അനുദിന മന്ന
അനിശ്ചിതത്വത്തിന്‍റെ സമയങ്ങളില്‍ ആരാധനയുടെ ശക്തി
Thursday, 21st of September 2023
1
0
711
ഒരു ചോദ്യം
ഇതിന്‍റെയെല്ലാം നടുവില്‍ ദൈവം എവിടെയായിരുന്നു എന്ന് നിങ്ങള്‍ ചോദിക്കത്തക്കവണ്ണം വെല്ലുവിളി നിറഞ്ഞതായ ഒരു സാഹചര്യത്തില്‍ നിങ്ങള്‍ എപ്പോഴെങ്കിലും നിങ്ങളെത്തന്നെ കണ്ടിട്ടുണ്ടോ? ചില സന്ദര്‍ഭങ്ങളില്‍, ദൈവത്തിന്‍റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണുവാന്‍ പ്രയാസമായ നിലയില്‍ ജീവിതത്തിലെ കൊടുങ്കാറ്റുകള്‍ ആഞ്ഞടിക്കുന്നതായി അനുഭവപ്പെടാം. ഈ സമയങ്ങളില്‍ ഈ കാലാതീതമായ സത്യം ഓര്‍ത്തിരിക്കേണ്ടത് നിര്‍ണ്ണായകമാണ്: ദൈവം ചെയ്യുന്നതായ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് അവനെ സ്തുതിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ പോലും, ദൈവം ആരായിരിക്കുന്നു എന്നതോര്‍ത്ത് അവനെ ആരാധിക്കുവാന്‍ നിങ്ങള്‍ക്ക് എപ്പോഴും സാധിക്കണം.
"അതുകൊണ്ട് അവൻ മുഖാന്തരം നാം ദൈവത്തിന് അവന്‍റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക". (എബ്രായര്‍ 13:15).
ദൈവത്തിന്‍റെ സ്വഭാവം
അപ്പോസ്തലനായ പൌലോസിനു നിരവധി തിരിച്ചടികള്‍ നേരിടേണ്ടിവന്നു - കാരാഗൃഹവാസം മുതല്‍ കപ്പല്‍ഛേദം വരെ. എന്നിട്ടും, ദൈവം ആരാണെന്നുള്ള തന്‍റെ കാഴ്ചപ്പാട് അവനു നഷ്ടമായില്ല. 2 കൊരിന്ത്യര്‍ 4:8-9 വരെയുള്ള ഭാഗത്ത് അവന്‍ എഴുതി, "ഞങ്ങൾ സകലവിധത്തിലും കഷ്ടം സഹിക്കുന്നവർ എങ്കിലും ഇടുങ്ങിയിരിക്കുന്നില്ല; ബുദ്ധിമുട്ടുന്നവർ എങ്കിലും നിരാശപ്പെടുന്നില്ല; ഉപദ്രവം അനുഭവിക്കുന്നവർ എങ്കിലും ഉപേക്ഷിക്കപ്പെടുന്നില്ല; വീണുകിടക്കുന്നവർ എങ്കിലും നശിച്ചുപോകുന്നില്ല". നമ്മുടെ സാഹചര്യങ്ങള്‍ക്കു അതീതമായി, ദൈവത്തിന്‍റെ സ്വഭാവം നിലനില്‍ക്കുന്നു എന്ന് ഈ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ജീവിതത്തിലെ ഒരിക്കലും മാറ്റമില്ലാത്ത തൂണാകുന്നു ദൈവം.
സ്തുതിയുടെയും ആരാധനയുടെയും സഹവര്‍ത്തിത്വം
ജീവിതം സുഗമമായി മുമ്പോട്ടു പോകുമ്പോള്‍ ദൈവത്തെ സ്തുതിക്കുവാന്‍ പലപ്പോഴും എളുപ്പമാണ് - സാമ്പത്തീക ആവശ്യങ്ങള്‍ നിറവേറപ്പെടുമ്പോള്‍, ആരോഗ്യം നല്ലതായിരിക്കുമ്പോള്‍, ബന്ധങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുമ്പോള്‍. എന്നാല്‍, റോമര്‍ 8:28 നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, "എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവർക്ക്, നിർണയപ്രകാരം വിളിക്കപ്പെട്ടവർക്കുതന്നെ, സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു എന്നു നാം അറിയുന്നു". "നന്മ" നമുക്ക് കാണുവാന്‍ കഴിയാതെ വരുമ്പോള്‍ പോലും, നമ്മുടെ ആരാധനയെ ദൈവത്തോടുള്ള സ്നേഹത്തിന്‍റെ ഒരു സൂചകമായി അര്‍പ്പിച്ചുകൊണ്ട്, അവന്‍റെ മാറ്റമില്ലാത്ത സ്വഭാവത്തില്‍ നമ്മുടെ ശ്രദ്ധ കേന്ദ്രീകരിക്കാം.
ശ്രദ്ധാകേന്ദ്രം മാറുന്നു
മത്തായി 14:29-31 വരെയുള്ള ഭാഗത്ത്, പത്രോസ് വെള്ളത്തിന്‍റെ മുകളിലൂടെ യേശുവിന്‍റെ അടുക്കലേക്ക് നടക്കുവാന്‍ ആരംഭിച്ചു, എന്നാല്‍ യേശുവിങ്കല്‍ നിന്നും തന്‍റെ കണ്ണുകള്‍ മാറ്റി കാറ്റിലും തിരമാലകളിലും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അവന്‍ മുങ്ങുവാനായി തുടങ്ങി. ഇവിടെ ഒരു പാഠമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. യേശുവിങ്കല്‍ നിന്നും നമ്മുടെ ശ്രദ്ധ മാറ്റുന്നത് നമ്മെ മുങ്ങുവാന്‍ ഇടയാക്കുമെങ്കില്‍, നമ്മുടെ സാഹചര്യങ്ങളില്‍ നിന്നും യേശുവിന്‍റെ അചഞ്ചലമായ സ്വഭാവത്തിലേക്ക് നമ്മുടെ ശ്രദ്ധയെ മാറ്റുകയാണെങ്കില്‍, കുഴപ്പങ്ങളുടെ നടുവിലും നമുക്ക് സമാധാനം കണ്ടെത്തുവാന്‍ സാധിക്കും.
"എന്‍റെ സഹോദരന്മാരേ, നിങ്ങൾ വിവിധ പരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്‍റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്ന് അറിഞ്ഞ് അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ. എന്നാൽ നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണരും ആകേണ്ടതിനു സ്ഥിരതയ്ക്കു തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ". (യാക്കോബ് 1:2-4).
പരിശോധനകള്‍ നമ്മെ ശുദ്ധീകരിക്കുകയും നമ്മുടെ സ്വഭാവത്തെ പുനര്‍നിര്‍വചിക്കുകയും ചെയ്യുന്നു. ആരാധനയെന്ന കര്‍മ്മം തന്നെ ആത്മീക പ്രതിരോധശേഷി പണിയുന്നതിനുള്ള ഒരു ഉപകരണമാണ്. ആരാധന യാഥാര്‍ത്ഥ്യത്തെ നിഷേധിക്കുകയല്ല മറിച്ച് ദൈവത്തിന്‍റെ പരമാധികാരത്തിന്‍റെ ലെന്‍സിലൂടെ നമ്മുടെ സാഹചര്യങ്ങളെ കാണുന്നതിലേക്ക് നമ്മെ ഉയര്‍ത്തുന്നു.
ആരാധനയില്‍ ജീവിക്കുന്ന ഒരു ജീവിതം.
തന്‍റെ സഹോദരന്മാരാല്‍ ഒരി അടിമയായി വില്ക്കപ്പെട്ട യോസേഫ്, ആരാധനയാല്‍ നിറഞ്ഞ ഒരു ജിവിതത്തിലെ ശക്തിയുടെ ഒരു തനതായ മാതൃകയാണ് നല്‍കുന്നത്. ചെയ്യാത്ത തെറ്റിനു തടവിലാക്കപ്പെടുകയും, അവന്‍ വിസ്മരിക്കപ്പെടുകയും ചെയ്തുവെങ്കിലും, ദൈവം ആരായിരിക്കുന്നു എന്നതോര്‍ത്ത് അവന്‍ ദൈവത്തെ ആരാധിക്കുന്നത് തുടര്‍ന്നു. ഈ മനോഭാവം ഒടുവില്‍ അദ്ദേഹത്തെ ആദരവിന്‍റെയും സ്വാധീനത്തിന്‍റെയും സ്ഥാനത്തേക്ക് നയിച്ചു, അങ്ങനെ അവന്‍ ഒരു ദേശത്തെ മുഴുവനും ക്ഷാമത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്തു. (ഉല്പത്തി 41).
സാഹചര്യങ്ങളെ മാറ്റിമറിക്കുന്ന ദൈവത്തിന്‍റെ പ്രവര്‍ത്തികളുടെ ചരിത്രങ്ങള്‍കൊണ്ട് തിരുവചനം നിറഞ്ഞിരിക്കുന്നു. അവന്‍ ലാസറിനെ മരണത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍പ്പിച്ചു (യോഹന്നാന്‍ 11:43-44), കഠിനമായ പരീക്ഷണങ്ങള്‍ക്ക് ശേഷം ഇയ്യോബിന്‍റെ സമ്പത്തുകളെ തിരികെനല്‍കി (ഇയ്യോബ് 42:10), യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനത്തിലൂടെ മരണത്തെ പരാജയപ്പെടുത്തി (മത്തായി 28:5-6). അവന്‍ തീര്‍ച്ചയായും തിരിച്ചുവരുത്തുന്നവനായ ദൈവമാകുന്നു.
ആരാധന എന്നത് ഞായറാഴ്ച മാത്രം ചെയ്യേണ്ടതായ ഒരു പ്രവൃത്തിയല്ല, മറിച്ച് അത് ഒരു ജീവിതശൈലിയാണ്. നിങ്ങളുടെ ജീവിതത്തിലെ കാലാവസ്ഥയ്ക്ക് അതീതമായി, അനുദിന യാഗമെന്നവണ്ണം ആരാധന അര്‍പ്പിക്കുക, കാരണം ഇന്നലെയും, ഇന്നും, എന്നേക്കും അനന്യനായിരിക്കുന്ന ഒരു ദൈവത്തെയാണ് നാം സേവിക്കുന്നത് (എബ്രായര്‍ 13:8).
അതുകൊണ്ട്, ജീവിതത്തിന്‍റെ സങ്കീര്‍ണ്ണതകളിലൂടെ നിങ്ങള്‍ സഞ്ചരിക്കുമ്പോള്‍, ദൈവം ചെയ്യുന്നതായ കാര്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് അവനെ സ്തുതിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍, ദൈവം ആരായിരിക്കുന്നു എന്നതോര്‍ത്ത് അവനെ ആരാധിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്നോര്‍ക്കുക.
പ്രാര്‍ത്ഥന
പിതാവേ, ഞങ്ങളുടെ പരിശോധനകളുടെ നടുവില്‍, അങ്ങ് മാറാത്തവനാകുന്നു എന്ന് ഓര്‍ക്കുവാന്‍ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങള്‍ക്ക് അങ്ങയുടെ കരം കാണുവാന്‍ കഴിഞ്ഞില്ലെങ്കിലും, ഞങ്ങള്‍ അങ്ങയുടെ ഹൃദയം അനുഭവിക്കട്ടെ. കേവലം അങ്ങ് ചെയ്യുന്നതിനായി മാത്രമല്ല, അങ്ങ് ആരായിരിക്കുന്നു എന്നതിനായി അങ്ങയെ ആരാധിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കേണമേ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● അവര്‍ ചെറിയ രക്ഷകന്മാര് ആകുന്നു● എത്ര ഉച്ചത്തില്‍ നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയും?
● ഉത്പ്രാപണം (യേശുവിന്‍റെ മടങ്ങിവരവ്) എപ്പോള്‍ സംഭവിക്കും?
● പുളിപ്പില്ലാത്ത ഒരു ഹൃദയം
● എങ്ങനെയാണ് ഉപവസിക്കേണ്ടത്?
● നമ്മുടെ ഹൃദയത്തിന്റെ ഒരു പ്രതിഫലനം
● സമാധാനത്തിനു വേണ്ടിയുള്ള ദര്‍ശനം
അഭിപ്രായങ്ങള്‍