"നിങ്ങളും ജീവനുള്ള കല്ലുകൾ എന്നപോലെ ആത്മികഗൃഹമായി യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു പ്രസാദമുള്ള ആത്മികയാഗം കഴിപ്പാൻ തക്ക വിശുദ്ധപുരോഹിതവർഗമാകേണ്ടതിനു പണിയപ്പെടുന്നു". (1 പത്രോസ് 2:5).
രാജാവായ ദാവീദ് നിയമപെട്ടകം യെരുശലേമിലേക്ക് തിരികെ കൊണ്ടുവരുന്നതിന്‍റെ ആഹ്ളാദകരമായ രംഗം ദൈവീകമായ അടുപ്പത്തിന്‍റെയും വിനയത്തിന്‍റെയും ഉജ്ജ്വലമായ ഛായാചിത്രം വരച്ചുകാട്ടുന്നു. ദാവീദ്, രാജകീയ വസ്ത്രത്തിലല്ല, മറിച്ച് ഒരു സാധാരണ പുരോഹിതന്‍റെ വേഷത്തില്‍, കര്‍ത്താവിന്‍റെ പെട്ടകത്തിനു മുമ്പില്‍ അത്യന്തം സന്തോഷത്തോടെ നൃത്തം ചെയ്തു, അത് തന്‍റെ ദൈവത്തോടുള്ള സ്നേഹത്തേയും ഭക്തിയേയും ചിത്രീകരിക്കുന്നു (2 ശമുവേല്‍ 6:14).
അനിയിന്ത്രിതമായ ഈ ആരാധനയുടെ പരസ്യപ്രദര്‍ശനം കണ്ട അദ്ദേഹത്തിന്‍റെ ഭാര്യയായ മീഖള്‍, വളരെ കോപിക്കുവാന്‍ ഇടയായി. അവളെ സംബന്ധിച്ചിടത്തോളം, രാജാവ് സാധാരണക്കാരായ ആളുകളുമായി അവ്യക്തമായി ഇടപഴകികൊണ്ട്, തന്‍റെ രാജകീയ ഔന്നത്യം ഉപേക്ഷിക്കുകയായിരുന്നു (2 ശമുവേല്‍ 6:16). എന്നാല്‍, ദൈവം നമ്മില്‍ നിന്നും - അവന്‍റെ രാജകീയ പൌരോഹിത്യം - ആഗ്രഹിക്കുന്ന താഴ്മയുടെയും ഉത്സാഹത്തോടെയുള്ള ആരാധനയുടെയും പ്രവൃത്തി ഇതാകുന്നു. (1പത്രോസ് 2:9).
ദൈവമക്കളായ നാം ആരാധനയ്ക്കായി ഒത്തുകൂടുമ്പോള്‍, ലൌകീക പദവികള്‍ക്കും സ്ഥാനങ്ങള്‍ക്കും അര്‍ത്ഥമില്ലാത്ത ഒരു ദൈവീക കൂടിവരവിലേക്ക് നാം പ്രവേശിക്കുകയാണ്. അവന്‍റെ സന്നിധിയില്‍ നാം ബാങ്കിലെ ഉദ്യോഗസ്ഥരോ, അഭിഭാഷകരോ അങ്ങനെയുള്ളവരൊന്നുമല്ല; നമ്മുടെ രാജാവിനു സ്തുതി അര്‍പ്പിക്കുന്നതിനു, നമ്മുടെ പൌരോഹിത്യ ദൌത്യത്തില്‍ നാം ഒരുമനപ്പെട്ടിരിക്കുന്നു. രാജാധിരാജാവിനേയും കര്‍ത്താധികര്‍ത്താവിനേയും മഹത്വപ്പെടുത്തുവാന്‍ ആത്മീക സമത്വത്തിന്‍റെ ചണനൂല്‍ കൊണ്ടുള്ള എഫോദ് ധരിച്ചുകൊണ്ടു ഓരോ വിശ്വാസിയും ഒരേ സ്വരത്തില്‍ ശബ്ദമുയര്‍ത്തുന്ന സ്ഥലമാണിത്.
ഭൂമിയിലെ ആരാധാനാലയം സ്വര്‍ഗീയ സിംഹാസന മുറിയുടെ പ്രതിഫലനമാണ്. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളും പദവികളും ആരാധനയില്‍ ഒരുമിക്കുന്ന, സ്വര്‍ഗ്ഗരാജ്യത്തിന്‍റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്ന, എല്ലാ ഗോത്രങ്ങളും, ഭാഷകളും, വംശങ്ങളും കുഞ്ഞാടിന്‍റെ മുമ്പാകെ നിന്നുകൊണ്ട് നിരന്തരമായി സ്തുതികള്‍ അര്‍പ്പിക്കുന്നതായ സ്ഥലമാകുന്നു അത്. (വെളിപ്പാട് 7:9).
വെളിപ്പാട് 4:10 ല്‍ ദൈവവചനം പറയുന്നു, "ഇരുപത്തിനാലു മൂപ്പന്മാരും സിംഹാസനത്തിൽ ഇരിക്കുന്നവന്‍റെ മുമ്പിൽ വീണ്, എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനെ നമസ്കരിച്ചു". അതുപോലെതന്നെ, നമ്മുടെ ലൌകീകമായ വേര്‍തിരിവുകള്‍ ഉപേക്ഷിച്ചുകൊണ്ട്, ആത്മീയ ഐക്യത്തിന്‍റെ വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട്, ശ്രേഷ്ഠ മഹാപുരോഹിതനായ യേശുവിന്‍റെ ആരാധനയില്‍ നമ്മെത്തന്നെ നിമഞ്ജനം ചെയ്യുവാനുമായി വിളിക്കപ്പെട്ടിരിക്കുന്നു.
ഇന്ന്, ആരാധനയോടുള്ള നിങ്ങളുടെ സമീപനത്തെ പരിശോധിക്കുക. നിങ്ങളുടെ 'രാജകീയ വസ്ത്രങ്ങളില്‍' നിങ്ങള്‍ തുടരുകയാണോ, അതോ രാജകീയ പുരോഹിതവര്‍ഗ്ഗത്തിന്‍റെ നിര്‍മ്മലമായ ആരാധനയില്‍ പങ്കുചേരുവാന്‍ വേണ്ടി നിങ്ങളെത്തന്നെ 'ചണനൂല്‍ കൊണ്ടുള്ള ഒരു എഫോദ്' ധരിപ്പിക്കുവാന്‍ നിങ്ങള്‍ ഒരുക്കമാണോ?
പ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളുടെ ലൌകീകമായ വസ്ത്രങ്ങള്‍ നീക്കിക്കളഞ്ഞുകൊണ്ട് അങ്ങയുടെ പുരോഹിതന്മാര്‍ എന്ന നിലയിലെ ഞങ്ങളുടെ പങ്കിനെ ആലിംഗനം ചെയ്യുവാനുമുള്ള കൃപ ഞങ്ങള്‍ക്ക് നല്‍കേണമേ. ഓരോ വിശ്വാസിയേയും അങ്ങയുടെ രാജ്യത്തിലെ ഒരു സഹപുരോഹിതനായി കണ്ടുകൊണ്ട്, ഞങ്ങളുടെ ഹൃദയങ്ങള്‍ ആരാധനയില്‍ ഏകീകരിക്കപ്പെടട്ടെ. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദൈവത്തിന്റെ കണ്ണാടി● 21 ദിവസങ്ങള് ഉപവാസം: ദിവസം #2
● യുദ്ധത്തിനായുള്ള പരിശീലനം
● ദിവസം 38: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സംതൃപ്തി ഉറപ്പാക്കപ്പെട്ടിരിക്കുന്നു
● ദിവസം 05: 40 ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● ദൈവീക ശിക്ഷണത്തിന്റെ സ്വഭാവം - 2
അഭിപ്രായങ്ങള്‍