അനുദിന മന്ന
പ്രാര്‍ത്ഥനയിലെ അത്യാവശ്യകത
Friday, 8th of March 2024
1
0
1081
Categories :
പ്രാര്‍ത്ഥന (Prayer)
ദ്രുതഗതിയിലുള്ള നമ്മുടെ ആധുനീക ലോകത്തില്‍, നമ്മുടെ ദൈനംദിന ജീവിത പട്ടികയിലെ മറ്റൊരു ഇനമെന്ന നിലയില്‍ പ്രാര്‍ത്ഥനയെ നിസ്സാരമായി സമീപിക്കുന്നത് എളുപ്പമാണ്. എന്നാല്‍, അത്യാവശ്യ ബോധത്തോടെയുള്ള പ്രാര്‍ത്ഥനയ്ക്ക് വലിയ ശക്തിയുണ്ടെന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. 1 പത്രോസ് 4:7 ഇങ്ങനെ പറയുന്നു, "എന്നാൽ എല്ലാറ്റിന്‍റെയും അവസാനം സമീപിച്ചിരിക്കുന്നു; ആകയാൽ പ്രാർഥനയ്ക്കു സുബോധമുള്ളവരും നിർമദരുമായിരിപ്പിൻ".
അത്യാവശ്യമായ പ്രാര്‍ത്ഥന എന്നത് വാക്കുകള്‍ വന്യമായി ആവര്‍ത്തിക്കുന്നതോ അല്ലെങ്കില്‍ ദൈവത്തിന്‍റെ ഭുജത്തെ തിരിക്കുവാന്‍ ശ്രമിക്കുന്നതോ അല്ല. പകരം, വളരെ ശ്രദ്ധയോടും, തീക്ഷ്ണതയോടും, കര്‍ത്താവില്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്ന ഒരു ഹൃദയത്തോടും കൂടെ, നമ്മുടെ ആഴമേറിയ ആവശ്യങ്ങളും ആഗ്രഹങ്ങളും കര്‍ത്താവിന്‍റെ മുമ്പാകെ കൊണ്ടുവരുന്നതാണ്. യാക്കോബ് 5:16 നമ്മെ ഇപ്രകാരം ഓര്‍മ്മിപ്പിക്കുന്നു, "നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാർഥന വളരെ ഫലിക്കുന്നതും ശക്തിയുള്ളതുമാകുന്നു".
ആവശ്യബോധത്തോടെ പ്രാര്‍ത്ഥനയെ സമീപിച്ചതുനിമിത്തം അത്ഭുതകരമായ മുന്നേറ്റങ്ങള്‍ ജീവിതത്തില്‍ അനുഭവിച്ച വ്യക്തികളുടെ ശ്രേദ്ധേയമായ ഉദാഹരണങ്ങള്‍ വേദപുസ്തകത്തിലുടനീളം നമുക്ക് കാണുവാന്‍ കഴിയും. അങ്ങനെയുള്ള വ്യക്തികളില്‍ ഒരാളാണ് ഹന്ന, അവളെക്കുറിച്ചുള്ള ചരിത്രം 1 ശമുവേല്‍ 1:1-20 വരെയുള്ള ഭാഗത്ത് കാണാം. വന്ധ്യതയാല്‍ പ്രയാസമനുഭവിച്ച ഒരു സ്ത്രീയായിരുന്നു ഹന്ന, അവളുടെ നിരാശ കര്‍ത്താവിന്‍റെ മുമ്പാകെ തന്‍റെ ഹൃദയത്തെ പകരുന്നതിലേക്ക് അവളെ നയിക്കുകയുണ്ടായി. ദൈവവചനം നമ്മോടു ഇങ്ങനെ പറയുന്നു, "അവൾ മനോവ്യസനത്തോടെ യഹോവയോടു പ്രാർഥിച്ചു വളരെ കരഞ്ഞു" (1 ശമുവേല്‍ 1:10).
അത്യാവശ്യകതയോടെയുള്ള ഹന്നയുടെ പ്രാര്‍ത്ഥന കേവലം നിസ്സാരമായ ഒരു അപേക്ഷയല്ലായിരുന്നു; തന്‍റെ സാഹചര്യത്തെ മാറ്റുവാന്‍ കഴിയുന്ന ഏക വ്യക്തിയോടുള്ള ഹൃദയംഗമായ കരച്ചിലായിരുന്നു. തന്‍റെ പ്രശ്നത്തെ പരിഹരിക്കുവാന്‍ മാനുഷീകമായ യാതൊരു പരിഹാര മാര്‍ഗ്ഗങ്ങള്‍ക്കും കഴിയുകയില്ല എന്ന് അവള്‍ തിരിച്ചറിഞ്ഞു, ആകയാല്‍ അവള്‍ തന്‍റെ പൂര്‍ണ്ണ ഹൃദയത്തോടെ യഹോവയിങ്കലേക്ക് തിരിഞ്ഞു. അതിന്‍റെ ഫലമായി, ദൈവം അവളുടെ അപേക്ഷ കേള്‍ക്കുകയും അവള്‍ക്കു ഒരു മകനെ നല്‍കി അനുഗ്രഹിക്കുകയും ചെയ്തു, അവള്‍ അവനു ശമുവേല്‍ എന്ന് പേരിട്ടു. ഈ പൈതല്‍ യിസ്രായേലിലെ വലിയ പ്രവാചകന്മാരില്‍ ഒരാളായി മാറുവാന്‍ വേണ്ടി വളര്‍ന്നുവന്നു.
നമ്മുടെ സ്വന്തം ശക്തിയുടേയും, സാദ്ധ്യതകളുടേയും അന്ത്യത്തിലേക്ക് നാം എത്തുമ്പോള്‍, തിടുക്കത്തോടെയുള്ള പ്രാര്‍ത്ഥനയുടെ ശക്തി ശരിയായി നമുക്ക് അനുഭവിക്കുവാന്‍ കഴിയുമെന്ന് ഹന്നയുടെ കഥ നമ്മെ പഠിപ്പിക്കുന്നു. കര്‍ത്താവായ യേശു മത്തായി 5:3 ല്‍ പറഞ്ഞിരിക്കുന്നതുപോലെ, "ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവർക്കുള്ളത്". നമ്മുടെ ആത്മീക ദാരിദ്ര്യവും ദൈവത്തിനുവേണ്ടിയുള്ള നമ്മുടെ തീവ്രമായ ആവശ്യവും നാം തിരിച്ചറിയുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ ചെയ്യുവാന്‍ വേണ്ടി നാം ദൈവത്തിനായി വാതിലുകള്‍ തുറക്കുകയാണ് ചെയ്യുന്നത്.
അത്യാവശ്യമായ പ്രാര്‍ത്ഥനയുടെ മറ്റൊരു ഉദാഹരണം ഹിസ്കിയാവ് രാജാവിന്‍റെ ചരിത്രത്തില്‍ കാണുവാന്‍ സാധിക്കും (2 രാജാക്കന്മാര്‍ 19:14-19). അതിശക്തമായ ഒരു ശത്രുവിനെ നേരിടേണ്ടതായി വന്നപ്പോള്‍, തനിക്കു ലഭിച്ചതായ ഭീഷണി കത്ത് ഹിസ്കിയാവ് എടുത്തിട്ട് കര്‍ത്താവിന്‍റെ മുമ്പാകെ തുറന്നുവച്ചു. അവന്‍ തിടുക്കത്തോടെ ഇങ്ങനെ നിലവിളിച്ചു, "കെരൂബുകൾക്കുമീതെ അധിവസിക്കുന്ന യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. യഹോവേ, ചെവിചായിച്ചു കേൾക്കേണമേ; യഹോവേ, തൃക്കണ്ണുതുറന്ന് നോക്കേണമേ". (2 രാജാക്കന്മാര്‍ 19:15-16). ഹിസ്കിയാവിന്‍റെ അടിയന്തിരമായ പ്രാര്‍ത്ഥനയ്ക്ക് മറുപടിയായി, ശക്തമായ അശ്ശൂര്‍ സൈന്യത്തില്‍ നിന്നും ദൈവം യെരുശലെമിനെ വിടുവിക്കുവാന്‍ ഇടയായി.
അടിയന്തിരമായ പ്രാര്‍ത്ഥനകള്‍ വേദപുസ്തകത്തിലെ വീരന്മാരില്‍ മാത്രം പരിമിതപ്പെടുന്നതല്ല. ഇന്നും എല്ലാ വിശ്വാസികള്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന ശക്തമായ ഒരു ആയുധമാകുന്നിത്. വെല്ലുവിളികളും, പ്രയാസങ്ങളും, അഥവാ അസാദ്ധ്യമെന്നു തോന്നുന്നതായ സാഹചര്യങ്ങളും നാം അഭിമുഖീകരിക്കുമ്പോള്‍, ആവശ്യബോധത്തോടെ നമ്മുടെ അപേക്ഷകള്‍ കര്‍ത്താവിന്‍റെ മുമ്പാകെ കൊണ്ടുവന്നുകൊണ്ട് ഹന്നയുടെയും ഹിസ്കിയാവിന്‍റെയും കാല്‍ചുവടുകള്‍ നമുക്കും പിന്തുടരുവാന്‍ സാധിക്കും. ഫിലിപ്പിയര്‍ 4:6-7 നമ്മെ ഇങ്ങനെ പ്രബോധിപ്പിക്കുന്നു, "ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്; എല്ലാറ്റിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാൽ സകല ബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും".
നമ്മുടേതായ ജീവിതത്തില്‍, അടിയന്തിരമായ പ്രാര്‍ത്ഥനയുടെ ഒരു ശീലം വളര്‍ത്തുന്നത് ദൈവവുമായുള്ള നമ്മുടെ ബന്ധത്തേയും നമുക്ക് ചുറ്റുമുള്ള ലോകത്തേയും രൂപാന്തിരപ്പെടുത്തുവാന്‍ ഇടയാകും. ഉത്കണ്ഠ, ഭയം, അതുപോലെ സ്വയാശ്രയം എന്നിവയില്‍ വിശ്വസിച്ചു തെറ്റ് ചെയ്യുന്നതിനു പകരം, സര്‍വ്വപ്രധാനമായും, ഒന്നാമതായും കര്‍ത്താവിങ്കലേക്ക് തിരിയുവാന്‍ നമുക്ക് പഠിക്കാം. നാം അങ്ങനെ ചെയ്യുമ്പോള്‍, ദൈവം നമ്മുടെ കരച്ചില്‍ കേള്‍ക്കുന്നു എന്നും ദൈവത്തിന്‍റെ തക്ക സമയത്തും തികഞ്ഞ വഴികളിലും നമുക്ക് മറുപടി നല്‍കിത്തരുവാന്‍ അവന്‍ വിശ്വസ്തനാകുന്നു എന്നും നാം കണ്ടെത്തും.
ആകയാല്‍, നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കു പര്‍വ്വതങ്ങളെ നീക്കുവാനും ജീവിതങ്ങളെ മാറ്റുവാനും ശക്തിയുണ്ടെന്ന് അറിഞ്ഞുകൊണ്ട്, ധൈര്യത്തോടും അത്യാവശ്യകതയോടും കൂടെ നമുക്ക് കൃപാസനത്തിലേക്ക് അടുത്തുചെല്ലാം. യോഹന്നാന്‍ 16:24ല്‍ കര്‍ത്താവായ യേശു ഇപ്രകാരം പ്രഖ്യാപിച്ചിരിക്കുന്നു, "ഇന്നുവരെ നിങ്ങൾ എന്‍റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല; അപേക്ഷിപ്പിൻ; എന്നാൽ നിങ്ങളുടെ സന്തോഷം പൂർണമാകുംവണ്ണം നിങ്ങൾക്കു ലഭിക്കും". അടിയന്തിരമായ പ്രാര്‍ത്ഥനയുടെ ശക്തി നാമും ആശ്ലേഷിച്ചുകൊണ്ട് ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്ന ഹൃദയത്തില്‍ നിന്നും ഒഴുകുന്നതായ അവിശ്വസനീയമായ അനുഗ്രഹങ്ങളെ നമുക്ക് അനുഭവിക്കാം.
പ്രാര്‍ത്ഥന
സ്വര്‍ഗ്ഗീയ പിതാവേ, അങ്ങയില്‍ പൂര്‍ണ്ണമായി ആശ്രയിച്ചുകൊണ്ട്, അത്യാവശ്യകതയോടുകൂടെ പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. ഞങ്ങളുടെ ഹൃദയംഗമായ കരച്ചില്‍ അങ്ങയുടെ ശക്തിയെ വെളിപ്പെടുത്തുകയും അത്ഭുതകരമായ മുന്നേറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്യട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവീക സ്വഭാവമുള്ള വിശ്വാസം● ശീര്ഷകം: ചെറിയ വിട്ടുവീഴ്ചകള്
● കൃതജ്ഞതയുടെ ഒരു പാഠം
● വേദന - കാര്യങ്ങളെ മാറ്റുന്നവന്
● പാലങ്ങളെ നിര്മ്മിക്കുക, തടസ്സങ്ങളെയല്ല
● സ്നേഹത്താല് ഉത്സാഹിപ്പിക്കപ്പെടുക
● നിങ്ങള് പ്രാര്ത്ഥിക്കുക, അവന്‍ കേള്ക്കും
അഭിപ്രായങ്ങള്‍