അനുദിന മന്ന
മനുഷ്യന്‍റെ വീഴ്ചകള്‍ക്കിടയിലും ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്വഭാവം
Sunday, 8th of October 2023
0
0
1146
ജീവിതം നമുക്ക് അസംഖ്യമായ വെല്ലുവിളികളും, ബന്ധങ്ങളും, അനുഭവങ്ങളും നല്‍കുന്നുണ്ട്, മാത്രമല്ല ഇതിനിടയില്‍ കര്‍ത്താവിനെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ആളുകളുമായുള്ള കൂടിക്കാഴ്ചകളും നടക്കുന്നു. ഇവരില്‍ ചില ആളുകള്‍ നമുക്ക് പ്രചോദനം നല്‍കുന്നവരും, നമ്മുടെ സൃഷ്ടിതാവിന്‍റെ അടുക്കലേക്ക് നമ്മെ അടുപ്പിക്കുന്നവരും ആകുന്നു. എന്നാല്‍ മറ്റുള്ളവര്‍, ഖേദകരമെന്ന് പറയട്ടെ, തെറ്റിദ്ധരിപ്പിക്കുന്നവരും, നിരാശപ്പെടുത്തുന്നവരും അഥവാ നമ്മുടെ വിശ്വാസത്തെ ഒറ്റികൊടുക്കുന്നവരും ആകുന്നു. നൈരാശ്യബോധത്തിന്‍റെ ഈ നിമിഷങ്ങളില്‍, അടിസ്ഥാനപരമായ ഒരു സത്യം ഓര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്: മനുഷ്യര്‍ പരാജയപ്പെടും, എന്നാല്‍ ദൈവം അങ്ങനെയല്ല.
"യഹോവയായ ഞാൻ മാറാത്തവൻ; അതുകൊണ്ടു യാക്കോബിന്‍റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു". (മലാഖി 3:6).
മുകളില്‍ പറഞ്ഞിരിക്കുന്ന വാക്യത്തില്‍, ദൈവം തന്‍റെ മാറ്റമില്ലാത്ത സ്വഭാവത്തെ വെളിപ്പെടുത്തുന്നു. ലോകത്തിന്‍റെ അസ്ഥിരതകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും നടുവില്‍, കര്‍ത്താവ് മാറ്റമില്ലാത്തവനായി തുടരുന്നു എന്നത് ആശ്വാസകരമായ ഒരു ചിന്തയാണ്. ദൈവത്തിന്‍റെ സ്വഭാവം, സ്നേഹം, വാഗ്ദത്തങ്ങള്‍ എന്നിവ ഉറച്ചു നില്‍ക്കുന്നു.
ദൈവത്തെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ആളുകളുടെ പെരുമാറ്റത്തിന്‍റെ അടിസ്ഥാനത്തില്‍ ദൈവത്തിന്‍റെ സ്വഭാവത്തെ വിലയിരുത്തുന്നത് ഗുരുതരമായ പിഴവാകുന്നു. ഇത് ശ്രദ്ധിക്കുക: ഒരു തുള്ളി വെള്ളത്തെ അടിസ്ഥാനമാക്കി നിങ്ങള്‍ ഒരു സമുദ്രത്തെ മുഴുവനായും വിലയിരുത്തുവാന്‍ തുനിയുകയാണെങ്കില്‍, നിങ്ങളുടെ കാഴ്ചപ്പാട് വളരെ പരിമിതവും കൃത്യമല്ലാത്തതും ആയിരിക്കും. അതുപോലെതന്നെ, ചുരുക്കം ചില ആളുകളുടെ പ്രവൃത്തിയെ അടിസ്ഥാനമാക്കി ദൈവത്തെ വിലയിരുത്തുന്നത് തെറ്റായുള്ള ഒരു പ്രയത്നമായിരിക്കും.
സങ്കീര്‍ത്തനം 146:3ല്‍, ഇപ്രകാരം എഴുതിയിരിക്കുന്നു: "നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുത്, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുത്". നമ്മുടെ ആശ്രയം പ്രാഥമീകമായി മനുഷ്യരിലല്ല മറിച്ച് കര്‍ത്താവിങ്കല്‍ ആയിരിക്കണമെന്നതിനുള്ള സൌമ്യമായ ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ വാക്യം. ആളുകള്‍ തങ്ങളുടെ സ്ഥാനങ്ങളോ പദവികളോ പരിഗണിക്കാതെ പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, ദൈവം സ്ഥിരമായി നിലകൊള്ളുന്നു.
കര്‍ത്താവായ യേശു ഈ ഭൂമിയില്‍ ആയിരുന്നപ്പോള്‍, ദൈവത്തിന്‍റെ സമ്പൂര്‍ണ്ണമായ പ്രതിരൂപം അവന്‍ നമുക്ക് കാണിച്ചുതന്നു. എന്നിട്ടും, അവന്‍റെ കൂടെയുണ്ടായിരുന്ന, ഇസ്കരിയോത്ത യൂദയാല്‍ അവനും ഒറ്റികൊടുക്കപ്പെട്ടു. യോഹന്നാന്‍ 2:24-25 വരെയുള്ള ഭാഗത്ത് അവന്‍ പറഞ്ഞിരിക്കുന്നു, "യേശുവോ എല്ലാവരെയും അറികകൊണ്ടു തന്നെത്താൻ അവരുടെ പക്കൽ വിശ്വസിച്ചേല്പിച്ചില്ല. മനുഷ്യനിലുള്ളത് എന്ത് എന്നു സ്വതവെ അറിഞ്ഞിരിക്കയാൽ തനിക്കു മനുഷ്യനെക്കുറിച്ചു യാതൊരുത്തന്‍റെയും സാക്ഷ്യം ആവശ്യമായിരുന്നില്ല". ഇവിടെ, യേശു നമ്മുടെ പിഴവ് പറ്റാവുന്ന സ്വഭാവത്തെ അറിയുന്നു, എന്നിട്ടും അവന്‍ നമ്മെ വ്യവസ്ഥ കൂടാതെ സ്നേഹിക്കുന്നു.
ദൈവത്തിന്‍റെ പുത്രനായ യേശുവിനു, തന്നോടുകൂടെയുണ്ടായിരുന്ന ആളുകളുടെ തെറ്റുകള്‍ തിരിച്ചറിയുവാനുള്ള വിവേചനം ഉണ്ടായിരുന്നിട്ടും, അവന്‍ അവരെ സ്നേഹിക്കുന്നതും, പഠിപ്പിക്കുന്നതും തുടരുകയും, അവര്‍ക്കുവേണ്ടി യാഗമാകുവാന്‍ തയ്യാറാകുകയും ചെയ്തുവെങ്കില്‍, മാനുഷീക പെരുമാറ്റങ്ങളുടെ പ്രവചനാതീതമായ വേലിയേറ്റങ്ങള്‍ക്ക് അപ്പുറമായി നമ്മുടെ വിശ്വാസം ദൈവത്തിങ്കല്‍ നങ്കൂരമിടുവാന്‍ നാം എത്രയധികം ഉത്സാഹമുള്ളവര്‍ ആയിരിക്കണം?
ആകയാല്‍, ദൈവത്തെ അനുഗമിക്കുന്നുവെന്ന് അവകാശപ്പെടുന്ന ആരെങ്കിലും നമ്മെ നിരാശപ്പെടുത്തുവാന്‍ നോക്കുമ്പോള്‍, നമ്മുടെ വികാരങ്ങളെ നാം എങ്ങനെ നയിക്കണം?
1. കാര്യങ്ങള്‍ ഗ്രഹിക്കുവാന്‍ വേണ്ടി ദൈവത്തോട് അടുത്തുചെല്ലുക:
നാം നിരാശപ്പെടുകയോ അഥവാ വേദനിക്കുകയോ ചെയ്യുമ്പോള്‍, ദൈവത്തിന്‍റെ സന്നിധിയില്‍ അഭയം പ്രാപിക്കുക എന്നത് നിര്‍ണ്ണായകമായ കാര്യമാകുന്നു. ദൈവത്തിന്‍റെ വചനത്തിലേക്ക് ആഴത്തില്‍ ഇറങ്ങുക. സങ്കീര്‍ത്തനം 119:105 ല്‍ ഇങ്ങനെ പരാമര്‍ശിച്ചിരിക്കുന്നു, "നിന്‍റെ വചനം എന്‍റെ കാലിനു ദീപവും എന്‍റെ പാതയ്ക്കു പ്രകാശവും ആകുന്നു". ദൈവത്തിന്‍റെ വചനം വ്യക്തതയും, ജ്ഞാനവും, മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നു.
2. ക്ഷമിക്കുവാന്‍ ശീലിക്കുക:
നീരസവും കയ്പ്പും വെച്ചുകൊണ്ടിരിക്കുന്നത് നമ്മുടെ ആത്മാവിനെ ദോഷമായി ബാധിക്കുകയും ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ തടയുകയും ചെയ്യും. ഓര്‍ക്കുക, കര്‍തൃപ്രാര്‍ത്ഥന നമ്മെ ഇങ്ങനെ ഓര്‍മ്മിപ്പിക്കുന്നു, ". . . . .ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ". (മത്തായി 6:12).
ദൈവത്തെ അനുഗമിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരുവന്‍ ദൈവത്തെ തെറ്റായ നിലയില്‍ പ്രതിനിധാനം ചെയ്യുമ്പോള്‍ വേദനയും നിരാശയും തോന്നുന്നത് സ്വാഭാവീകമാണെങ്കിലും, വലിയ കാര്യങ്ങളില്‍ നിന്നുള്ള കാഴ്ച നമുക്ക് നഷ്ടപ്പെടാതിരിക്കുവാന്‍ ശ്രദ്ധിക്കാം. മനുഷ്യന്‍റെ അപൂര്‍ണ്ണതകള്‍ സമ്പൂര്‍ണ്ണനായ ദൈവത്തിങ്കല്‍ നിന്നും നമ്മെ അകറ്റുവാന്‍ ഇടയാകരുത്. പകരം, ദൈവത്തിന്‍റെ മാറ്റമില്ലാത്ത സ്നേഹത്തേയും, കൃപയേയും, ജ്ഞാനത്തെയും അന്വേഷിച്ചുകൊണ്ട്, അവര്‍ നമ്മെ അവനിലേക്ക് അടുപ്പിക്കണം.
ഏറ്റുപറച്ചില്‍
മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ, ഉയരത്തിനോ ആഴത്തിനോ മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തിൽനിന്നു നമ്മെ വേർപിരിപ്പാൻ കഴികയില്ല എന്നു ഞാൻ ഉറയ്ക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. യേശുവിന്‍റെ നാമത്തില്‍. ആമേന്‍.
Join our WhatsApp Channel
Most Read
● ദിവസം 07 :40 ദിവസത്തെ ഉപവാസവും പ്രാര്‍ത്ഥനയും● യേശു ശരിക്കും ഒരു വാള് കൊണ്ടുവരുവാനാണോ വന്നത്?
● അന്യഭാഷയില്‍ സംസാരിച്ചുകൊണ്ട് ആത്മീകമായി പുതുക്കം പ്രാപിക്കുക
● അലഞ്ഞുതിരിയുന്നത് അവസാനിപ്പിക്കുക
● ദൈവത്തിങ്കല്‍ നിന്നും അകലെയായി നിങ്ങള്ക്ക് തോന്നുമ്പോള് പ്രാര്ത്ഥിക്കേണ്ടത് എങ്ങനെ
● ദിവസം 01: 40ദിവസ ഉപവാസവും പ്രാര്‍ത്ഥനയും
● സ്നേഹത്തിനുവേണ്ടിയുള്ള അന്വേഷണം
അഭിപ്രായങ്ങള്‍