മാനുഷീക ഇടപ്പെടലിന്റെ കാതലായ ബന്ധങ്ങള്‍, പരീക്ഷണങ്ങളില്‍ നിന്നും മുക്തമല്ല. പൂന്തോട്ടത്തിലെ അതിലോലമായ പുഷ്പങ്ങള്‍ പോലെ, അവയ്ക്ക് നിരന്തരമായ പോഷണവും പരിചരണവും ആവശ്യമാകുന്നു. മഹാനായ ഒരു വ്യക്തി ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി, "ബന്ധങ്ങള്‍ക്ക് സ്വാഭാവീക മരണം സംഭവിക്കുന്നില്ല. അവ അഹംഭാവം, അനാദരവ്, സ്വാര്‍ത്ഥത, അവിശ്വസ്തത എന്നിവയാല്‍ കൊല്ലപ്പെടുകയാണ് ചെയ്യുന്നത്". ഈ വേദനാജനകമായ സത്യം ചരിത്രത്തിന്റെയും തിരുവചനത്തിന്റെയും പേജുകളിലുടനീളം പ്രതിധ്വനിക്കുന്നുണ്ട്, അത് മാനുഷീക ബന്ധങ്ങളുടെ ദുര്‍ബലമായ പ്രകൃതത്തെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ബന്ധങ്ങളെ നിലനിര്‍ത്തുന്നതിനേയും ബലപ്പെടുത്തുന്നതിനേയും സംബന്ധിച്ച് ധാരാളം കാര്യങ്ങള്‍ വേദപുസ്തകത്തിനു പറയുവാനായിട്ടുണ്ട്. എഫെസ്യര്‍ 4:2-3 വരെയുള്ള വാക്യങ്ങളില്‍, അപ്പോസ്തലനായ പൌലോസ് നല്കുന്ന ഉപദേശം ഇതാണ്, "പൂർണവിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും ആത്മാവിന്റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്വിൻ". താഴ്മ, ക്ഷമ, സ്നേഹം എന്നിവയുടെ പ്രാധാന്യം ഈ തിരുവചനം അടിവരയിടുന്നു - ഇത് പലപ്പോഴും ബന്ധങ്ങളെ നശിപ്പിക്കുന്ന അഹങ്കാരത്തേയും അനാദരവിനേയും പ്രതിരോധിക്കുന്ന സദ്ഗുണങ്ങള്‍ ആകുന്നു.
ബന്ധത്തെ കൊല്ലുന്ന മറ്റൊരു കാര്യമായ സ്വാര്‍ത്ഥതയെ, ഫിലിപ്പിയര്‍ 2:3-4 വരെയുള്ള വേദഭാഗത്ത് അഭിസംബോധന ചെയ്യുന്നുണ്ട്: "ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മറ്റുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്ന് എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ നോക്കേണം". തന്റെ ജീവിതത്തിലും ശുശ്രൂഷയിലും ഉടനീളം നിസ്വാര്‍ത്ഥത പ്രകടമാക്കിയ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ഉപദേശങ്ങള്‍ പ്രതിധ്വനിപ്പിച്ചുകൊണ്ട്, മറ്റുള്ളവരുടെ ക്ഷേമത്തെ അന്വേഷിക്കുന്ന ഒരു സ്നേഹത്തിനായി, നിസ്വാര്‍ത്ഥമായ സ്നേഹത്തിനായി ഈ തിരുവചനം ആഹ്വാനം നല്കുന്നു.
വേദപുസ്തകത്തിലെ ദാവീദും യോനാഥാനും തമ്മിലുള്ള സൗഹൃദം ഉജ്ജ്വലമായ ഒരു ഉദാഹരണമാണ്. രാഷ്ട്രീയവും കുടുംബപരവുമായ സങ്കീര്‍ണ്ണമായ ബലതന്ത്രങ്ങളുടെ നടുവിലും, അവരുടെ സൗഹൃദം സ്ഥിരതയോടെ നിലനിന്നു, അത് അവരുടെ വിശ്വസ്തതയുടേയും പരസ്പരമുള്ള ബഹുമാനത്തിന്റെയും തെളിവാകുന്നു. 1 ശമുവേല്‍ 18:1-3 വരെയുള്ള വാക്യങ്ങളില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കപ്പുറമുള്ള ഒരു ബന്ധത്തെ നാം കാണുന്നു, "അവൻ ശൗലിനോട് സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സിനോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു. ശൗൽ അന്ന് അവനെ ചേർത്തുകൊണ്ടു; അവന്റെ പിതൃഭവനത്തിലേക്കു മടങ്ങിപ്പോകുവാൻ പിന്നെ അനുവദിച്ചതുമില്ല. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിക്കകൊണ്ട് അവനുമായി സഖ്യത ചെയ്തു". ബന്ധങ്ങളുടേയും വിശ്വസ്തതയുടേയും മൂല്യത്തെ ഈ സംഭവം അടിവരയിടുന്നു.
മുപ്പതു വെള്ളിക്കാശിനു യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസ് ഇസ്കരിയോത്താവിന്റെ കഥയില്‍, അനേക ബന്ധങ്ങളുടെ അവസാന പ്രഹരമായ അവിശ്വസ്തതയെ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട് (മത്തായി 26:14-16). അവിശ്വസ്തതയാലും അത്യാഗ്രഹത്താലും ഉളവായതായ ഈ ഒറ്റിക്കൊടുക്കല്‍, ക്രിസ്തീയ ചരിത്രത്തിലെ പരമപ്രധാനമായ ഒരു നിമിഷത്തിലേക്ക് നയിക്കുകയുണ്ടായി - അത് ക്രിസ്തുവിന്റെ ക്രൂശീകരണമായിരുന്നു. ഈ ഒറ്റിക്കൊടുക്കലിന്റെ അനന്തരഫലങ്ങള്‍ ബന്ധങ്ങളിലെ അവിശ്വസ്തതയുടെ വിനാശകരമായ ശക്തിയെക്കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തലായി വര്‍ത്തിക്കുന്നു.
ഈ നിഷേധാത്മകമായ ശക്തികളെ ചെറുക്കുന്നതിനു, ക്ഷമയും നിരപ്പും ഉണ്ടാകണമെന്നു വേദപുസ്തകം പ്രബോധിപ്പിക്കുന്നു. കൊലൊസ്സ്യര്‍ 3:13 ഉപദേശിക്കുന്നു, "ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്വിൻ". വലിഞ്ഞു മുറുകിയ ബന്ധങ്ങള്‍ നന്നാക്കുന്നതില്‍ ക്ഷമയുടെ സൌഖ്യമാക്കാനുള്ള ശക്തിയേയും നിരപ്പിന്റെ പ്രാധാന്യതയേയും ഈ തിരുവെഴുത്ത് ഊന്നിപറയുന്നു.
മഹാനായ ഒരു മനുഷ്യന് ഒരിക്കല്‍ ജ്ഞാനത്തോടെ പറഞ്ഞതുപോലെ, "ബലഹീനനായ ഒരുവനു ഒരിക്കലും സ്നേഹിക്കുവാന്‍ സാധിക്കുകയില്ല. ക്ഷമ ശക്തനായവന്റെ സ്വഭാവഗുണമാകുന്നു". നിങ്ങളുടെ ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് സൌഖ്യം ആവശ്യമാകുന്നുവെങ്കില്‍, താഴ്മ, നിസ്വാര്‍ത്ഥത, വിശ്വസ്തത, ക്ഷമ എന്നിവ പ്രാവര്‍ത്തീകമാക്കുന്നത് ശക്തമായ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയും ധാരണയെ ആഴത്തിലാക്കുകയും ചെയ്യും.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, താഴ്മയോടും, നിസ്വാര്‍ത്ഥതയോടും, വിശ്വസ്തതയോടും കൂടെ ഞങ്ങളുടെ ബന്ധങ്ങളെ പരിപോഷിപ്പിക്കുവാന്‍ ഉള്ളതായ ബലം ഞങ്ങള്‍ക്ക് നല്കേണമേ. അങ്ങ് ക്ഷമിച്ചതുപോലെ ക്ഷമിക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ, സ്നേഹത്തിന്റെയും വിവേകത്തിന്റെയും ബന്ധങ്ങള്‍ പണിയുവാന്‍ ഞങ്ങളെ അങ്ങയുടെ വെളിച്ചത്തില്‍ നയിക്കേണമേ. യേശുവിന്റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● പ്രാര്‍ത്ഥനയില്‍ ശ്രദ്ധ പതറിപോകുന്നതിനെ എങ്ങനെ അതിജീവിക്കാം● ഒരു സ്വപ്നത്തിലെ ദൂതൻ്റെ പ്രത്യക്ഷത
● മദ്ധ്യസ്ഥ പ്രാര്‍ത്ഥന ചെയ്യുന്നവര്‍ക്കുള്ള ഒരു പ്രാവചനീക സന്ദേശം
● നടപടി എടുക്കുക
● ദൈവം എങ്ങനെയാണ് കരുതുന്നത് #2
● 21 ദിവസങ്ങള്‍ ഉപവാസം: ദിവസം #9
● സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
അഭിപ്രായങ്ങള്‍