അനുദിന മന്ന
ദൈവത്തിന്റെ ആലയത്തിലെ തൂണുകൾ
Tuesday, 7th of May 2024
1
0
466
Categories :
ജയിക്കുന്നവൻ (Overcomer)
തൂണുകൾ (Pillars)
ജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും; അവൻ ഒരിക്കലും അവിടെനിന്നു പോകയില്ല; എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ പക്കൽനിന്നു, സ്വർഗ്ഗത്തിൽനിന്നു തന്നേ, ഇറങ്ങുന്ന പുതിയ യെരൂശലേം എന്ന എന്റെ ദൈവത്തിൻ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ അവന്റെ മേൽ എഴുതും. (വെളിപ്പാട് 3:12).
വെളിപ്പാട് 3:12ൽ, ജയിക്കുന്നവർക്ക് മനോഹരമായ ഒരു വാഗ്ദത്തം കർത്താവായ യേശു നൽകുന്നു: "ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും". ശക്തി, സ്ഥിരത, സഹിഷ്ണുത എന്നിവയുടെ പ്രതീകമാണ് തൂണുകൾ. ദൈവത്തിന്റെ ആത്മീക ആലയത്തിലെ ഒരു തൂൺ എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം.
പഴയനിയമത്തിൽ, യെരുശലേമിലെ ദൈവാലയം വിവിധതരം തൂണുകളാൽ അലങ്കരിക്കപ്പെട്ട മനോഹരമായ ഒരു ഘടനയായിരുന്നു. ഈ തൂണുകൾ പ്രായോഗീകവും പ്രതീകാത്മകവുമായ ഉദ്ദേശങ്ങൾ നിറവേറ്റിയിരുന്നു. അവ ആ ഘടനയ്ക്ക് പിന്തുണ നൽകുകയും ദൈവജനത്തിൻ്റെ ഇടയിൽ ദൈവസാന്നിധ്യത്തിൻ്റെ സ്ഥിരതയുള്ള സ്വഭാവത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. 1 രാജാക്കന്മാർ 7:21ൽ, യാഖീൻ ("അവൻ സ്ഥാപിക്കുന്നു" എന്നാണർത്ഥം), എന്നും ബോവസ് ("അവനിൽ ശക്തിയുണ്ട്" എന്നർത്ഥം) എന്നും പേരുള്ള രണ്ട് തൂണുകളെ സംബന്ധിച്ച് നാം വായിക്കുന്നു.
വിശ്വാസികൾ എന്ന നിലയിൽ, നാം ഇപ്പോൾ ജീവനുള്ള ദൈവത്തിന്റെ മന്ദിരമാകുന്നു (1 കൊരിന്ത്യർ 3:16). ഒരു ആത്മീക ഗൃഹമായി ഒരുമിച്ച് പണിയപ്പെടുന്ന ജീവനുള്ള കല്ലുകളാണ് നാം. (1 പത്രോസ് 2:5). ജയിക്കുന്നവനെ ദൈവത്തിന്റെ ആലയത്തിലെ തൂണുകൾ ആക്കുമെന്ന് കർത്താവായ യേശു വാഗ്ദത്തം ചെയ്യുമ്പോൾ, നമ്മുടെ നിത്യമായ സുരക്ഷിതത്വത്തെയും അവൻ്റെ രാജ്യത്തിലെ നമ്മുടെ പ്രാധാന്യത്തേയും സംബന്ധിച്ചാണ് യേശു സംസാരിക്കുന്നത്. തൂണുകൾ എളുപ്പത്തിൽ നീങ്ങുകയോ ഇളകുകയോ ചെയ്യുന്നില്ല. പ്രതികൂല സാഹചര്യത്തിലും അവ ഉറച്ചു നിൽക്കുന്നു.
ദൈവത്തിന്റെ ആലയത്തിലെ ഒരു തൂൺ എന്നാൽ ഒരു ഉത്തരവാദിത്വത്തേയും സൂചിപ്പിക്കുന്നു. തൂണുകൾ എന്ന നിലയിൽ, നാം മറ്റുള്ളവരെ അവരുടെ വിശ്വാസത്തിൽ ബലപ്പെടുത്തുവാനും പിന്തുണയ്ക്കുവാനും വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിൻ്റെ ഇളകാത്ത അടിസ്ഥാനത്തെ മറ്റുള്ളവർക്ക് ചൂണ്ടിക്കാട്ടി കൊണ്ട്, നമുക്ക് സ്ഥിരതയുടേയും സഹിഷ്ണുതയുടേയും ഉദാഹരണങ്ങളാകാം. സുവിശേഷത്തിൻ്റെ സത്യത്തെ ഉയർത്തിപ്പിടിക്കുന്നതിൽ തങ്ങളുടെ പ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട് , ആദിമ സഭയിലെ തൂണുകൾ എന്ന നിലയിൽ യാക്കോബ്, കേഫാവ്, യോഹന്നാൻ എന്നിവയെക്കുറിച്ച് ഗലാത്യർ 2:9 പരാമർശിക്കുന്നു.
ഇന്ന് നിങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ ആലയത്തിലെ ഒരു തൂൺ ആയിരിക്കുവാൻ സാധിക്കും? കർത്താവായ യേശുക്രിസ്തുവിന്റെ ശക്തമായ അടിസ്ഥാനത്തിൽ നിങ്ങളുടെ ജീവിതം പണിയപ്പെട്ടിരിക്കുന്നു എന്ന് ഉറപ്പാക്കി കൊണ്ട് ആരംഭിക്കുക. ദൈവവചനം നിങ്ങളെ ശക്തീകരിക്കുവാനും ഉറപ്പിക്കുവാനും അനുവദിച്ചു കൊണ്ട്, അതിൽ സമയം ചിലവിടുക. മറ്റുള്ളവരെ തങ്ങളുടെ വിശ്വാസ യാത്രയിൽ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കുവാനുമുള്ള അവസരങ്ങൾ അന്വേഷിക്കുക. നിങ്ങളുടെ വിശ്വാസം വാക്കിലൂടേയും പ്രവൃത്തിയിലൂടേയും തെളിയിച്ച് ജീവിച്ചുകൊണ്ട്, സത്യസന്ധതയും സ്ഥിരതയുമുള്ള ഒരു വ്യക്തിയായിരിക്കുക.
പ്രാര്‍ത്ഥന
സർവ്വശക്തനായ ദൈവമേ, അവിടുത്തെ ആലയത്തിലെ ഒരു തൂൺ ആയിരിക്കുമെന്ന വാഗ്ദത്തത്തിനായി നന്ദി പറയുന്നു. ജീവിതത്തിലെ കൊടുങ്കാറ്റിൽ കുലുങ്ങി പോകാതെ, എൻ്റെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുവാൻ എന്നെ സഹായിക്കണമേ. അങ്ങയിൽ മാത്രമുള്ള പ്രത്യാശയെ മറ്റുള്ളവർക്ക് കാണിച്ചു കൊടുത്തുകൊണ്ട്, അവരെ പിന്തുണയ്ക്കുവാനും ബലപ്പെടുത്തുവാനും വേണ്ടി എന്നെ ഉപയോഗിക്കേണമേ. യേശുവിന്റെ നാമത്തിൽ, ആമേൻ.
Join our WhatsApp Channel
Most Read
● അന്ത്യകാലത്തെകുറിച്ചുള്ള 7 പ്രധാന പ്രാവചനീക ലക്ഷണങ്ങള്‍: #1● ഒരു പ്രാവചനീക വചനം ലഭിച്ചതിനുശേഷം ചെയ്യേണ്ടത് എന്ത്?
● അധര്മ്മത്തിനുള്ള പൂര്ണ്ണമായ പരിഹാരം
● നിങ്ങളുടെ മാറ്റത്തെ സ്വീകരിക്കുക
● പ്രാര്ത്ഥനയിലെ അത്യാവശ്യകത
● ദാനിയേലിന്റെ ഉപവാസം
● സുബോധമുള്ള മനസ്സ് ഒരു ദാനമാണ്
അഭിപ്രായങ്ങള്‍