കളെയും നിങ്ങള്‍ ഉള്‍പ്പെടുന്ന കൂട്ടത്തെയും സംബന്ധിച്ച് ശ്രദ്ധയുള്ളവരായിരിക്കണം എന്നാണ്. അനേകം ആളുകള്‍ തെറ്റായ കൂട്ടുകെട്ടിലൂടെ വളരെ നല്ല കാര്യങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്.
വഞ്ചിക്കപ്പെടരുത് അഥവാ തെറ്റിദ്ധരിക്കപ്പെടരുത്, ദുഷിച്ച കൂട്ടുകെട്ടുകള്‍ (കൂട്ടായ്മ, കൂട്ടുകെട്ടുകള്‍) നല്ല പെരുമാറ്റത്തേയും, ധാര്‍മ്മീകതയേയും, സ്വഭാവത്തേയും ദുഷിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. “ദുർഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.” (1 കൊരിന്ത്യര്‍ 15:33).
നിങ്ങള്‍ അനുഭവിച്ചിട്ടുള്ളതായ തിരിച്ചടികള്‍, നഷ്ടങ്ങള്‍, കഷ്ടപ്പാടുകള്‍, തെറ്റുകള്‍, നാശനഷ്ടങ്ങള്‍ എന്നിവയ്ക്കിടയിലും പുനഃസ്ഥാപനം സാദ്ധ്യമാകുന്നു. സാത്താന്‍ പലതും എടുത്തുക്കളയുമായിരിക്കും, എന്നാല്‍ സകലതും പുനഃസ്ഥാപിക്കാമെന്ന് കര്‍ത്താവ് വാഗ്ദത്തം ചെയ്യുന്നു, എല്ലാത്തിനേയും തിരികെ തരുവാന്‍ ദൈവത്തിനു ശക്തിയുണ്ട്.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
1. പിതാവേ, എന്‍റെ ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും നല്ല കാര്യങ്ങളുടെ പുനഃസ്ഥാപനം ഉണ്ടാകട്ടെ, യേശുവിന്‍റെ നാമത്തില്‍. (യോവേല്‍ 2:25).
2. എന്‍റെ ജീവിതത്തിനു എതിരായി പ്രവര്‍ത്തിക്കുന്ന ആത്മീക കൊള്ളക്കാരുടെയും കവര്‍ച്ചക്കാരുടെയും പ്രവര്‍ത്തികളെ ഞാന്‍ വിഫലമാക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്നു, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 54:17).
3. എന്‍റെ ജീവിതത്തിലെ നല്ല കാര്യങ്ങളെ നശിപ്പിക്കുന്ന സാത്താന്യ പ്രതിനിധികളുടെ പ്രവര്‍ത്തികളെ യേശുവിന്‍റെ നാമത്തില്‍ ഞാന്‍ തളര്‍ത്തുന്നു. (ലൂക്കോസ് 10:19).
4. അതേ, കര്‍ത്താവേ, എന്‍റെ നഷ്ടപ്പെട്ട സകല അനുഗ്രഹങ്ങളെയും, നല്ല ഭാവിയ്ക്കായി സഹായിക്കുന്നവരേയും, സദ്ഗുണങ്ങളേയും ദയവായി എനിക്ക് തിരികെ തരേണമേ, യേശുവിന്‍റെ നാമത്തില്‍.
5. പിതാവേ, എന്‍റെ ശരീരത്തിലും ജീവിതത്തിലും കേടുപാട് സംഭവിച്ചിരിക്കുന്നതിനെ നന്നാക്കി എടുക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (യിരെമ്യാവ് 30:17).
6. പിതാവേ, നഷ്ടപ്പെട്ട സകല അനുഗ്രഹങ്ങളെയും പിന്തുടരുവാനും, മറികടക്കുവാനും, വീണ്ടുകൊള്ളുവാനും എന്നെ ശകതനാക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (1 ശമുവേല്‍ 30:19).
7. അനുഗ്രഹത്തിന്‍റെ അടയ്ക്കപ്പെട്ട സകല വാതിലുകളും യേശുവിന്‍റെ നാമത്തില്‍ വീണ്ടും തുറക്കപ്പെടട്ടെ. (വെളിപ്പാട് 3:8).
8. പിതാവേ, എന്നില്‍ നിന്നും അകന്നുപോയ നല്ല വിധിക്കായി എന്നെ സഹായിക്കുന്നവരുമായി എന്നെ വീണ്ടും ബന്ധിപ്പിക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (റോമര്‍ 8:28).
9. എന്‍റെ ജീവിതത്തില്‍ സമ്പത്തിന്‍റെയും, അനുഗ്രഹത്തിന്‍റെയും, മഹത്വത്തിന്‍റെയും ഏഴുമടങ്ങ് പുനഃസ്ഥാപനം ഉണ്ടാകട്ടെ എന്ന് ഞാന്‍ പ്രഖ്യാപിക്കുന്നു, യേശുവിന്‍റെ നാമത്തില്‍. (സദൃശ്യവാക്യങ്ങള്‍ 6:31).
10. പിതാവേ, അങ്ങയുടെ വിശുദ്ധമന്ദിരത്തില്‍ നിന്നും എനിക്ക് സഹായം അയയ്ക്കേണമേ, യേശുവിന്‍റെ നാമത്തില്‍. (സങ്കീര്‍ത്തനം 20:2).
11. കര്‍ത്താവേ, പിശാചിന്‍റെ തന്ത്രങ്ങള്‍ക്ക് എതിരെ ഞാന്‍ ഉറച്ചുനില്‍ക്കേണ്ടതിനു ശത്രുവിന്‍റെ വഞ്ചനയില്‍ നിന്ന് എന്നെ മറയ്ക്കുകയും അങ്ങയുടെ സത്യത്താല്‍ എന്‍റെ ഹൃദയത്തെ പ്രകാശിപ്പിക്കുകയും ചെയ്യേണമേ. യേശുവിന്‍റെ നാമത്തില്‍. (എഫെസ്യര്‍ 6:11).
12. സ്വര്‍ഗ്ഗീയ പിതാവേ, അടിമത്വത്തിന്‍റെ എല്ലാ ചങ്ങലകളെ പൊട്ടിക്കുകയും ഏതെങ്കിലും തരത്തിലുള്ള ആത്മീക അടിമത്വത്തില്‍ നിന്നും എന്നെ മോചിപ്പിക്കുകയും ചെയ്യേണമേ. എന്‍റെ ജീവിതത്തിന്‍റെ സകല മേഖലകളിലും അങ്ങയുടെ സ്വാതന്ത്ര്യം വാഴുവാന്‍ ഇടയാകട്ടെ, യേശുവിന്‍റെ നാമത്തില്‍. (യെശയ്യാവ് 58:6).
Join our WhatsApp Channel
Most Read
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #2● നഷ്ടമായ രഹസ്യം
● മൂന്നു മണ്ഡലങ്ങള്
● ഉപവാസത്തില് കൂടെ ദൂതന്മാരെ ചലിപ്പിച്ച് നിര്ത്തുക
● ദൈവത്തിന്‍റെ വചനം വായിക്കുന്നതിന്റെ 5 പ്രയോജനങ്ങള്
● വെറുതെ ചുറ്റും ഓടരുത്
● നിങ്ങള്‍ ഒരു ഉദ്ദേശത്തിനായി ജനിച്ചവരാണ്
അഭിപ്രായങ്ങള്‍