അനുദിന മന്ന
ദിവസം 07: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
Sunday, 17th of December 2023
1
0
715
Categories :
ഉപവാസവും പ്രാര്‍ത്ഥനയും (Fasting and Prayer)
പുതിയ ഭൂപ്രദേശങ്ങളെ എടുക്കുക
"നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു". (യോശുവ 1:3).
കായികം, രാഷ്ട്രീയം, സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം, സൈന്യം, ആരോഗ്യപരിപാലനം, മാധ്യമങ്ങള്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളുടെ നേതൃസ്ഥാനത്തു വരുവാന്‍ വിശ്വാസികള്‍ക്ക് കഴിയും. ആ സ്ഥാനങ്ങളിലെ നമ്മുടെ നേതൃത്വത്തിലൂടെ ദൈവത്തിന്റെ രാജ്യം വളരും, മാത്രമല്ല ദൈവീകമായ മൂല്യങ്ങള്‍ വിവിധ സ്ഥാപനങ്ങളിലും വ്യവസ്ഥിതികളിലും വ്യാപിക്കുവാന്‍ ഇടയാകും.
സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കിവാഴുവാന്‍ ദൈവം ആദാമിനോട് കല്പ്പിച്ചു (ഉല്പത്തി 1:28). ദൈവത്തിന്റെ മക്കളെന്ന നിലയില്‍, ആധിപത്യം സ്ഥാപിക്കാനും പുതിയ അതിരുകളെ ഏറ്റെടുക്കുവാനും വേണ്ടിയാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. പുതിയ പ്രദേശങ്ങള്‍ എടുക്കുന്നതിനു ഒരു വാളോ തോക്കോ ആവശ്യമില്ല. അത് ആളുകളോടു ശാരീരികമായി യുദ്ധം ചെയ്യുന്നതിനെ കുറിച്ചല്ല. പ്രദേശങ്ങള്‍ ഏറ്റെടുക്കുക എന്നാല്‍ "സ്വാധീനം ചെലുത്തുക" എന്നാണര്‍ത്ഥം. ഏതൊരു ഉദ്യമത്തിലെയും വിജയം "സ്വാധീനത്തിലേക്ക്" നയിക്കും. ദൈവീകമായ തത്വങ്ങളും മൂല്യങ്ങളും സമൂഹത്തില്‍ സ്ഥാപിക്കുവാന്‍ വേണ്ടി നാം നമ്മുടെ സ്വാധീനത്തെ ഉപയോഗിക്കണം.
നാം ലോകത്തിന്റെ വെളിച്ചവും ഭൂമിയുടെ ഉപ്പുമാകുന്നു; ദൈവത്തിനായി ഈ ഭൂമിയെ ഏറ്റെടുക്കുവാന്‍ വീണ്ടെടുപ്പിലൂടെ നമ്മെ രൂപകല്പന ചെയ്തിരിക്കുകയാണ്. സമസ്ത മേഖലകളിലും സ്വാധീനം ചെലുത്തുവാനും അതിനെ അഴിമതിയില്‍ നിന്നും നാശത്തില്‍ നിന്നും സംരക്ഷിക്കുവാനും വേണ്ടിയാണ് നാം വിളിക്കപ്പെടുകയും രക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നത്. (മത്തായി 5:16, 1 പത്രോസ് 2:9). ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് പിന്തുടരുവാന് ഒരു നല്ല മാതൃക, അതുപോലെ നേതൃത്വം, ധാര്മീകത, മനുഷ്യത്വം എന്നിവയ്ക്കുള്ള ഒരു രൂപരേഖ സ്ഥാപിക്കുവാന്‍ തയ്യാറാകണം. പ്രചോദനത്തിനും നിര്‍ദ്ദേശങ്ങള്‍ക്കുമായി ലോകം നോക്കേണ്ടതായ മാറ്റത്തിന്റെ പ്രതിനിധികളാണ് നാം.
ഭൂപ്രദേശങ്ങളെ എടുക്കുക എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?
1. മാറ്റത്തിന്റെ ഒരു പ്രതിനിധിയായി മാറുക എന്നാണ് ഇതിന്റെ അര്‍ത്ഥം.
2. പുതിയ അതിരുകളിലേക്ക് കടക്കുക എന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
3. മനുഷ്യരുടെ ഹൃദയങ്ങളില്‍ ദൈവരാജ്യം സ്ഥാപിതമാക്കുക എന്നും ഇത് അര്‍ത്ഥമാക്കുന്നു.
4. നിങ്ങളുടെ പരിസ്ഥിതിയെ ദൈവരാജ്യത്തിന്റെ തത്വങ്ങളാല്‍ സ്വാധീനിക്കുക എന്ന് ഇത് അര്‍ത്ഥമാക്കുന്നു.
5. ക്രിയാത്മകമായ ഒരു പരാമര്‍ശ സൂചികയായി മാറുക എന്നും ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നു.
എന്തുകൊണ്ട് നാം ഭൂപ്രദേശങ്ങള്‍ ഏറ്റെടുക്കണം?
1. അന്ധകാരത്തിന്റെ അധികാരികളെ നീക്കംചെയ്യുവാന്‍.
രോഗം, വ്യാധി, ദാരിദ്ര്യം, മരണം, വേദന, നമ്മുടെ സമൂഹത്തിലെ മറ്റു സകല ദുഷ്ടത എന്നിവയ്ക്കെല്ലാം കാരണം ഈ പൈശാചീകമായ അധികാരികളാണ്. നാം അവയെ നീക്കം ചെയ്യുന്നില്ലെങ്കില്‍ എത്രകാലം വേണമെങ്കിലും അവ നിലനില്ക്കും.
നമുക്കു പോരാട്ടം ഉള്ളതു ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മസേനയോടും അത്രേ. (എഫെസ്യര്‍ 6:12).
2. നിങ്ങളുടെ എല്ലാ അദ്ധ്വാനങ്ങളും വിജയിക്കുവാന്‍.
അനേകം ക്രിസ്ത്യാനികളുടെയും പരിശ്രമങ്ങളെ പ്രാദേശീക ആത്മാക്കള്‍ നിരുത്സാഹപ്പെടുത്തുന്നു. ഒരു ഭൂപ്രദേശത്തിന്മേലുള്ള അവയുടെ സ്വാധീനം നാം തകര്ക്കുന്നില്ലയെങ്കില്, ആ പ്രദേശങ്ങളില്‍ വിജയം കൈവരിക്കുവാന്‍ നിങ്ങള്‍ക്ക് പ്രയാസമായി മാറും.
നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന സ്ഥലമൊക്കെയും ഞാൻ മോശെയോടു കല്പിച്ചതുപോലെ നിങ്ങൾക്കു തന്നിരിക്കുന്നു. (യോശുവ 1:3).
പലരുടേയും മനസ്സുകളെ അടിമത്വത്തില്‍ ആക്കിയിരിക്കുന്ന പ്രാദേശീക ആത്മാക്കള്‍ ഉള്ളതുകൊണ്ട് പല ശുശ്രൂഷകള്‍ക്കും പരിതിമായ സംഖ്യകള്‍ക്കു അപ്പുറത്തേക്ക് വളരുവാന്‍ സാധിക്കുന്നില്ല.
ഭൂപ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള 5 Pകള്‍
ദൈവത്തിനായി പ്രദേശങ്ങള്‍ അവകാശമാക്കുന്നതിനു മുമ്പ് നിങ്ങള്‍ ഈ ആവകശ്യകതകള് നിവര്ത്തിക്കേണ്ടതായിട്ടുണ്ട്.
1. ഉദ്ദേശ്യം (Purpose)
പ്രദേശങ്ങള്‍ ഏറ്റെടുക്കുവാന്‍ നിങ്ങള്‍ എന്തുകൊണ്ടാണ് ആഗ്രഹിക്കുന്നത്, നിങ്ങള്‍ക്കു വേണ്ടിയോ അതോ ദൈവത്തിനു വേണ്ടിയോ?
നിങ്ങളുടെ ഉദ്ദേശ്യം നേരുള്ളതാണെങ്കില്‍, ദൈവം നിങ്ങളെ സഹായിക്കും, എന്നാല്‍ സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്കായി നിങ്ങളിത് ചെയ്യുന്നുവെങ്കില്‍, നിങ്ങള്‍ സ്വയമായി പൈശാചീക ആക്രമണങ്ങള്‍ക്ക് നിങ്ങളെ വിധേയരാക്കും.
2. പ്രാര്‍ത്ഥന (Prayer)
തന്റെ അതിരിനെ വിസ്താരമാക്കണമെന്ന് യബ്ബേസ് ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും, അത് അവനു ലഭിക്കുകയും ചെയ്തു. സാത്താന്യ പ്രതിരോധങ്ങളെ നീക്കം ചെയ്യുവാന്‍ പ്രാര്‍ത്ഥന അനിവാര്യമാണ്.
9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ ഏറ്റവും മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞ് അവനു യബ്ബേസ് എന്നു പേരിട്ടു. 10യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോട്: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ച് എന്റെ അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്ന് അനർഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താൽ കൊള്ളായിരുന്നു എന്ന് അപേക്ഷിച്ചു. അവൻ അപേക്ഷിച്ചതിനെ ദൈവം അവനു നല്കി. (1 ദിനവൃത്താന്തം 4:9-10).
ഒരു ആത്മീക പോരാട്ടത്തിനു വേണ്ടി നിങ്ങള്‍ തയ്യാറായിരിക്കണം. ഒരു പോരാട്ടം കൂടാതെ നിങ്ങള്‍ക്ക് അതിരുകളെ അവകാശമാക്കുവാന്‍ കഴിയുകയില്ല.
3. അത്യുത്സാഹം (Passion).
കൊട്ടാരത്തിലെ രാജാവിന്റെ ഭോജനംകൊണ്ട് തന്നെത്താന്‍ അശുദ്ധനാക്കുകയില്ല എന്ന് ദാനിയേല്‍ നിര്‍ണ്ണയിച്ചു (ദാനിയേല്‍ 1:8). ഉദ്ദേശ്യമില്ലാതെ, നിങ്ങള്‍ക്ക് തീരുമാനിക്കുവാന്‍ കഴിയുകയില്ല. തന്റെ ജീവിതത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ ഉദ്ദേശ്യം ദാനിയേല്‍ മനസ്സിലാക്കിയിരുന്നില്ല എങ്കില്‍, അവന് ബാബിലോണിലെ വ്യവസ്ഥിതികള്‍ക്ക് വഴങ്ങുമായിരുന്നു. ദൈവത്തിന്റെ മനുഷ്യനായിരുന്ന മൈല്‍സ് മന്രോ ഇപ്രകാരം പറയുകയുണ്ടായി, "ഉദ്ദേശ്യം അറിയാതിരിക്കുമ്പോള്‍, ദുരുപയോഗം ഒഴിച്ചുകൂടാന്‍ പറ്റാത്തതാകും".
4. പരിശുദ്ധി (Purity)
ഞാൻ ഇനി നിങ്ങളോടു വളരെ സംസാരിക്കയില്ല; ലോകത്തിന്റെ പ്രഭു വരുന്നു; അവന് എന്നോട് ഒരു കാര്യവുമില്ല. (യോഹന്നാന് 14:30). ക്രിസ്തുവിന്റെ ജീവിതത്തെ അന്വേഷിക്കുവാന്‍ വേണ്ടി ഈ ലോകത്തിന്റെ പ്രഭു വന്നു എന്നാല്‍ അവനില്‍ യാതൊരു അശുദ്ധിയും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. അവന് എന്തെങ്കിലും തെറ്റ് കണ്ടെത്തിയിരുന്നുവെങ്കില്‍, ശത്രുവിന്റെ നിയമപരമായ ഒരു അടിമയായി ക്രിസ്തു മാറുമായിരുന്നു.
നിങ്ങള്‍ക്ക് ചുറ്റുമുള്ള ആളുകളുടെ മുമ്പാകെ പരിശുദ്ധിയോടെ പ്രത്യക്ഷപ്പെടുവാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്നാല്‍ അകത്തു നിങ്ങള്‍ പരിശുദ്ധി ഉള്ളവരാണോ, അതോ നിങ്ങള്‍ കേവലം അഭിനയിക്കുന്നവരാണോ? നിങ്ങള്‍ ചെയ്യുന്നത് നേത്ര സേവനമാണോ അതോ നിങ്ങള്‍ കേവലം മതഭക്തി കളിക്കുന്നവരാണോ എന്ന് പിശാചിനു അറിയാം. നിങ്ങള്‍ സഭയിലും ജോലിസ്ഥലത്തും വ്യത്യസ്തരായ ഒരു വ്യക്തിയാണോ? ശക്തിയ്ക്ക് മുമ്പ് പരിശുദ്ധി വരേണ്ടത് ആവശ്യമാണ്. നിങ്ങള്‍ ദൈവവുമായി ശരിയായ ബന്ധത്തില്‍ അല്ലെങ്കില്‍, നിങ്ങള്‍ക്ക് പുതിയ പ്രദേശങ്ങളെ എടുക്കുവാന്‍ കഴിയുകയില്ല.
5. ശക്തി (Power).
ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്ന് അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചു കെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. (മത്തായി 12:29).
പിശാച് ശക്തനാകുന്നു, നിങ്ങള്‍ പ്രദേശങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ്, പിശാചിനെ ബന്ധിച്ചിരിക്കണം. ഭൂമിയിലെ എന്തിനേയും ബന്ധിക്കുവാന്‍ നമുക്ക് അധികാരം നല്‍കിയിട്ടുണ്ട്, അതുകൊണ്ട് ബന്ധിക്കുവാന്‍ നാം പരാജയപ്പെട്ടാല്‍, ഒന്നുംതന്നെ ബന്ധിക്കപ്പെടുകയില്ല. നിങ്ങള്‍ സ്വാധീനിക്കുവാന്‍ ശ്രമിക്കുന്ന ഏതൊരു പ്രദേശത്തെയും ബലവാനായവനെ തീര്‍ച്ചയായും ബന്ധിച്ചിരിക്കണം. ഉദാഹരണത്തിനു, ബിസിനസ്സിലേയും, ഔദ്യോഗീക മേഖലകളിലേയും, സാങ്കേതികവിദ്യ, ആരോഗ്യപരിപാലനം എന്നീ മേഖലകളിലെ ബലവാനെ ബന്ധിക്കണം. ജിവിതത്തിന്റെ വ്യത്യസ്ത മേഖലകളുടെ ചുമതലകള്‍ വഹിക്കുന്ന വാഴ്ചകളാകുന്നു ഇതെല്ലാം.
കൂടുതല്‍ പഠനത്തിനു: ഉല്പത്തി 13:15, സങ്കീര്‍ത്തനം 2:8.
പ്രാര്‍ത്ഥന
ഓരോ പ്രാര്‍ത്ഥനാ മിസൈലുകളും നിങ്ങളുടെ ഹൃദയത്തില്‍ നിന്നും വരുന്നതുവരെ ആവര്‍ത്തിക്കുക. അതിനുശേഷം മാത്രം അടുത്ത പ്രാര്‍ത്ഥനാ മിസൈലിലേക്ക് പോകുക. (അത് ആവര്‍ത്തിക്കുക, അതിനെ വ്യക്തിഗതമാക്കുക, കുറഞ്ഞത് ഒരു മിനിറ്റെങ്കിലും ഓരോ പ്രാര്‍ത്ഥനാ വിഷയത്തിലും ഇങ്ങനെ ചെയ്യുക).
പിതാവേ, എന്നെ ക്രിസ്തുവിനോടുകൂടെ സ്വർഗത്തിൽ എല്ലാ വാഴ്ചയ്ക്കും, അധികാരത്തിനും, ശക്തിക്കും, കർത്തൃത്വത്തിനും, അധികാരങ്ങള്‍ക്കും മീതെ ഇരുത്തിയിരിക്കുന്നതിനാല് അങ്ങേയ്ക്ക് നന്ദി. യേശുവിന്റെ നാമത്തില്‍, ആമേന്‍. (എഫെസ്യര്‍ 2:6).
നിയമപരമായി എന്റെതായിരിക്കുന്ന എല്ലാ സ്വത്തുക്കളും യേശുവിന്റെ നാമത്തില്‍ ഞാന്‍ അവകാശപ്പെടുന്നു (യോശുവ 1:3).
എന്റെ മുന്നേറ്റത്തെ തടയുന്നതായ ഏതൊരു പ്രാദേശീക ആത്മാവിനേയും, യേശുവിന്റെ നാമത്തില്‍ ഞാന്‍ തളര്‍ത്തുന്നു. (ലൂക്കോസ് 10:19).
എന്റെ വിജയത്തേയും മുന്നേറ്റത്തേയും തടയുന്ന ഏതു സാത്താന്യ കോട്ടകളെയും, യേശുവിന്റെ നാമത്തില്‍ ഞാന്‍ തകര്‍ക്കുന്നു (2 കൊരിന്ത്യര്‍ 10:4).
എന്റെ നിലനില്‍പ്പിനേയും ദൈവീകമായ നിയോഗങ്ങളേയും വെല്ലുവിളിക്കുന്ന സകല പ്രാദേശീക ആത്മാക്കള്‍ക്കും എതിരായി ദൂതന്മാരുടെ സേന പൊരുതുവാന്‍ ആരംഭിക്കട്ടെ എന്ന് ഞാന്‍ കല്പ്പിക്കുന്നു, യേശുവിന്റെ നാമത്തില്‍. (സങ്കീര്‍ത്തനം 91:11).
അതേ കര്‍ത്താവേ, എന്റെ അതിരിനെ വിസ്താരമാക്കുകയും എന്റെ മഹത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണമേ യേശുവിന്റെ നാമത്തില്‍. ഈ ഉപവാസ പ്രാര്‍ത്ഥനയില്‍ സംബന്ധിക്കുന്ന സകലര്‍ക്കും അതുതന്നെ ചെയ്യേണമേ. (1 ദിനവൃത്താന്തം 4:10).
എന്റെ ഉയര്‍ച്ചയ്ക്കും മഹത്വത്തിനും എതിരെ പോരാടുന്ന പരിമിതമായ സംസ്കാരങ്ങളെയും, പാരമ്പര്യങ്ങളെയും, പ്രാദേശീക ആത്മാക്കളെയും ഞാന്‍ തകര്‍ക്കുന്നു, യേശുവിന്റെ നാമത്തില്‍. (ഗലാത്യര്‍ 3:28).
ദേശമേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുക, എനിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുവാന്‍ ആരംഭിക്കുക, യേശുവിന്റെ നാമത്തില്‍. (യെശയ്യാവ് 55:11).
എന്റെ ഭാവിയ്ക്ക് എതിരായി വെച്ചിരിക്കുന്ന ഓരോ പരിമിതികളും, യേശുവിന്റെ നാമത്തില്‍ നീങ്ങുകയും നശിച്ചുപോകുകയും ചെയ്യട്ടെ. (യിരെമ്യവ് 29:11).
യേശുവിന്റെ നാമത്തില്‍ ഞാന്‍ ഇപ്പോള്‍ പുതിയ ഭൂപ്രദേശങ്ങളെ ഏറ്റെടുക്കുന്നു. (നിങ്ങള്‍ വിജയം പ്രതീക്ഷിക്കുന്നതായ പ്രത്യേക മേഖലകളെ പരാമര്‍ശിക്കുക). (ആവര്‍ത്തനപുസ്തകം 11:24).
അപഹരിക്കപ്പെട്ടുപോയ എന്റെ എല്ലാ അനുഗ്രഹങ്ങളെയും, മഹത്വത്തേയും, സദ്ഗുണങ്ങളേയും യേശുവിന്റെ നാമത്തില്‍ ഞാന്‍ വീണ്ടെടുക്കയും തിരിച്ചെടുക്കയും ചെയ്യുന്നു. (യോവേല്‍ 2:25).
കരുണാ സദന് മിനിസ്ട്രി പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുവാന്‍ വേണ്ടി ദയവായി പ്രാര്‍ത്ഥിക്കുക. (യെശയ്യാവ് 54:2-3).
Join our WhatsApp Channel
Most Read
● നിങ്ങളുടെ മുന്നേറ്റത്തെ തടയുവാന്‍ സാദ്ധ്യമല്ല● ഞാന്‍ തളരുകയില്ല
● ജീവിതത്തിന്റെ വലിയ കല്ലുകളെ തിരിച്ചറിയുകയും മുന്‍ഗണന നല്‍കുകയും ചെയ്യുക
● സാത്താൻ നിങ്ങളെ ഏറ്റവും കൂടുതൽ തടസ്സപ്പെടുത്തുന്ന മേഖല.
● ദിവസം 35: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● നിങ്ങളുടെ രൂപാന്തരത്തെ തടയുന്നത് എന്തെന്ന് മനസ്സിലാക്കുക
● ഏഴു വിധ അനുഗ്രഹങ്ങള്‍
അഭിപ്രായങ്ങള്‍