അനുദിന മന്ന
ക്ഷമയിലേക്കുള്ള പ്രായോഗീക പടികള്‍
Friday, 2nd of February 2024
1
0
881
Categories :
ക്ഷമ (Forgiveness)
ആരെങ്കിലും നമ്മേയോ നമ്മുടെ പ്രിയപ്പെട്ടവരെയോ വേദനിപ്പിക്കുമ്പോള്‍, നമ്മുടെ മനുഷസഹജമായ ചിന്ത പ്രതികാരം ചെയ്യുക എന്നതായിരിക്കും. മുറിവ് കോപത്തിലേക്ക് നയിക്കും. എങ്ങനെ തിരിച്ചടിക്കണമെന്നു അഹങ്കാരം നമുക്ക് നിര്‍ദ്ദേശം നല്‍കുവാന്‍ തുടങ്ങും. അത്തരമൊരു ഇരുണ്ടതായ സാഹചര്യത്തില്‍, ഒരു വ്യക്തിയ്ക്ക് ക്ഷമിക്കുവാന്‍ എങ്ങനെ സാധിക്കും?
ക്ഷമയുടെ അടിസ്ഥാനം
നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ. (എഫെസ്യര്‍ 4:32).
ക്ഷമ എന്ന പ്രവര്‍ത്തി ക്രിസ്തീയ വിശ്വാസത്തില്‍ അടിയുറച്ചതാണ്, അവിടെ മറ്റുള്ളവരോട് ക്ഷമിക്കുന്നതില്‍ ക്രിസ്തുവിന്‍റെ യാഗം ഒരു ആത്യന്തീക മാതൃകയായി വര്‍ത്തിക്കുന്നു. കുരിശില്‍ മരിച്ചതില്‍ കൂടി, സകലര്‍ക്കും ക്ഷമ സൌജന്യമായി വാഗ്ദാനം ചെയ്തുകൊണ്ട് ക്രിസ്തു, നമുക്കൊരിക്കലും കൊടുത്തു തീര്‍ക്കുവാന്‍ കഴിയാത്ത ഒരു കടം നമുക്കായി വീട്ടുകയുണ്ടായി. ക്ഷമയുടെ സകല പ്രവര്‍ത്തികളും നമ്മോടുള്ള ദൈവകൃപയുടെ പ്രതിഫലനമാണെന്ന് ഈ അടിസ്ഥാന സത്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. (എഫെസ്യര്‍ 4:32).
1. പരിശുദ്ധാത്മാവിന്‍റെ ശക്തിയില്‍ കൂടിയുള്ള ക്ഷമ.
ശരിയായ ക്ഷമ ദൈവീകതയില്‍ നങ്കൂരമിട്ടിരിക്കുന്നതും മനുഷ്യന്‍റെ കഴിവുകളെ മറികടക്കുന്നതും ആകുന്നു. അസാദ്ധ്യമെന്നു തോന്നുമ്പോള്‍ പോലും, ക്ഷമിക്കുവാന്‍ വേണ്ടി നമ്മെ പ്രേരിപ്പിക്കുന്നതും ശക്തീകരിക്കുന്നതും നമ്മില്‍ വസിക്കുന്ന പരിശുദ്ധാത്മാവാകുന്നു. ഈ അമാനുഷീക ശക്തിയില്‍ ആശ്രയിക്കുന്നതില്‍ കൂടി, കയ്പ്പിന്‍റെയും നീരസത്തിന്‍റെയും തടസ്സങ്ങളെ നമുക്ക് അതിജീവിക്കുവാന്‍ സാധിക്കും. (ഗലാത്യര്‍ 5:22-23).
2. പ്രാര്‍ത്ഥനയില്‍ കൂടിയുള്ള ക്ഷമ
43"കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകയ്ക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. 44ഞാനോ നിങ്ങളോടു പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ; 45സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിനു പുത്രന്മാരായി തീരേണ്ടതിനു തന്നെ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്‍റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴ പെയ്യിക്കയും ചെയ്യുന്നുവല്ലോ". (മത്തായി 5:43-45).
ക്ഷമയെന്ന പ്രക്രിയയില്‍ വളരെ ശക്തിയുള്ളതായ ഒരു ഉപകരണമാണ് പ്രാര്‍ത്ഥന. നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കുവേണ്ടി പ്രാർഥിപ്പിൻ എന്ന യേശുവിന്‍റെ കല്പന വെറുമൊരു ആദര്‍ശമല്ല മറിച്ച് ശത്രുതയുടെ മതിലുകള്‍ തകര്‍ക്കുന്നതിനുള്ള ഒരു പ്രായോഗീക ചുവടുവെയ്പ്പാണ്. പ്രാര്‍ത്ഥനയിലൂടെ, നമ്മുടെ ഹൃദയത്തെ ദൈവത്തിന്‍റെ ഹൃദയവുമായി നാം യോജിപ്പിക്കുന്നു, മാത്രമല്ല ദൈവത്തിന്‍റെ കൃപയുടെ ലെന്‍സിലൂടെ മറ്റുള്ളവരെ കാണുവാന്‍ നാം പഠിക്കുന്നു.
3. വിശ്വാസത്തില്‍ കൂടിയുള്ള ക്ഷമ
കാഴ്ചയാൽ അല്ല വിശ്വാസത്താലത്രേ ഞങ്ങൾ നടക്കുന്നത്. (2 കൊരിന്ത്യര്‍ 5:7).
വിശ്വാസത്തില്‍ നടക്കുക എന്നാല്‍ ദൈവത്തിന്‍റെ ബൃഹത്തായ പദ്ധതിയില്‍ ആശ്രയിക്കുക എന്നാണര്‍ത്ഥം, അവ നമ്മുടെ ധാരണയ്ക്കോ വൈകാരിക അവസ്ഥയ്ക്കോ വിരുദ്ധമാണെങ്കില്‍ പോലും. വിശ്വാസത്താലുള്ള ക്ഷമയില്‍ നമ്മുടെ മുറിവിനെ, പ്രതികാരത്തിനായുള്ള നമ്മുടെ ആഗ്രഹത്തെ, നമ്മുടെ നീതിബോധത്തെ ദൈവത്തിനു കൈമാറുന്നത് ഉള്‍പ്പെടുന്നു, മാത്രമല്ല ദൈവത്തിന്‍റെ വഴികള്‍ നമ്മുടെ വഴികളെക്കാള്‍ ഉന്നതമായിരിക്കുന്നു എന്ന് വിശ്വസിക്കയും ചെയ്യുന്നു.
4. താഴ്മയില്‍ കൂടിയുള്ള ക്ഷമ
12അതുകൊണ്ടു ദൈവത്തിന്‍റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവ്, ദയ, താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ട് അന്യോന്യം പൊറുക്കയും 13ഒരുവനോടു ഒരുവന് വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‍വിൻ; കർത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‍വിൻ. (കൊലൊസ്സ്യര്‍ 3:12-13).
ക്ഷമയ്ക്ക് നന്നായി വളരുവാന്‍ കഴിയുന്നതായ മണ്ണാണ് താഴ്മ. ദൈവത്തിങ്കല്‍ നിന്നുള്ള നമ്മുടെതായ ആവശ്യത്തെ തിരിച്ചറിയുന്നത് മറ്റുള്ളവര്‍ക്ക് കൃപ കാണിക്കുവാന്‍ നമ്മെ സഹായിക്കുന്നു. താഴ്മ, സൗമ്യത, ദീർഘക്ഷമ എന്നിവ ധരിക്കുകയെന്ന അപ്പോസ്തലനായ പൌലോസിന്‍റെ പ്രബോധനം, ക്ഷമ പലപ്പോഴും ദൈവമുമ്പാകെയുള്ള നമ്മുടെ സ്ഥാനത്തെ മനസ്സിലാക്കുന്നതിന്‍റെ പ്രതിഫലനമാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ്.
ക്ഷമ എന്നത് ഒരുതവണയുള്ള ഒരു പ്രവൃത്തിയല്ല മറിച്ച് തുടര്‍മാനമായ ഒരു യാത്രയാണ്. ക്ഷമയുടെ വെല്ലുവിളികള്‍ നിറഞ്ഞതായ പാതയിലൂടെ സഞ്ചരിച്ചതായ ഒരാളെന്ന നിലയില്‍, യഥാര്‍ത്ഥ നിരപ്പിലേക്ക് നീങ്ങുന്നതില്‍ ഈ പടികള്‍ പ്രധാനപ്പെട്ടതാകുന്നു എന്ന് ഞാന്‍ കണ്ടെത്തി. ക്ഷമ തെറ്റിനെ കുറ്റവിമുക്തമാക്കുകയോ അല്ലെങ്കില്‍ വേദനയെ മായ്ക്കുകയോ ചെയ്യുന്നില്ല മറിച്ച് അത് കോപത്തിന്‍റെയും കയ്പ്പിന്‍റെയും ആവര്‍ത്തനത്തില്‍ നിന്നും നമ്മെ സ്വതന്ത്രരാക്കുന്നു എന്നത് ഓര്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. നമുക്ക് സൌജന്യമായി ക്ഷമ ലഭിച്ചതുപോലെ അതിനെ മറ്റുള്ളവര്‍ക്ക് നല്‍കികൊണ്ട്, ക്രിസ്തുവിന്‍റെ സ്നേഹത്തിന്‍റെ പ്രതിഫലനങ്ങളാകുവാന്‍ നമുക്ക് പരിശ്രമിക്കാം.
ഈ പ്രായോഗീകമായ പടികളെ ആലിംഗനം ചെയ്തുകൊണ്ടും വചനത്തില്‍ നിന്നുള്ളതായ പാഠങ്ങള്‍ ചിന്തിച്ചുകൊണ്ടും, സൌഖ്യത്തിലേക്കും സമാധാനത്തിലേക്കും ഒരു പാത രൂപപ്പെടുത്തുവാന്‍ നമുക്ക് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ക്രിസ്തുവില്‍ നാം സ്വീകരിച്ചതായ ക്ഷമയുടെ ആഴത്തെ നാം എല്ലായിപ്പോഴും ഓര്‍ക്കുകയും അതേ ക്ഷമയെ മറ്റുള്ളവരിലേക്ക് നീട്ടുന്നതിനായി നാം പരിശ്രമിക്കയും വേണം, മാത്രമല്ല നമ്മുടെ ബന്ധങ്ങളെ രൂപാന്തരപ്പെടുത്തുകയും നമുക്ക് ചുറ്റുമുള്ള ലോകത്തോടു ദൈവത്തിന്‍റെ നിരുപാധികമായ സ്നേഹത്തെ പ്രതിഫലിപ്പിക്കുകയും വേണം.
പ്രാര്‍ത്ഥന
പിതാവേ, ഞങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നതുപോലെ മറ്റുള്ളവരോട് ക്ഷമിക്കുവാനുള്ള കൃപ ഞങ്ങള്‍ക്കും തരേണമേ. മുറിവുകളെ പുറംതള്ളുവാനും സൌഖ്യത്തെ ആലിംഗനം ചെയ്യുവാനും അങ്ങയുടെ ആത്മാവിനാല്‍ ഞങ്ങളെ ശക്തീകരിക്കേണമേ. ഞങ്ങളുടെ ജീവിതം അങ്ങയുടെ സ്നേഹത്തേയും ക്ഷമയേയും എല്ലാവര്‍ക്കും പ്രതിഫലിപ്പിക്കട്ടെ, യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ഒരുങ്ങാത്ത ഒരു ലോകത്തിലെ തയ്യാറെടുപ്പ്● യെഹൂദാ ആദ്യം പുറപ്പെടട്ടെ
● സ്ഥിരതയുടെ ശക്തി
● നമ്മുടെ പിന്നിലുള്ള പാലങ്ങളെ ചാമ്പലാക്കുക
● ശക്തമായ മുപ്പിരിച്ചരട്
● മനുഷ്യന്‍റെ അഭിനന്ദനത്തിനു അപ്പുറമായി ദൈവത്തിന്‍റെ പ്രതിഫലം അന്വേഷിക്കുക
● നിങ്ങള് ഒരു യുദ്ധത്തില് ആയിരിക്കുമ്പോള്: ഉള്ക്കാഴ്ചകള്
അഭിപ്രായങ്ങള്‍