അന്നാളിൽ നീ പറയുന്നത് എന്തെന്നാൽ:
"യഹോവേ, നീ എന്നോടു കോപിച്ചു നിന്‍റെ കോപം മാറി,
നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ
ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു. (യെശയ്യാവ് 12:1)
യഹോവേ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു
സ്തോത്രം എന്നത് കേവലം ദൈവത്തിന്‍റെ അനുഗ്രഹങ്ങളോടുള്ള പ്രതികരണം മാത്രമല്ല മറിച്ച്, ശിക്ഷണങ്ങള്‍ക്കിടയിലും അവന്‍റെ സ്വഭാവത്തിലുള്ള ആശ്രയത്തിന്‍റെ ഒരു പ്രഖ്യാപനം കൂടിയാകുന്നു.
നീ എന്നോടു കോപിച്ചു
ദൈവത്തിന്‍റെ വിശുദ്ധിയില്‍ നിന്നും നമ്മുടെ മത്സരത്താലും ഉടലെടുക്കുന്ന ദൈവത്തിന്‍റെ കോപം എപ്പോഴും നീതിയുള്ളതാകുന്നു.
നിന്‍റെ കോപം മാറി,
ദൈവത്തിന്‍റെ കോപം ശമിക്കുന്നത് മാനുഷീക പ്രയത്നം കൊണ്ടല്ല മറിച്ച് ദൈവത്തിന്‍റെ കരുണയാലും രക്ഷയുടെ കരുതലും കൊണ്ടാണ്. ക്രിസ്തുവില്‍ കൂടി ദൈവത്തിന്‍റെ കോപം നമ്മില്‍ നിന്നും അകന്നുമാറി. "ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾതന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു". (റോമർ 5:8).
ഇതാ, ദൈവം എന്‍റെ രക്ഷ;
'യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കകൊണ്ടും
അവൻ എന്‍റെ രക്ഷയായിത്തീർന്നിരിക്കകൊണ്ടും'
ഞാൻ ഭയപ്പെടാതെ ആശ്രയിക്കും. (യെശയ്യാവ് 12:2).
ഇതാ, ദൈവം എന്‍റെ രക്ഷ;
ആചാരങ്ങളും പ്രവര്‍ത്തികളും അല്ല; ദൈവം തന്നെയാണ് വിടുതലിന്‍റെ ഉറവിടം. ഈ വാക്യം പുറപ്പാട് 15:2 പ്രതിധ്വനിപ്പിക്കുന്നു; "എന്‍റെ ബലവും എന്‍റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായിത്തീർന്നു".
ഞാൻ ഭയപ്പെടാതെ ആശ്രയിക്കും
ദൈവത്തിലുള്ള ഈ ധൈര്യം ഭയത്തെ അതിജീവിക്കുന്നു. ദൈവത്തിന്‍റെ വിശ്വസ്തത അറിയുന്നതിലാണ് വിശ്വാസം കെട്ടിപ്പടുക്കുന്നത്. "ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും". (സങ്കീർത്തനങ്ങൾ 56:3).
യഹോവയായ യാഹ് എന്‍റെ ബലവും എന്‍റെ ഗീതവും ആയിരിക്കുന്നു
"യാഹ്" (യഹോവയുടെ ചുരുക്കരൂപമാണ്) എന്നത് ഉടമ്പടികള്‍ പാലിക്കുന്ന ദൈവത്തിന്‍റെ സ്വഭാവത്തെ ഊന്നിപറയുന്നു. "യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ". (നെഹെമ്യാവ് 8:10). ആരാധനയും സന്തോഷവും ദൈവത്തിന്‍റെ വിടുതലിനോടുള്ള സ്വാഭാവീക പ്രതികരണം ആകുന്നു.
അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ
രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും. (യെശയ്യാവ് 12:3).
അതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ വെള്ളം കോരും
വെള്ളം ജീവിതത്തേയും, ശുദ്ധീകരണത്തേയും, പരിശുദ്ധാത്മാവിനേയും സാദൃശീകരിക്കുന്നു. താന്‍ കൊടുക്കുന്ന വെള്ളം കുടിക്കുന്ന ഒരുവനു ഒരുനാളും ദാഹിക്കയില്ല എന്ന് കര്‍ത്താവായ യേശു നമ്മോടു വാഗ്ദത്തം ചെയ്തിരിക്കുന്നു. ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും. (യോഹന്നാൻ 4:14). നമുക്ക് യേശുവിന്‍റെ അടുക്കലേക്കു വരുവാനും രക്ഷയുടെ കിണറുകളില്‍ നിന്നും വെള്ളം കോരുവാനും സാധിക്കും.
യിസ്രായേലില്‍, വെള്ളം വളരെ അമൂല്യമായ ഒന്നായിരുന്നു, അത് പലപ്പോഴും ജലസംഭരണികളില്‍ സൂക്ഷിക്കപ്പെട്ടിരുന്നു. "ഉറവുകളില്‍" നിന്നും വെള്ളം കോരും എന്നത് വിശ്വസനീയവും ഒഴിച്ചുകൂടാന്‍ ആവാത്തതുമായ ഉറവിടത്തിലെ സംതൃപ്തിയെയാണ് സൂചിപ്പിക്കുന്നത്.
നിങ്ങള്‍ വെള്ളം കോരും:
നമുക്ക് ചിലത് ചെയ്യുവാനായിട്ടുണ്ട് എന്നാണ് ഇതിനര്‍ത്ഥം. നാം നിഷ്ക്രിയമായി യാതൊന്നും ചെയ്യാതെ ഇരിക്കുമ്പോള്‍ ദൈവം നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നില്ല. ദൈവം നമുക്ക് നല്കിയിരിക്കുന്നതിലേക്ക് നാം എത്തുകയും അത് കോരിയെടുക്കുകയും വേണം. അതേ സമയം തന്നെ, നാം കോരുന്നത് ദൈവത്തിന്‍റെ വെള്ളമാണ്, അവന്‍റെ ഉറവയില്‍ നിന്നാണ്, അവന്‍റെ തൊട്ടിയും, കയറും ഉപയോഗിച്ചാണ് നാം കോരുന്നത്.
"ഉറവുകള്‍" എന്ന ബഹുവചനപ്രയോഗം ദൈവത്തിന്‍റെ രക്ഷ - ആത്മീകവും, വൈകാരീകവും, ശാരീരികവുമായ സകല ആവശ്യങ്ങളും നിറവേറ്റുന്നു എന്നാണ് സൂചിപ്പിക്കുന്നത്.
അന്നാളിൽ നിങ്ങൾ പറയുന്നത്:
"യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ;
ജാതികളുടെ ഇടയിൽ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിൻ;
അവന്‍റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ. (യെശയ്യാവ് 12:4).
യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ; അവന്‍റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ.
ദൈവത്തിന്‍റെ നാമം വിളിച്ചപേക്ഷിക്കുക എന്നത് പ്രാര്‍ത്ഥന, ആശ്രയം, അടുപ്പം എന്നിവയെയാണ് വെളിപ്പെടുത്തുന്നത്. "എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും".(യോവേൽ 2:32).
ജാതികളുടെ ഇടയിൽ അവന്‍റെ പ്രവൃത്തികളെ അറിയിപ്പിൻ.
ദൈവത്തിന്‍റെ പ്രവര്‍ത്തികള്‍ പങ്കുവെക്കപ്പെടേണ്ടവയാണ് എന്ന ആശയം, ദൈവത്തിന്‍റെ മിഷനറി ഹൃദയത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഒരു സത്യാരാധനക്കാരന്‍ ദൈവത്തിന്‍റെ മഹത്വത്തെകുറിച്ചും ദൈവം ചെയ്ത വന്‍കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നത് നിര്‍ത്തുകയില്ല.
19ആകയാൽ നിങ്ങൾ പുറപ്പെട്ട്, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും 20ഞാൻ നിങ്ങളോടു കല്പിച്ചതൊക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകല ജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് എന്ന് അരുളിച്ചെയ്തു. (മത്തായി 28:19-20).
അവന്‍റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ
ദൈവത്തിന്‍റെ നാമം അവന്‍റെ സ്വഭാവത്തേയും പ്രവര്‍ത്തികളെയും പ്രതിനിധീകരിക്കുന്നു. അവന്‍റെ നാമത്തെ ഉയര്‍ത്തുക എന്നാല്‍ ആരാധനയിലും നമ്മുടെ ജീവിതശൈലികളിലും കൂടി അവനെ മഹത്വപ്പെടുത്തുക എന്നാണ് അര്‍ത്ഥമാക്കുന്നത്.
യഹോവയ്ക്കു കീർത്തനം ചെയ്‍വിൻ;
അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു;
ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായി വരട്ടെ. (യെശയ്യാവ് 12:5).
അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു;
ദൈവത്തിന്‍റെ പ്രവര്‍ത്തികളായ സൃഷ്ടിപ്പ്, വിടുതലുകള്‍, വിശ്വസ്തതയുടെ ഉടമ്പടികള്‍ തുടങ്ങിയവ "ശ്രേഷ്ഠമായാത്" (അതിഗംഭീരവും വിസ്മയകരവും) എന്ന് വിവരിച്ചിരിക്കുന്നു.
സീയോൻനിവാസികളേ, യിസ്രായേലിന്‍റെ പരിശുദ്ധൻ
നിങ്ങളുടെ മധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ. (യെശയ്യാവ് 12:6).
ഘോഷിച്ചുല്ലസിപ്പിൻ
നാം ഒരിക്കലും ആരാധനയെ പെട്ടെന്ന് തീര്‍ക്കേണ്ടതായ ഒരു കാര്യമായി - എങ്ങനെയെങ്കിലും അത് പൂര്‍ത്തിയാക്കുവാന്‍ നാം തിടുക്കം കാട്ടുന്ന മടുപ്പിക്കുന്ന ഒരു കടമയായി - സമീപിക്കരുത്. ആരാധന എന്നത് നാം ഒഴിവാക്കുവാന്‍ തിടുക്കപ്പെടുന്ന ചില ദൌത്യം പോലെ, നിര്‍ജ്ജീവമായ ഒരു ദിനചര്യയായിരിക്കാന്‍ വേണ്ടിയുള്ളതല്ല. പകരം, അത് നന്ദിയോടും ഭയഭക്തിയോടും കൂടി നിറഞ്ഞുതുളുമ്പുന്ന ഹൃദയത്തില്‍ നിന്നും ഒഴുകേണ്ടതാണ്, സഹിക്കുന്നതിനു പകരം നാം ആസ്വദിക്കേണ്ടതായ നിമിഷങ്ങള്‍ ആകുന്നത്. നമ്മുടെ ആരാധന ദുഷ്കരമാണെന്ന് തോന്നുന്നുവെങ്കില്‍, നമുക്ക് കാര്യങ്ങള്‍ പൂര്‍ണ്ണമായും നഷ്ടമായിരിക്കുന്നു, കാരണം സത്യാരാധന എന്നത് ക്ഷീണിച്ച ഒരു കടമയല്ല, മറിച്ച് ആനന്ദകരമായ ഒരു പദവിയാകുന്നു.
സീയോൻനിവാസികളേ
സീയോന്‍ എന്നത് ദൈവം തന്‍റെ ജനത്തോടുകൂടെ വസിക്കുന്ന അവന്‍റെ നിവാസത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആത്മീകമായി, ഇത് സഭയെ സൂചിപ്പിക്കുന്നു (എബ്രായര്‍ 12:22).
യിസ്രായേലിന്‍റെ പരിശുദ്ധൻ നിങ്ങളുടെ മധ്യേ വലിയവനായിരിക്കയാൽ
മഹത്തായ സ്തുതിയ്ക്കായുള്ള രണ്ടു കാരണങ്ങള്‍ ഇത് നല്‍കുന്നു. ഒന്നാമത്, ദൈവം ആരായിരിക്കുന്നു എന്നതിനാല്‍ - യിസ്രായേലിന്‍റെ പരിശുദ്ധന്‍. രണ്ടാമത്, ദൈവം എവിടെ ആയിരിക്കുന്നു എന്നതിനാല്‍ - നിങ്ങളുടെ മദ്ധ്യത്തില്‍. ഇവ ഓരോന്നും ദൈവത്തെ സ്തുതിയ്ക്കുവാന്‍ എല്ലാവര്‍ക്കും ഒരു കാരണം നല്‍കുകയാണ്.
Join our WhatsApp Channel
Chapters