ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും. (സദൃശ്യവാക്യങ്ങള്‍ 13:20).
ജ്ഞാനികളോടുകൂടെ നടന്നു ജ്ഞാനിയായി തീരുക; ഭോഷനുമായി കൂട്ടുകൂടി പ്രശ്നങ്ങളില്‍ അകപ്പെടുക. (സദൃശ്യവാക്യങ്ങള്‍ 13:20, മറ്റൊരു പരിഭാഷ).
നാം സൂക്ഷിക്കുന്ന ബന്ധങ്ങള്‍ക്ക് നമ്മുടെ സ്വഭാവത്തേയും പ്രവൃത്തികളേയും വലിയ രീതിയില്‍ സ്വാധീനിക്കുവാന്‍ സാധിക്കുമെന്ന് ദൈവവചനം വളരെ വ്യക്തമായി പറയുന്നു. നാം നല്ലതിനോ അഥവാ തീയതിനോ വേണ്ടി, ആരുടെകൂടെ സമയം ചിലവഴിക്കുന്നുവോ അവരെപോലെ നാമും മാറ്റപ്പെടുന്നു. ക്രിസ്തുവിന്‍റെത് പോലത്തെ സ്വഭാവം ഉളവാക്കണമെങ്കില്‍, നാം ജ്ഞാനികളോടുകൂടെ നടക്കുവാനും ഭോഷമായ സ്വാധീനങ്ങളില്‍ നിന്നും അകന്നിരിക്കുവാനും ബോധപൂര്‍വ്വം തീരുമാനിക്കണം.
അവർ പത്രൊസിന്‍റെയും യോഹന്നാന്‍റെയും ധൈര്യം കാൺകയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു. (അപ്പൊ.പ്രവൃ 4:13).
മുടന്തനായ ഭിക്ഷക്കാരനെ ഏതു ശക്തികൊണ്ടാണ് തങ്ങള്‍ സൌഖ്യം വരുത്തുന്നതെന്ന് യെഹൂദ്യ ന്യാധിപസംഘം പത്രോസിനോടും യോഹന്നാനോടും ചോദിച്ചു. കേവലം ഒരു മുക്കുവനായിരുന്ന, പത്രോസ് ക്രൂശിനെ സംബന്ധിച്ചും സുവിശേഷത്തിന്‍റെ മറ്റു വശങ്ങളും ധൈര്യത്തോടും ഉറപ്പോടും കൂടെ പ്രസംഗിച്ചു.
പശ്ചാത്തലം ശ്രദ്ധിക്കുക. പത്രോസും യോഹന്നാനും ആലയത്തിന്‍റെ മുന്‍പിലിരുന്ന ഒരു യാചകനെ സൌഖ്യമാക്കുവാന്‍ ഇടയായി (അപ്പൊ.പ്രവൃ 3:1-10). ഒരു വലിയ കൂട്ടം ആളുകള്‍ വന്നപ്പോള്‍, പത്രോസ്, ഒരു മുക്കുവനായിരുന്നിട്ടു കൂടി, ഒരു സുവിശേഷ സന്ദേശം പ്രസംഗിച്ചു (അപ്പൊ,പ്രവൃ 3:11-26). അവരെ പിടിച്ചു തടവില്‍ ആക്കിയതിനു ശേഷം, പത്രോസ് അവിടെ മതനേതാക്കളുടെ മുന്‍പാകെ സംസാരിക്കുവാന്‍ ഇടയായി (അപ്പൊ.പ്രവൃ 4:1-12). അവന്‍ എന്താണ് പറഞ്ഞത് എന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്, ഒരു പ്രധാനപ്പെട്ട സത്യം ഓര്‍ക്കുവാന്‍ സഹായകരമായിരിക്കും:
ശിഷ്യന്മാരുടെ ധൈര്യത്തിന്‍റെയും ധീരതയുടെയും ഉറവിടം അവരില്‍തന്നെ ഉണ്ടായിരുന്ന എന്തെങ്കിലും അല്ലായിരുന്നു മറിച്ച് അവര്‍ യേശുവുമായി ചിലവഴിച്ച സമയങ്ങളുടെ നേരിട്ടുള്ള ഫലമായിരുന്നു. യേശുവിനോടുകൂടി ജീവിക്കുകയും അവനുമായി നിരന്തരമായി ആശയവിനിമയം നടത്തുകയും ചെയ്തപ്പോള്‍ അവരും അവനെപോലെയായി.
മൂന്നര വര്‍ഷങ്ങള്‍, അവര്‍ യേശുവിന്‍റെ പാദപീഠത്തിങ്കല്‍ ഇരിക്കുകയും, പട്ടണങ്ങളില്‍ നിന്നും പട്ടണങ്ങളിലേക്കു അവനെ അനുഗമിക്കുകയും, അവന്‍റെ ഉപദേശങ്ങള്‍ ഗ്രഹിക്കയും ചെയ്തു. ഈ കാലയളവില്‍ യേശു അവര്‍ക്ക് പരിശീലനം നല്‍കി, അങ്ങനെ അവര്‍ പതിയെ തങ്ങളുടെ ചിന്തകളില്‍, മനോഭാവങ്ങളില്‍, പ്രവൃത്തികളില്‍ കൂടുതലായി യേശുവിനെപോലെ ആയിമാറി. അവര്‍ ജ്ഞാനിയോടുകൂടി നടന്ന് തങ്ങളെത്തന്നെ ജ്ഞാനികള്‍ ആക്കിത്തീര്‍ത്തു.
നാം യേശുവിനെപോലെ ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒന്നാമത് നാം യേശുവിനോടുകൂടെ ആയിരിക്കണം. പ്രാര്‍ത്ഥനയില്‍ സമയങ്ങള്‍ ചിലവഴിക്കുക, ദൈവവചനം വായിക്കുക, മറ്റു വിശ്വാസികളുമായി കൂട്ടായ്മ ആചരിക്കുക എന്നൊക്കെയാണ് ഇതിനര്‍ത്ഥം. ക്രിസ്തുവിന്‍റെ ജ്ഞാനവും, നിര്‍ദ്ദേശങ്ങളും, ശക്തിയും അന്വേഷിച്ചുകൊണ്ട്, നാം മനപൂര്‍വ്വം ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം വളര്‍ത്തണം. യാദൃശ്ചികമായി നാം ക്രിസ്തുവിനെപോലെ ആയിത്തീരുകയില്ല. നമ്മുടെ രൂപാന്തരം ജീവിതകാലം മുഴുവനുമുള്ള ഒരു യാത്രയാണ്, പരിശുദ്ധാത്മാവ് നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശുദ്ധീകരണത്തിന്‍റെ ഒരു പ്രക്രിയയില്‍ കൂടി നാം ക്രിസ്തുവിന്‍റെ സാദൃശ്യത്തോടു അനുരൂപരാകുകയാകുന്നു.
യേശുക്രിസ്തു ഈ പുരുഷന്മാരെ ആഴമായി സ്വാധീനിച്ചുവെന്ന് അവരുടെ ശത്രുക്കള്‍ക്കു പോലും കാണുവാന്‍ സാധിച്ചു. നിങ്ങളെ സംബന്ധിച്ച് അങ്ങനെയുള്ള ഒരു പ്രസ്താവന നടത്തുവാന്‍ കഴിയുമോ? നാം യേശുവിനോടുകൂടെ ആയിരുന്നവരാണ് എന്ന് എന്നെക്കുറിച്ചും നിങ്ങളെക്കുറിച്ചും പറയുവാന്‍ കഴിയുമോ?
പ്രാര്‍ത്ഥന
1. നിങ്ങളില്‍ പലരും അറിഞ്ഞിരിക്കുന്നതുപോലെ, 2023 ലെ ഓരോ ആഴ്ചകളിലും (ചൊവ്വ/വ്യാഴം/ശനി) നാം ഉപവസിക്കയാണ്. ഈ ഉപവാസത്തിനു അഞ്ച് പ്രധാന ലക്ഷ്യങ്ങളുണ്ട്.
2. ഓരോ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ക്കും വേണ്ടി കുറഞ്ഞത് 2 നിമിഷമോ അതിലധികമോ പ്രാവശ്യം പ്രാര്‍ത്ഥിക്കുക.
3. അതുപോലെ, നിങ്ങള്‍ ഉപവസിക്കാത്ത ദിവസങ്ങളിലും ഈ പ്രാര്‍ത്ഥനാ വിഷയങ്ങള്‍ ഉപയോഗിക്കുക.
വ്യക്തിപരമായ ആത്മീക വളര്‍ച്ച
അന്നാളിൽ എല്ലാ ചുമടു എന്‍റെ തോളിൽനിന്നും എല്ലാ നുകങ്ങളും എന്‍റെ കഴുത്തിൽനിന്നും നീങ്ങിപ്പോകും; പുഷ്‍ടിനിമിത്തം നുകം തകർന്നുപോകും. ഞാന്‍ ദൈവവചനത്തിന്‍റെ പരിജ്ഞാനത്തില്‍ വളരും. (യെശയ്യാവ് 10:27).
കുടുംബത്തിന്‍റെ രക്ഷ
എന്‍റെ അവകാശം ശാശ്വതമായിരിക്കും. ദുഷ്കാലത്ത് ഞാന്‍ ലജ്ജിച്ചുപോകയില്ല; ക്ഷാമകാലത്ത് ഞാന്‍ തൃപ്തരായിരിക്കും, ഞാനും എന്‍റെ കുടുംബാംഗങ്ങളും ആത്മീകമായും സാമ്പത്തീകമായും സംതൃപ്തരായിരിക്കും. (സങ്കീര്‍ത്തനം 37:18-19).
സാമ്പത്തീകമായ മുന്നേറ്റം
എന്‍റെ ദൈവമോ എന്‍റെ ബുദ്ധിമുട്ടൊക്കെയും മഹത്ത്വത്തോടെ തന്‍റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി തീർത്തുതരും. (ഫിലിപ്പിയര്‍ 4:19). എനിക്കും എന്‍റെ കുടുംബാംഗങ്ങള്‍ക്കും നന്മ ഒന്നും മുടങ്ങിപോകുകയില്ല. യേശുവിന്‍റെ നാമത്തില്‍.
കെ എസ് എം സഭ
പിതാവേ, അങ്ങയുടെ വചനം പറയുന്നു, ഞങ്ങളുടെ എല്ലാ വഴികളിലും ഞങ്ങളെ കാക്കേണ്ടതിന് അങ്ങ് ഞങ്ങളെക്കുറിച്ച് അങ്ങയുടെ ദൂതന്മാരോടു കല്പിക്കും. യേശുവിന്‍റെ നാമത്തില്‍ പാസ്റ്റര്‍.മൈക്കിളിനും, തന്‍റെ കുടുംബത്തിനും, ടീമിലെ എല്ലാ അംഗങ്ങള്‍ക്കും, കരുണാ സദന്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട എല്ലാ ആളുകള്‍ക്കു ചുറ്റിലും അങ്ങയുടെ വിശുദ്ധ ദൂതന്മാരെ അവിടുന്ന് അയയ്ക്കേണമേ. അവര്‍ക്കെതിരായുള്ള ഇരുട്ടിന്‍റെ എല്ലാ പ്രവര്‍ത്തികളെയും നശിപ്പിക്കേണമേ.
രാജ്യം
പിതാവേ, അങ്ങയുടെ സമാധാനവും നീതിയും ഞങ്ങളുടെ രാജ്യത്തില്‍ നിറയുമാറാകട്ടെ. ഞങ്ങളുടെ രാജ്യത്തിനെതിരായുള്ള അന്ധകാരത്തിന്‍റെയും നശീകരണത്തിന്‍റെയും എല്ലാ ശക്തികളും നശിച്ചുപോകട്ടെ. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളിലും പട്ടണങ്ങളിലും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സുവിശേഷം പടരുവാന്‍ ഇടയാകട്ടെ. യേശുവിന്‍റെ നാമത്തില്‍.
Join our WhatsApp Channel
Most Read
● ദൈവം നല്കുവാന് തക്കവണ്ണം സ്നേഹിച്ചു● മറ്റുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന
● ദൈവത്തിന്‍റെ യഥാര്‍ത്ഥ സ്വഭാവം
● ദൈവീകമായ മര്‍മ്മങ്ങള്‍ അനാവരണം ചെയ്യപ്പെടുന്നു
● ദിവസം 16: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സര്‍പ്പങ്ങളെ തടയുക
● നിങ്ങളുടെ ഭവനത്തിന്റെ പരിതഃസ്ഥിതി മാറ്റുക - 5
അഭിപ്രായങ്ങള്‍